തൃശ്ശൂർ: കേവലം ഒരു രസീത് ബുക്കിനെച്ചൊല്ലിയുണ്ടായ ഉദ്യോഗസ്ഥപ്പോര് കാരണം കേരള കാർഷിക സർവകലാശാലയുടെ സസ്യോദ്യാനം ആറരക്കൊല്ലമായി അടഞ്ഞുകിടക്കുന്നു. 2019 ഫെബ്രുവരി 25-ന് അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്ത ഉദ്യാനം, അന്നുതന്നെ തുറന്നു കൊടുത്തിരുന്നെങ്കിൽ ലക്ഷക്കണക്കിനു രൂപ വരുമാനമുണ്ടായേനെ. പ്രവേശനഫീസ്, പാർക്കിങ് ഫീസ് ഇനങ്ങളിൽ 50 രൂപ വീതമാണ് നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന ദിവസം തന്നെ സസ്യോദ്യാനം പൂട്ടിയിട്ടു. അത്യാകർഷകമായി ഒരുക്കിയ സസ്യോദ്യാനം പരിപാലനമില്ലാതെ കാടുകയറി. നിർമിതികൾ തകർന്നു.
ഉദ്യാനത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞൻ വീഴ്ചയെക്കുറിച്ച് വൈസ് ചാൻസലർക്ക് കത്തുനൽകിയിട്ടുണ്ട്. വരുമാനം രേഖപ്പെടുത്താൻ ടിആർ5 എന്ന രസീതുബുക്ക് പലതവണ ആവശ്യപ്പെട്ടെങ്കിലും സർവകലാശാലയുടെ കോളേജ് ഓഫ് ഫോറസ്ട്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ അനുവദിച്ചില്ലെന്ന് കത്തിൽ പറയുന്നു.
സർവകലാശാലയുടെ പ്രധാന കാമ്പസിൽ 23 ഏക്കറിൽ ആയിരത്തിൽപ്പരം സസ്യ- ജീവജാല വൈവിധ്യങ്ങളുള്ളതാണ് ഇട്ടി അച്യുതൻ സ്മാരക സസ്യോദ്യാനം. മരത്തോട്ടം, പഠനകേന്ദ്രം, പഠനത്തോട്ടം, ഫെണെറിയം, അപുഷ്പികൾ, ഫീൽഡ് ലാബ്, മുളന്തോട്ടം, ഏറുമാടം, വാച്ച് ടവർ, തണ്ണീർത്തട സസ്യശേഖരം, ആകാശനടപ്പാത, സൈക്കിൾപ്പാത, കള്ളിമുൾത്തോട്ടം, അലങ്കാരമരങ്ങൾ, ഔഷധച്ചെടികൾ എന്നിവയോടെ രണ്ടരക്കോടി രൂപയുടെ പദ്ധതിയായിരുന്നു വിഭാവനംചെയ്തത്. ദിവസം മുന്നൂറിലധികം പേരെത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. റൈഡുകളിലൂടെയും വരുമാനം പ്രതീക്ഷിച്ചിരുന്നു. 50 ലക്ഷം രൂപ ചെലവിട്ടശേഷമാണ് ഉദ്യാനം തുറന്നത്.

സസ്യോദ്യാനത്തിൽ എന്തെല്ലാം
- ആയിരത്തിൽപ്പരം സസ്യ ഇനങ്ങൾ
- 180 ഇനം പക്ഷികൾ
- 171 ഇനം ചിത്രശലഭങ്ങൾ
- 126 ഇനം ചിലന്തികൾ
- 72 ഇനം തുമ്പികൾ
- 30 ഇനം ഉരഗങ്ങൾ
- 20 ഇനം ഉഭയജീവികൾ
- 16 ഇനം സസ്തനികൾ
പാർക്ക് തുറക്കാൻ എന്തുചെയ്യാനാകുമെന്ന് ആലോചിക്കുന്നുണ്ട്. പണം മുടക്കാൻ സർവകലാശാലയ്ക്ക് ഫണ്ടില്ല. എന്നാലും പദ്ധതി പ്രാവർത്തികമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് കേരള കാർഷികസർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് പറഞ്ഞു.
ജൈവവൈവിധ്യം പരിപോഷിപ്പിക്കാനായാണ് ഉദ്യാനമുണ്ടാക്കിയത്. അതുപിന്നീട് പ്രവർത്തിച്ചില്ലെന്നത് ഖേദകരമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രതികരിച്ചു.
Content Highlights: botanical garden in Kerala, inaugurated in 2019, remains closed due to a dispute between officials
Published: 26 Jul 2025, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented