തിരുവനന്തപുരം: കർഷകന് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താവിന് ഗുണമേന്മയുള്ള പഴം-പച്ചക്കറികൾ ന്യായവിലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കിയ ‘ഓണ സമൃദ്ധി – കർഷകച്ചന്ത 2026’ വിജയകരമായി സമാപിച്ചു. ആഗസ്റ്റ് 22 മുതൽ 25 വരെ നാലുദിവസം സംസ്ഥാനത്തുടനീളം പ്രവർത്തിച്ച 2,000 ഓണം വിപണികൾ ഏകദേശം 14,000 കർഷകർക്ക് വിപണനാവസരം ഒരുക്കിയപ്പോൾ 2.81 ലക്ഷം ഉപഭോക്താക്കൾ വിപണികളുടെ പ്രയോജനം നേടി.
കൃഷിവകുപ്പിന്റെ 1,074 കൃഷിഭവൻ വിപണികൾ, ഹോർട്ടികോർപ്പിന്റെ 766 വിപണികൾ, വി.എഫ്.പി.സി.കെ.യുടെ 160 വിപണികൾ എന്നിവ ഉൾപ്പെടെ സംസ്ഥാനത്തുടനീളം 2,000 ഓണം വിപണികളാണ് വിപണി ഇടപെടലിന്റെ ഭാഗമായി പ്രവർത്തിച്ചത്. ഈ വിപണികളിലേക്കായി കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് മുഖേനയും 20,65,500 കിലോഗ്രാം കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ചു; 14.25 കോടി രൂപയാണ് ആകെ സംഭരണ മൂല്യം. വിപണികളിലൂടെ ഏകദേശം 8.5 കോടി രൂപയുടെ വിൽപ്പന നടന്നതോടൊപ്പം 2.81 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള പഴം-പച്ചക്കറികൾ ലഭ്യമാക്കാനും കഴിഞ്ഞു.
ഓണക്കാലത്ത് ഉൽപ്പന്നങ്ങളുമായി വിപണി തേടേണ്ട സാഹചര്യം ഒഴിവാക്കി കർഷകരുടെ വിളകൾക്ക് സംഘടിതമായ വിപണി ഒരുക്കാനും അതേസമയം പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനും കർഷകച്ചന്തകൾക്ക് കഴിഞ്ഞു. കർഷകനെയും ഉപഭോക്താവിനെയും നേരിട്ട് ബന്ധിപ്പിച്ചുള്ള വിപണി ഇടപെടലിലൂടെ ഇടനിലക്കാരുടെ സ്വാധീനം പരമാവധി കുറച്ച് അതിന്റെ നേട്ടം ഇരുവിഭാഗങ്ങൾക്കും ലഭ്യമാക്കാനായതും പദ്ധതിയുടെ പ്രധാന നേട്ടമായി.
കർഷകന്റെ പണം നേരിട്ട് അക്കൗണ്ടിലേക്ക്; പണമടയ്ക്കൽ സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ല
ഈ വർഷത്തെ ഓണം വിപണികളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉൽപ്പന്നങ്ങളുടെ വില നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന ഡി.ബി.ടി. സംവിധാനം നടപ്പാക്കിയതാണ്. പണമിടപാടുകൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
കർഷകർക്ക് സംഭരണ തുക ലഭിക്കുന്നില്ലെന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. ആഗസ്റ്റ് 24 രാത്രി വരെ കൃഷി ഓഫീസർമാർ അംഗീകരിച്ച ഏകദേശം 3.75 കോടി രൂപയുടെ സംഭരണ തുക ആഗസ്റ്റ് 25 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ബന്ധപ്പെട്ട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ആകെ 10,956 പേയ്മെന്റ് എൻട്രികളിലായി ഏകദേശം 3.75 കോടി രൂപയുടെ പണമിടപാടുകളാണ് ഇതിനകം പ്രോസസ് ചെയ്തിട്ടുള്ളത്. ഇതിലൂടെ ഏകദേശം 6,000-ലധികം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭ്യമാക്കാൻ കഴിഞ്ഞു.
പണമിടപാടുകളുടെ സ്ഥിതി കൃഷി ഓഫീസർ തലത്തിൽ തന്നെ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയിലെ പൊരുത്തക്കേടുകൾ കാരണം ഏകദേശം 200 അക്കൗണ്ടുകളിലെ പണമിടപാടുകൾ ബാങ്കുകളിൽ നിന്ന് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ പണം അനുവദിക്കാത്ത കേസുകളല്ലെന്നും ബാങ്കിങ് വിവരങ്ങളിലെ സാങ്കേതിക പിശകുകൾ മൂലം തുക ക്രെഡിറ്റ് ചെയ്യപ്പെടാത്തവയാണെന്നും വകുപ്പ് വ്യക്തമാക്കി.
ഇത്തരം ഓരോ കേസിലെയും അക്കൗണ്ട് നമ്പറും IFSC കോഡും പരിശോധിച്ച് തിരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. സാങ്കേതിക കാരണങ്ങളാൽ മടങ്ങിയ മുഴുവൻ തുകയും എത്രയും വേഗം ബന്ധപ്പെട്ട കർഷകരുടെ അക്കൗണ്ടുകളിലെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.
ഡിജിറ്റൽ സംവിധാനത്തോടെ കൂടുതൽ സുതാര്യത
ഓണം വിപണികളുടെ നടത്തിപ്പ് കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഈ വർഷം ആദ്യമായാണ് സോഫ്റ്റ്‌വെയർ അധിഷ്ഠിത സംവിധാനം നടപ്പാക്കിയത്. കതിർ ആപ്പിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് കൃഷിവകുപ്പ് നടത്തുന്ന കർഷകച്ചന്തകളിൽ ഉൽപ്പന്നങ്ങൾ സംഭരണത്തിന് നൽകുന്നതിനുള്ള സൗകര്യം ഒരുക്കി. കതിർ ഐ.ഡി. ഇല്ലാത്ത കർഷകർക്ക് ഓൺ-സ്പോട്ട്/ടെമ്പററി രജിസ്ട്രേഷനും ലഭ്യമാക്കി.
സംഭരണം മുതൽ പണമിടപാട് വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്താനും ഓരോ ഇടപാടിന്റെയും സ്ഥിതി പരിശോധിക്കാനും സംവിധാനമൊരുക്കിയത് വിപണികളുടെ പ്രവർത്തനത്തിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കി. കൃഷി ഡയറക്ടറേറ്റിലും 14 ജില്ലകളിലും രാവിലെ 8 മുതൽ രാത്രി 11 വരെ പ്രവർത്തിച്ച ഹെൽപ് ഡെസ്കുകൾ കർഷകർക്കും ഫീൽഡ്തല ഉദ്യോഗസ്ഥർക്കും ആവശ്യമായ സാങ്കേതിക സഹായവും നൽകി.
2,000 വിപണികളുടെ ഏകോപിതമായ നടത്തിപ്പ്, 20.65 ലക്ഷം കിലോയിലധികം കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, 14,000-ത്തോളം കർഷകർക്ക് വിപണനാവസരം, 2.81 ലക്ഷം ഉപഭോക്താക്കളുടെ പങ്കാളിത്തം, കർഷകരുടെ അക്കൗണ്ടുകളിലേക്കുള്ള നേരിട്ടുള്ള പണമിടപാട് എന്നിങ്ങനെ ‘ഓണ സമൃദ്ധി – കർഷകച്ചന്ത 2026’ സംസ്ഥാനത്തിന്റെ ഓണക്കാല വിപണി ഇടപെടലിൽ ശ്രദ്ധേയമായ നേട്ടമായി. കൃഷി ഡയറക്ടറേറ്റ്, കൃഷിഭവനുകൾ, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ., ഉദ്യോഗസ്ഥർ, കർഷകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കൃഷിവകുപ്പ് അറിയിച്ചു.
Content Highlights: Onasamrudhi Farmers Market 2026 successfully concludes in Kerala, benefiting 14,000 farmers and 2.81 lakh customers.
Published: 25 Aug 2026, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented