തൃശ്ശൂർ: കാർഷിക സർവകലാശാലയിൽ ആറര വർഷംമുന്നേ ഉദ്ഘാടനം ചെയ്ത് അന്നുതന്നെ അടച്ചിട്ട സസ്യോദ്യാനം ഇപ്പോൾ തുറക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരേ ഗൂഢനീക്കം. സർവകലാശാലയിൽ കാലങ്ങളായി തുടരുന്ന രാഷ്ട്രീയ വൈരമാണ് ഇതിനു പിന്നിലുമെന്നാണ് സംശയം. സസ്യോദ്യാനത്തിനായി നടത്തിയ നിർമാണപ്രവർത്തനങ്ങളിൽ അഴിമതിയുണ്ടെന്നു കാണിച്ചുള്ള ഊമക്കത്താണ് ഇപ്പോൾ വന്നത്.
പാർക്ക് പൂർത്തിയാക്കി ആറര വർഷത്തിനുശേഷം ഉയർന്ന പേരില്ലാ അഴിമതിയാരോപണത്തിൽ അന്വേഷണം നടത്തിയ ഫിനാൻസ് ഇൻസ്പെക്ഷൻ വിങ്ങിലെ മൂന്നംഗസമിതി, ക്രമക്കേടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥനുനേരേ നടപടി വേണമെന്നും ധനകാര്യവകുപ്പിനോട് ശുപാർശ ചെയ്യുകയും ചെയ്തു.
എന്നാൽ, കൃഷിവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിലെ ആരോപണത്തിൽ ധനകാര്യവകുപ്പ് നടപടിക്ക് ശുപാർശ ചെയ്യുമ്പോൾ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും അതുപാലിച്ചില്ലെന്നും കാണിച്ച് വൈസ് ചാൻസലർ ഡോ. ബി. അശോക് ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചു. ഉദ്യോഗസ്ഥനുനേരേ നടപടിക്ക് ശുപാർശ ചെയ്ത ഫിനാൻസ് ഇൻസ്പെക്ഷൻ വിങ്ങിന്റെ കത്തിൽ, നിർമാണം നടത്തിയിട്ടില്ലെന്നു പറയുന്ന കാര്യങ്ങൾ നിലവിലുണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും വൈസ് ചാൻസലർ അറിയിച്ചതോടെ ധനകാര്യവകുപ്പ് പ്രതിസന്ധിയിലായി.
ഊമക്കത്തുകളിലെ ആരോപണങ്ങൾ സർക്കാർ വകുപ്പുകൾ അന്വേഷിക്കുക പതിവില്ലെങ്കിലും സസ്യോദ്യാനത്തിന്റെ കാര്യത്തിൽ അന്വേഷണവും നടപടിക്കു ശുപാർശയും ഉടനുണ്ടായി.
23 ഏക്കറിലെ സസ്യോദ്യാനം 2019 ഫെബ്രുവരി 25-ന്, ഉദ്ഘാടനം ചെയ്ത അന്നുതന്നെ പൂട്ടേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ പടലപ്പിണക്കത്താൽ പ്രവേശന-പാർക്കിങ് ഫീസ് രസീത് ബുക്ക് നൽകാത്തതു മൂലമാണ്. ആറരവർഷംമുൻപേ തുറന്ന സസ്യോദ്യാനത്തിലെ നിർമാണത്തിൽ അപാകവും അഴിമതിയുമുണ്ടെന്ന പരാതി പോയതും അന്വേഷണം നടത്തിയതും ഇപ്പോൾ മാത്രമാണ്. ഇത്രയും കാലം പരിപാലനമില്ലാെത പലതും തകർന്നപ്പോൾ മാത്രം ഊമക്കത്ത് വന്നതിനുപിന്നിൽ സസ്യോദ്യാനം തുറപ്പിക്കില്ലെന്ന തീരുമാനമാണെന്ന് ആരോപണമുണ്ട്.
പുറമേനിന്ന് സ്വരൂപിച്ച 24.68 ലക്ഷമടക്കം 50 ലക്ഷത്തിന് ഉദ്യാനം യാഥാർഥ്യമാക്കിയ ഉദ്യോഗസ്ഥനുനേരേയാണ് ആരോപണവും നടപടിക്ക് ശുപാർശയും.
Content Highlights: Anonymous complaint alleges corruption in the construction of a botanical garden
Published: 09 Aug 2025, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented