ആലപ്പുഴ: വാഴയുടെ ‘ഇലവര’ മാറുന്നു. ആ പേരു വിളിച്ച് ഇനി ആരെയും കളിയാക്കേണ്ട. വാഴ ഇനി ഇല മുതൽ പോള വരെ ഉത്പന്നങ്ങളായി തീൻമേശയിലും കുളിമുറിയിലുമെത്തും. കട്‌ലെറ്റും അച്ചാറും ഷാംപൂവും ഉൾപ്പെടെ അടിമുടി ‘മേക്കോവറിന്’ ഒരുങ്ങുകയാണ് വാഴ.

To advertise here,

വാഴയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതി ആലപ്പുഴ ഭരണിക്കാവ് ബ്ലോക്കിൽ തുടങ്ങി. പൂവൻ ഇനങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായാണ് കൃഷി.

പൂവൻ, ഞാലിപ്പൂവൻ, ചാരപ്പൂവൻ, മൈസൂർ പൂവൻ എന്നിവയാണ് ഇതിനായി കൃഷി ചെയ്യുക. ഭേദപ്പെട്ട വിലയുള്ളപ്പോൾ പൂവൻറെയും ഞാലിയുടെയും പഴം പഴമായിത്തന്നെ വിൽക്കും. വില കിട്ടുന്നില്ലെങ്കിൽ അതും മറ്റുത്പന്നങ്ങളാക്കി മാറ്റും. ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം, ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉത്പാദക കമ്പനി, വള്ളികുന്നം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഭരണിക്കാവ് ബ്ലോക്കിലെ ആറു പഞ്ചായത്തുകളിൽനിന്നുള്ള 180 കർഷകരെയാണ് പദ്ധതിയിലുൾപ്പെടുത്തുന്നത്. 75 പേർക്ക്‌ പരിശീലനം നൽകി. ടിഷ്യൂകൾച്ചർ തൈകൾ സൗജന്യമായി കൊടുത്തു. പത്തു സെന്റെങ്കിലുമുള്ളവർക്കാണ് അവസരം. അതിൽ നൂറുവാഴ എന്നാണു കണക്ക്. പദ്ധതി വിജയിക്കുകയാണെങ്കിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ചുമതല വഹിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ എം.എസ്. രാജീവ് പറഞ്ഞു.