മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വളം ഉത്പാദനം കുറയുന്നു. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 26 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആഭ്യന്തര വളം ഉത്പാദനം ഏകദേശം 59.01 ലക്ഷം ടൺ ആണ്. മുൻവർഷം ഇതേകാലത്തിത് 76.09 ലക്ഷം ടൺ ആയിരുന്നു. ഏപ്രിലിൽ അവശേഷിക്കുന്ന നാലു ദിവസംകൊണ്ട് നാലു മുതൽ അഞ്ചു ലക്ഷം ടൺ വരെ ഉണ്ടായാൽ പോലും ഇക്കാലത്ത് ഉത്പാദനത്തിൽ 12 ലക്ഷം ടണ്ണിന്റെ വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഖാരിഫ് കൃഷി തുടങ്ങുന്ന സമയത്ത് വളം ഉത്പാദനം കുറഞ്ഞത് കർഷകർക്കിടയിൽ ആശങ്ക പടർത്തുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനു പ്രതിബന്ധമാകുന്നു. കൂടാതെ വളം ഉത്പാദനത്തിന് ആവശ്യമായ പ്രകൃതി വാതകത്തിന്റെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്. ഇൻഡൊനീഷ്യ, മലേഷ്യ, മൊറോക്കോ, ജോർദാൻ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യ ഇപ്പോൾ അസംസ്കൃതവസ്തുക്കൾ ശേഖരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണശൃംഖലയിലുണ്ടായിട്ടുള്ള തടസ്സങ്ങളാണ് വളം ഉത്പാദക കമ്പനികളെ ബാധിച്ചിരിക്കുന്നത്. മാത്രമല്ല, അസംസ്കൃതവസ്തുക്കളുടെ വിലയിൽ ഗണ്യമായ വർധനയുമുണ്ടായിട്ടുണ്ട്. യൂറിയ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിന്റെ പുതിയ ടെൻഡറിൽ ടണ്ണിന് 935 മുതൽ 959 ഡോളർ വരെയാണ് നിരക്ക്. ഫെബ്രുവരിയിൽ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ഇറക്കുമതിക്കായി നൽകിയ ടെൻഡറിലിത് 508 മുതൽ 512 വരെ ഡോളർ മാത്രമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ യൂറിയയുടെ വിലയിൽ വലിയ അന്തരമാണ് രണ്ടുമാസംകൊണ്ട് ഉണ്ടായതെന്ന് ഇതിൽനിന്നു വ്യക്തമാണ്. യൂറിയ മാത്രമല്ല, ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി.) വില ടണ്ണിന് 680-720 ഡോളറിൽനിന്ന് 865-925 ഡോളറായി കൂടിയിട്ടുണ്ട്. സൾഫറിന് ടൺവില 300 മുതൽ 550 ഡോളർ വരെയായിരുന്നത് 900 ഡോളറിലേക്കെത്തി. അമോണിയയുടെ വില 435 ഡോളറിൽനിന്ന് 850 ഡോളർ വരെയായി ഉയർന്നു.
ഖാരിഫ് കൃഷി തുടങ്ങുന്ന സമയത്തുണ്ടായിട്ടുള്ള പ്രതിസന്ധി ഈ വർഷം കാർഷികോത്പാദനം കുറയാൻ കാരണമായേക്കുമെന്ന ആശങ്കയും ശക്തമാണ്. ഉത്പാദനം കുറയുന്ന സാഹചര്യമുണ്ടായാൽ അത് പണപ്പെരുപ്പം ഗണ്യമായി ഉയരാനിടയാക്കിയേക്കും. മാത്രമല്ല, വളം സബ്സിഡിക്കുള്ള സർക്കാരിന്റെ ചെലവും കൂട്ടും.
Content Highlights: India faces a sharp decline in fertilizer production due to West Asia conflict disruption
Published: 30 Apr 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented