
മുക്കം: തേൻ സംഭരിക്കാൻ സംവിധാനമില്ലാത്തതിനാൽ സംസ്ഥാനത്തെ കർഷകർക്ക് കയ്‌പ്പുനീരായി തേൻവിപണി. ഹോർട്ടികോർപ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തുകയും സാമ്പത്തികപിന്തുണ നൽകാതെ സർക്കാർ കൈയൊഴിയുകയും ചെയ്തതോടെ ടൺകണക്കിന് തേനാണ് ഫാമുകളിൽ കെട്ടിക്കിടക്കുന്നത്.
സംസ്ഥാനത്ത് ആലപ്പുഴയിലെ മാവേലിക്കര ഹോർട്ടികോർപ്പ് തേൻസംസ്കരണകേന്ദ്രത്തിൽ മാത്രമാണ് നിലവിൽ തേൻ സംഭരിക്കുന്നത്. 35 ടൺ മാത്രം സംഭരണ-സംസ്കരണ ശേഷിയുള്ള കേന്ദ്രത്തിൽ മൊത്ത ഉത്‌പാദനത്തിന്റെ 50 ശതമാനത്തോളം മാത്രമാണ് സംഭരിക്കാനാവുന്നത്. കിലോഗ്രാമിന് 190 രൂപ നിരക്കിലാണ് ഇവിടെ ഈവർഷം തേൻ സംഭരിച്ചത്. ഇതോടെ ഉത്‌പാദിപ്പിച്ച തേൻ വീടുകളിലെ സംഭരണികളിലുംമറ്റും സൂക്ഷിച്ച് വിപണി കാത്തിരിക്കുകയാണ് കർഷകർ. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ തേൻ കൃഷിചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ ഗ്രാമപ്പഞ്ചായത്തിലാണ്. ഇരുനൂറോളം കർഷകർ ഇവിടെയുണ്ട്. നൂറ്‌് തേനീച്ചപ്പെട്ടികളിൽ കൃഷിചെയ്യുന്ന കർഷകന് വർഷം ഒരുടണ്ണോളം തേൻ വിളവെടുക്കാനാകും. ഒരു കർഷകനിൽനിന്ന് പരമാവധി 500 കിലോഗ്രാം തേൻമാത്രം സംഭരിച്ചാൽമതിയെന്നാണ് മാവേലിക്കര ഹോർട്ടികോർപ്പിന്റെ തീരുമാനം.
സംസ്ഥാനത്തെ മികച്ച തേൻകർഷകരിലൊരാളായ കോഴിക്കോട് ചെമ്പുകടവിൽ കളപ്പുരയ്ക്കൽ ബേബിയുടെ വീട്ടിൽ 20 ടണ്ണോളം തേനാണ് കെട്ടിക്കിടക്കുന്നത്. വീട്ടിലെ വലിയ മൂന്ന് സംഭരണികളിലും കന്നാസുകളിലുമായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. 2800 പെട്ടികളിലൂടെ 28 ടൺ തേൻ ഉത്‌പാദിപ്പിച്ചെങ്കിലും വിൽക്കാനായത് എട്ടുടൺ മാത്രം.
ഒരുകിലോ തേൻ ഉത്‌പാദിപ്പിക്കാൻ 90 രൂപയോളം ചെലവുവരുമെന്ന് ബേബി പറഞ്ഞു. തേൻ ഏറ്റെടുക്കാൻ സംവിധാനമില്ലെങ്കിൽ 18 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടാകുക.
പ്രതിസന്ധികളേറെ
സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന നാടൻതേൻ സംഭരിക്കാൻ പ്രതിസന്ധികളേറെയാണെന്ന് വിദഗ്ധർ പറയുന്നു. വൻതോതിൽ തേൻ സംഭരിക്കാൻ വലിയ സാമ്പത്തികപിന്തുണവേണം. സർക്കാർ സാമ്പത്തികസഹായം നൽകാതിരിക്കുകയും വൻകിടക്കമ്പനികൾ തേൻവിപണി കീഴടക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് മാവേലിക്കര ഹോർട്ടികോർപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlights: Honey market, Tons of honey are stored in farms
Published: 24 Sept 2024, 06:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented