പുലാമന്തോൾ(മലപ്പുറം): നീണ്ടുരുണ്ട് സ്വാദേറിയ ചോറ്. ഭംഗിയും കനവുമുള്ള അരിമണികൾ. ഇത് വേറിട്ടൊരു മട്ട അരിയാണ് - ‘ഗോപിക’. രോഗപ്രതിരോധശേഷി കൂടിയ വിത്ത്. ഒരു മീറ്ററിലധികം നീളമുള്ള വൈക്കോൽ. ഒരു കതിരിൽ 210ലധികം നെൻമണികൾ, 100 നെൻമണികൾക്ക് 25.75 ഗ്രാം തൂക്കം. മൂന്നു വിളവിനും പറ്റും. പുലാമന്തോൾ ചോലപ്പറമ്പത്ത് ശശിധരൻ വികസിപ്പിച്ചെടുത്ത നെല്ലിനത്തിന് കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ സെൽ പേറ്റന്റ്.
സാധാരണ കർഷകനാണ് ചോലപ്പറമ്പത്ത് ശശിധരൻ. കൃഷിയിൽ പുതുമ തേടുന്നയാൾ. സൂര്യകാന്തിയും ചെറുപയറും ഉൾപ്പെടെയുള്ള വൈവിധ്യങ്ങളിലായിരുന്നു താത്പര്യം. ആ ഉത്സാഹമാണ് പുതുവിത്തു തേടാനും പ്രേരണയായത്. 2002 ൽ ഐശ്വര്യ, ജ്യോതി വിത്തുകൾ പ്രത്യേക പരാഗണരീതിയുപയോഗിച്ച് കൃഷി ചെയ്തായിരുന്നു തുടക്കം. എട്ടുവർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ പുതിയൊരു വിത്ത് രൂപം കൊണ്ടു. മകളുടെ പേരുമിട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകൻ നെൽവിത്ത് വികസിപ്പിച്ച് പേറ്റന്റ് നേടുന്നത്. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിലെയും കാർഷിക സർവകലാശാലയിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
രണ്ടിടങ്ങളിലും നടത്തിയ പരിശോധനകളിൽ ‘ഗോപിക’യുടെ മേന്മ സ്ഥിരീകരിച്ചു. 2012 ൽ കേന്ദ്ര കൃഷിമന്ത്രാലയത്തിലെ രജിസ്ട്രേഷൻ വിഭാഗത്തിലേക്ക് വിത്തയച്ചു. അവരുെട നിർദേശപ്രകാരം വിവിധ ഗുണമേൻമാപരിശോധനകൾ നടത്തി. 2019 ൽ കാർഷിക സർവകലാശാല വഴി ബൗദ്ധിക സ്വത്തവകാശ സെല്ലിലേക്ക് അപേക്ഷ അയച്ചു. കഴിഞ്ഞദിവസം കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അംഗീകാരമെത്തി. ഉത്പാദനം, വിപണനം, വിതരണം, ഇറക്കുമതി/ കയറ്റുമതി തുടങ്ങിയ എല്ലാ അവകാശങ്ങളും നൽകിയാണ് പേറ്റൻറ്.
പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലെ ഡോ. എം.സി. നാരായണൻകുട്ടി, ഡോ. ഫസീല, പ്രൊഫ. രാജേന്ദ്രൻ, ഡോ. ഇളങ്കോവൻ, ഡോ. പി. മൂസ, പ്രൊഫ. രഞ്ജൻ, കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ ഡയറക്ടർ ഡോ. എൽസി തുടങ്ങിയവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
Content Highlights: Gopika, a new high-yielding rice variety developed by a Kerala farmer
Published: 02 Jul 2025, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented