ചുണ്ടത്തൈകളില്‍ ബഡ്ഡിങ് പരീക്ഷണം വിജയം. അഞ്ച് വഴുതനയിനങ്ങള്‍ ചുണ്ടയില്‍ വിളഞ്ഞു. വയനാട്, മൊതക്കരയിലെ പഴശ്ശി നഴ്സറിയാണ് വിവിധ ഇനം വഴുതനകള്‍ ഒരു ചെടിയില്‍ വിളയിച്ചത്. നാലുവര്‍ഷം കൊണ്ടാണ് വഴുതനകള്‍ കായ്ക്കാന്‍ തുടങ്ങിയത്. അത്യുത്പാദനശേഷിയുള്ള വഴുതനയുടെ മുകുളങ്ങളാണ് കാട്ടു ചുണ്ടയ്ക്കയുടെ ശിഖരങ്ങളില്‍ സൂഷ്മതയോടെ ബഡ്ഡ് ചെയ്തു പിടിപ്പിച്ചത്. വളരെവേഗത്തില്‍ ഈ ശിഖരത്തില്‍ വഴുതന മുകുളങ്ങള്‍ ഇണങ്ങി.

To advertise here,

ഏത് മണ്ണിലും വേരാഴ്ത്തി വളരുമെന്നതിനാലാണ് കാട്ടുചുണ്ടയെ മാതൃചെടിയായി തിരഞ്ഞെടുത്തതെന്ന് കര്‍ഷകനായ ഐ.സി. ജോര്‍ജ് പറയുന്നു. പാറയിടുക്കില്‍പോലും ചുണ്ട തൈകള്‍ സമൃദ്ധമായി വളരും. മണ്ണിലെ വളങ്ങള്‍ ആഗിരണം ചെയ്യുന്നതിലും ചുണ്ടയെ വെല്ലാന്‍ അധികം ചെടികളില്ല. വഴുതന ചെടിയുടെ വേരുകളെക്കാള്‍ പടരുന്ന ചുണ്ടയുടെ വേരുകള്‍ മാതൃചെടിക്ക് ആയുസ്സും കൂട്ടും. സാധാരണ വിളവ് തരുന്നതിനേക്കാള്‍ മൂന്നിരട്ടിയോളം കായ്കളാണ് ഈ ഗ്രാഫ്റ്റിങ് ചെടികളില്‍ നിന്നും ലഭിക്കുന്നത്. ശിഖരങ്ങള്‍ക്ക് ബലമുള്ളതിനാല്‍ ഇവയെ താങ്ങാനും ചുണ്ടചെടിക്ക് കഴിയുന്നുണ്ട്.

മഴക്കാലംമുതല്‍ ഏതു കാലാവസ്ഥയിലും ഈ ചെടിയില്‍ നിന്നും വഴുതനകള്‍ ലഭിക്കും. പരിപാലിക്കുന്നതിലും കൂടുതല്‍ശ്രദ്ധ വേണമെന്നില്ല. വേനല്‍ക്കാലത്ത് വെള്ളം ലഭിക്കുന്നസ്ഥലത്ത് നടണമെന്ന് മാത്രം. അത്യുത്പാദനശേഷിയുള്ള പച്ചക്കറി തൈകളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്കെല്ലാം ആവശ്യം. ഇതോടെ നഴ്സറികളും നൂതന പരീക്ഷണശാലകളാവുകയാണ്.

Content Highlights: Five brinjal varieties were grafted in single plant