
പല രുചികളോടു കൂടിയ മാമ്പഴങ്ങൾ വിളയിച്ചെടുക്കുകയെന്നത് കർഷകരുടെ സ്വപ്നമാണ്. സ്ഥലപരിമിതിയാണ് പലപ്പോഴും അതിനു തടസ്സം. ഒരു മാവിൽ ഒട്ടേറെയിനം മാമ്പഴങ്ങൾ കായ്‌പിക്കാനായാലോ. ഒരു മാവിന്റെ പല കൊമ്പുകളിലും തടിയിലും പലതരം മാവുകൾ വളർത്തുന്ന ‘മൾട്ടി ഗ്രാഫ്റ്റിങ്’ തുറന്നിടുന്നത് അത്തരമൊരു സാധ്യതയാണ്. മറ്റു ഫലവൃക്ഷങ്ങളിലും ചെയ്യാവുന്ന മൾട്ടിഗ്രാഫ്റ്റിങ്ങിന് മാവിൽ സാധ്യത കൂടുതലാണ്.
വിവിധതരം ഗ്രാഫ്റ്റിങ്, ബഡ്ഡിങ് രീതികൾ അവലംബിച്ചാണ് ഒന്നിൽത്തന്നെ ഒരുപാട് ഇനങ്ങൾ വളർത്തുന്നത്. ഒരു മാവിൽ അൻപതും നൂറും ഇനങ്ങളൊക്കെ ഗ്രാഫ്റ്റ് ചെയ്യുന്നവരുണ്ട്. എത്രയിനങ്ങൾ ഗ്രാഫ്റ്റ് ചെയ്യാമെന്നതിന് ഒരു നിശ്ചിത പരിധിയില്ല. എന്നാൽ, സന്തുലിതമായ വളർച്ചയും മികച്ച വിളവും ഉറപ്പുവരുത്താൻ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമുണ്ട്. വീട്ടുമുറ്റത്തെയും പറമ്പിലെയും നാലോ അഞ്ചോ മാവിൽ പലയിനം മാങ്ങകൾ കായ്ച്ചുനിൽക്കുന്നത് അഴകേറിയ കാഴ്ചയ്ക്കൊപ്പം മധുരവൈവിധ്യവും തരും. കൂടാതെ, കാലാവസ്ഥാമാറ്റത്തെ അതിജീവിക്കുന്നതും ഉത്പാദനക്ഷമത കൂടിയതും കൂടുതൽ കാലം വിളവ് തരുന്നതുമായ ഇനങ്ങൾ കണ്ടെത്തി ഗ്രാഫ്റ്റ് ചെയ്ത് വളർത്താനുള്ള വലിയ സാധ്യതയുമുണ്ട്.
‘വൈവിധ്യം’ വിളയിക്കാം
വെഡ്ജ് ഗ്രാഫ്‌റ്റിങ്, സൈഡ് ഗ്രാഫ്റ്റിങ്, ബാർക്ക് ഗ്രാഫ്റ്റിങ് തുടങ്ങി വിവിധ ഗ്രാഫ്റ്റിങ് രീതികളിലൂടെ ഒരു മാവിൽ പലയിനങ്ങൾ വളർത്താനാകും. കൂടാതെ, ബഡ്ഡിങ് രീതിയും അവലംബിക്കാം. ഗ്രാഫ്റ്റിങ്ങിൽ കൂടുതൽ പേർ അവലംബിക്കുന്നത് വെഡ്ജ് ഗ്രാഫ്റ്റിങ്ങാണ്. ഏതു മാവിലാണോ ചെയ്യുന്നത് അതിനെ റൂട്ട്സ്റ്റോക്ക് എന്നാണ് പറയുന്നത്. ഏതു മാവിനമാണോ വെച്ചുപിടിപ്പിക്കേണ്ടത്, അതിനെ സയൺ എന്നും പറയുന്നു. മൾട്ടിഗ്രാഫ്റ്റ് ചെയ്യുന്ന റൂട്ട്സ്റ്റോക്ക് കരുത്തുള്ളതും വളർച്ചയുള്ളതുമായിരിക്കണം. സയൺ നല്ല കായ്ഫലം തരുന്ന മാവിന്റേതാകണം. അതല്ലെങ്കിൽ കായ്ക്കുമെന്ന് ഉറപ്പുള്ളതെങ്കിലുമാകണം.
വെഡ്ജ് ഗ്രാഫ്റ്റിങ്ങിൽ(‘വി’ ഗ്രാഫ്റ്റിങ് എന്നും പറയും) മാവിന്റെ കൊമ്പിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. റൂട്ട്സ്റ്റോക്കിന്റെ കൊമ്പിന്റെയും സയണിന്റെയും വണ്ണം ഏതാണ്ട് സമാന വലുപ്പമുള്ളതായിരിക്കുന്നതാണ് നല്ലത്. മൂന്നുമുതൽ ആറുമാസംവരെ പ്രായമുള്ള സയണാണ് ഉപയോഗിക്കേണ്ടത്. സയൺ ശേഖരിച്ച ഉടൻ ഇലകൾ മുറിച്ചുമാറ്റണം. ജലാംശം ഇല വലിച്ചെടുത്ത് കൊമ്പ് ഉണങ്ങാതിരിക്കാനാണിത്. മൂർച്ചയുള്ള കത്തികൊണ്ടോ ബ്ലേഡ്കൊണ്ടോ റൂട്ട്സ്റ്റോക്കിന്റെ കൊമ്പിന്റെ അറ്റത്തെ മധ്യഭാഗത്ത് നാലോ അഞ്ചോ സെന്റീമീറ്റർ നീളത്തിൽ കീറുണ്ടാക്കുക. അതിലേക്ക് രണ്ടു ഭാഗവും തോൽ ചെത്തിമാറ്റി ‘ആപ്പ്’ ആകൃതിയിലാക്കിയ സയൺ താഴ്ത്തിവെക്കുക. തുടർന്ന് ഗ്രാഫ്റ്റിങ് ടേപ്പ്കൊണ്ട്(പോളിത്തീൻ കവറായാലും മതി) ടൈറ്റായി ചുറ്റിക്കെട്ടുക. കൂടാതെ, മുകൾഭാഗത്ത് നനച്ച സിപ്പപ്പിന്റെതോ സമാനമായതോ ആയ പോളിത്തീൻ കവർകൊണ്ട് മൂടിവെക്കണം. ഈർപ്പം നിലനിർത്താനാണിത്. ഉൾഭാഗം കാണാനാകുന്നവിധത്തിലുള്ള (ട്രാൻസ്പരന്റ്) കവറാണ് ഉപയോഗിക്കേണ്ടത്. ഗ്രാഫ്റ്റിങ് വിജയിച്ചാൽ 12 മുതൽ 20 ദിവസത്തിനകം പൊടിപ്പ് വരും. ഇല വിടരാൻ തുടങ്ങുമ്പോഴേക്കും മൂടിയ പോളിത്തീൻ കവർ എടുത്തുമാറ്റണം. കുറച്ചുനാളുകൾക്കുശേഷം ചുറ്റിക്കെട്ടിയ കവറും നീക്കാം.
സൈഡ് ഗ്രാഫ്റ്റിങ്ങിൽ കൊമ്പിന്റെ വശങ്ങളിലാണ് സയൺ വെച്ചുപിടിപ്പിക്കുന്നത്. റൂട്ട്സ്റ്റോക്കിന്റെ കൊമ്പിന്റെ ഒരു വശം നാലോ അഞ്ചോ സെന്റീമീറ്റർ നീളത്തിൽ തൊലി ചെത്തിമാറ്റുക. കൂടാതെ, അടിഭാഗത്ത് ‘ആപ്പു’പോലെ സയൺ ഉറപ്പിച്ചുനിർത്താനുതകുംവിധം അല്പഭാഗം തൊലി നിലനിർത്തി ചെറിയൊരു പിളർപ്പുണ്ടാക്കണം. റൂട്ട്സ്റ്റോക്കിന്റെ തൊലിമാറ്റിയ അതേനീളത്തിൽത്തന്നെ സയണിന്റെ ഒരുഭാഗത്തെ തൊലി കത്തികൊണ്ട് അടർത്തിമാറ്റുക. മാത്രമല്ല, അടിവശത്ത് രണ്ടുഭാഗങ്ങളിലും ചെത്തിമിനുക്കുകയും വേണം. തൊലിമാറ്റിയ സയണിന്റെ ഭാഗം റൂട്ട്സ്റ്റോക്കിന്റെ തൊലി മാറ്റിയ ഭാഗത്തോടു ചേർത്തുവെക്കുക. അടിഭാഗം ‘ആപ്പ്’ പോലെ അല്പം ഉള്ളിലേക്ക് ചെന്നുനിന്ന് ഉറച്ചുനിൽക്കുന്നവിധമാണ് വെക്കേണ്ടത്. റൂട്ട്സ്റ്റോക്കിൽ സയൺ പതിഞ്ഞുനിൽക്കണം. തുടർന്ന് പോളിത്തീൻ കവർ ഉപയോഗിച്ച് ടൈറ്റായി കെട്ടിവെക്കുക. മുകൾഭാഗം പോളിത്തീൻ കവർകൊണ്ട് മൂടിവെക്കുക.
ബാർക്ക് ഗ്രാഫ്റ്റിങ് തടിയിലാണ് ചെയ്യുന്നത്. തടിഭാഗം മൂന്നോ നാലോ സെന്റീമീറ്റർ ചെത്തുക. സയൺ ഉറപ്പിച്ചുനിർത്താനുതകുംവിധം തടിയുടെ അടിഭാഗം തൊലി നിലനിർത്തി അല്പഭാഗം ‘ആപ്പു’പോലെ പിളർത്തുക. സയൺ അതിലേക്ക് ഇറക്കിവെച്ച് പോളിത്തീൻ കവർകൊണ്ട് ചുറ്റും കെട്ടുക. സയണിന്റെ മുകൾഭാഗം കവർകൊണ്ട് മൂടണം. തടിയുടെ വണ്ണമനുസരിച്ച് അഞ്ചോ ആറോ സയണുകൾ ഒരേനിരയിൽ ഗ്രാഫ്റ്റ് ചെയ്യാനാകും. മാവ് ‘ട്രെയ്ൻ’ ചെയ്ത് ആകർഷകമായ ആകൃതിയിൽ വളർത്താൻ ഇതുപകരിക്കും. നന്നായി കായ്ക്കുന്ന മാവിന്റെ മുകുളങ്ങൾ ചെത്തിയെടുത്ത് റൂട്ട്സ്റ്റോക്കിൽ പതിപ്പിച്ചാണ് ബഡ്ഡിങ് ചെയ്യുന്നത്. ഒരു മാസത്തിനകം പൊടിപ്പ് വന്ന് പുതിയൊരു മാവുണ്ടാകും.
ഇവിടെയുണ്ട് മൾട്ടിഗ്രാഫ്റ്റിങ്ങിന്റെ മധുരം
ഓരോ മാവിലും വൈവിധ്യമാർന്ന ഇനങ്ങൾ കായ്പിച്ചെടുക്കുകയാണ് ടി.കെ. ഉമ്മർ. നിലത്തുനട്ട 50-ഓളം മാവുകളിൽ മൂന്നുമുതൽ 30 ഇനങ്ങൾ വരെ ഗ്രാഫ്റ്റും ബഡ്ഡും ചെയ്തുവെച്ചിട്ടുണ്ട്. കണ്ണൂർ പിലാത്തറ ചിറ്റന്നൂരിലെ വീടിനോടുചേർന്ന രണ്ടേക്കർ സ്ഥലത്ത് നാടനും വിദേശിയുമായ നൂറിലേറെ ഇനം മാവുകളാണ് മൾട്ടിഗ്രാഫ്റ്റിങ്ങിലൂടെ മധുരം തരുന്നത്. കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്ന് മലയാളം അധ്യാപകനായി അഞ്ചു വർഷംമുൻപ് വിരമിച്ച ഉമ്മർ മുഴുവൻസമയ കൃഷിയിലേക്ക് തിരിയുകയായിരുന്നു. നടശാല എന്ന മാവിന്റെ കൊമ്പുകളിൽ റോയൽ, ‘രവീന്ദ്രനാഥ്’, ചേലൻ, നാംഡോക് മായ് ഗോൾഡ്, ബാരി 11, കെൻസിങ്ടൺ പ്രൈഡ്, സിന്ദൂരം, പുസാ അരുണിക തുടങ്ങി 30 ഇനങ്ങളാണ് ബഡ്ഡും ഗ്രാഫ്റ്റും ചെയ്തുവെച്ചത്. ഇവയിൽ പലതും കായ്ച്ചുകഴിഞ്ഞു. കർപ്പൂരം മാവിൽ കസ്തൂരി, ചെറിയ കിളിച്ചുണ്ടൻ, പഞ്ചാരവരിക്ക, കാലാപ്പാടി, പെട്രീഷ്യ തുടങ്ങി 15 ഇനങ്ങൾ വളരുകയും കായ്ക്കുകയും ചെയ്യുന്നു. ചന്ദ്രക്കാരനിൽ കാട്ടാമ്പള്ളി, സദാബഹാർ, ബാരി 11, അച്ചാർ മാങ്ങ ഉൾപ്പെടെ എട്ടിനങ്ങൾ. അമ്രപാലിയിലും നീലിഷാൻ, അവാക്കാഡോ, ഫിലിപ്പീൻസ് ഇനമായ കരാബോ ഉൾപ്പെടെ എട്ടിനങ്ങളുണ്ട്. തായ് ലാൻഡിൽ പോയി കമ്പ് ശേഖരിച്ചാണ് കാറ്റിമോൻ(ചോക്കനാർ) എന്ന ഇനത്തിന്റെ തൈയുണ്ടാക്കിയത്.
ഗുയേഫി, സൂപ്പർ ക്യൂൻ, ഗോലക്, പെൻകെൻലിങ്, ഒബ്രാൻ, നാംഡോക് മായ് ഗ്രീൻ ഉൾപ്പെടെ പലയിനം വിദേശ ഇനങ്ങൾ കോട്ടൂർകോണവും നീലനും ചേലനുമുൾപ്പെടെയുള്ള നാടൻ ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും കായ്ക്കുന്ന, കൂടുതൽ കാലം കായ്ഫലം തരുന്ന നാടൻ ഇനങ്ങൾ കണ്ടെത്തി ഗ്രാഫ്റ്റും ബഡ്ഡും ചെയ്യുന്നതിനാണ് മുൻഗണന നൽകുന്നത്. ‘രവീന്ദ്രനാഥ്’ ഉൾപ്പെടെ ആറുമാസത്തിലേറെ തുടർച്ചയായി കായ്ക്കുന്ന ചിലയിനങ്ങൾ കണ്ടെത്തി തൈകളുണ്ടാക്കുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്യുന്നതിന് ഒരാഴ്ച മുൻപ് സയണിന്റെ ഇലകൾ മുറിച്ചുകളഞ്ഞാൽ വേഗം തളിർക്കുമെന്നും വിജയസാധ്യത കൂടുമെന്നും ഉമ്മർ പറയുന്നു. വിവരങ്ങൾക്ക്: 7356428348
Content Highlights: multi grafting techniques to grow various mango varieties on a single tree
Published: 04 May 2025, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented