കോട്ടയം: ഏഴായിരത്തോളം താറാവുകളെ പാടത്തിറക്കുമ്പോൾ സജിമോന്റെ മനസ്സിൽ ആശങ്കയുടെ ചിറകടി. 48 ദിവസം പ്രായമായി താറാവുകൾക്ക്‌. പക്ഷേ, ഇവയ്‌ക്കുള്ള വാക്‌സിൻ ഇനിയും കിട്ടിയിട്ടില്ല. ഡക്ക്‌ പ്ലേഗ്‌, പാസ്റ്ററേല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ വാക്‌സിനാണ്‌ കിട്ടാനില്ലാത്തത്‌.

To advertise here,

‘ഫെബ്രുവരി 11-ന്‌ വിരിയിച്ച താറാവുകളാണ്‌. 42 ദിവസമാകുമ്പോഴേക്കും രണ്ട്‌ വാക്സിനും നൽകിയില്ലെങ്കിൽ രോഗം വരും. രോഗം വന്നാൽ നിയന്ത്രിക്കാനൊക്കില്ല, കൂട്ടത്തോടെ ചാകും. ഇതൊന്നും അധികൃതർക്ക് അറിയാത്തകാര്യമല്ല. മൃഗാശുപത്രിയിൽ പലതവണ പോയി. അവർക്കും ഒന്നും പറയാനില്ല,’-അയ്‌മനത്തെ താറാവുകർഷകനായ സജിമോൻ കരീമഠം സങ്കടവും പ്രതിഷേധവും മറച്ചുവെയ്ക്കുന്നില്ല.

സജിമോനും ചേട്ടൻ അജയനും ചേർന്നാണ്‌ താറാവുകളെ വളർത്തുന്നത്‌. നാലാമത്തെ ആഴ്ചയിൽ പാസ്റ്ററേല്ലയ്ക്കെതിരായ വാക്‌സിനും ഏഴാമത്തെ ആഴ്ചയിൽ ഡക്ക്‌ പ്ലേഗിനെതിരേയുള്ള പ്രതിരോധ വാക്‌സിനും കൊടുക്കേണ്ടതാണ്‌.

പക്ഷിപ്പനിയെത്തുടർന്ന്‌ താറാവുകളെ വിരിയിക്കുന്നതിനും വളർത്തുന്നതിനും ഡിസംബർ 31 വരെ നിരോധനമേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മേയ് മുതൽ എട്ടുമാസംനീണ്ട നിരോധനം കർഷകരുടെ നടുവൊടിച്ചു. ഒരു വരുമാനവുമില്ലാത്ത നാളുകളായിരുന്നു. നിരോധന കാലാവധി കഴിഞ്ഞതോടെ പല കർഷകരും ഫെബ്രുവരി മുതൽ താറാവ്‌ വളർത്തൽ പുനരാരംഭിച്ചു. നിരോധനം പിൻവലിച്ച് മാർച്ച്‌ 15-ന് സർക്കാർ ഉത്തരവുമിറങ്ങി. അപ്പോഴാണ് പ്രതിരോധ വാക്‌സിൻ കിട്ടാത്ത പ്രശ്നം.

പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആനിമൽ ഹെൽത്ത്‌ ആൻഡ്‌ വെറ്ററിനറി ബയോളജിക്കൽസ് ആണ്‌ വാക്‌സിൻ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നത്‌. നിരോധന കാലത്ത് അവർ വാക്‌സിൻ ഉത്‌പാദനം നിർത്തി. നിശ്ചിത സമയപരിധി കഴിഞ്ഞാൽ വാക്‌സിൻ ഉപയോഗശൂന്യമാകുമെന്നതായിരുന്നു കാരണം. നിരോധനം നീക്കിയശേഷവും വാക്‌സിൻ ഉത്‌പാദനം തുടങ്ങിയിട്ടില്ല. ഉത്‌പാദനം തുടങ്ങിയാലും ആവശ്യമുള്ളത്ര വാക്സിൻ ലഭ്യമാകാൻ രണ്ടുമാസത്തിലേറെ സമയമെടുക്കും. അപ്പോൾ എത്ര താറാവിൻകുഞ്ഞുങ്ങൾക്ക് ജീവനുണ്ടാകുമെന്നാണ് കർഷകരുടെ ചോദ്യം. രോഗം വന്നാൽ മറ്റൊരു നിരോധന ഉത്തരവുകൂടി ഇറക്കി സർക്കാർ കൈകഴുകും. കർഷകന്റെ അധ്വാനം പാഴാകും. ജീവിതം പ്രതിസന്ധിയിലും.