സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള വാക്സിൻ സ്വീകരിച്ച പെൺകുട്ടികളിൽ ഗർഭാശയഗള കാൻസർ ബാധിച്ചുള്ള മരണസാധ്യത അദ്ഭുതകരമായി കുറഞ്ഞുവെന്ന് പഠനം. ലാൻസെറ്റ് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽനിന്നാണ് പഠനം പുറത്തുവന്നിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചതുവഴി ഇതുവരെ 200 പേരുടെ ജീവൻ രക്ഷിക്കാനായെന്നും പഠനം പറയുന്നു.
ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. 2008-ൽ സ്കൂൾ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് എച്ചിപിവി കുത്തിവെപ്പ് നൽകാൻ തുടങ്ങിയതിനു ശേഷം മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് പഠനം പറയുന്നു. 2020-നും 2024- നും ഇടയിൽ 20 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഗർഭാശയഗള അർബുദം മൂലം മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അഞ്ച് വർഷത്തെ കാലയളവിൽ ഇതാദ്യമാണെന്നും പഠനത്തിലുണ്ട്. വാക്സിനേഷൻ ഇല്ലായിരുന്നുവെങ്കിൽ ഏകദേശം 23 മരണങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കുന്നത്.
ഒരൊറ്റ കുത്തിവെപ്പിലൂടെ ഒരു അർബുദം നിവാരണം ചെയ്യാൻ കഴിയുമെന്നത് അപൂർവമാണെന്ന് ക്വീൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ പ്രധാന ഗവേഷകനായ പ്രൊഫസർ പീറ്റർ സാസിയേനി പറഞ്ഞു. 12 , 13 വയസ്സുള്ളപ്പോൾ വാക്സിൻ എടുത്ത കുട്ടികൾ 30 വയസ്സിന് മുമ്പ് സെർവിക്കൽ കാൻസർ ബാധിച്ച് മരിക്കാനുള്ള സാധ്യത പൂജ്യത്തിന് അടുത്താണെന്നും ഗവേഷകർ പറയുന്നു. എച്ച്പിവി വാക്സിനേഷൻ പ്രചാരത്തിലെത്തുന്നതിന് മുമ്പ് ഈ പ്രായത്തിലുള്ളവരിൽ പ്രതിവർഷം ഏകദേശം 20 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു.
എന്താണ് സെർവിക്കൽ കാൻസർ?
മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും സ്വകാര്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.
സെർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു?
ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.
എങ്ങനെ പ്രതിരോധിക്കാം?
1. HPV വാക്സിനേഷൻ
കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ HPV വാക്സിൻ നൽകുക. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്.
2. സ്ഥിരമായ പരിശോധന
30 വയസ്സുമുതലുള്ള സ്ത്രീകളിൽ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും HPV ടെസ്റ്റ് നടത്തേണ്ടതുണ്ട്. അർബുദപൂർവ മാറ്റങ്ങൾ കണ്ടെത്തുന്നത് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കും. ഇത് അർബുദം വളരുന്നത് തടയുന്നു.
Content Highlights: HPV vaccination has reduced cervical cancer death risk to near zero., Study published in The Lancet confirms 200 lives saved in England.
Published: 18 Jun 2026, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented