പെരുമ്പാവൂർ(എറണാകുളം): കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ പശുക്കൾക്ക് കുളമ്പുരോഗം പടർന്നുപിടിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്ന് ആശ്വാസനടപടികൾ ഉണ്ടാകുന്നില്ലെന്ന കർഷകരുടെ പരാതിയും വ്യാപകമാണ്.

To advertise here,

മുടക്കുഴ പഞ്ചായത്തിലെ അകനാട് ഇടയത്ത് മുരുകന്റെ ഫാമിലെ എട്ട് പശുക്കൾക്ക് കുളമ്പുരോഗം ബാധിച്ചതായി പറയുന്നു. രോഗ ലക്ഷണങ്ങൾകണ്ട ആദ്യദിവസമെത്തി മരുന്നുകൾ നൽകിയതല്ലാതെ തുടർചികിത്സയ്ക്കോ സഹായത്തിനോ മൃഗാശുപത്രിയിൽനിന്ന് ആരുമെത്തിയില്ലെന്ന് മുരുകൻ പറഞ്ഞു. 50 ലിറ്ററോളം പാൽ ക്ഷീരോത്പാദക സംഘത്തിൽ ദിവസവും നൽകിയിരുന്നതാണ്. പാലുത്പാദനം ഗണ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല, വിൽക്കാൻ സാധിക്കാത്തതിനാൽ ഒഴുക്കിക്കളയേണ്ടി വരികയാണ്.

ക്ഷീരസംഘത്തിന്റെ കീഴിൽ മിൽമ നിയോഗിച്ച ഡോക്ടറുണ്ടെങ്കിലും അവരുടെയും സേവനം തൃപ്തികരമല്ല. മറ്റുസ്ഥലങ്ങളിൽനിന്ന് സ്വകാര്യ ഡോക്ടർമാരെ വിളിച്ചുകൊണ്ടുവന്നാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫാം തുടർന്ന് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായെന്ന് 10 കൊല്ലത്തോളമായി ക്ഷീരകർഷകനായ ഇദ്ദേഹം പറഞ്ഞു.

പനി, വിശപ്പില്ലായ്മ, ഉമിനീർ പതഞ്ഞ് ഒഴുകുക, കുളമ്പുകളിലും നാവിനടിയിലും മോണകളിലും പോളകൾ പ്രത്യക്ഷപ്പെടുക, പാലുത്പാദനം കുറയുക എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മഴക്കാലത്താണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്.

കഴിഞ്ഞയാഴ്ച കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂരിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം പഞ്ചായത്തിലെ കുളമ്പുരോഗബാധ ജില്ലാ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന് മുടക്കുഴ മൃഗാശുപത്രി അധികൃതർ പറഞ്ഞു.

രോഗലക്ഷണങ്ങളുള്ള പശുക്കളെ ഉച്ചയ്ക്കുശേഷം മാത്രമേ പരിശോധിക്കാവൂ എന്നാണ് നിർദേശം. ചികിത്സകരിലൂടെ മറ്റു പശുക്കളിലേക്കും ഫാമുകളിലേക്കും രോഗം പകരാതിരിക്കാനാണ് മുൻകരുതൽ. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന കന്നുകാലികളിൽ നിന്നും കാലിത്തീറ്റയിൽനിന്നും രോഗകാരിയായ വൈറസ് പകരാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഉടൻതന്നെ സംസ്ഥാന തലത്തിൽ പ്രതിരോധ വാക്സിൻ കാമ്പയിൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.