വടകര: തേങ്ങവില കൂടിയതോടെ നാഫെഡ് താങ്ങുവിലയ്ക്ക് സംഭരിച്ച ഉണ്ടക്കൊപ്രയ്ക്കും നേട്ടം. കഴിഞ്ഞദിവസം നാഫെഡ് കർണാടകയിൽനിന്ന് വിറ്റ ഉണ്ടക്കൊപ്രയ്ക്ക് താങ്ങുവിലയെക്കാൾ ക്വിന്റലിന് 1060 രൂപ അധികം കിട്ടി. രണ്ടുവർഷത്തെ സംഭരണത്തിനിടെ ആദ്യമായാണ് താങ്ങുവിലയെക്കാൾ കൂടുതൽ തുകയ്ക്ക് നാഫെഡ് ഉണ്ടക്കൊപ്ര വിറ്റത്.
12,000 രൂപയാണ് ഉണ്ടക്കൊപ്രയുടെ താങ്ങുവില. കർണാടകയിൽനിന്ന് നാഫെഡ് വിറ്റ കൊപ്രയ്ക്ക് ലഭിച്ചത് 13,060 രൂപ. സംഭരണച്ചെലവ് കൂട്ടിയാലും കുറച്ച് തുക കേന്ദ്രത്തിന് മിച്ചം. സംഭരണംകൊണ്ട് മിച്ചം കിട്ടുന്നതും രണ്ടുവർഷത്തിനിടെ ആദ്യം. ഇതുവരെ വലിയ നഷ്ടത്തിനാണ് കൊപ്രയും ഉണ്ടക്കൊപ്രയുമെല്ലാം നാഫെഡ് വിറ്റിരുന്നത്. ഇതുമുഴുവൻ കേന്ദ്ര കൃഷിമന്ത്രാലയമാണ് വഹിച്ചത്.വിപണിയിൽ ഉണ്ടക്കൊപ്രയ്ക്ക് 10,000 രൂപയുള്ള സമയത്ത് നാഫെഡ് കർഷകരിൽനിന്ന് ശേഖരിച്ചത് 12,000 രൂപയ്ക്ക്. ഇത് ലേലത്തിൽ വിറ്റപ്പോൾ വിപണിവിലപോലും കിട്ടിയില്ല. 1000 മുതൽ 2000 രൂപവരെ കുറച്ചാണ് വ്യാപാരികൾ കൊപ്ര വാങ്ങിയത്. ഇതുമൂലം നഷ്ടം ക്വിന്റലിന് 3000 മുതൽ 4000 രൂപവരെ.
കർണാടക 68,107 ടൺ ഉണ്ടക്കൊപ്രയാണ് താങ്ങുവിലയ്ക്ക് സംഭരിച്ചത്. ഇതിൽ 20,000 ടൺ ഉണ്ട വിൽക്കാൻ ബാക്കിയുണ്ട്. 6875 ടൺ വെള്ളിയാഴ്ച ലേലത്തിന് വെച്ചിട്ടുണ്ട്. ഇതിനും താങ്ങുവിലയ്ക്കു മുകളിൽ വില കിട്ടുമെന്നാണ് പ്രതീക്ഷ. ഉണ്ടക്കൊപ്രയുടെ നിലവിലെ വിപണിവില 17,250 രൂപയാണ്. നാഫെഡിന്റെ കൊപ്രയ്ക്ക് കിട്ടുന്നത് ഇതിനെക്കാൾ നാലായിരത്തോളം രൂപ കുറവാണ്. സംഭരിച്ചുവെച്ച കൊപ്രയായതിനാലാണിത്.
തമിഴ്‌നാട്ടിൽ 2023 സീസണിലെ കൊപ്ര മൊത്തം നാഫെഡ് വിറ്റഴിച്ചു. വിപണിവിലയിലും ഏറെ കുറച്ചായിരുന്നു വിൽപ്പന. ഇനി തമിഴ്‌നാടിന്റെ പക്കലുള്ളത് 2024-ൽ സംഭരിച്ച 28,222 ടൺ കൊപ്രയാണ്. ഇതിന്റെ വിൽപ്പന ഉടൻ തുടങ്ങും. ക്വിന്റലിന് 11,160 രൂപ താങ്ങുവില നൽകി സംഭരിച്ചതാണിത്. ഇപ്പോഴത്തെ വിപണിവില 12,000 മുതൽ 13,250 രൂപവരെയാണ്. ഈ വിൽപ്പനയിലും നാഫെഡ് മിച്ചം പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: copra sales, Gains in sales of nafed
Published: 28 Sept 2024, 06:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented