വടകര: മത്സ്യമേഖലയ്ക്ക് തിരിച്ചടിയായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കേണ്ട അംശദായം വൻതോതിൽ വർധിപ്പിച്ചു. ഏപ്രിൽമുതൽ മുൻകാലപ്രാബല്യത്തോടെയാണ് തൊഴിലാളിവിഹിതവും വള്ളങ്ങളുടെ വിഹിതവുമെല്ലാം വർധിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഒരുവർഷത്തേക്ക് 100 രൂപ അടച്ചിരുന്നത് 300 രൂപയായും അനുബന്ധ തൊഴിലാളികളുടേത് 20 രൂപയിൽനിന്ന് 50 രൂപയായും ഉയർത്തി.

To advertise here,

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെയും ക്ഷേമനിധിവിഹിതത്തിൽ വലിയ വർധനയുണ്ടായി. 24 അടി ഫൈബർ വള്ളക്കാർ വർഷത്തിൽ 240 രൂപ അടച്ചിരുന്നത് 600 രൂപയാക്കി. ഇടത്തരം ചെറുവള്ളങ്ങളുടേത് 430 രൂപയിൽനിന്ന് 1080 രൂപയായും ഇൻബോർഡ് വള്ളക്കാരുടെ വിഹിതം 8000 രൂപയിൽനിന്ന് 13,500 രൂപയായും വർധിപ്പിച്ചു.

മീൻലഭ്യത കുറയുകയും കാലാവസ്ഥാവ്യതിയാനംമൂലം തുടർച്ചയായി മത്സ്യബന്ധനത്തിന് പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിഹിതം കൂട്ടിയത് മത്സ്യമേഖലയ്ക്ക് ബാധ്യതയാകുമെന്ന പരാതി ഉയർന്നുതുടങ്ങി.

ക്ഷേമനിധി അംശദായം, ലൈസൻസ് ഫീസ് എന്നിവ കൂട്ടിയതിനെതിരേയുള്ള പ്രതിഷേധത്തിനിടെ ആനുകൂല്യങ്ങൾ സർക്കാർ വർധിപ്പിച്ചു. ഉത്തരവ് ഉടനിറങ്ങും.

മക്കളുടെ വിവാഹത്തിനുള്ള സഹായധനം 10,000-ൽ നിന്ന് 25,000 രൂപയാക്കും. മീൻപിടിത്തത്തിനിടെ അപകടമരണമുണ്ടായാലുള്ള സഹായം 50,000 രൂപയിൽനിന്ന് ലക്ഷമാക്കി. മരണാനന്തര ചടങ്ങിനുള്ള തുക 1,500-ൽനിന്ന് 2,500 ആക്കും.

കായികരംഗത്തു നേട്ടമുണ്ടാക്കുന്ന കുട്ടികൾക്കു സഹായം നൽകുന്ന പദ്ധതിയും പ്രഖ്യാപിക്കും.

വിഹിതം വർധിപ്പിച്ചത് പിൻവലിക്കണം

മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്താൻകഴിയാതെ വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സമയത്ത് ക്ഷേമനിധിവിഹിതം ഒരു ദാക്ഷിണ്യവുമില്ലാതെ വർധിപ്പിച്ച നടപടി സർക്കാർ പിൻവലിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തും.

സതീശൻ കുരിയാടി

(പ്രസിഡന്റ്‌, പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണസമിതി)