കട്ടപ്പന: തുടർച്ചയായി കനത്ത മഴ പെയ്തതോടെ രോഗകീട നിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ. ഇത് കാപ്പിച്ചെടികൾക്ക് കറുത്തഴുകൽ, ഞെട്ടഴുകൽ, കായപൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ കാരണമായി. ഈർപ്പമുള്ള കാലാവസ്ഥയിൽ കറുത്തഴുകലും ഞെട്ടഴുകലും നിയന്ത്രിക്കുന്നതിന് മരുന്ന് തളിക്കലും സാധ്യമല്ല. മികച്ച വില ലഭിക്കുന്ന സമയത്ത് കാപ്പിക്കുരുവിന് രോഗബാധ വന്നത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.

To advertise here,

കറുത്തഴുകലും ഞെട്ടഴുകലും ബാധിക്കുന്ന കാപ്പിക്കുരു വിളവെടുപ്പിന് പാകമാകുന്നതിന് മുൻപുതന്നെ കറുത്ത് ചീയുകയും പൊഴിഞ്ഞു പോകുകയുമാണ് ചെയ്യുക. ഏലം വില ഉയർന്നിട്ടും കാപ്പിത്തോട്ടങ്ങൾ അതേപോലെ നില നിർത്തിയ ചെറുകിട കർഷകർക്ക് മുതൽ എസ്റ്റേറ്റ് ഉടമകൾക്കുവരെ കാപ്പിയുടെ രോഗബാധ തിരിച്ചടിയായിട്ടുണ്ട്.

ഹൈറേഞ്ചിലെ കാപ്പിക്കർഷകർക്ക് കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം തിരിച്ചടിയായിട്ടുണ്ടെന്നും ഇതിനുപുറമേ കാട്ടുപന്നി ആക്രമണവും വലിയ ഭീഷണിയാണെന്നും കാപ്പിക്കർഷകനായ ഉപ്പുതോട് സ്വദേശി പി.ടി.ജോർജ് ചൂണ്ടിക്കാട്ടി. ചാണകം, എല്ലുപൊടി പോലെയുള്ള വളങ്ങൾ പ്രയേഗിച്ചാൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നതും പ്രശ്നമായി അദ്ദേഹം പറഞ്ഞു.

രോഗം ബാധിച്ചാൽ ചെയ്യേണ്ടത്

കറുത്തഴുകൽ, ഞെട്ടഴുകൽ രോഗങ്ങൾ ബാധിച്ച ചെടികളിലെ ഇലകളും കായകളും കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. ആരോഗ്യമുള്ള ചെടികൾക്ക് വായുസഞ്ചാരം കൂടുതലായി ലഭ്യമാക്കണം ഇതിനായി കാപ്പിച്ചെടികളിൽ വീണുകിടക്കുന്ന തണൽ മരങ്ങളുടെ ഇലകളും ഉണങ്ങിയ ശാഖകളും വെട്ടിമാറ്റണം. കാപ്പിച്ചെടികളുടെ ചുവട്ടിലെ മണ്ണിൽ കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിൽ മാത്രം പുതയിടുക. നീർവാഴ്ചയും വേരുകൾക്ക് വായുസഞ്ചാരവും ലഭിക്കണം ഇതിനായി നീർക്കുഴികളും നീർച്ചാലുകളും വൃത്തിയാക്കണം.

മഴയ്ക്ക് ഇടവേള ലഭിച്ചാൽ കറുത്തഴുകൽ രോഗം ബാധിച്ച സ്ഥലങ്ങളിൽ 120 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലി ലിറ്റർവരെ പശ ചേർത്ത് ചെടികളിൽ തളിക്കണം. ഞെട്ടഴുകൽ രോഗത്തിന് 160 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലി ലിറ്റർവരെ പശ ചേർത്ത് രോഗബാധയുള്ള ബ്ലോക്കുകളിൽ തളിക്കണം. കാലവർഷത്തിന്റെ ഇടവേളയിൽ ഏക്കറിന് 50 കിലോ യൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തുന്നത് കായ പൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.