കൊച്ചി: ആഗോള കാപ്പി വിപണിയിൽ വില വർധിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ കേരളത്തിലെ കാപ്പി കർഷകർ. ബ്രസീൽ, വിയറ്റ്നാം തുടങ്ങിയ പ്രധാന ഉത്പാദന രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതിനാൽ ആഗോള വിപണിയിൽ കാപ്പിക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇക്കാരണത്താൽ എല്ലാത്തരം കാപ്പിയുടെയും വില ഗണ്യമായി ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ 15-ന് അന്താരാഷ്ട്ര വിപണിയിൽ റോബസ്റ്റ കാപ്പിയുടെ വില 4,842 ഡോളറിൽ എത്തിയിരുന്നു.
കയറ്റുമതി അധിഷ്ഠിതമായി കൃഷി നടത്തുന്ന രാജ്യത്തെ കാപ്പി കർഷകർക്കും സ്വാഭാവികമായി അതിന്റെ ഗുണം ലഭിക്കേണ്ടതാണ്. പ്രത്യേകിച്ച് റോബസ്റ്റ പ്രധാന വിളയായ കാപ്പികൃഷിയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ കർഷകർക്ക്.
ആയിരം രൂപ വരെ നഷ്ടം
മികച്ച ഗുണനിലവാരം കാരണം ഇന്ത്യൻ റോബസ്റ്റ കാപ്പിക്ക് ആഗോള വിപണിയിൽ എല്ലായ്പ്പോഴും ഉയർന്ന വില ലഭിക്കാറുണ്ട്. തണലിൽ വളരുന്നതും പറിച്ചെടുത്ത് വെയിലത്ത് ഉണക്കുന്നതും ഗുണനിലവാരത്തെ സ്വാധീനിക്കുന്നു. ഇന്ത്യൻ റോബസ്റ്റയിലെ ചില ഗ്രേഡുകൾക്ക് എല്ലായ്പ്പോഴും ഉയർന്ന വില ലഭിക്കാറുണ്ട്. ഒരു ടൺ മൊത്തം കാപ്പിയിൽ 65 മുതൽ 70 ശതമാനം വരെ വരുന്ന ‘എ ബി ഗ്രേഡ്’ റോബസ്റ്റ ‘ചെറി’ കാപ്പിക്ക്, ആഗോള വിലയെക്കാൾ ഒരു ടണ്ണിന് 850 ഡോളർ വരെ അധിക വിലയുണ്ട്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാൽ, കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ കാപ്പി കർഷകർക്ക് ഒരു ചാക്ക് (54 കിലോ) റോബസ്റ്റ ‘ചെറി’ കാപ്പിക്ക് കുറഞ്ഞത് 14,000 രൂപയെങ്കിലും ലഭിക്കേണ്ടതുണ്ട്. എന്നാൽ, നിലവിലെ ഉയർന്ന വില 13,000 രൂപ മാത്രമാണ്. വൻകിട കയറ്റുമതിക്കാർ ന്യായമായ വില നൽകി കാപ്പി വാങ്ങാൻ താത്പര്യം കാണിക്കുന്നില്ല എന്നതാണ് പ്രശ്നം. ആവശ്യത്തിന് ഓർഡറുകൾ ലഭിക്കുന്നില്ല എന്നാണ് കയറ്റുമതിക്കാർ നൽകുന്ന വിശദീകരണമെന്ന് കോഫി ബോർഡ് മുൻ വൈസ് ചെയർമാനും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ മെംബറുമായ എം.ആർ. ഗണേഷ് പറഞ്ഞു.
ആയിരം രൂപയുടെ വ്യത്യാസത്തിൽ കച്ചവടം നടത്തുന്നത് കേരളത്തിലെ 99 ശതമാനം വരുന്ന ചെറുകിട കർഷകർക്ക് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ന്യായമായ വില ഉറപ്പാക്കാൻ കാപ്പി ബോർഡിന്റെയും വാണിജ്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് കർഷകരുടെ ആവശ്യം.
Content Highlights: Kerala coffee farmers face losses despite global price surge.
Published: 17 Sept 2025, 08:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented