കല്പറ്റ: പതിനാറാം ധനകാര്യ കമ്മിഷൻ 2026-27-ലെ കേന്ദ്ര ബജറ്റിൽ കാപ്പിക്കൃഷി മേഖലയ്ക്ക് കൂടുതൽ തുക അനുവദിച്ചേക്കും. ഇതിനുമുന്നോടിയായി കേന്ദ്രമന്ത്രാലയത്തിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വയനാട്ടിലെ കർഷകരുമായി കൂടിക്കാഴ്ച നടത്തി.
2027 മുതൽ 2031 വരെയുള്ള പതിനാറാം ധനകാര്യ കമ്മിഷന്റെ പദ്ധതിവിഹിതത്തിലാണ് കാപ്പിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ കാപ്പി ഉത്പാദനത്തിൽ മുന്നിൽനിൽക്കുന്ന ജില്ലകളിലൊന്നായ വയനാടിന് ഇത് ഏറെ ഗുണം ചെയ്യും.
15-ാം ധനകാര്യ കമ്മിഷൻ അനുവദിച്ച പദ്ധതിവിഹിതത്തിന്റെ അവസാന ബജറ്റായ അടുത്തവർഷത്തെ കേന്ദ്രബജറ്റിലും കാപ്പിക്കുള്ള വിഹിതം വർധിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. കാപ്പിക്കൃഷിയിൽ ഏതെല്ലാം മേഖലകളിൽ ധനവിനിയോഗം ആവശ്യമാണെന്ന് കണ്ടെത്താനാണ് കേന്ദ്രമന്ത്രാലയത്തിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘം കർഷകരുമായി ചർച്ചനടത്തിയത്. ചുണ്ടേൽ പ്രാദേശിക കാപ്പി ഗവേഷണകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വിവിധ കാപ്പിക്കർഷക സംഘടനാ നേതാക്കളും എഫ്പിഒ പ്രതിനിധികളും കോഫിബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി.
കോഫി ബോർഡ് സെക്രട്ടറിയും സിഇഒയുമായ എം. കുർമാറാവു കർഷകരുമായി സംസാരിച്ചു. ചെറുകിട നാമമാത്ര കർഷകർക്കാണ് കോഫിബോർഡ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരുംവർഷങ്ങളിൽ കാപ്പിക്കൃഷി മേഖലയിൽ അനുവദിക്കേണ്ട സബ്സിഡി പദ്ധതികളും പദ്ധതിവിനിയോഗവും സംബന്ധിച്ച് വിഷയങ്ങളാണ് കൂടുതലായി ചർച്ചചെയ്തത്.
കോഫിബോർഡ് ജോയിന്റ് ഡയറക്ടർ എം. കറുത്തമണി, കോഫിബോർഡ് അംഗങ്ങളായ ഇ. ഉണ്ണികൃഷ്ണൻ, കെ.കെ. മനോജ് കുമാർ എന്നിവരും വിവിധതലങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും സംരംഭക പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കാപ്പിമേഖലയുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് വ്യാഴാഴ്ചമുതൽ വിവിധഭാഗങ്ങളിൽ പ്രാദേശിക ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.
ഇയുഡിആർ കർഷകർ ഗൗരവത്തിലെടുക്കണം -എം. കുർമറാവു
യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ റെഗുലേഷൻ (ഇയുഡിആർ) ആക്ടിന്റെ നിബന്ധനകൾ കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫിബോർഡ് സെക്രട്ടറി എം. കുർമറാവു പറഞ്ഞു. വയനാട്ടിലെ കാപ്പിക്കർഷകരുമായി ചർച്ചനടത്തിയശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കോഫി ആപ്പ് രജിസ്ട്രേഷന് കാപ്പിക്കർഷകർ കാലതാമസം വരുത്തരുത്.
വനം പരിസ്ഥിതി സംരക്ഷണത്തിന്റെ ആഗോളനയത്തിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും നിബന്ധനകളും വയനാട്ടുകാരടക്കം കാപ്പിക്കർഷകരെ പ്രതികൂലമായി ബാധിക്കുന്നതാണ്. തണലിൽ വളരുന്നതാണ് വയനാട്ടിലെ കാപ്പിയെങ്കിലും അത് യൂറോപ്യൻ യൂണിയനെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ കയറ്റുമതിയെ സാരമായി ബാധിക്കും. കാരണം വയനാട്ടിലെ റോബസ്റ്റ കാപ്പിയുടെ പ്രധാന ഉപഭോക്താക്കൾ യൂറോപ്യൻ യൂണിയനാണ്. ഈ ഘട്ടത്തിലാണ് പ്രതിസന്ധി മറികടക്കാൻ കോഫിബോർഡ് ഇന്ത്യ കോഫി ആപ്പ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. രജിസ്ട്രേഷനായി പ്രാദേശികതലങ്ങളിൽ ശില്പശാലകളും കോഫിബോർഡ് സംഘടിപ്പിച്ചിട്ടുണ്ട്.
വിഷയം ഗൗരവത്തിലെടുത്ത് മുഴുവൻ കാപ്പിക്കർഷകരും രജിസ്റ്റർ ചെയ്യണമെന്ന് കോഫിബോർഡ് സിഇഒയുമായ കുർമറാവു പറഞ്ഞു. വയനാട്ടിലെ തോട്ടങ്ങളിൽ മരത്തണലിൽ വളരുന്ന റോബസ്റ്റ കാപ്പിക്ക് ലോകവിപണിയിൽ ഇപ്പോഴും നല്ല ഡിമാൻഡുണ്ട്. അതുനിലനിർത്തുകയെന്നത് വെല്ലുവിളിയായി കർഷകർ ഏറ്റെടുക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: 16th Finance Commission discusses increased coffee budget allocation with Wayanad farmers for2026-27
Published: 12 Sept 2025, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented