കല്പറ്റ: തുടര്‍ച്ചയായ മഴകാരണം കാപ്പിച്ചെടികളുടെ ചുവട്ടില്‍ വെള്ളംകെട്ടിക്കിടക്കുന്നതിനാല്‍ കായകള്‍ കൊഴിഞ്ഞുപോവും. അറബിക്ക, റോബസ്റ്റ ഇനങ്ങളില്‍ കറുത്ത അഴുകല്‍, ഞെട്ട് ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപ്പറയുന്ന പ്രതിരോധനടപടികള്‍ സ്വീകരിക്കണം.

To advertise here,

1. ചെടികളുടെ ചുവട്ടില്‍ വെള്ളം ഒഴുക്കിക്കളയാനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുക.

2. ചവറുകള്‍ നീക്കംചെയ്ത് നാലുചെടികളുടെ മധ്യഭാഗത്തേക്ക് മാറ്റിവെക്കുക. ഇത് ചെടികളുടെ ചുവട്ടില്‍ അധികം വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും ചെടികളുടെ ചുവട്ടില്‍നിന്ന് വേഗത്തില്‍ അധിക ഈര്‍പ്പം മാറ്റുന്നതിനും സഹായിക്കും.

3 ചെടികളിലെ വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിന് അരയടി തുറക്കല്‍, കമ്പച്ചികറുകള്‍ നീക്കല്‍ എന്നിവ ചെയ്യുക.

4. വേരിന്റെയും കായകളുടെയും വളര്‍ച്ച വേഗത്തിലാക്കുന്നതിന് ഏക്കര്‍ ഒന്നിന് ഒരു ചാക്ക് യൂറിയ എന്ന കണക്കില്‍ മഴയുടെ ഇടവേളകളില്‍ പ്രയോഗിക്കുക

5. നിലവിലെ സാഹചര്യത്തില്‍ രോഗബാധയുള്ള ചെടികളുടെ ഭാഗങ്ങള്‍ (ഇലകള്‍, കായകള്‍, കാപ്പിച്ചെടികളില്‍ വീണുകിടക്കുന്ന തണല്‍മരങ്ങളുടെ ഇലകള്‍) ശേഖരിച്ച് മണ്ണില്‍ കുഴിച്ചുമൂടി നശിപ്പിക്കേണ്ടതാണ്. രോഗവ്യാപനം തടയുന്നതിന് ഇത് സഹായകമാകും.

6. രോഗബാധയുള്ള ചെടികളുടെ വിവിധഭാഗങ്ങള്‍ മാറ്റിയതിനുശേഷം മഴവിട്ടുനില്‍ക്കുന്ന സമയത്ത് കുമിള്‍നാശിനിയായ പൈറോക്ലോസ്‌ട്രോബിന്‍, +എപോക്‌സികൊണസോള്‍ (ഓപ്പറ) അല്ലെങ്കില്‍ ടെബുകോണസോള്‍ ഇസി (ഫോളിക്കൂര്‍) 200 മില്ലിലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി പ്ലാനോഫിക്‌സും ലഭ്യമായ ഏതെങ്കിലും വെറ്റിങ് ഏജന്റും ചേര്‍ത്ത് സ്‌പ്രേ ചെയ്യേണ്ടതാണ്. കായപൊഴിയുന്നതും രോഗംപടരുന്നതും കുറയ്ക്കാന്‍ ഇലകളുടെ രണ്ടുവശങ്ങളിലും വളര്‍ന്നുവരുന്ന കായകളിലും തളിരുകളിലും സ്‌പ്രേ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് കോഫി ബോര്‍ഡ് ചുണ്ടേല്‍ ഓഫീസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.