കൊച്ചി: സമുദ്രോത്പന്ന കയറ്റുമതിയുടെ തലസ്ഥാനമായിരുന്നു സംസ്ഥാനത്ത്  ഇന്ന് പല സംസ്കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI) സെക്രട്ടറി ജനറൽ ഡോ. കെ. എൻ. രാഘവൻ. സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിൻ്റെ  ഭാഗമായി  ശാസ്ത്രീയ രീതികൾ, ആധുനികവൽക്കരണം, സുസ്ഥിര വളർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യ്ത വിദഗ്ദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ജൂൺ 12, 13 തിയ്യതികളിലായി വി.ഐ.എസ് ഗ്രൂപ്പ് മുംബൈയിൽ സംഘടിപ്പിക്കുന്ന  ഇന്റർനാഷണൽ ഫിഷറീസ് ടെക് എക്സ്പോ 2025 ന്റെ മുന്നോടിയായാണ്  സമ്മേളനം സംഘടിപ്പിച്ചത്. 

സമുദ്രോത്പന്ന കയറ്റുമതിയുടെ തലസ്ഥാനമായിരുന്നു സംസ്ഥാനത്ത്  ഇന്ന് പല സംസ്കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്.  ഈ അവസ്ഥ തടയാൻ ശാസ്ത്രീയ പരിഹാരങ്ങൾക്കൊപ്പം നയത്തിലും പൊതുധാരണയിലും  തന്ത്രപരമായ മാറ്റങ്ങൾ അനിവാര്യമാണ്. നിർണായക നടപടികളില്ലെങ്കിൽ, ആന്ധ്രാപ്രദേശും മറ്റ് തീരദേശ സംസ്ഥാനങ്ങളും മുന്നേറുമ്പോൾ കേരളം കൂടുതൽ പിന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രോത്പന്ന വ്യവസായത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങളും ചർച്ചയുടെ ഭാ​ഗമായി. സമുദ്രോത്പന്ന ഫാക്ടറികൾ നിലനിർത്തുന്നതിന് ചെമ്മീൻ, മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും അടിത്തട്ടിലെ ട്രോളിംഗ് നിർത്തുക, വലിയ തോതിലുള്ള മത്സ്യകൃഷി ആരംഭിക്കുക എന്നിവയാണ്  മുന്നോട്ടുള്ള വഴിയെന്നും അബാദ് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ  അൻവർ ഹാഷിം വ്യക്തമാക്കി. 

സംസ്ഥാനത്തിൻ്റ വിപുലമായ സമുദ്ര, ഉൾനാടൻ ജലസ്രോതസ്സുകൾ 590 കിലോമീറ്റർ തീരപ്രദേശം 87,000 ഹെക്ടർ ശുദ്ധജലം 65,000 ഹെക്ടർ ഉപ്പുവെള്ളം  മത്സ്യകൃഷിയും മത്സ്യബന്ധനവും വികസിപ്പിക്കുന്നതിന് അനന്തമായ സാധ്യതകളാണ് നൽകുന്നത്. 

2023-24 ൽ രാജ്യത്തെ സമുദ്ര മത്സ്യ ഉൽപാദനത്തിൽ സംസ്ഥാനം 6.33 ലക്ഷം മെട്രിക് ടൺ സംഭാവന ചെയ്തു ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടി. എന്നാൽ ചെമ്മീൻ കൃഷിയുടെ കാര്യത്തിൽ കേരളത്തിൻ്റ 2571 മെട്രിക് ടൺ ഉൽപ്പാദനം, ആന്ധ്രാപ്രദേശിന്റെ 9.64 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലാണ്. " പരമ്പരാഗത രീതികൾക്കപ്പുറം  സുസ്ഥിര മത്സ്യകൃഷിയെ ശക്തമായി  പ്രോത്സാഹിപ്പിക്കേണ്ട മേഖലയാണ്. എറണാകുളം, ആലപ്പുഴ, തൃശൂർ, കൊല്ലം എന്നിവ കേരളത്തിലെ പ്രധാന ചെമ്മീൻ ഉത്പാദന കേന്ദ്രങ്ങളായി തുടരുന്നു, എന്നാൽ സംസ്ഥാനത്തെ 9,120 ഹെക്ടർ മത്സ്യക്കൃഷി സാധ്യതയുള്ള ഭൂമിയിൽ ഭൂരിഭാഗവും ഇപ്പോഴും ഉപയോഗശൂന്യമായി തുടരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹാച്ചറി സംബന്ധമായ പ്രശ്നങ്ങൾ മറികടക്കുന്നതിനും, കാലാവസ്ഥാ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും, സംഘടിത മത്സ്യക്കൃഷിയിൽ കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണം.

കയറ്റുമതി രംഗത്ത്, 2023-24 ൽ കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 882 മില്യൺ യുഎസ് ഡോളറിലെത്തി (7231.84 കോടി രൂപ). ഇത് ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതി മൂല്യത്തിന്റെ 11.9% വരും. എന്നിരുന്നാലും,  ആന്ധ്രാപ്രദേശ് ദേശീയ പട്ടികയിൽ ഏറെ മുന്നിലാണ്. 

2025 ലെ അന്താരാഷ്ട്ര ഫിഷറീസ് ടെക് എക്സ്പോയ്ക്ക്  മുൻപായി  കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയെ വിലയിരുത്തുന്ന നിർണായക സമ്മേളനമാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന സംസ്ഥാനതല വിലയിരുത്തൽ മുംബൈ എക്സ്പോയിൽ കേരളത്തിന് ഗുണകരമായി മാറുമെന്ന്  വിഐഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ.പി. നായർ  പറഞ്ഞു. 

മത്സ്യകൃഷി, മത്സ്യബന്ധന മേഖലയിലും, അന്താരാഷ്ട്ര വിപണനത്തിലും സംസ്ഥാനം നേരിടുന്ന  വെല്ലുവിളികൾ" എന്ന പ്രമേയത്തിൽ വിപണിയിലെ അസ്ഥിരത, മൂല്യവർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, അമിത മത്സ്യബന്ധനം, അന്താരാഷ്ട്ര വ്യാപാര തടസ്സങ്ങൾ തുടങ്ങിയ ചർച്ചകൾ നടന്നു.