അമൃതപുരി (കൊല്ലം): കടുത്ത മഴയിൽ നെല്ലുണക്കാൻ കഴിയാതെ കനത്ത നഷ്ടം നേരിടേണ്ടി വരുന്ന കർഷകർക്ക് ആശ്വാസമായി അമൃത സർവ്വകലാശാലയുടെ നൂതന സാങ്കേതികവിദ്യ. അമൃത സർവ്വകലാശാലയ്ക്ക് കീഴിലുള്ള അമൃത ടെക്നോളജി എനൈബിളിങ് സെന്റർ വികസിപ്പിച്ച നെല്ലുണക്ക് യന്ത്രം നാല് മണിക്കൂറുകൾക്കുള്ളിൽ 400 കിലോ വരെ നെല്ല് ഉണക്കി നൽകും.

To advertise here,

ലോകത്തിലെ രണ്ടാമത്തെ വലിയ നെല്ലുത്പാദക രാജ്യമായ ഇന്ത്യയിൽ, വിളവെടുപ്പ് കാലത്തെ മഴ കർഷകർക്ക് ഭീമമായ നഷ്ടമാണ് വരുത്തിവെക്കുന്നത്. കേരളത്തിൽ ആറുമാസത്തോളം നീളുന്ന മഴക്കാലം നെൽകൃഷിയെ സാരമായി ബാധിച്ചിരുന്നു. മാത്രമല്ല മഴയും വെയിലും പ്രതീക്ഷിക്കാതെ മാറിമറിയുന്ന കാലവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് നെല്ല് ഉണക്കിയെടുക്കാൻ സാധിക്കാതെ കർഷകർ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയുമുണ്ട്. ഈ വെല്ലുവിളി മറികടക്കാനാണ് അമൃത പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിൻ്റെ പിന്തുണയോടെ വികസിപ്പിച്ച ഈ 'നിയന്ത്രിത അന്തരീക്ഷ വിളവെടുപ്പ് ഉണക്കൽ സംവിധാനം' (Controlled Environment Harvest Drying System) ഉപയോഗിച്ച് നെല്ലിൻ്റെ പോഷക-ഔഷധ ഗുണങ്ങളോ സുഗന്ധമോ നഷ്ടപ്പെടാതെ ഏകീകൃത താപനിലയിൽ ഉണക്കിയെടുക്കാൻ സാധിക്കും. മഴ കാരണം ഈർപ്പം തങ്ങി നെല്ലിൽ പൂപ്പൽ പിടിക്കുന്നത് മൂലമുള്ള നഷ്ടം ഇതോടെ പൂർണ്ണമായി ഒഴിവാക്കാം.

അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയിയുടെ നിർദേശപ്രകാരമാണ് ഈ വിഷയത്തിൽ ഗവേഷണം ആരംഭിച്ചത്. ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ച യന്ത്രത്തിന് ഒരേസമയം 400 കിലോഗ്രാം നെല്ല് ഉണക്കാനാകും. മുൻപ് രണ്ട് ദിവസത്തിലധികമാണ് നെല്ല് ഉണക്കാൻ സമയം എടുത്തിരുന്നത് എങ്കിൽ ഈ സംവിധാനത്തിലൂടെ വെറും 4 മണിക്കൂർ കൊണ്ട് നെല്ല് ഉണക്കിയെടുക്കാൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്.

"നവര, ജീരകശാല, ഗന്ധകശാല, രക്തശാലി തുടങ്ങിയ കേരളത്തിൻ്റെ പൈതൃക നെല്ലിനങ്ങളെ സംരക്ഷിക്കുകയും അവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം. ഇത് കർഷകർക്ക് നെൽകൃഷിയിൽ ആത്മവിശ്വാസം വീണ്ടെടുക്കാനും ഓരോ ധാന്യത്തിനും മികച്ച വില ഉറപ്പാക്കാനും സഹായിക്കും," എന്ന് ഡോ. കൃഷ്ണശ്രീ അച്യുതൻ വ്യക്തമാക്കി.