മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കാൻ എ-ഹെൽപ് (അക്രഡിറ്റഡ് ഏജന്റ് ഫോർ ഹെൽത്ത് ആൻഡ് എക്‌സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ) പദ്ധതിയുമായി സർക്കാർ. കുടുംബശ്രീ മുഖേന സർക്കാർ നടത്തിയ 42 ദിവസത്തെ പശുസഖി പരിശീലനം പൂർത്തിയാക്കിയ വനിതകളെയാണ് എ-ഹെൽപ് സേവനദാതാക്കളായി തിരഞ്ഞെടുക്കുന്നത്.

To advertise here,

കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായത്തോടെ സംസ്ഥാന സർക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 4109 പശു സഖിമാരാണുള്ളത്. ഇവർക്ക് മൃഗസംരക്ഷണവകുപ്പ് പരിശീലനം നൽകും. 200-ലധികംപേർക്ക് ഇതുവരെ പരിശീലനം നൽകി. മൃഗസംരക്ഷണവകുപ്പിന്റെയും കർഷകരുടെയും ഇടയിലുള്ള പ്രധാന കണ്ണിയായി പ്രവർത്തകരെ മാറ്റുകയാണ് ലക്ഷ്യം.

മൃഗസംരക്ഷണമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് നാഷണൽ ഡെയറി ഡിവലപ്‌മെന്റ് ബോർഡ് മുഖേനയാണ് പരിശീലനം. പരിശീലനകേന്ദ്രത്തിൽ താമസിച്ച് 16 ദിവസത്തെ പരിശീലനം പൂർത്തിയാക്കി നാഷണൽ അക്കാദമി ഓഫ് ആർ.എസ്.ഇ.ടി.ഐ. നടത്തുന്ന പരീക്ഷ വിജയിച്ചാലേ പശുസഖികൾ എ-ഹെൽപ്പറായി മാറൂ.

മൃഗാരോഗ്യസംരക്ഷണം, കന്നുകാലികളുടെ പ്രത്യുത്‌പാദന പരിപാലനം, തീറ്റ, ശുദ്ധമായ പാൽ ഉത്‌പാദനം, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, കന്നുകാലികളെ ഇൻഷുർ ചെയ്യാനും ബാങ്കുകളിൽനിന്ന്‌ വായ്പ ലഭ്യമാക്കാനും സൗകര്യമൊരുക്കൽ, രോഗപ്രതിരോധ കുത്തിവെപ്പിന് സഹായം നൽകൽ, കന്നുകാലികൾക്ക് ടാഗ് ഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ മുഖ്യപങ്ക് വഹിക്കും.

കർഷകർക്ക് മൃഗാശുപത്രികൾ മുഖേന ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാക്കാനും ഇവർ സഹായിക്കും. പഞ്ചായത്തുകളിൽ ബോധവത്കരണ ക്യാമ്പുകൾ നടത്താനും കന്നുകാലികൾക്ക് വിരമരുന്നുകൾ വിതരണംചെയ്യാനും ഇവരുടെ സേവനം ലഭിക്കും.