
2023 ഡിസംബർ 31 പുതുവർഷപുലരിയുടെ തലേദിവസം... ആ രാത്രി മാത്യു ഒരിക്കലും മറക്കില്ല. താൻ അരുമയായി വളർത്തിയ തന്റെ പ്രിയപ്പെട്ട പശുക്കൾ കൺമുന്നിൽ ജീവനറ്റ് പിടയുന്നത് നോക്കി നിന്നതിന്റെ വേദന കാലങ്ങളെത്ര കഴിഞ്ഞാലും ആ കുട്ടി കർഷകന്റ ഓർമ്മകളിൽ നിന്ന് മായില്ല. അന്ന് 22 പശുക്കളിൽ 14 പശുക്കളെയാണ് മാത്യുവിന് നഷ്ടമായത്. പരാധീനതകളോട് പോരാടി ഒരു 15 വയസുകാരൻ വളർത്തിയെടുത്ത ജീവിതമാർഗം ഒന്നാകെ തകർന്നുപോയപ്പോൾ ഇനിയെന്തെന്നതിനുപരി ജീവനായി ഒപ്പമുണ്ടായിരുന്ന അരുമകളുടെ ജീവനറ്റ അവസ്ഥയാണ് അവനെ വേദനിപ്പിച്ചത്. കരഞ്ഞുതളർന്ന മാത്യുവിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ നാടും വീടും ഒന്നാകെ വേദനിച്ചു. 'സ്നേഹിച്ചുവളർത്തിയതല്ലേ.. ഓർക്കുമ്പോൾ സങ്കടമുണ്ട്' എന്ന് ഇപ്പോഴും മാത്യു പറയും.
വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി, പ്രതിസന്ധികളെ അതിജീവിച്ച ജീവിതയാഥാർത്ഥ്യങ്ങളാണ് അവന്റെ ധൈര്യം. പിതാവ് ബെന്നിയുടെ മരണത്തോടെ നാലുവർഷം മുമ്പാണ് മാത്യുവും സഹോദരൻ ജോർജും ചേർന്ന് ഫാമിന്റെ ചുമതല ഏറ്റെടുത്തത്. ഭർത്താവിന്റെ മരണത്തോടെ പശുക്കളെ വിൽക്കാൻ ഷൈനി തീരുമാനിച്ചെങ്കിലും മാത്യു എതിരുനിന്നതോടെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
2023 ഡിസംബറിൽ എട്ട് പശുക്കളും എട്ട് കിടാരികളും ആറ് മൂരികളും ഉൾപ്പെടെ ആകെ 22 കന്നുകാലികളാണ് ഫാമിൽ ഉണ്ടായിരുന്നത്. തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന് വിഷബാധയേറ്റ് 14 കന്നുകാലികളാണ് അന്ന് ചത്തത്. 25 ലിറ്റർ പാൽ ഉത്പാദിപ്പിച്ചിരുന്ന ഫാമിൽ പുതുവർഷപുലരി മുതൽ വിൽക്കാൻ പാലില്ല. ചത്ത കന്നുകാലികളെ ഫാമിന് സമീപമെടുത്ത ഒറ്റ കുഴയിൽ സംസ്കരിച്ചു. പശുക്കളെ ഇൻഷുർ ചെയ്തിരുന്നില്ലയെന്നതും പ്രതിസന്ധിയായി. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്ന് സംഭവിച്ചത്.
എന്നാൽ, കേരളമൊന്നാകെ ഒന്നിച്ചപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളിലെ കണ്ണുനീർ തുടച്ച് വീണ്ടും പുഞ്ചിരിയോടെ അവൻ തന്റെ ഫാമിലെത്തി. ഒരു വർഷത്തിനിപ്പുറം മറ്റൊരു പുതുവർഷവും കടന്നുവന്നു. ഇന്ന് ഫാമിൽ, അന്നത്തെ ദുരന്തം അതിജീവിച്ച കന്നുകാലികളെ കൂടാതെ സുമനസ്സുകളുടെ സഹായത്താലെത്തിച്ച പശുക്കളുമുണ്ട്. അവയെ പരിപാലിച്ച് മാത്യുവുമുണ്ട്.
അച്ഛൻ തെളിച്ച പാത, വിയോഗം
വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ ബെന്നിക്കും ഷൈനിക്കും മൂന്നു മക്കളാണുള്ളത്. മൂത്തയാൾ ജോർജ്, രണ്ടാമൻ മാത്യു, ഇളയവൾ റോസ്മേരി. പിതാവിന്റെ കൈപിടിച്ച് നടന്നുതുടങ്ങിയ കാലം മുതൽ കന്നുകാലികളോടും വളർത്തുമൃഗങ്ങളോടും മൂന്ന് മക്കൾക്കും ഏറെ പ്രിയമായിരുന്നു. പിന്നീട് പശുവളർത്തലിൽ സഹായികളായി മൂവരും കൂടി. കൂട്ടത്തിൽ മാത്യുവിന് താത്പര്യം കുറച്ച് കൂടുതലായിരുന്നു. 2020ൽ രക്തസമ്മർദ്ദം കൂടി തലയിലെ ഞരമ്പ് പൊട്ടി പിതാവ് ബെന്നി മരിച്ചതോടെ കുടുംബം ഏറെ പ്രതിസന്ധിയിലായി. മക്കളുടെ പഠനം, വീട് പണിയാൻ വേണ്ടി എടുത്ത ബാങ്ക് വായ്പ, വീട്ടുചെലവ് മുതലായവ ആശങ്കയായി മുന്നിൽ... ബെന്നിയുടെ ആഭാവത്തിൽ പശുവളർത്തൽ മുന്നോട്ടുക്കൊണ്ടുപോകുക പ്രയാസമായിരുന്നതിനാൽ ഷൈനി പശുക്കളെ വിൽക്കാമെന്ന തീരുമാനത്തിലെത്തി. എന്നാൽ അന്ന് അതിന് സമ്മതിക്കാതെ മാത്യു പിതാവിന്റെ പാതയിൽ ക്ഷീരമേഖലയിലേക്ക് കൂടി തിരിഞ്ഞു.
പഠനത്തിനിടയിലും സമയം കണ്ടെത്തി കന്നുകാലി പരിപാലനവും മാത്യു നോക്കി നടത്തി. ജോർജും റോസ്മേരിയും മാതാവ് ഷൈനിയും ഒപ്പം കൂടി. പിന്നീട് അങ്ങോട്ട് പഠനവും ഫാമും ഒരുപോലെ മുന്നോട്ട് കൊണ്ടുപോയി മാത്യു. എല്ലാത്തിനും സമയം കിട്ടുമോയെന്ന് ചോദിച്ചാൽ 'പിന്നെ കിട്ടാതെങ്ങനാ' എന്നായിരുന്നു മാത്യുവിന്റെ മറുപടി.
വെള്ളിയാമറ്റം സി.കെ.വി. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് മാത്യു. രാവിലെയും ഉച്ചക്ക് ശേഷവും പശുക്കളെ കറക്കും. പാൽ മിൽമ സൊസൈറ്റിയിലാണ് നൽകുന്നത്. മുമ്പ് വീടുകളിലും കൊടുക്കുന്നുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സൊസൈറ്റിയിൽ മാത്രമാണ് പാൽ കൊടുക്കുന്നത്. പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്ന മാത്യു തൊഴുത്ത് വൃത്തിയാക്കി പശുവിനെ കുളിപ്പിക്കും. പിന്നീട് പശുക്കളെ കറന്ന് കാലിത്തീറ്റ നൽകി പറമ്പിൽ അഴിച്ചുകെട്ടും. പിന്നീട് സ്കൂളിലേക്ക്... വൈകിട്ട് തിരികെയെത്തിയാൽ തൊഴുത്തിലെ ബാക്കി പണികളും പൂർത്തീകരിച്ച് പഠനത്തിലേക്ക്. അവധി ദിവസങ്ങളിൽ കൂടുതൽ സമയം ജോലികളിൽ വ്യപൃതനാകും അപ്പോഴും പഠനത്തിന് സമയം കണ്ടെത്തും. മെഡിക്കൽ എൻട്രൻസ് പാസായി വെറ്ററിനറി മെഡിസിന് ചേരണമെന്നാണ് മാത്യുവിന്റെ ആഗ്രഹം.

കൂട്ടുകാരെപ്പോലെ പേരുചൊല്ലി വിളിച്ച പശുക്കളുടെ വിയോഗം
ഓരോ പശുവിനും കിടാരിക്കും പേരുണ്ട്. മാത്യു വിളിക്കുമ്പോൾ ഓരോരുത്തരായി ഇങ്ങെത്തും. വെറും വളർത്തുമൃഗങ്ങൾക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഓരോരുത്തരും. അന്ന് രാവിലെയും വൈകിട്ടും പാൽ കറന്നു. തീറ്റയും നൽകി. നേരം പുലർന്നാൽ പുതുവർഷമാണ്. സന്തോഷത്തിന്റെ പുതുവർഷം കാത്തിരുന്ന മാത്യുവിനും കുടുംബത്തിനും വലിയ ദുരന്തമായിരുന്നു വർഷാവസാന ദിനം നൽകിയത്. പച്ചക്കപ്പ ഉണക്കിനൽകുന്ന സ്ഥലത്തുനിന്ന് വാങ്ങിയ കപ്പത്തൊലി പശുക്കൾക്ക് നൽകി. രാത്രി എട്ടുമണിയോടെ പശുക്കൾ ഒരോന്നായി കുഴഞ്ഞുവീണു. വായിലൂടെയും മൂക്കിലൂടെയും നുരയും പതയും വന്ന് കൈകാലിട്ടടിച്ച് ഓരോന്നായി ചത്തുവീണു. കൺമുന്നിൽ തന്റെ അരുമകൾ ചത്തുവീണത് സഹിക്കാനാകാതെ വന്നതോടെ മാത്യുവും അമ്മ ഷൈനിയും സഹോദരി റോസ്‌മേരിയും തളർന്നുപോയി. ശാരീരികാസ്വസ്ഥത ഉണ്ടായതോടെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സയനൈഡ് അമിത അളവിൽ ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മണ്ണുമാന്തിയന്ത്രംകൊണ്ട് വലിയ കുഴിയെടുത്ത് ചത്ത കന്നുകാലികളെയെല്ലാം ഒരുമിച്ച് കുഴിച്ചുമൂടി. ഇൻഷുറൻസ് തുക താങ്ങാനാവുന്നതിനും അപ്പുറമായിരുന്നതിനാൽ അന്ന് കന്നുകാലികളെ ഇൻഷുർ ചെയ്തിരുന്നില്ല. 800 രൂപ ആയിരുന്ന ഇൻഷുറൻസ് തുക 6000 ആക്കി ഉയർത്തിയത് ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തിൽ കുടുബത്തിന് ഉപാധിരഹിതമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകസംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. നടൻ ജയറാമുൾപ്പെടെയുള്ളവർ സഹായഹസ്തവുമായി എത്തി. സർക്കാർ തലത്തിലും സഹായം ലഭിച്ചു.
നാടൊരുമിച്ചു, കുട്ടിക്കർഷകന്റെ ഫാം വളർന്നു
മന്ത്രിമാർ, നേതാക്കൾ, സിനിമാതാരങ്ങൾ, വ്യവസായികൾ എല്ലാവരും ഒന്നിച്ചു. പണമായും പശുക്കളായും സുമനസ്സുകളുടെ സ്നേഹം മാത്യുവിനെയും കുടുംബത്തെയും തേടിയെത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, നടൻ ജയറാം, പിജെ ജോസഫ് എംഎൽഎ, മന്ത്രി ജെ ചിഞ്ചുറാണി, കത്തോലിക്ക കോൺഗ്രസ് ഉൾപ്പെടെയുള്ളവർ സഹായഹസ്തവുമായി എത്തിയതോടെ മാത്യുവിന്റെ ഫാമിൽ വീണ്ടും കന്നുകാലികളുടെ ശബ്ദമുയർന്നു. കുട്ടിക്കർഷകന് സി.പി.എം. ജില്ലാകമ്മിറ്റിയും മൂലമറ്റം ഏരിയാകമ്മിറ്റിയും കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയും ചേർന്ന് എച്ച്.എഫ്. ഇനത്തിൽപ്പെട്ട മൂന്നു പശുക്കളെ നൽകി. സർക്കാരും അഞ്ച് പശുക്കളെ കൈമാറി. നടൻ മമ്മൂട്ടി രണ്ട് പശുക്കൾക്കുള്ള തുകയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകി. നഷ്ടമായ അരുമകളുടെ വേദനയിലും പുതിയ അതിഥികളുമായി അവൻ അടുത്തു. വീണ്ടും അവനിൽ പഴയ പുഞ്ചിരി തിരികെയെത്തി. ഇപ്പോൾ 20 കന്നുകാലികളാണ് മാത്യുവിന്റെ ഫാമിലുള്ളത്.

പുതുവർഷത്തിൽ ദൗത്യങ്ങൾ നിരവധി
പുതുവർഷത്തിൽ വലിയ പ്രതീക്ഷകളൊന്നുമില്ലെന്ന് പറയുമ്പോഴും മാത്യു വലിയ സന്തോഷത്തിലാണ്. ജേഷ്ഠൻ ജോർജ് ഐ.എൽ.ടി.എസ്. വിജയിച്ച് വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നപ്പോഴാണ് കഴിഞ്ഞ വർഷം ദുരന്തം സംഭവിക്കുന്നത്. എന്നാൽ ഒരു വർഷം തികയുമ്പോൾ ജോർജ് കാനഡയിലേക്ക് പഠനത്തിനായി പോയി കഴിഞ്ഞു. സുമനസ്സുകളുടെ സഹായാത്താൽ ഫാമിലിപ്പോൾ പഴയപോലെ കന്നുകലികളുണ്ട്. ഒപ്പം താങ്ങും തണലുമായി അമ്മ ഷൈനിയും അനിയത്തി റോസ്മേരിയും. ശുഭ പ്രതീക്ഷയോടെ മുന്നോട്ട് പോകുകയാണ് ഈ കുട്ടി ക്ഷീരകർഷകൻ. പ്രതിസന്ധികളിൽ തളർന്നുവീഴാതെ ചെറു പുഞ്ചിരിയോടെ മുന്നോട്ട്...
കുടിയേറ്റ കർഷകപാരമ്പര്യം കൈമുതലായുള്ള ഇടുക്കിക്ക് കഠിനാധ്വാനത്തിലൂടെ മണ്ണിൽ പൊന്നുവിളയിച്ച അധ്വാനികളുടെ കഥയാണെന്നും പറയാനുള്ളത്. ഒരു കാലത്ത് കാർഷികവൃത്തിയും കന്നുകാലി പരിപാലനവുമായി ജീവിതം മുന്നോട്ടുക്കൊണ്ടുപോയ കർഷക ജനതയ്ക്ക് കാർഷിക വിളകളുടെ വിലയിടിവ് പ്രതിസന്ധി സൃഷ്ടിച്ചു. അന്ന് ക്ഷീരമേഖല ഒരു കൈത്താങ്ങായി കർഷകനെ ചേർത്തുപിടിച്ചെങ്കിലും കാലക്രമേണ കന്നുകാലി വളർത്തലും പ്രതിസന്ധികളിലേക്ക് നീങ്ങി. തീറ്റവിലവർധനവും പാലിന് വിലയില്ലാത്തതും കർഷകരെ വലച്ചു. കന്നുകാലികളെ രോഗം ബാധിച്ചുതുടങ്ങിയതോടെ ചികിത്സയും പരിപാലനവും വീണ്ടും തിരിച്ചടിയായി. തിരിച്ചടികളിലും തളരാതെ മുന്നോട്ടുപോകുന്ന കർഷകർക്ക് കുട്ടി ക്ഷീരകർഷകനായ മാത്യുവും ഒരു മാതൃകയാണ്. എന്നാൽ കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ കർഷകർക്ക് കൈതാങ്ങാൻ ഇനിയും നിരവധി ഇടപ്പെടലുകൾ അനിവാര്യമാണ്.
Content Highlights: Teen Farmer`s Resilience: Overcoming Tragedy
Published: 02 Jan 2025, 10:09 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented