കല്പറ്റ: മുതൽമുടക്കിയിട്ടും വിശ്രമമില്ലാതെ അധ്വാനിച്ചിട്ടും പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതുകാരണം പ്രയാസത്തിലാണ് ക്ഷീരകർഷകർ. ഓരോ ദിവസവും ഉത്പാദനച്ചെലവ് കൂടിവരുമ്പോഴും പാലിന്റെ സംഭരണവില അതിനു ആനുപാതികമായി ഉയർത്താത്തതാണ് പ്രശ്നമെന്ന് ക്ഷീരകർഷകർ പറയുന്നു. വേനൽ കടുക്കാൻ തുടങ്ങിയതോടെ തീറ്റപ്പുല്ലിനും ക്ഷാമം നേരിടാൻ തുടങ്ങി. ഒരു പശുവിനെ പരിപാലിക്കുന്നതുൾപ്പെടെ നോക്കിയാൽ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 60-65 രൂപ ചെലവുവരുമെന്ന് മാനന്തവാടി കണിയാരത്തെ ക്ഷീരകർഷകൻ ടി.പി. ഷെറി പറഞ്ഞു. എന്നാൽ സൊസൈറ്റിയിൽനിന്ന് ലിറ്ററിന് ശരാശരി 42 രൂപയാണ് കർഷകന് കിട്ടുന്ന വില. ഇങ്ങനെ വരുമ്പോൾ ചെലവ് താങ്ങാൻ സാധിക്കില്ല.
2019-ൽ മിൽമ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ പാൽ ഉദ്പാദിപ്പിക്കാൻ 48.68 രൂപ ചെലവുവരുമെന്ന് കണ്ടെത്തിയിരുന്നു. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.5 രൂപയാണ് വില. ഇപ്പോൾ ഒരു കിലോ കാലിത്തീറ്റയ്ക്ക് 32 രൂപയായി. ചെലവേറുമ്പോഴും പാൽ സംഭരണവിലയ്ക്ക് ഉയർച്ച ഉണ്ടാവുന്നില്ല.
പാലിന്റെ സംഭരണവില ഉയർത്തുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ക്ഷീരകർഷകരുടെ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളുൾപ്പെടെ നടത്തിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് കർഷകരുടെ പരാതി. പാലിന് സംഭരണവില വർധിപ്പിക്കുമെന്ന ക്ഷീരവികസന മന്ത്രിയുടെ വാക്കുപോലും പാലിക്കപ്പെട്ടില്ലെന്നും കർഷകർ പറഞ്ഞു.
മിൽമയുടെ സബ്സിഡിയിൽ ഒരുക്വിന്റൽ തീറ്റപ്പുല്ലിന് 260 രൂപയാണ് വില നൽകേണ്ടത്. പുറമേ 350 രൂപ നൽകണം. ഒരു കിലോ ചോളത്തണ്ടിന് സബ്സിഡിയോടെ 3.50 രൂപമുതൽ നാലുരൂപവരെയാണ്. പുറമേനിന്നു വാങ്ങുമ്പോൾ അഞ്ചുരൂപയും നൽകണം. 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 1550 രൂപയാണ് വില. തീറ്റപ്പുല്ലിനും കർണാടകത്തിൽ ചോളത്തണ്ടിനും ആവശ്യക്കാർ കൂടിയതോടെ മിൽമയുടെ സബ്സിഡി നിരക്കിൽ ഇപ്പോൾ ഇവ കിട്ടാനുമില്ല.
കാലാവസ്ഥാവ്യതിയാനം ബാധിച്ചു
പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം ക്ഷീരമേഖലയെ ബാധിച്ചതായി കർഷകർ പറഞ്ഞു. രാവിലെയും രാത്രിയുമുള്ള ശക്തമായ തണുപ്പും പകലുള്ള ചൂടും കാരണം പശുക്കൾക്ക് രോഗംബാധിച്ചു. പനി, തൈലേറിയ എന്നിവയാണ് പശുക്കളെ കൂടുതലും ബാധിച്ചത്. ഇത് പാലുത്പാദനം കുറയാൻ കാരണമായി. പശുക്കളെ ചികിത്സിക്കുന്നതിനും ചെലവുണ്ട്. മരുന്നുകളുടെ വിലവർധനയെല്ലാം വലിയ പ്രതിസന്ധിതന്നെയുണ്ടാക്കിയതായും കർഷകർ പറഞ്ഞു. കാലിത്തീറ്റ വിലവർധന, പുൽക്കൃഷി ചെയ്യാനുള്ള ചെലവ് തുടങ്ങിയവയ്ക്കൊന്നും കുറവുമില്ല. ഇവയെല്ലാം ഓരോ ദിവസവും കൂടിക്കൂടി വരുകയുമാണ്.
സംഭരണവില ഉയർത്തണം
ക്ഷീരകർഷകരുടെ നിലവിലെ പ്രതിസന്ധി പരിഹിക്കാൻ പാൽസംഭരണവില ഉയർത്തുക മാത്രമാണ് മാർഗം. ഇപ്പോൾതന്നെ പശുക്കളുടെ എണ്ണം കുറഞ്ഞുവരുകയാണ്. 2019-നെ അപേക്ഷിച്ച് കേരളത്തിൽ പശുക്കളുടെ എണ്ണം 37 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. ക്ഷീരമേഖലയുടെ തകർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. തീറ്റപ്പുല്ലിന്റെയും ചോളത്തണ്ടിന്റെയും സബ്സിഡി ഇടനിലക്കാരില്ലാതെ മിൽമ നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാൽ ഉപകാരമാവും. മാനന്തവാടി കണിയാരത്തെ ക്ഷീരകർഷകൻ ടി.പി. ഷെറി പറഞ്ഞു.
കർഷകർ കൊഴിഞ്ഞുപോകുന്നു
മുടക്കുമുതൽപോലും തിരിച്ചുകിട്ടാതായതോടെ പലരും പശുവളർത്തൽ ഉപേക്ഷിച്ച് മറ്റു വഴികൾ തേടിത്തുടങ്ങി. രണ്ടും മൂന്നും പശുക്കളെ വളർത്തുന്നവർക്ക് ഇപ്പോൾ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. കർഷകരെ സംരക്ഷിക്കാൻ സംഭരണവില ഉയർത്തുകയും കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ സബസിഡി അനുവദിക്കുകയും ചെയ്യണം. ഇതിനു സർക്കാർ മുൻകൈയെടുക്കണം. കല്പറ്റയിലെ ക്ഷീരകർഷകൻ പി.കെ. മുരളി പറഞ്ഞു.
Content Highlights: Dairy Farmers in Crisis: Challenges Posed by High Production Costs and Low Procurement Prices
Published: 19 Jan 2026, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented