വൈവിധ്യപൂർണവും സ്വാദിഷ്ടവുമായ വിവിധ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കാൻ സാൻറ്റോൾ പഴം ഉപയോഗിച്ചുവരുന്നു.

തങ്ങളുടെ ഇഷ്ടഫലങ്ങളുമായി ബന്ധപ്പെട്ട് നിറമുള്ള കഥകൾ, ചിലപ്പോൾ അവിശ്വസനീയമായ കെട്ടുകഥകളും മെനയാൻ ഓരോ ദേശക്കാർ മത്സരിക്കുക പതിവാണ്. ഇതിന് കാരണങ്ങൾ പലതാണ്. ഒന്ന് തങ്ങളുടെ ഇഷ്ടഫലത്തിന് ഒരു പ്രത്യേക വൈഭവവും ദിവ്യത്വവും തോന്നിപ്പിക്കാൻ. മറ്റൊന്ന് അത് മറ്റു ദേശക്കാർക്ക് അത്രയെളുപ്പം കിട്ടുന്നതല്ല എന്ന ബോധ്യം ഉറപ്പിക്കാൻ. ഇതിനെല്ലാം പുറമെ ഒരുപക്ഷേ, ഈ ഫലമാകാം ദുരിതത്തിന്റെയും വറുതിയുടെയും സമയത്തു അന്നാട്ടുകാരെ കാത്തത്, രക്ഷിച്ചത് എന്നതുകൊണ്ടും ആവാം. ചുരുക്കത്തിൽ തങ്ങളുടെ ജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ഇത്തരം കാര്യങ്ങളിൽ ഓരോ പ്രദേശത്തെയും ജനത അതിനോട് കാട്ടുന്ന ആരാധനാമനോഭാവത്തിന്റെ സൂചകവും ആകാമിത്.
അത്തരത്തിലൊരു കഥ ഫിലിപ്പീൻസിലും പ്രചാരത്തിലുണ്ട്. ഫിലിപ്പീൻസിൽ ഇലോക്കോസ് പ്രദേശത്തു പ്യൂഷോട്ട് എന്ന് പേരായ ഒരു ദുർദേവതയുടെ കഥ. ഈ കഥയിൽ കടന്നുവരുന്ന ഫലവൃക്ഷം സാൻറ്റോളാണ്. ഫിലിപ്പീനികൾ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട സാൻറ്റോൾ മരത്തിൽ കഴിഞ്ഞുകൂടുന്ന പ്യൂഷോട്ടിന്റെ കഥ അവർ തലമുറകളിലൂടെ ഇന്നും കൈമാറി വരുന്നു. മധുര സാൻറ്റോൾ (Sweet santol) എന്ന മധുരഫലത്തിന്റെ വിശേഷങ്ങൾ നോക്കാം.
ഫിലിപ്പിനോകളുടെ ഇഷ്ടഫലം
ഫിലിപ്പിനോകളുടെ നിത്യജീവിതവുമായി ഇത്രത്തോളം ഇഴുകിച്ചേർന്ന മറ്റു ഫലങ്ങൾ വിരളം എന്നുപറയാം. ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഫിലിപ്പീൻസ് ജനതയുടെ പതിവ് വിഭവമാണ് സാൻറ്റോൾ പഴം. വലിയ വിപണികളിലും പ്രാദേശിക മാർക്കറ്റുകളിലും വഴിയോരങ്ങളിലുമെല്ലാം സാൻറ്റോൾ പഴം വൻതോതിൽ വില്പനയ്ക്ക് എത്തിച്ചിട്ടുണ്ടാകും. അതിമൃദുലമായ, പഞ്ഞിക്കെട്ടുപോലെയുള്ള, വെളുത്ത ഇതിന്റെ അകക്കാമ്പ് കണ്ടാൽ ഒരു ചെറിയ ലോലിപോപ്പ് പോലെയിരിക്കും. അങ്ങനെയാണ് ഈ പഴത്തിന് അവിടുത്തെ കുട്ടികൾ ലോലി പഴം അഥവാ "ലോലി ഫ്രൂട്ട്" എന്ന് ഓമനപ്പേരിട്ടത്.
വിളഞ്ഞ പഴം അതേപടി കഴിക്കാം. കൂടാതെ അല്പം ഉപ്പും മുളകുപൊടിയും തൂകി കഴിക്കുന്ന പതിവുമുണ്ട്. ഇനി ഫിലിപ്പീൻസിലെ അടുക്കളയിലും ഇതിന് വ്യത്യസ്തമായ ഉപയോഗമുണ്ട്. സാൻറ്റോൾ പഴത്തിന്റെ തോല് ചെറുകഷണങ്ങളായി മുറിച്ചു അത് തേങ്ങാപ്പാലും ഉപ്പും മുളകുപൊടിയും ചേർത്ത് അരപ്പ് തയ്യാറാക്കി ചെമ്മീൻ, പന്നിയിറച്ചി ഉൾപ്പടെയുള്ള മാംസവിഭവങ്ങൾ എന്നിവ തയാറാക്കാൻ ഉപയോഗിക്കുന്നു. ഫിലിപ്പീൻസിലെ ജനപ്രിയവിഭവമായ ബഗൂങ് (ഉപ്പിലിട്ടു പുളിപ്പിച്ച ചെറിയ ചെമ്മീൻ) തയ്യാറാക്കാനും സാൻറ്റോൾ പഴത്തിന്റെ തോട് ഉപയോഗിക്കുന്നു. കൂടാതെ നന്നായി പഴുക്കാത്ത പുളിയും മധുരവുമുള്ള സാൻറ്റോൾ പഴങ്ങൾ "ഫിലിപ്പിനോ സൂപ്പ്" എന്ന പ്രത്യേക തരം സൂപ്പ് തയ്യാറാക്കാനും ഉപയോഗിക്കുന്നു.
സാൻറ്റോളിന്റെ കട്ടിയുള്ള പുറംതോട് പഞ്ചസാര ലായനിയിൽ വേവിച്ച് സാൻറ്റോൾ കാൻഡി എന്ന മധുരപലഹാരം തയ്യാറാക്കുന്നു. കൂടാതെ ജാം, ജെല്ലി, മാർമലൈഡ് തുടങ്ങിയവയും ഇതുപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ മാവും പ്ലാവും പുളിയും ഒക്കെ വളരുന്നതുപോലെ ഫിലിപ്പീൻസിലെ വീട്ടുവളപ്പുകളിൽ സാൻറ്റോൾ വൃക്ഷം വളരുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടുത്തെ കുട്ടികളുടെ ബാല്യകാലസ്‌മൃതികളിൽ ഈ ഫലവൃക്ഷവും അതിൽ പഴങ്ങൾ പറിക്കാൻ കയറുന്നതുമൊക്കെ നിലനിൽക്കുന്നു.
എത്ര പ്രതികൂല കാലാവസ്ഥയിലും പിടിച്ചുനിൽക്കാനുള്ള സാൻറ്റോൾ വൃക്ഷത്തിന്റെ കഴിവും ഇവിടെ വളരെ ശ്രദ്ധേയമാണ്. ഇത് തങ്ങളുടെയും ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്ന് ഫിലിപ്പിനോകൾ വിശ്വസിക്കുന്നു. "കൊടുംകാറ്റിൽ അകപ്പെട്ട സാൻറ്റോൾ പഴങ്ങളെ പോലെയാണ് ഞങ്ങളും" എന്ന ഒരു പ്രയോഗം തന്നെ ഫിലിപ്പീൻസിലുണ്ട്. ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ കഴിവുണ്ട് എന്നർഥം.
തെക്കുകിഴക്കൻ സ്വദേശി
ജന്മം കൊണ്ട് തെക്കുകിഴക്കൻ സ്വദേശിയായ മധുര സാൻറ്റോൾ ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ വീട്ടുഫലവൃക്ഷമായാണ് വളരുന്നത്. തായ്‌ലൻഡ് ആണ് ജന്മദേശം. ഇൻഡോ-ചൈന, ശ്രീലങ്ക, ഇന്ത്യ, വടക്കൻ ഓസ്‌ട്രേലിയ, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിൽ വളരുന്നു. ഇപ്പോൾ കേരളത്തിലും ഇത് ഏറിയും കുറഞ്ഞും ഇതിന്റെ കൃഷി വ്യാപിക്കുന്നു. കേരളത്തിലെ പല രജിസ്റ്റേഡ് നഴ്സറികളും സാൻറ്റോളിന്റെ തൈകൾ വില്പന നടത്തുന്നുണ്ട്. ഇതിൽ തന്നെ ചുവപ്പും മഞ്ഞയും ഇനങ്ങളുണ്ട്. പ്രത്യേകിച്ച് തായ്‌ലൻഡിൽ നിന്നെത്തുന്ന "പുയി-ഫാ "എന്ന മധുരമുള്ള ഇനം. നേരിട്ടും ഓൺലൈനായും തൈകൾ വാങ്ങാൻ സൗകര്യവുമുണ്ട്.
മധുര സാൻറ്റോളിന്റെ വിശിഷ്ടമായ, മാധുര്യമേറിയ ഒരിനമാണ് പുയി-ഫാ എന്ന തായ്‌ലൻഡ് ഇനം. വലിയ കായാണിത്. 250 മുതൽ 750 ഗ്രാം വരെ തൂക്കമുണ്ട്. ഇതിന്റെ പുറംതോടിന് സ്വർണമഞ്ഞ നിറമാണ്. മധുരവും പുളിയും ഇടകലർന്ന സമ്മിശ്ര സ്വാദ്. മരം ഏകദേശം 12 മീറ്റർ വരെ ഉയരം വളരും. തെക്കു കിഴക്കൻ ഏഷ്യയിൽ നല്ല പ്രചാരമുള്ള ഇനമാണിത്. ഇതിന്റെ ഇലകൾക്ക് തിളങ്ങുന്ന പച്ചനിറവും ക്രമേണ അത് ചുവപ്പായി മാറുകയും ചെയ്യും. ഉയർന്ന തോതിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ വനപ്രദേശങ്ങളിൽ സ്വാഭാവികമായി വളരുന്ന സാൻടോളിനെ അപേക്ഷിച്ച് ഇതിന് പഞ്ചസാര കാൻഡി പോലെ നല്ല മധുരവും തെല്ല് രൂക്ഷമായ സ്വാദുമുണ്ട്. കായ്കളുടെ പുറംതൊലിക്ക് കനം കുറവാണ്. മൂന്നു നാല് വർഷം കൊണ്ട് കായ് പിടിക്കും. ഒട്ടുതൈകൾ ഇന്ന് ലഭ്യമാണ്. പഴത്തിന്റെ അകക്കാമ്പ് അതേപടി ആസ്വദിച്ചു കഴിക്കാം. പുറംതോട് നേർമയായി അരിഞ്ഞ് നാളികേര പ്പാപാലുമായി ചേർത്ത് ജിനടാങ് സാൻറ്റോൾ എന്ന വിഭവവുമാക്കി ഉപയോഗിക്കുകയും ചെയ്യാം.
സാധാരണയായി നിവർന്നുവളരുന്ന സ്വഭാവമുള്ള സാൻറ്റോൾ മരം ദ്രുതവളർച്ചാസ്വഭാവമുള്ളതാണ്. പുറംതൊലിക്ക് ഇളംനിറം. തറയോട് അടുത്ത ഭാഗത്തു ശിഖരങ്ങൾ ഉണ്ടാകാറുണ്ട്. ഇളംശിഖരങ്ങൾക്ക് ബ്രൗൺ നിറവും രോമാവൃതവുമാണ്. മഞ്ഞ കലർന്ന പച്ചയോ, പിങ്ക് നിറം കലർന്ന മഞ്ഞയോ ആണ് ഇതിന്റെ ചെറിയ പൂക്കൾക്ക്. 5 മുതൽ 8 സെ.മീ വ്യാസമുള്ള ഉരുണ്ട കായ്കൾ; കട്ടിയും കനവുമുള്ള പുറംതോട്; ഉൾഭാഗം വെളുത്തു നീരുനിറഞ്ഞതും സുതാര്യമായ പഞ്ഞിപോലെ കാമ്പുള്ളതും. മൂന്നു മുതൽ അഞ്ചു വിത്തുകൾ വരെയുണ്ടാകും. സാമാന്യം നന്നായി വിളവ് തരാൻ കഴിവുള്ള ഫലവൃക്ഷമാണ് സാൻറ്റോൾ. നന്നായി പരിചരിച്ചാൽ ഒരു വർഷം തന്നെ പുറംനാടുകളിൽ 18000 മുതൽ 24000 വരെ പഴങ്ങൾ നൽകുന്ന ശ്രേഷ്ഠവൃക്ഷങ്ങളുണ്ട് .
കൃഷിയറിവുകൾ
ചൂടും ഈർപ്പവും ഇടകലർന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് സാൻറ്റോൾ വളരാൻ അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത് നന്നായി വളരും. 22 മുതൽ 35 ഡിഗ്രി സെൽഷ്യസ് ഊഷ്മപരിധിയാണ് വേണ്ടത്. മിതമായ, ഒരുപോലെ വിതരണം ചെയ്തു കിട്ടുന്ന മഴ ഇതിന്റെ വളർച്ചയ്ക്ക് അനുകൂലഘടകമാണ്. വളക്കൂറുള്ള, നീർവാർച്ചയുള്ള മണ്ണ് ഉത്തമം. എക്കൽ മണ്ണും മണൽ കലർന്ന പശിമ മണ്ണും കൂടുതൽ അനുയോജ്യം. മണ്ണിന്റെ അമ്ല-ക്ഷാരനില അഥവാ പി.എച്ച് 5.5 മുതൽ 7.5 വരെ എന്നതാണ് നല്ലത്. ഉയർത്തി കോരിയ തടങ്ങളിലോ, തട്ടുതിരിച്ച വരമ്പുകളിലോ (ടെറസ്) തൈകൾ നടാം. മേയ്-ജൂൺ മാസമാണ് നടാൻ യോജിച്ച സമയം. തോട്ടം അടിസ്ഥാനത്തിൽ വാണിജ്യപരമായി നടുമ്പോൾ തൈകൾ തമ്മിൽ 30 X 30 അടി അകലം ശുപാർശ ചെയ്യാറുണ്ട്. ഇതിന്റെ വളപ്രയോഗം ഇങ്ങനെ സംഗ്രഹിക്കാം.
ആദ്യവർഷം 100 ഗ്രാം നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാഷ് എന്നിവ അടങ്ങിയ വളം നൽകാം. ഇത് തന്നെ രണ്ടു തുല്യതവണകളായി വിഭജിച്ചു നൽകണം. കൂടാതെ പരുവപ്പെട്ട കാലിവളം 5 കിലോഗ്രാം, സൂക്ഷ്മമൂലകങ്ങൾ 10 ഗ്രാം, ഡോളോമൈറ്റ് 150 ഗ്രാം. ഇത് തന്നെ രണ്ടാം വർഷമാകുമ്പോൾ 200 ഗ്രാം ആണ് രാസവളത്തിന്റെ തോത്. കൂടാതെ 8 കിലോ കാലിവളം,15 ഗ്രാം സൂക്ഷ്മമൂലകം 200 ഗ്രാം ഡോളോമൈറ്റ്. മൂന്നാം വർഷം 300 ഗ്രാം ആണ് രാസവളം നൽകേണ്ടത്. കാലിവളം 12 കിലോ; 20 ഗ്രാം സൂക്ഷ്മമൂലകം. 300 ഗ്രാമാണ് ഡോളോമൈറ്റിന്റെ അളവ്. ഇതിൽ രാസവളവും കാലിവളവും രണ്ടു തുല്യതവണകളായി വിഭജിച്ചാണ് ചേർക്കേണ്ടത്. അതും മഴക്കാലവുമായി ബന്ധപ്പെട്ട്. എന്നാൽ സൂക്ഷ്മമൂലകം വർഷത്തിൽ രണ്ടു തവണ ആവർത്തിച്ചു നൽകണം. ഡോളോമൈറ്റാകട്ടെ മഴയ്ക്ക് തൊട്ടു മുൻപായി ചേർക്കാനും മറക്കരുത്. ഇനി നനയുടെ കാര്യം നോക്കിയാൽ ഒരു വർഷം പ്രായമായ തൈയ്ക്ക് ദിവസം 10 ലിറ്റർ വെള്ളം എന്നാണ് കണക്ക്. രണ്ടാമത്തെ വർഷം ഇത് 15 ലിറ്റർ ആയി വർധിപ്പിക്കണം. മൂന്നാം വർഷം 20 ലിറ്ററും.
ഇനങ്ങൾ
പ്രധാനമായും പഴത്തിന്റെ നിറം അടിസ്ഥാനമാക്കി രണ്ടിനം സാൻറ്റോൾ പഴങ്ങളാണുള്ളത്. ഏറ്റവും സാധാരണമായ ചുവന്ന ഇനവും വേറിട്ട മഞ്ഞ ഇനവും. ഇവയാകട്ടെ സ്വാദിലും പുറംതോടിന്റെ കനത്തിലും ഇലകളുടെ നിറത്തിലുമൊക്കെ വ്യത്യസ്തമാണ് താനും. ഇതിനു പുറമെ പഴത്തിന്റെ മധുരം അടിസ്ഥാനമാക്കി നല്ല മധുരമുള്ളത്, മധുരവും പുളിയും കലർന്നതു എന്നൊരു തരംതിരിക്കലുമുണ്ട്. ഇക്കൂട്ടത്തിൽ പൂയി ഫാ, റൂബി, നിംനുവാൻ എന്നിവ വലിപ്പമുള്ള പഞ്ചസാര സമാനമായ മധുരഫലങ്ങൾ നൽകുന്നതാണ്. ചുവന്ന ഇനത്തിന് (റെഡ് ടൈപ്പ് ) പഴത്തിന്റെ പുറംതൊലിക്ക് ചുവപ്പുരാശിയുണ്ടാകും. ഒപ്പം ഇലകൾക്കും ചുവപ്പു നിറം കാണും. ചുവന്ന ഇനം പഴങ്ങൾ പാകമായാൽ മരത്തിൽ നിന്ന് പൊഴിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്. മഞ്ഞ ഇനത്തിന് (യെല്ലോ ടൈപ്പ്) നല്ല തെളിച്ചമുള്ള മഞ്ഞ നിറത്തിലെ പുറംതോലാണ് പഴുക്കുമ്പോൾ പഴങ്ങൾക്കുണ്ടാകുക.
ഇനി നല്ല മധുരമുള്ള ഇനത്തിന് (സ്വീറ്റ് വെറൈറ്റി) കട്ടിയും നല്ല മധുരവുമുള്ള അകക്കാമ്പായിരിക്കും ഉണ്ടാകുക. അതുപോലെ പുളി കൂടുതലുള്ള ഇനത്തിന് (സേവറി/സവർ വെറൈറ്റി) കട്ടിയായ ഉൾക്കാമ്പിന് പുളിരസം കൂടുതലായിരിക്കും. ഇതാകട്ടെ അധികവും പാചകത്തിനാണ് ഉപയോഗിച്ച് വരുന്നത്. ഇവയ്ക്കു പുറമെ സാൻറ്റോളിന്റെ ജന്മനാടായ തായ്‌ലൻഡിൽ എല, ഖാന്തോങ്, ഇ-ഡൈങ്,പാക് തോ, തെപ്രസ്, കിയാവോ വാൻ, ടബ്ടിം, തോങ് യിപ്, തോങ് പിയാക്, മാലി ലൂയി, ഖുൻ വിനായ് തുടങ്ങി നിരവധി വ്യത്യസ്തമായ സാൻറ്റോൾ ഇനങ്ങൾ പ്രചാരത്തിലുണ്ട്.
തൈകൾ തയ്യാറാക്കാം, തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
വിത്തുകൾക്ക് വളരെ വേഗം മുളയ്ക്കൽ ശേഷി നഷ്ടപ്പെടുമെന്നതിനാൽ വിളഞ്ഞ പഴങ്ങളിൽ നിന്ന് വിത്തുകളെടുത്തു വൃത്തിയാക്കി ഉടൻ തന്നെ നനവുള്ള വളർച്ചാമാധ്യമത്തിൽ പാകണം. സാധാരണ ഗതിയിൽ വിത്തുകൾ 20-25 ദിവസം കൊണ്ട് മുളയ്ക്കും. എന്നാൽ ഇവ വളർന്ന് ഫലപ്രാപ്തിയിലാകാൻ 5 മുതൽ 7 വർഷം വരെ എടുക്കാം. വിത്ത് പാകി മുളപ്പിച്ചുള്ള പ്രജനനരീതി നിലവിലുണ്ടെങ്കിലും മികച്ച ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കാൻ പതി വയ്ക്കൽ, ഒട്ടിക്കൽ പോലുള്ള ഇതര പ്രജനനമാർഗങ്ങളും നിലവിലുണ്ട്. വർത്തമാന കാലത്തു ഈ രീതികൾക്കാണ് കൂടുതൽ പ്രചാരം. ഇതിലൊന്ന് അപ്രോച് ഗ്രാഫ്റ്റിങ് എന്ന അടുപ്പിച്ചൊടിക്കൽ രീതിയാണ്. ഇവിടെ 1-2 വർഷം പ്രായമുള്ള പെൻസിൽ കനമുള്ള ചെടികൾ മാതൃവൃക്ഷത്തിന്റെ തിരഞ്ഞെടുത്ത ആരോഗ്യമുള്ള ശിഖരങ്ങളിൽ ഒട്ടിക്കുന്നു.
മറ്റൊരു രീതി ഷീൽഡ് ബഡ്ഡിങ് എന്ന മുകുളന രീതിയാണ്. ഇവിടെ വേരുകാണ്ഡത്തിൽ ടി ആകൃതിയിൽ മുറിവുണ്ടാക്കി അതിലേക്ക് മികച്ച ഒരിനത്തിൽ നിന്ന് വേർപ്പെടുത്തിയെടുത്ത മുകുളം അഥവാ ബഡ്ഡ് തിരുകിവയ്ക്കുകയാണ് ചെയ്യുക. മറ്റൊരു പ്രജനരീതിയായ വായുവിൽ പതിവച്ചും സാൻറ്റോളിൽ വംശവർധന നടത്തുന്നുണ്ട്. സാൻറ്റോളിന്റെ ഒട്ടുതൈകളും പതിത്തൈകളും ഒക്കെ 3-4 വർഷം കൊണ്ട് കായ് പിടിക്കാൻ തുടങ്ങുന്നതായി കണ്ടിരിക്കുന്നു. നല്ല കരുത്തുള്ള വേരുഭാഗമുള്ള (റൂട്ട് സ്റ്റോക്ക്) തൈകൾ നഴ്സറികളിൽ നിന്ന് നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. വേരോടാൻ തുടങ്ങിക്കഴിഞ്ഞാൽ ഇവയാണ് എക്കാലവും നല്ല വിളവ് തരുന്നതും ദീർഘനാൾ നിലനിൽക്കുന്നതും.
സാൻറ്റോൾ പോലെ പ്രചാരം നേടിവരുന്ന ഫലവൃക്ഷത്തൈകൾ നഴ്സറികളിൽ നിന്ന് വാങ്ങുമ്പോൾ ചില പ്രാഥമിക കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇപ്പോൾ സാൻറ്റോളിന്റെ കാര്യത്തിലാണെങ്കിൽ മധുരവും വലിപ്പവുമുള്ള ഇനമാണോ എന്നറിഞ്ഞു ചോദിച്ചു തന്നെ വാങ്ങാൻ ശ്രദ്ധിക്കണം. കാരണം പുളിയുള്ള ഇനവും ഇതിലുണ്ട്. വാങ്ങി നട്ടുവളർത്തിക്കഴിഞ്ഞു പിന്നെ അറിയുന്നതിൽ കാര്യമില്ല. അതിനാൽ തുടക്കത്തിൽ തന്നെ ജാഗ്രത പുലർത്തുക. ഇനിയൊന്ന് ഗ്രാഫ്റ്റ് തൈകൾ തന്നെ വാങ്ങുക എന്നതാണ്. ഇവ 3-4 വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും.
തൈയ്യുടെ ആരോഗ്യം പരമപ്രധാനമാണെന്ന് അറിയാമല്ലോ? അതിന് നല്ല പച്ചനിറമുള്ള ഇലകളുള്ള തായ് വേണം നോക്കാൻ. പുള്ളിയോ പാടോ വീണ ഇലകളുള്ളത് ഒഴിവാക്കുക. നിവർന്നു വളരുന്ന നേർ തണ്ടാണ് നല്ല തൈയ്ക്കു വേണ്ടത്. 1.5 മുതൽ 2 അടി വരെ ഉയരമുള്ള തൈകളാണ് നടാൻ ഇപ്പോഴും നന്ന്. ഇനി തൈവേരുകളുടെ കാര്യം; ചട്ടിയുടെ ചുവട്ടിലായി വേരുകൾ ചുരുണ്ടുകൂടി പിണഞ്ഞു കിടക്കുന്ന തൈകൾ ഒഴിവാക്കാം. ഒട്ടുതൈ ആണെങ്കിൽ ഒട്ടിച്ച ഭാഗം/ഒട്ടുസന്ധി മണ്ണിരപ്പിൽ നിന്ന് കുറഞ്ഞത് 2-3 ഇഞ്ചു മുകളിലാണെന്ന് ഉറപ്പുവരുത്തുക. തൈകൾക്ക് പൊതുവെ കീട-രോഗബാധകളില്ല എന്നും ഉറപ്പാക്കണം.
ഇടക്കാല പരിചരണങ്ങൾ
നടീലിനും വിളവെടുപ്പിനും ഇടയിൽ നടത്തുന്ന ഇടക്കാല പരിചരണങ്ങൾക്ക് സാൻറ്റോളിന്റെ വളർച്ചയിൽ വലിയ പ്രാധാന്യമുണ്ട്. ഇതിൽ ആദ്യം പുതുതായി നട്ട തൈകൾക്ക് കൃത്യമായി നനയ്ക്കുക എന്നതാണ്. വേരുപടലം ബലമായി വളരാനാണിത്. അതുപോലെ തന്നെ വളർന്ന മരങ്ങൾക്ക് പുഷ്പിക്കുമ്പോഴും കായ്‌കൾ പിടിക്കുമ്പോഴും മണ്ണിൽ ആവശ്യത്തിന് നനവുണ്ടാകണം. വളർന്നുതുടങ്ങുന്ന കായ്കൾ കൊഴിയാതിരിക്കാനും വലിപ്പം വയ്ക്കാനും ഇത് നിർബന്ധം. വെള്ളത്തിന്റെ നഷ്ടം കുറയ്ക്കാൻ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ തുള്ളിനനരീതിയാണ് (ഡ്രിപ്പ് ഇറിഗേഷൻ) ഉത്തമം.
വളർച്ചയുടെ ആദ്യത്തെ 2-3 വർഷക്കാലം മരത്തിന്റെ വളരെ ഉയരത്തിൽ പോകുന്ന ശിഖരങ്ങൾ മുറിച്ചുനീക്കാം. തറനിരപ്പിൽ നിന്ന് 3 അടി മുതൽ ശിഖരങ്ങൾ ഉണ്ടാകാൻ അനുവദിച്ചാൽ പിന്നീടുള്ള വിളവെടുപ്പും മറ്റും എളുപ്പമാകും. ഇങ്ങനെ ചെയ്യുമ്പോഴും പരസ്പരം കുറുകെ വളരുന്ന ശിഖരങ്ങൾ, ഉത്പാദനക്ഷമമല്ലാത്ത ശിഖരങ്ങൾ (വാട്ടർ ഷൂട്ട് ), തിങ്ങി ഞെരുങ്ങി വളരുന്ന ശിഖരങ്ങൾ എന്നിവ നീക്കണം. എങ്കിൽ മാത്രമേ മരത്തിന്റെ മധ്യഭാഗത്തു വേണ്ടത്ര സൂര്യപ്രകാശവും വായൂസഞ്ചാരവും ഉറപ്പാക്കാൻ കഴിയു.
ശിഖരങ്ങളും ഇലകളും ഇത്തരത്തിൽ നീക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം; മുറിവായിൽ ബോർഡോ കുഴമ്പു പോലുള്ള കുമിൾനാശിനികളോ അല്പം കുമ്മായം വെള്ളം ചേർത്ത് കുഴമ്പു പോലാക്കിയതോ, ട്രീക്കോട്ട് പോലെ മുറിവുകളിൽ പുരട്ടാനുള്ള മിശ്രിതമോ പ്രയോഗിക്കണം. കൊമ്പുകോതിയുണ്ടാകുന്ന മുറിവുകൾ വഴി കുമിൾബാധ, കീടബാധ എന്നിവ ഉണ്ടാകാതിരിക്കാനുള്ള കരുതലിനു വേണ്ടിയാണിത്. മരം ഉയരം കുറഞ്ഞു വളരാൻ വേണ്ടിയാണിത്. താഴ്ന്നു വളരുന്ന 2-4 നല്ല പ്രധാന ശിഖരങ്ങൾ നിലനിർത്തിയാൽ മതിയാകും.
വിളവെടുത്തു കഴിഞ്ഞു മാത്രമേ കൊമ്പുകോതൽ നടത്താൻ പാടുള്ളൂ. കേരളത്തിലെ സാഹചര്യത്തിൽ വളരെ ചെറിയ തോതിലുള്ള കൊമ്പുകോതൽ മതിയാകും. മരത്തിന്റെ ചുവട്ടിൽ നിന്ന് 50 സെ.മീ സ്ഥലം കളകൾ വളരാതെ നിലനിർത്തണം. ചുവട്ടിൽ പുതയിടുന്നതും ഗുണകരമാണ്. ഇതിന് ചെറുതാക്കിയ മരക്കഷണങ്ങൾ, കരിയില, പച്ചിലകൾ, വൈക്കോൽ തുടങ്ങിയവ പുതയിടാൻ ഉപയോഗിക്കാം.
സസ്യസംരക്ഷണം
സാൻറ്റോളിന് ഉപദ്രവമാകുന്ന കീടങ്ങൾ ഇലകളിൽ മുഴകൾ (ഗാൾസ്) ഉണ്ടാക്കുന്ന ഒരു തരം മണ്ഡരികളും കായീച്ചകളും തണ്ടുതുരപ്പന്മാരും മുഞ്ഞയും ശല്ക്കപ്രാണിയുമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ മണ്ഡരികൾ ഇലകളിൽ മുഴകൾ തീർക്കും. ഇലകളുടെ മൃദുത്വം നഷ്ടപ്പെടുത്തുന്ന ഇത്തരം മുഴകൾ മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ നിറഭേദവും കാറ്റും. ഗുരുതരമായി മണ്ഡരി കുത്തിയ ഇലകളും തണ്ടുകളും മുറിച്ചുനീക്കി കത്തിച്ചു കളയണം. ഇതിനുശേഷം 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി എമൽഷൻ തളിക്കുക. അല്ലെങ്കിൽ ഇമിഡാക്ളോപ്രിഡ് എന്ന കീടനാശിനി 0.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. 0.2 % സൾഫർ തളിക്കുന്നതും കീടനിയന്ത്രണത്തിനു ഉപകരിക്കും.
കായീച്ചകൾ പഴങ്ങൾ അകാലത്തിൽ കേടായി കൊഴിയാൻ ഇടയാക്കുന്നു. മീതൈൽ യൂജിനോൾ ഫെറമോൺ കെണികൾ വയ്ക്കുക, മാലത്തിയോൺ എന്ന കീടനാശിനി ശർക്കരയുമായി കലർത്തി ഇലകളിലും മറ്റും തളിക്കുക, കായ്കൾ പൊതിഞ്ഞു വയ്ക്കുക, മരച്ചുവട്ടിലെ മണ്ണ് ഇടയ്‌ക്കിളക്കി മണ്ണിലുള്ള കായീച്ചയുടെ പുഴുക്കളെ നശിപ്പിക്കുക എന്നിവ ചെയ്യണം. തണ്ടുതുരപ്പൻ പുഴുക്കൾ ശിഖരങ്ങളിൽ ചെറിയ സുഷിരങ്ങൾ തീർത്തു ഉൾഭാഗം തിന്ന് നശിപ്പിക്കും. വിളക്കുകെണി വച്ച് പുഴുവിന്റെ ശലഭങ്ങളെ പിടികൂടി നശിപ്പിക്കുക, വേപ്പെണ്ണ 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക, ഇമിഡാക്ളോപ്രിഡ് എന്ന കീടനാശിനി 0.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക തുടങ്ങിയവയാണ് നിയന്ത്രണവിധികൾ. കൂടാതെ വേപ്പെണ്ണ-വെളുത്തുള്ളി എമൽഷൻ തളിക്കുക, വേപ്പിൻ കുരുസത്ത് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക എന്നിവ മുഞ്ഞശല്യം ഒഴിവാക്കാൻ സഹായിക്കും. മഞ്ഞക്കെണി വച്ചും മുഞ്ഞകളെ കുടുക്കാം. ശല്ക്കപ്രാണികളെ നിയന്ത്രിക്കാനും ഈ നടപടികൾ തന്നെ മതിയാകും.
പ്രധാന രോഗം പിങ്ക് രോഗമാണ്. കുമിൾരോഗമാണിത്. നിറം മാറ്റം വരുന്ന ശിഖരങ്ങൾ ക്രമേണ ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം. രോഗബാധ കാണുന്ന ഭാഗത്തിന് 10-15 സെ.മീ താഴെ വച്ച് ശിഖരം മുറിച്ചു കത്തിച്ചുകളയുക, 10 % വീര്യത്തിൽ ബോർഡോ കുഴമ്പ് തയ്യാറാക്കി രോഗബാധ കണ്ട ഭാഗങ്ങൾ നീക്കിയതിനുശേഷം പുരട്ടുക, കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾനാശിനി 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടിയിലും ശിഖരങ്ങളിലും തളിക്കുക തുടങ്ങിയവയാണ് നിയന്ത്രണ മാർഗങ്ങൾ .
പോഷകസമൃദ്ധം സാൻറ്റോൾ പഴം
ഭക്ഷ്യയോഗ്യമായ നാര്, ജീവകം സി, പൊട്ടാസിയം എന്നിവയുടെ സമൃദ്ധമായ സ്രോതസ്സാണ് സാൻറ്റോൾ. എങ്കിലും വളരെ കുറഞ്ഞ കാലറിയും. 100 ഗ്രാം അകക്കാമ്പിൽ 67.34 മുതൽ 82 കിലോകാലറി വരെ ഊർജം; 11.43 മുതൽ 26 ഗ്രാം വരെ കാർബോഹൈഡ്രേറ്റ്; 1.26 മുതൽ 1.5 ഗ്രാം വരെ നാര് ; 0.06 മുതൽ ഒരു ഗ്രാം വരെ മാംസ്യം; കൊഴുപ്പിന്റെ തോത് തീരെ കുറവാണ് -0.10 മുതൽ ഒരു ഗ്രാം വരെ മാത്രം. പഞ്ചസാരയുടെ തോത് 16.2 ഗ്രാം എന്ന അളവിലാണ്. ഇനം അനുസരിച്ചു ജീവകം സീയുടെ അളവിൽ വ്യത്യാസം വരാം; മഞ്ഞ സാൻറ്റോളിൽ 86 മില്ലിഗ്രാം വരെ ജീവകം സി ഉണ്ട്. തയാമിൻ (ബി 1) 0.045 മില്ലിഗ്രാം; നിയാസിൻ (ബി 3) 0.741 മില്ലിഗ്രാം; കൂടാതെ ചെറിയ അളവിൽ ഫോളേറ്റും.
ജീവകം എ യുടെ അളവ് 0.003 മില്ലിഗ്രാമാണ്. പൊട്ടാസിയം ആകട്ടെ 156.05 മുതൽ 188.48 മില്ലിഗ്രാം വരെ. കാൽസിയം 4.3 മുതൽ 10.04 മില്ലിഗ്രാം വരെ. ഫോസ്‌ഫറസ് 12.57 മുതൽ 17.4 മില്ലിഗ്രാം വരെ. ഇരുമ്പ് 0.20 മുതൽ 0.86 മില്ലിഗ്രാം വരെ. സോഡിയം 1.90 മുതൽ 7.62 മില്ലിഗ്രാം വരെയാണ്. കൂടാതെ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിക്കാൻ കഴിവുള്ള പെക്ടിൻ, ക്വർസെറ്റിൻ, ഫ്ളേവനോയിഡുകൾ, ഫീനോളിക് സംയുക്തങ്ങൾ എന്നീ നിരോക്സീകാരകങ്ങൾ, മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നീ ജൈവാമ്ലങ്ങൾ എന്നിവയും സാൻറ്റോൾ പഴത്തിൽ അടങ്ങിയിട്ടുണ്ട്.
സാൻറ്റോൾ-സൂക്ഷിപ്പുകാലം
പഴുക്കാൻ തുടങ്ങിയിട്ടില്ലാത്ത സാൻറ്റോൾ പഴങ്ങൾ 1 -2 ആഴ്ചയും പഴുത്തവ 5 മുതൽ 7 ദിവസം വരെയും അമിതമായി പഴുത്ത പഴങ്ങൾ രണ്ടുമൂന്നു ദിവസവും പൊതുവെ സൂക്ഷിക്കാം. പഴുത്ത പഴങ്ങൾ 10 ദിവസം വരെ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം. എന്നാൽ നന്നായി തണുത്തു മരവിപ്പിച്ച അകക്കാമ്പ് 4 മുതൽ 6 മാസം വരെ വായുകടക്കാത്ത സംഭരണികളിൽ സൂക്ഷിക്കാം. ഉണക്കിയ സാൻറ്റോൾ പഴങ്ങൾ കഷണങ്ങൾ ആക്കിയത് ഈർപ്പരഹിതമായ തണുത്ത സാഹചര്യത്തിൽ ദീർഘനാൾ സൂക്ഷിക്കാനാകും. പുതിയ സാൻറ്റോൾ പഴത്തിന്റെ ജ്യൂസ് 2-3 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉണക്കിയ സാൻറ്റോളും (ഡ്രൈഡ് സാൻറ്റോൾ) ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്. ദഹനത്തെ സഹായിക്കുന്നു, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, പല്ലുകളുടെയും എല്ലുകളുടെയും ശക്തി വർധിപ്പിക്കുന്നു, ചർമ്മ ആരോഗ്യം സംരക്ഷിക്കുന്നു, അരുണരക്താണുക്കളുടെ ഉല്പാദനത്തിന് ആവശ്യമായ ഇരുമ്പുസത്തു നൽകുന്നു തുടങ്ങിയ വിവിധ ഗുണങ്ങൾ ഉണക്കിയ പഴത്തിനുണ്ട് .
മഹാഗണിയുടെ കുടുംബക്കാരൻ
തടി ഉത്പന്നങ്ങൾക്കും ഫർണിച്ചർ നിർമാണത്തിനും ഉപയോഗിക്കുന്ന മികച്ചയിനം മരങ്ങൾ ഉൾപ്പെടുന്ന മഹാഗണിയുടെ കുടുംബക്കാരനാണ് മധുരഫലവൃക്ഷമായ സാൻറ്റോൾ. മെലിയേസീ എന്ന് സസ്യനാ കുടുംബപ്പേര്. അതുകൊണ്ടു തന്നെ ഇതിന്റെ തടിയ്ക്കും നിർമാണ രംഗത്തും ഫർണിച്ചർ നിർമാണത്തിലും ഉപയോഗമുണ്ട്. സാൻറ്റോളിന്റെ സസ്യനാമം ‘സാൻഡോറിക്കാം കൊവ്ജയ്’ (Sandoricum koetjape) എന്നാണ്. ഫർണിച്ചറുകൾക്കു പുറമെ ബോട്ട്, ചൂണ്ടൽ വള്ളങ്ങൾ, കൈവണ്ടികൾ, മെതിയടി ഉൾപ്പടെയുള്ള പാദരക്ഷകൾ, പോസ്റ്റുകൾ, കാബിനെറ്റുകൾ, വീട്ടുപകരണങ്ങൾ, ഇറച്ചി വെട്ടുന്ന അറവു പലക, മരത്തടികളിലും ഫർണിച്ചറുകളിലും ഭംഗി കൂട്ടാൻ ഉപയോഗിക്കുന്ന വെനീർ, പ്ലൈ വുഡ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്നു. തടിയുടെ വെള്ളയ്ക്ക് തവിട്ടു നിറവും കാതലിന് ചുവപ്പു കലർന്ന ബ്രൗൺ നിറവുമാണ്. മാത്രമല്ല ഈ തടിയ്ക്ക് കത്തിക്കുമ്പോൾ ഹൃദ്യമായ ഒരു സുഗന്ധവുമുണ്ട്. മരത്തൊലി നിറം നൽകാൻ ടാനിംഗിനും മീൻപിടിക്കാനുള്ള ചൂണ്ട ചരടുകൾ നിർമിക്കാനും ഉപയോഗപ്പെടുത്തുന്നു .
ഉത്പന്ന വൈവിധ്യം
വൈവിധ്യപൂർണവും സ്വാദിഷ്ടവുമായ വിവിധ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കാൻ സാൻറ്റോൾ പഴം ഉപയോഗിച്ചുവരുന്നു. സാൻറ്റോൾ കാൻഡി, മാർമലൈയ്‌ഡ്, ചട്ണി, ജെല്ലി, ജ്യൂസ്, പ്രിസെർവ്, സീഡ്‌സ് കാൻഡി, അച്ചാറുകൾ, ഡിസേർട്ട്, പാനീയങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ. സാൻറ്റോൾ പഴത്തിന്റെ പുറംതൊലി തേങ്ങാപ്പീര പോലെ ചിരണ്ടി നാളികേര പാലും വെളുത്തുള്ളിയും ഉപ്പും ഒക്കെ ചേർത്ത് തയാറാക്കുന്ന വിഭവം പ്രസിദ്ധമാണ്. ഇത് തന്നെ കറികൾ, സൂപ്പ്, സലാഡ് എന്നിവയോടൊപ്പവും ചേർക്കുന്നു. പഴുത്ത സാൻറ്റോൾ പഴം മറ്റു പഴങ്ങളുമായി ചേർത്ത് അച്ചാറും തയാറാക്കുന്നു. കേരളത്തിലെ കാലാവസ്ഥയിൽ ഇതര വിദേശഫലങ്ങൾ പോലെ തന്നെ കൃഷി ചെയ്യാവുന്ന ഫലവൃക്ഷമാണ് മധുര സാൻറ്റോൾ. പുയി ഫാ പോലുള്ള മികച്ച ഇനങ്ങളുടെ തൈകൾ ഇവിടെയും നഴ്സറികളിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു.
Content Highlights: Comprehensive guide to the Santol, its cultural significance in the Philippines, and its culinary uses. Detailed cultivation instructions for tropical climates like Kerala, covering soil, fertilization, pruning, and propagation. Covers nutritional benefits, pest management techniques, and other uses of the Santol tree, including its wood.
Published: 06 Mar 2026, 11:25 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented