ചരിത്രാതീതകാലം മുതൽ ആചാരാനുഷ്ഠാനങ്ങളിൽ ചന്ദനത്തിന് അർഹമായ പ്രാധാന്യമുണ്ട്. രാജകീയ വൃക്ഷമായി അറിയപ്പെടുന്ന ചന്ദനം പ്രതാപത്തിന്റെയും സമ്പന്നതയുടെയും പരിശുദ്ധിയുടെയും പ്രതീകമായി കരുതപ്പെടുന്നു. ചന്ദനം എന്ന വാക്കിനുതന്നെ ആഹ്ളാദിപ്പിക്കുന്നത് എന്നാണ് അർത്ഥം.
സാൻ്റലം ആൽബം എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ചന്ദനം സൻ്റാലേസിയ എന്ന സസ്യകുടുംബത്തിലാണ് ഉൾപ്പെടുന്നത്. ഹിമം, ശീതം, സീതം, ഗന്ധാഢ്യ, എന്നീ നാമങ്ങളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്നു.
വളരെയേറെ ഔഷധഗുണമുള്ള ചന്ദനത്തിന്റെ വേര്, തടി എന്നിവയൊക്കെ ഔഷധയോഗ്യങ്ങളാണ്. ദാഹപ്രശമന ഔഷധങ്ങളുടെ ഗണത്തിലാണ് ചന്ദനത്തെ ആയുർവേദം ഉൾക്കൊള്ളിച്ചിട്ടുള്ളത്. സെസ്ക്വിറ്റെർപ്പിൻ ആൾക്കഹോൾസ്, ട്രാൻസ്ബെർഗാമോട്ടോൾ എന്നിവയൊക്കെയാണ് രാസഘടകങ്ങൾ.
ഔഷധഗുണങ്ങൾ
ചന്ദനം ശരീരത്തിന് കുളിർമയും ഉന്മേഷവും രക്തശുദ്ധിയും പ്രധാനം ചെയ്യുന്നു. മൂത്രതടസ്സം, മൂലക്കുരു, ശരീരതാപം, ദുർഗന്ധം, രക്താതിസാരം, പൈത്തിക വികാരങ്ങൾ ഇവയ്ക്ക് ചന്ദനം ഉത്തമമാണ്. കോസ്മെറ്റിക് ഇൻഡസ്ട്രിയിൽ സോപ്പ്, പെർഫ്യൂം, ക്രീംസ്, മറ്റുള്ള സ്കിൻ കെയർ പ്രോഡക്ടുകളിലും ചന്ദനം വളരെയധികം ഉപയോഗിക്കുന്നുണ്ട്. ത്വക്കിന്റെ സ്വഭാവിക നിറവും തിളക്കവും വർധിപ്പിക്കാൻ കഴിയുന്ന ഘടകങ്ങളും ചന്ദനത്തിലടങ്ങിയിട്ടുണ്ട്. മുഖക്കുരു പാടുകൾ മായ്ക്കുന്നതിനും ചർമ്മത്തിന് കുളിർമ നൽകാനും ഇതിന് കഴിവുണ്ട്.
ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്തി മാനസികാരോഗ്യം നിലനിർത്താനും ചന്ദനത്തിന്റെ സുഗന്ധം സഹായിക്കും. ചുമ, ശ്വാസംമുട്ടൽ, ജലദോശം തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം പകരാനും മുറിവുകൾ, പൊള്ളൽ എന്നിവ സുഖപ്പെടുത്തുന്നതിനും ചന്ദനം ഉപയോഗിക്കാറുണ്ട്. ചന്ദനം അടങ്ങിയിട്ടുള്ള ധാരാളം ആയുർവേദ ഔഷധങ്ങൾ പല രോഗാവസ്ഥകളിലും ഉപയോഗിച്ചുവരുന്നുണ്ട്. ചന്ദനാദി തൈലം, ദ്രാക്ഷാദി കഷായം, തിക്തകം കഷായം, ചന്ദനാസവം, ശാരിബാദ്യാസവം, ധന്വന്തരം തൈലം, മഹാ നാരായണ തൈലം, ഇവ അവയിൽ ചിലതു മാത്രമാണ്.
ഇന്ത്യയിൽ ആയുർവേദ ഔഷധ നിർമാണത്തിന് മാത്രം പ്രതിവർഷം 350 ടൺ ചന്ദനത്തടി ഉപയോഗിക്കുന്നതായാണ് കണക്ക്. ഔഷധ മൂല്യംക്കൊണ്ടും വിപണിയിലെ വൻസാധ്യതകളെ മുൻനിർത്തിയും ഭാവിയിൽ ഉണ്ടാവാനിടയുള്ള വലിയ ഉപയോഗം കണക്കിലെടുത്തും ചന്ദനം നട്ടുവളർത്തേണ്ടത് അത്യാവശ്യമാണ്.
ചന്ദനം നടുന്നതിനോ കൃഷി ചെയ്യുന്നതിനോ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എന്നാൽ മരം മുറിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമുള്ള പരമാധികാരം വനംവകുപ്പിനാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്നതിന് സ്ഥലത്തിന്റെ കൈവശവകാശ രേഖകളും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട വനംവകുപ്പ് ഓഫീസുകളിൽ അപേക്ഷ നൽകണം. തുടർന്ന് വനം വകുപ്പ് അധികൃതർ മരം വേരുസഹിതം പിഴുതെടുത്ത് ഗ്രേഡുകളാക്കി തരംതിരിച്ച് ലേലത്തിൽ വിൽക്കുന്നു. തുകയുടെ 70 ശതമാനം ഉടമസ്ഥനും 30 ശതമാനം സർക്കാർ ഖജനാവിലേക്കുമാണ് ലഭിക്കുന്നത്.
കൃഷിരീതി
20 മീറ്റർ ഉയരം വരെ വളരുന്ന നിത്യഹരിത വൃക്ഷമായ ചന്ദനം, വിത്തുമുളപ്പിച്ച് പ്രജനനം നടത്താം. കായിക പ്രജനനം വഴി തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും നിലവിലുണ്ട്. മേൻമയുള്ള വിത്തുകൾ പാകി 30 മുതൽ 80 ദിവസത്തിനുള്ളിൽത്തന്നെ മുളയ്ക്കാറുണ്ട്. തൈകൾക്ക് നാലു മുതൽ ആറു ഇലകൾ വരെ വന്നുകഴിഞ്ഞാൽ അവ പറിച്ചെടുത്ത് പോളിത്തീൻ ബാഗുകളിൽ നടാം.
ചന്ദനം കൃഷി അടിസ്ഥാനത്തിലും വീട്ടുപറമ്പിലും ഉദ്യാനത്തിലും പരിമിതമായ തോതിലും വളർത്താം. കൃഷി അടിസ്ഥാനത്തിലാണെങ്കിൽ ആറുമാസത്തിന് മുകളിൽ പ്രായമായ തൈകൾ മഴക്കാലത്തിന് മുമ്പായി നടാം. തൈകൾ തമ്മിൽ മൂമ്മു മീറ്റർ അകലം പാലിക്കണം. ചന്ദനം ഒരു ഭാഗികമൂലപരജീവി (partial parasitic plant) ആയതിനാൽ നടുന്ന കുഴിയിൽ ആതിഥേയ സസ്യം (പയറുവർഗങ്ങൾ, തുളസി) ഇവ കൂടി നടാൻ പ്രത്യേകം ശ്രദ്ധിക്കണം. മണലും ചെമ്മണ്ണും ജൈവവളവും ഇട്ട കുഴിയിൽ നടാം. വേനൽക്കാലത്ത് ചെറിയ തോതിൽ നനയ്ക്കണം. ആറുമാസത്തിലൊരിക്കൽ മണ്ണ് ഇളക്കിക്കൊടുക്കണം. കാലവർഷാരംഭത്തിലോ അവസാനത്തിലോ ജൈവവളം കൊടുക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ 25 വർഷം പ്രായമാകുമ്പോഴേക്കും കാതൽ ലഭിക്കും. നിലവിൽ ഒരു കിലോ ചന്ദനത്തിന്റെ കാതലിന് 12000 രൂപയ്ക്ക് മുകളിൽ വിലയുണ്ട്.
കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത തുടങ്ങിയ ഘടകങ്ങളാണ് ചന്ദനത്തിന്റെ ഗുണമേന്മ നിർണയിക്കുന്നത്. ലോകവിപണിയിലെ ഏറ്റവും മികച്ച ചന്ദന തൈലം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.
Content Highlights: Discover the history, medicinal benefits, cultivation, and commercial value of sandalwood
Published: 21 Jun 2025, 02:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented