തൃശ്ശൂർ: റോബോട്ടിന്റെ യന്ത്രക്കൈകളിലൊന്നിൽ വഴുതനച്ചെടി. മറ്റൊരു കൈയിൽ തക്കാളിച്ചെടി. രണ്ടു കൈകളും ഒരു ദിശയിലേക്കെത്തി യോജിക്കുന്നു. അത്യുത്‌പാദനശേഷിയുള്ള ചെടിയുടെ പിറവിയാണിത്. വഴുതനച്ചെടിയുടെ തായ്‌ത്തണ്ടും തക്കാളിച്ചെടിയുടെ മുകൾഭാഗവും ചേർന്ന, ശക്തിയും ഉത്‌പാദനശേഷിയും കൂടിയ തക്കാളിച്ചെടി. ഈ ചെടി ഗ്രാഫ്റ്റ് ചെയ്യാൻ റോബോട്ടിന് വേണ്ടത് 25 സെക്കൻഡ് മാത്രം. രണ്ടു ചെടികളുടെയും ഒരേ വലുപ്പത്തിലുള്ള ഭാഗം മുറിച്ച് യോജിപ്പിച്ച് ക്ലിപ്പ് ഇടുകയാണ് ചെയ്യുന്നത്. വേഗം മാത്രമല്ല, ഒരു ചെടിയുടെ ഗ്രാഫ്റ്റിങ് പോലും പിഴയ്ക്കാത്ത കൃത്യതയുമുണ്ട്. കേരള കാർഷിക സർവകലാശാലയുടെ വെജിറ്റബിൾ സയൻസ് പഠന വിഭാഗത്തിലാണ് പുതിയ ഗ്രാഫ്റ്റിങ് റോബോട്ട് എത്തിയത്.
ദക്ഷിണകൊറിയയിൽനിന്ന് വാങ്ങിയ റോബോട്ടിന് വില 50 ലക്ഷം രൂപയാണ്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻറെ സഹായധനത്തോടെയാണ് വാങ്ങിയത്. രാജ്യത്തെ മൂന്നാമത്തെ ഗ്രാഫ്റ്റിങ് റോബോട്ടാണിത്. ശേഷിയുടെയും കൃത്യതയുടെയും കാര്യത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനവും. ദിവസം 2,000 തൈകളിൽ ഗ്രാഫ്റ്റ് ചെയ്യാനാകും.
ഏതു കാലാവസ്ഥയിലും തക്കാളിക്കൃഷി നടത്താനാകുന്ന രീതിയിലുള്ള ൈതകളാണ് ഇതുവഴി സൃഷ്ടിക്കുന്നത്. വിപരീത കാലാവസ്ഥയെയും രോഗങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ‘ഹരിത’ ഇനം വഴുതനയാണ് ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച വഴുതന ഇനമാണിത്.
ഇതിനു മുകളിൽ ചേർക്കുന്ന തക്കാളിത്തൈ അത്യുത്‌പാദനശേഷിയുള്ള ഇനമാണ്. കരുത്തുറ്റ തായ്‌ത്തണ്ടും അത്യുത്‌പാദനശേഷിയുള്ള ഇനവും യോജിക്കുന്പോൾ കാലങ്ങളോളം കായ്ഫലം ലഭിക്കും. ഏത് കാലാവസ്ഥയിലും മണ്ണിലും കൃഷിയിറക്കുകയും ചെയ്യാം. ഇതിനു പുറമേ, മുളകുചെടിയിലും റോബോട്ടിക് ഗ്രാഫ്റ്റിങ് നടത്തുന്നുണ്ട്. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച ‘ഉജ്ജ്വല’ എന്നയിനം കാന്താരിയുടെ തായ്‌ത്തണ്ടാണ് അത്യുത്‌പാദനശേഷിയുള്ള ഇനം മുളകുചെടിയിൽ ഗ്രാഫ്റ്റ് ചെയ്യുന്നത്.
കാർഷിക സർവകലാശാലയുടെ വെജിറ്റബിൾ സയൻസ് പഠനവിഭാഗം മേധാവിയും കുഫോസ് സർവകലാശാലയുടെ വൈസ് ചാൻസലറുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഡോ.ടി. പ്രദീപ്‌കുമാറാണ് റോബോട്ടിക് ഗ്രാഫ്റ്റിങ്ങിന് മേൽനോട്ടം വഹിക്കുന്നത്.
Content Highlights: robot for grafting seedlings
Published: 11 Aug 2024, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented