കാർഷികമേഖലയിൽ കേരളം വികസന പാതയിലാണെന്നും സ്മാർട്ട് കൃഷിയിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പി പ്രസാദ്. കാർഷിക മേഖലയിലെ കേരളത്തിലെ നേട്ടങ്ങളും ഭാവിയെ കുറിച്ചും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

സ്മാർട്ട് കൃഷിയിലേക്ക്

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും മുൻ വർഷങ്ങളിലെ കൃഷി സംബന്ധമായ വിശദമായ ഡാറ്റകളും ഉപയോ​ഗിച്ചുള്ള സമ​ഗ്രമായ കൃഷിരീതിയാണ് ആവശ്യം. പരമ്പരാ​ഗത കൃഷിരീതിയെ അപേക്ഷിച്ച് കൂടുതൽ ശാസ്ത്രീയമായ കൃഷിയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. നടുന്നു, പരിചരിക്കുന്നു, വിളവെടുക്കുന്നു, വിൽക്കുന്നു. ഇതാണ് കാലങ്ങളായി കർഷകർ ചെയ്യുന്നത്. എന്നാൽ കർഷകന് വരുമാനം കൂടുതലായി ലഭിക്കണമെങ്കിൽ ഇതുമാത്രം പോരാ. നമ്മൾ വാങ്ങിക്കുന്ന ഓരോ ഉത്പന്നത്തിനും വില നിശ്ചയിക്കുന്നത് ഉത്പാദകരും വില്പന കേന്ദ്രങ്ങളുമാണ്. അങ്ങനെ വില നിശ്ചയിക്കാൻ കർഷകർക്ക് മാത്രമാണ് കഴിയാത്തത്. വിപണിയാണ് കാർഷികോത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. ഇവിടെ ലാഭവും നഷ്ടവും ഉണ്ടാകാം. അതേസമയം, കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി വില്പനയ്ക്കെത്തിക്കുമ്പോൾ കർഷകർക്ക് വില നിശ്ചയിക്കാനും അതിലൂടെ അധിക വരുമാനം നേടാനും സാധിക്കുന്നു. ഒരിടത്ത് മാത്രമാണ് ഇത് വിറ്റഴിക്കാൻ ശ്രമിക്കുന്നതെങ്കിൽ ഉത്പന്നങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ വിറ്റഴിക്കാൻ കഴിയാതെ പോയെന്നു വരാം. ആവശ്യകതയ്ക്ക് അനുസരിച്ച് കൂടുതൽ ഇടങ്ങളിലേക്ക് വില്പന വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതെല്ലാം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്.

പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത കൈവരിക്കുകയും, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്ന ദൗത്യത്തോടെയാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചത്.  ഇതിന്റെ ഭാഗമായി കൃഷികൂട്ടങ്ങൾ രൂപവത്കരിച്ചു. പതിനായിരം കൃഷികൂട്ടങ്ങൾ എന്ന് ലക്ഷ്യമിട്ടത് 25000ത്തിൽപരം കൃഷിക്കൂട്ടങ്ങളായി ഉയർന്നു. 1076 കൃഷിഭവനുകളിലൂടെ കാർഷികോത്പന്നങ്ങളിൽ നിന്ന് 1000 മൂല്യവർധിത ഉത്പന്നങ്ങൾ ലക്ഷ്യമിട്ടു. ഇപ്പോഴത് 4000ത്തിൽ പരമായി ഉയർന്നു. വിപണനത്തിന് പ്രാധാന്യം നൽകി ഒരു പൊതുബ്രാൻഡ് നൽകണമെന്ന ആലോചനയിലെത്തി. ​ഗുണമേന്മ ഉറപ്പുവരുത്തി സർട്ടിഫൈഡ് ആയിട്ടുള്ള ഉത്പന്നങ്ങൾ വിൽപനക്കെത്തിക്കുന്നതിന് കേരളാ ​ഗ്രോ എന്ന ബ്രാൻഡും സർക്കാർ തന്നെ രൂപവത്കരിച്ചു. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ കാർഷിക വകുപ്പ് ഒരു ബ്രാൻഡ് നെയിം രജിസ്റ്റർ ചെയ്യുന്നത്. 

ബ്രാൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് പ്രകാരം രജിസ്റ്റർ ചെയ്തു. കർഷകർക്ക് ഈ ബ്രാൻഡിന് കീഴിൽ ഉത്പന്നങ്ങൾ സൗജന്യമായി വിൽക്കാനുള്ള അവസരമൊരുക്കി. ഈ ഉത്പന്നങ്ങൾക്ക് വിപണി ശ്രദ്ധ ലഭിക്കുന്നതിന് മികച്ച പാക്കിങ് ആവശ്യമാണെന്ന് മനസിലാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങുമായി സഹകരിച്ച് ആയിരത്തോളം കർഷകർക്ക് പാക്കിങ് പരിശീലനം നൽകി. കേരളാ ​ഗ്രോ ഉത്പന്നങ്ങൾ വിൽക്കുന്നതിന് കൃഷിക്കൂട്ടങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി സർക്കാർ സഹായത്തോടെ ബ്രാൻഡഡ് ഷോറുമുകൾ 14 ജില്ലകളിലും ആരംഭിച്ചു. അ​ഗ്രി പാർക്കുകൾക്കും പാക്കിങ് ഹൗസുകളും തദ്ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ചു. മൂല്യവർധിത ഉത്പന്നങ്ങൾക്ക് മൂല്യവർധിത കൃഷിയും ആവശ്യമാണ്. കൃഷിക്കൂട്ടങ്ങളെ ഈ ലക്ഷ്യം മുൻനിർത്തിയാണ് തരംതിരിച്ചിരിക്കുന്നത്. 

സാങ്കേതികവിദ്യ കൃഷിയിൽ

മണ്ണിന്റെ ഈർപ്പം, പിഎച്ച്, താപനില, പോഷകങ്ങളുടെ സാന്നിധ്യം സെൻസറുകൾ (Soil sensor) ഉപയോ​ഗിച്ച് മനസിലാക്കാൻ സാധിക്കും. ഈ വിവരങ്ങൾക്ക് അനുസൃതമായി മണ്ണിന് അനുയോജ്യമായ കൃഷി ചെയ്യാൻ സാധിക്കും. കർഷകർക്ക് അപ്പോൾ പരീക്ഷണം നടത്തേണ്ട ആവശ്യം വരുന്നില്ല. വള പ്രയോഗത്തിനും വിത്തീടിലിനും ഡ്രോൺ സാങ്കേതികവിദ്യ ഉൾപ്പെടെ ലഭ്യമാണ്. ഡ്രോൺ ഉപയോ​ഗിച്ച് വിത്തിടുമ്പോൾ സാധരണയേക്കാണ് കുറവ് വിത്ത് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. 20 മുതൽ 25% വിത്ത് ഇത്തരത്തിൽ ലാഭിക്കാൻ സാധിക്കും. കൃഷിയിടം കൃത്യമായി മാപ്പ് ചെയ്ത് അനിവാര്യമായ വളപ്രയോ​ഗം മാത്രം നടത്തുന്നതിന് ജിപിഎസ്, ജിഐഎസ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. സ്പ്രിംഗ്ലർ, പമ്പ് സെറ്റ്, ഡ്രോൺ മുതലായവ ഇന്റർനെറ്റ് ഉപയോ​ഗിച്ച് നിയന്ത്രിക്കാൻ സാധിക്കും. എവിടെയിരുന്നും സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് പോലും ഇവ നിയന്ത്രിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോ​ഗിച്ച് ഡാറ്റകൾ അവലോകനം ചെയ്യാൻ  സാധിക്കും. വിപണി മനസിലാക്കി കൃഷിചെയ്യുന്നതിലൂടെ കർഷകർക്ക് കൂടുതൽ ലാഭം നേടാൻ സാധിക്കും. ഇത് എഐ ഉപയോ​ഗിച്ച് വിവിധ വർഷങ്ങളിലെ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ സാധിക്കും. ഇത്തരം സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുമ്പോൾ ജോലി കുറയുകയും സമയം ലാഭിക്കുകയും ചെയ്യും. ഇതിലെല്ലാം കർഷകർക്കും ഉദ്യോ​ഗസ്ഥർക്കും പ്രായോ​ഗിക പരിശീലനം നൽകുന്നതും പുരോഗതിയിലാണ്. 

കാലവസ്ഥാ വ്യതിയാനം

ആ​ഗോളതാപനവും കാലവസ്ഥാ വ്യതിയാനവും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാർഷിക മേഖലയെയാണ്. ഇത് തരണം ചെയ്യുന്നതിന് ദീർഘകാല, ഹ്രസ്വകാല പദ്ധതികൾ ആവശ്യമാണ്. കാർബൺ ബഹിർ​ഗമനം കുറയ്ക്കുന്നതിന് ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കാർബൺ ന്യൂട്രൽ അഗ്രികൾച്ചർ ഇതിന്റെ ഭാ​ഗമാണ്. സർക്കാർ ഫാമുകളിൽ ഇത് ചെയ്തു കാണിക്കുകയും കർഷകർക്ക് കാർബൺ ക്രെഡിറ്റ് ഉൾപ്പെടെ നൽകിക്കൊണ്ട് കർഷകരെ കാർബൺ ന്യൂട്രൽ അഗ്രികൾച്ചറിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. ആലുവയിലെ സർക്കാർ ഫാം ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാമാണ്. 

കേര പ്രോജക്ട്

കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവളർച്ചയും കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധനവും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച ബ്രഹദ് പദ്ധതിയാണ് 'കേര' (Kerala Climate Resilient Agri-Value Chain). 2365 കോടി രൂപയുടെ വായ്പ പദ്ധതി വേൾഡ്ബാങ്ക് അനുവദിച്ചു. ഇതിൽ 700 കോടിയോളം രൂപ കേരളം മുടക്കേണ്ടതാണ്. പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഔപചാരിക ഉദ്ഘാടനം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ 40 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു വലിയ പദ്ധതി കൃഷി വകുപ്പിൽ നടപ്പിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും വർദ്ധിപ്പിക്കാനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 

വിത്തുകളുടെ ലഭ്യത

മാറുന്ന കാലാവസ്ഥയിൽ ചെറിയ സമയം കൊണ്ട് മെച്ചപ്പെട്ട വിളവ് ലഭിക്കുന്ന ഇനങ്ങൾ ആവശ്യമാണ്. കേരള കാർഷിക സർവകലാശാല ഇതിനായി പഠനങ്ങളും ​ഗവേഷണങ്ങളും നടത്തിവരുന്നു. പരമ്പരാ​ഗത വിത്തിനങ്ങളെ സംരക്ഷിച്ചുക്കൊണ്ടുതന്നെ അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ കർഷകർക്ക് ലഭ്യമാക്കേണ്ടതുണ്ട്. കാലാവസ്ഥാ  മാറ്റങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന വിത്തിനങ്ങൾ തയ്യാറാക്കുകയാണ് ആവശ്യം. പരമ്പരാ​ഗത വിത്തിനങ്ങളെ സംരക്ഷിക്കാൻ സർക്കാർതലത്തിൽ വിത്തുത്സവം സംഘടിപ്പിച്ചിരുന്നു. 14 ജില്ലകളിൽ നിന്നും വിവിധ കാർഷികവിളകളുടെ വിത്തുകളാണ് വിത്തുത്സവത്തിലെത്തിയത്. പരമ്പരാ​ഗത കാർഷിക ഇനങ്ങളുടെ ​ഗുണങ്ങളും പ്രസക്തിയും ബോധ്യപ്പെടുത്തുന്നതിന്  പ്രചരണപരിപാടികളിലേക്കും നീങ്ങിയിട്ടുണ്ട്.

കൃഷി ലാഭകരം, യുവത കൃഷിയിലേക്ക്

നിരവധി യുവജനങ്ങൾ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു മികച്ച വരുമാനമാർ​ഗമായി കൃഷിയെ കാണുന്ന യുവത വലിയ പ്രതീക്ഷയാണ്. മണ്ണിലിറങ്ങി പണിയെടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി പണ്ടുമുതലേ ചിന്തയുണ്ട്. കായികാധ്വാനം കൂടുതൽ വേണ്ടിവരുന്ന ജോലി ചെയ്യുന്നവർ മോശക്കാരാണെന്ന സമൂഹത്തിലെ ചിന്താ​ഗതിയാണ് യുവതയെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ, അതിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും agripreneur (അ​ഗ്രിപ്രണർ-കാർഷിക സംരംഭകർ) എന്ന പുതിയൊരു പേര് തന്നെ ചർച്ചചെയ്യപ്പെടുന്നുണ്ട്. സമ്മിശ്ര കൃഷിയും മൂല്യവർധിതഉത്പന്നങ്ങളുടെ ഉത്പാദനവുമെല്ലാം ഉൾപ്പെട്ട സ്മാർട്ട് ഫാമിങ്ങിലേക്കാണ് യുവ കർഷകർ നീങ്ങുന്നത്. ഇവർക്ക് സർക്കാർ തലത്തിൽ വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു. 

കൃഷിയിൽ പൊളിച്ചെഴുത്ത്

ഈ സർക്കാർ കാർഷിക മേഖലയിൽ ഒരു പൊളിച്ചെഴുത്ത് തന്നെ നടത്തി. ഇതുവരെ ഓരോ വിളയ്ക്കും ഓരോ പദ്ധതി എന്ന നിലയിലായിരുന്നു നടത്തിയിരുന്നത്. ഒരു ജില്ലയിൽ തന്നെ വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. ഒരിടത്ത് ചെയ്യുന്ന കൃഷി അതേ രീതിയിൽ മറ്റൊരിടത്ത് ചെയ്യാൻ സാധിക്കുകയില്ല. പദ്ധതികൾ ആവിഷ്കരിക്കുന്നത് ഏതെങ്കിലും വിളയെ അടിസ്ഥാനമാക്കിയല്ല, വിളയിടത്തെ അടിസ്ഥാനമാക്കിയാവണം. ഇതിനുതകുന്ന ഫാം പ്ലാനാണ് സർക്കാർ ആവിഷ്കരിച്ചത്. കർഷകർക്ക് നഷ്ടമുണ്ടാകുമ്പോൾ സാമ്പത്തിക സഹായവും അനുവദിക്കുന്നു. 

നെല്ലു സംഭരണം കേന്ദ്രത്തിന്റെ പദ്ധതി, തുക വർധിപ്പിക്കേണ്ടത് കേന്ദ്രം

നെല്ലു സംഭരണം കേന്ദ്രത്തിന്റെ പദ്ധതിയാണ്. അതിന് പണം നൽകേണ്ടത് കേന്ദ്രമാണ്. 28 രൂപയെന്ന നിശ്ചിത തുകയിൽ എത്ര രൂപ കുറവാണോയുള്ളത് അതാണ് സംസ്ഥാനം നൽകിവന്നിരുന്നത്. നെല്ലു സംഭരണത്തിനുള്ള തുക വർധിപ്പിക്കുക അനിവാര്യമാണ്. നിശ്ചിത തുക 40 രൂപയാകണം. എല്ലാത്തരത്തിലുള്ള നികുതിയും പിരിക്കുന്ന കേന്ദ്രസർക്കാരല്ല സംസ്ഥാനമാണ് തുക വർധിപ്പിക്കേണ്ടത് എന്നതിൽ യുക്തിയില്ല. കേരളം കർഷകർക്ക് വിത്ത് സൗജന്യമായി നൽകുന്നു. ഉഴവുകൂലി സൗജന്യമായി നൽകുന്നു.  ഇതുപോലെ ചെയ്യുന്ന മറ്റൊരു സംസ്ഥാനമില്ല. 2016 മുതൽ 2025 മാർച്ച് വരെ 2000 കോടി രൂപയിലധികമാണ് റബർ കർഷകർക്ക് കേരളം ഇൻസെന്റീവ് നൽകിയത്. ഇതിൽ ഒരു രൂപ പോലും കേന്ദ്രസഹായമില്ല. 1800 കോടിയോളം രൂപ എൽഡിഎഫ് സർക്കാരാണ് നൽകിയത്. ഈ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയാണ് കേന്ദ്രം സഹായിക്കുന്നു എന്നു പറയുന്നത്. 

അ​ഗ്രി ടൂറിസം

അ​ഗ്രി ടൂറിസത്തിന് അനന്തമായ സാധ്യതകളാണുള്ളത്. കൃഷി വകുപ്പിന്റെ ഫാമുകളിൽ ഫെസ്റ്റുകൾ സംഘടിപ്പിച്ചിരുന്നു. കൃഷിയെ അറിയാൻ മനസിലാക്കാൻ നിരവധിപേരാണ് എത്തിയത്. ഇവിടെ കർഷകർക്ക് ലഭിക്കുന്ന പ്രോത്സാഹനം വലുതാണ്. വരുംനാളുകളിൽ അ​ഗ്രി ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിലൂടെ അ​ഗ്രി ഫാമുകളിലേക്ക് നിരവധിപേരെ ആകർഷിക്കാൻ കഴിയും. കേരളത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ കർഷകരുടെ കൃഷിയിടങ്ങളെയും ബന്ധിപ്പിച്ചുക്കൊണ്ട് യാത്രാ പരിപാടികളും ആലോചനയുണ്ട്. 

കാർഷിക വികസനത്തിൽ ഒരു കേരള മോഡലാണുള്ളത്. ഞങ്ങളും കൃഷിയിലേക്ക്, കൃഷിക്കൂട്ടം, കേരളാ ​ഗ്രോ ബ്രാൻഡ്, ബ്രാൻഡ് ഔട്ട്ലെറ്റ്, സംസ്ഥാന സർക്കാരിന്റേയും കർഷകരുടേയും പങ്കാളിത്തത്തോടെ സിയാൽ മാതൃകയിൽ യാഥാർഥ്യമാക്കിയ കാപ്‌കോ കാർഷികോത്പന്ന വിപണന കമ്പനി. ഇവയെല്ലാം ഇന്ത്യയിലാദ്യമാണ്. ആർക്കും മാതൃകയാക്കാവുന്ന വിധത്തിലാണ് കേരളത്തിൽ കാർഷിക വികസനം.