കടുത്ത വേനലിൽ കർഷകർ ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാറുണ്ട്. മറ്റു മാസങ്ങളെ അപേക്ഷിച്ച് കാർഷിക വിളകൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള സമയമാണ് വേനൽക്കാലം. കഠിനമായ ചൂടും മഴയുടെ അഭാവവും വിളകളിൽ 'ഡ്രൗട്ട് സ്‌ട്രെസ്' അഥവാ വരൾച്ചാ സമ്മർദ്ദം സൃഷ്ടിക്കുന്നു. സസ്യങ്ങളുടെ ഇലകൾ വാടാനും പൂക്കൾ കൊഴിയാനും വിളനഷ്ടം സംഭവിക്കാനും ഇടയാക്കുന്ന ഈ സാഹചര്യത്തെ ശാസ്ത്രീയമായ കൃഷിരീതികളിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. മാർച്ച് മാസത്തെ കൃഷിപരിപാലനം എങ്ങനെയെന്ന് അറിയാം.

To advertise here,

വരൾച്ചയെ ചെറുക്കാം, ശാസ്ത്രീയ മാർഗങ്ങളിലൂടെ

കടുത്ത വേനലും വരൾച്ചയും വിളകളിൽ 'ഡ്രൗട്ട് സ്‌ട്രെസ്' സൃഷ്ടിക്കുന്നു. ഈ സാഹചര്യം സസ്യങ്ങളുടെ എല്ലാ ജീവൽ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കും. ഇലകൾ വാടുക, പൂക്കൾ കൊഴിയുക, വിളനഷ്ടം തുടങ്ങിയവയെല്ലാം വരൾച്ചാ സമ്മർദ്ദം ഇടയാക്കുന്നു. ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് ഒരു പരിധിവരെ ചെടികളെ വരൾച്ചയിൽനിന്നു സംരക്ഷിക്കാം.

തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വികസിപ്പിച്ച PPFM (Pink Pigmented Facultative Methylotrophs- Methylobecterium spp) പോലുള്ള ഗുണകരമായ ബാക്ടീരിയകൾ ഇകാര്യത്തിൽ ശ്രദ്ധേയമാണ്. ഇലകളുടെ പുറത്തുവളരുന്ന ഈ മിത്ര ബാക്ടീരിയ സസ്യങ്ങളിൽ ഓക്‌സിൻ, സൈറ്റോകൈനീൽ എന്നീ വളർച്ചാ ഹോർമോണുകളുടെ ഉൽപ്പാദനം ഉത്തേജിപ്പിക്കുകയും പ്രവർത്തനം ക്രമീകരിച്ച് ജലനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇതു പ്രയോഗിച്ച ചെടികളിൽ ക്ലോറോഫിൽ അളവും ഫോട്ടോസിന്തസിസ് കാര്യക്ഷമതയും ഉയർന്ന അളവിൽ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ, വരൾച്ചാ സമ്മർദ്ദം ചെറുക്കാനുള്ള സസ്യങ്ങളുടെ ആന്തരിക പ്രതിരോധശേഷി വർധിക്കുന്നു. 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്(1% ലായനി) വൈകുന്നേരം നാലു മണിക്കുശേഷം സ്പ്രേ ചെയ്യുക. ഇലയുടെ ഇരുവശങ്ങളും നന്നായി നനയാൻ ശ്രദ്ധിക്കണം. കഠിനമായ വേനലിൽ 10-15 ദിവസത്തെ ഇടവേളയിൽ ആവർത്തിക്കാം. മറ്റു രാസകീടനാശിനികളുമായി കലർത്താതിരിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞത് 4-5 ദിവസത്തെ ഇടവേളയെങ്കിലും നൽകണം. ഉൽപ്പന്നത്തിന്റെ നിലവാരവും മേന്മയും ഉറപ്പാക്കുക. CF4 നിലവാരം(സാധാരണയായി 10^8 CFU/ml) നോക്കിത്തന്നെ വാങ്ങുക.

ഇതോടൊപ്പം, മൾച്ചിങ് വഴി മണ്ണിലെ ഈർപ്പം സംരക്ഷിക്കൽ, ജൈവവളങ്ങൾ ചേർത്ത് മണ്ണിന്റെ ജൈവികത വർധിപ്പിക്കുക, ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള ജലസംരക്ഷണ സാങ്കേതികവിദ്യകൾ നടപ്പാക്കൽ, കടുത്ത ചൂടുസമയത്ത് രാസവളം ഒഴിവാക്കൽ, രാവിലെ ആറു മണിക്കു മുമ്പോ വൈകീട്ട് അഞ്ചു മണിക്കുശേഷം മാത്രമോ നനയ്ക്കുക എന്നിവയെല്ലാം ശാസ്ത്രീയമായി അംഗീകരിച്ച വരൾച്ചാ പ്രതിരോധ മാർഗങ്ങളാണ്. മൈക്രോബിയൽ ടെക്‌നോളജിയും മണ്ണുസംരക്ഷണവും ചേർന്ന ഈ സമഗ്ര സമീപനം വേനൽകൃഷിയിൽ സ്ഥിരതയും വിളവും ഉറപ്പാക്കാൻ സഹായിക്കുന്നു.

PPFM തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ Biofertilizer production unti(കോയമ്പത്തൂർ ക്യാമ്പസ്) ൽനിന്ന് മുൻകൂർ ഫോൺ/ഇമെയിൽ വഴി ബന്ധപ്പെട്ടു വാങ്ങാവുന്നതാണ്. TNAU ലൈസൻസുള്ള ഡീലർമാർ, KVK മുഖേനയും വാങ്ങാം.

നെല്ല്

പുഞ്ചകൃഷി: ആദ്യം നടീൽ പൂർത്തിയാക്കിയ പാടങ്ങളിൽ കതിരു വാരാൻ സമയമായി. ജലക്രമീകരണം വളരെ പ്രധാനമാണ്. വയലിൽ 3-5 സെന്റി മീറ്റർ ജലനിരപ്പ് നിലനിർത്തുക. ഈ ഘട്ടത്തിൽ മേൽവളമായി യൂറിയ നൽകണം. പൊട്ടാഷ് ആവശ്യമായ അളവിൽ നൽകുന്നത് നെന്മണികളുടെ മുഴുപ്പും വരൾച്ചാ പ്രതിരോധശേഷിയും വർധിപ്പിക്കും. വളം നൽകിയ ശേഷം ലഘുവായി വെള്ളം ഉറപ്പാക്കണം. കടുത്ത ചൂട് അനുഭവപ്പെട്ടാൽ 1% PPFM സ്പ്രേ നൽകാം. 1% KC(പൊട്ടാസ്യം ക്ലോറൈഡ്) ലായനി തളിച്ചു നൽകുന്നതും വരൾച്ചാ സമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്. തണ്ടുതുരപ്പൻ, വേനലിൽ ഓലചുരുട്ടി എന്നിവയുടെ ആക്രമണസാധ്യത കൂടുതലാണ്. ഇവയെ നിയന്ത്രിക്കാനായി 7-10 ദിവസം ഇടവിട്ട് ട്രൈക്കോ കാർഡുകൾ പാടത്തു നാട്ടണം.

വയൽ പൂർണമായും വരണ്ടുപോവാൻ അനുവദിക്കരുത്. വരമ്പുകളിലൂടെ ജലം ചോർന്നു പോവാത്ത തരത്തിൽ ബലപ്പെടുത്തണം. കുളങ്ങളും ചാലുകളും ശുദ്ധീകരിച്ച് ജലലഭ്യത ഉറപ്പാക്കുക. BPH(Brown Planthopper)ന്റെ ആക്രമണം ഉണ്ടായാൽ മാത്രം 2-3 ദിവസം വെള്ളം ഒഴുക്കി വയൽ വരണ്ട നിലയിൽ വെക്കുക. ചില പ്രദേശങ്ങളിൽ ഉപ്പിന്റെ സാന്നിധ്യം കൂടാൻ ഇടയുണ്ട്. അത്തരം പ്രദേശങ്ങളിൽ ഇടയ്ക്കിടെ വെള്ളം കയറ്റിയിറിക്കുന്നത് ഉപ്പിന്റെ അളവു കുറയ്ക്കാൻ സഹായിക്കും.

തെങ്ങിന് വേനൽ പരിചരണം

മാർച്ച് മാസം കേരളത്തിൽ വേനൽക്കാലത്തിന്റെ ഉച്ചസ്ഥായിയിലാണ്. ഉയർന്ന താപനിലയും മഴയുടെ അഭാവവും മണ്ണിലെ ഈർപ്പം വേഗത്തിൽ കുറയാൻ കാരണമാവുന്നു. ഇത് ഉൽപ്പാദനത്തെ നേരിട്ടു ബാധിക്കുന്നതിനാൽ ഈ മാസം കൃത്യമായ പരിചരണം നിർണായകമാണ്.

ജലസേചനം: ഓരോ തെങ്ങിനും ആഴ്ച്ചയിൽ 2-3 തവണ ജലസേചനം നൽകണം. തുള്ളിനന സമ്പ്രദായം ഉണ്ടെങ്കിൽ ദിവസേന 40-50 ലിറ്റർ വെള്ളം നൽകാം. തെങ്ങിനു ചുറ്റും വൃത്താകൃതിയിൽ തടം തുറന്ന് തെങ്ങോല, കരിയില, മറ്റു പാഴ്‌വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മൾച്ചിങ് ചെയ്യുക. ഇതു മണ്ണിലെ ഈർപ്പം നിലനിർത്തുകയും താപനില കുറയ്ക്കുകയും ചെയ്യും. കൂടാതെ, കളവളർച്ച കുറയാനും സഹായിക്കും.

വളപ്രയോഗം: ജലസേചനം നൽകുന്ന തോട്ടങ്ങളിൽ തെങ്ങൊന്നിന് കാലിവളം/കമ്പോസ്റ്റ് 20-25 കിലോ ഗ്രാം ചേർക്കുന്നതു മണ്ണിൽ ജൈവാംശം വർധിപ്പിക്കുന്നതിനു സഹായിക്കും. കൂടാതെ, ശുപാർശപ്രകാരമുള്ള രാസവളത്തിന്റെ രണ്ടാംഘട്ടം ഇനിയും നൽകിയില്ല എങ്കിൽ ജലസേചനം ഉറപ്പാക്കി നൽകാവുന്നതാണ്. യൂറിയ, രാജ്‌ഫോസ്, മ്യൂറേറ്റ് ഒഫ് പൊട്ടാഷ് എന്നിവ യഥാക്രമം 350 ഗ്രാം, 650 ഗ്രാം, 670 ഗ്രാം എന്നിങ്ങനെ നൽകാം. വളം നൽകിയ ശേഷം നന്നായി നനയ്ക്കണം.

കീടരോഗനിരീക്ഷണം: കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, തെങ്ങോലപ്പുഴു എന്നിവയുടെ ആക്രമണത്തിനെതിരെ ജാഗ്രത ഉണ്ടാവണം. ചെമ്പൻചെല്ലിയുടെ ആക്രമണം തടയാൻ മരത്തിൽ മുറിവുണ്ടാക്കുന്നത് ഒഴിവാക്കുക. പച്ചമടലുകൾ തടിയിൽനിന്നു 120 സെന്റി മീറ്റർ അകലത്തിൽ വെട്ടണം. കൊമ്പൻചെല്ലി മുട്ടയിട്ടു പെരുകുന്ന ചാണകക്കുഴികൾ, കമ്പോസ്റ്റ് കുഴികൾ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. പൊടിരൂപത്തിലുള്ള മെറ്റാറൈസിയം(metarhizium) ഒരു കിലോ ഗ്രാം, 20-25 കിലോ ഗ്രാം ചാണകവുമായി നന്നായി ഇളക്കി കുഴിയുടെ മുകളിലും ഉള്ളിലും സമമായി വിതറുക. ഈർപ്പം നിലനിർത്തുകയും വേണം. 10-15 ദിവസത്തിലൊരിക്കൽ കുഴി നന്നായി ഇളക്കണം. കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഇതു വളരെ ഫലപ്രദമാണ്. തെങ്ങിന്റെ ഏറ്റവും ഉള്ളിലെ മൂന്ന് ഓലക്കവിളുകളിൽ നാഫ്തലീൻ ഉണ്ടകൾ(12 ഗ്രാം) ഇടുന്നത് ചെല്ലികളുടെ ആക്രമണം തടയാൻ സഹായിക്കും.

വിത്തുതേങ്ങ പാകാം

മാതൃവൃക്ഷം തിരഞ്ഞെടുക്കൽ: 20-40 വർഷം പ്രായമുള്ള തെങ്ങുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇവ സ്ഥിരമായി കായ്ക്കുന്നതും വർഷത്തിൽ ഉയർന്ന വിളവും(80-100 തേങ്ങകൾ) നൽകുന്ന തെങ്ങുകൾ ആയിരിക്കണം. വിടർന്ന മുപ്പതിൽപ്പരം ഓലകൾ, ബലമുള്ള മടലുകൾ, കരുത്തുള്ള കുലഞെട്ടുകൾ, ഇടത്തരം വലിപ്പമുള്ള തേങ്ങ, കീടരോഗബാധ ഇല്ലാത്തത് തുടങ്ങിയ ഗുണങ്ങൾ മാതൃവൃക്ഷത്തിന് ഉണ്ടാകണം. പൂർണമായി പാകമായ കുലകളാണ് വിത്തിനായി തിരഞ്ഞെടുക്കേണ്ടത്(11-12 മാസം മൂപ്പ്) വിത്തുതേങ്ങ തെങ്ങിൽനിന്നു കയറിൽ കെട്ടിയിറക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ശേഖരിച്ച തേങ്ങ രണ്ടു മാസം വരെ സൂക്ഷിക്കാം. വിത്തുതേങ്ങ സൂക്ഷിക്കുന്ന സ്ഥലത്ത് തണലും വായുസഞ്ചാരവും ഉറപ്പാക്കണം. സംഭരണ കാലയളവ് കൂടിയാൽ വിത്തുതേങ്ങകളുടെ അങ്കുരണശേഷി കുറയാം. സംഭരിച്ച വിത്തുതേങ്ങ 7-10 വിസത്തിലൊരിക്കൽ പരിശോധിക്കേണ്ടതാണ്. വിണ്ടുകീറിയതും കുമിൾരോഗബാധ ഉള്ളതുമായവ ഒഴിവാക്കുക.

വിത്തുതേങ്ങ അടുക്കുകളായി സൂക്ഷിക്കുന്നുവെങ്കിൽ മൂന്ന് ഇഞ്ച് കനത്തിൽ മണൽ വിരിച്ച് തേങ്ങയുടെ ഞെട്ടറ്റം മുകളിൽ വരത്തക്കവിധം നിരത്തി ശുദ്ധമായ മണലിട്ടു മൂടണം. തേങ്ങയിലെ വെള്ളം വറ്റിപ്പോവാതിരിക്കാൻ ഇതു സഹായിക്കും. ഒന്നിനു മിതേ ഒന്ന് എന്ന ക്രമത്തിൽ മൂന്ന് അടുക്ക് വിത്തുതേങ്ങ ഇപ്രകാരം സംഭരിക്കാം. മുകളിൽ ഉണങ്ങിയ ഓലകൾ വിരിച്ച് സംരക്ഷണവും നൽകാം.

ശ്രദ്ധിക്കുക:
1. ജലക്ഷാമം ഉണ്ടായാൽ മച്ചിങ്ങ കൊഴിയൽ വർധിക്കാം.
2. സ്ഥിരമായ നനയും പുതയിടീലും ഉറപ്പാക്കുക.
3. ബോറോൺ, മഗ്നീഷ്യം എന്നിവയുടെ അഭാവമുണ്ടായാൽ ഇലകളിൽ തളിച്ചുനൽകാം.

കുരുമുളക്

തോട്ടങ്ങളിൽ വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനായി കുരുമുളകു ചെടിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. ഉണക്കയില, പച്ചില, വാഴത്തണ്ട് തുടങ്ങിയവ ഉപയോഗിച്ച് വള്ളിയുടെ ചുറ്റും പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണത്തിനും സഹായിക്കും. കുരുമുളക് ചെടികൾ മിതമായ തണൽ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാൽ അധികം തണൽ നൽകുന്ന താങ്ങുമരങ്ങളുടെ കൊമ്പുകൾ ലഘുവായി വെട്ടിമാറ്റണം. ഇതുവഴി സൂര്യപ്രകാശലഭ്യതയും വായുസഞ്ചാരവും മെച്ചപ്പെടുത്താം. കൂടാതെ, രോഗസാധ്യതയും കുറയുന്നു.

ജൈവവളപ്രയോഗവും ഇപ്പോൾ നടത്താം. ഒരു ചെടിക്ക് 10-15 കിലോ ഗ്രാം കാലിവളം/കമ്പോസ്റ്റ് നൽകാം. ഇതു തണ്ടിൽനിന്ന് അകലം പാലിച്ച് ചുവടിനു ചുറ്റും വിതറി നേരിയ കനത്തിൽ മണ്ണിട്ടു മൂടണം. ട്രൈക്കോഡെർമ്മ, സ്യൂഡോമോണസ് എന്നീ ജൈവനിയന്ത്രണ ഉപാധികൾ മണ്ണിൽ ചേർത്തു നൽകുന്നതും വളരെ ഫലപ്രദമാണ്.

മൂടുചീയൽ, ഇലപ്പുള്ളി രോഗം, ആന്ത്രാക്‌നോസ് എന്നീ കുമിൾരോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ചെടിയിൽ തളിച്ചും നൽകണം.

മാവ്- സൂക്ഷ്മമൂലകങ്ങൾ തളിക്കാം

മാവ് പൂവീടിൽ കഴിഞ്ഞ് കണ്ണിമാങ്ങ ഘട്ടത്തിൽ എത്തുമ്പോൾ വേനൽക്കാല സംരക്ഷണം നിർണായകാണ്. ഈ ഘട്ടത്തിൽ മണ്ണിൽ ഈർപ്പം നിലനിർത്താൻ കൃത്യമായ ജലസേചനവും ഒപ്പം ചുവട്ടിൽ ഉണങ്ങിയ ഇലകൾ, തൊണ്ട് ഇവ ഉപയോഗിച്ച് പുതയിയിടീൽ കൂടി നടത്തുക. കായീച്ചക്കെണി(മീഥൈൽ യൂജിനോൾ കെണി) ഏക്കറിന് 10-15 എണ്ണം ഉപയോഗിക്കണം. സൂക്ഷ്മമൂലകങ്ങൾ(ബോറോൺ, സിങ്ക്) ഇലയിൽ തളിക്കുന്നത് കണ്ണിമാങ്ങ കൊഴിഞ്ഞുപോകാതിരിക്കാനും ഒപ്പം മാങ്ങയുടെ വളർച്ചയ്ക്കും സഹായിക്കും. ഹോപ്പർ, ത്രിപ്‌സ്, മിലീബഗ് എന്നിവയെ നിയന്തഇക്കാനായി വേപ്പെണ്ണ ലായനി 0.5% (5 മില്ലി ലിറ്റർ/ഒരു ലിറ്റർ വെള്ളം) എന്ന തോതിൽ തളിച്ചുകൊടുക്കാം.

നാടൻ പച്ചക്കറികൾക്ക് തുടർസംരക്ഷണം

നട്ട പച്ചക്കറികൾക്കു മേൽവളം നൽകാം. രാവിലെയും വൈകുന്നേരവും നന തുടരാം. ജൈവകൃഷിരീതി അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപ്പിണ്ണാക്ക് എന്നിവ ഓരോ കിലോ വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ചു ദിവസം പുളിപ്പിച്ച ശേഷം ഇരട്ടിനേർപ്പിച്ച് ആഴ്ച്ചയിലൊരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുക.

രാസവളം നൽകേണ്ടത് സെന്റ് ഒന്നിന് (ഗ്രാമിൽ)

ഇനംയൂറിയരാജ്‌പോസ്മ്യൂറേറ്റ് ഓഫ് പൊട്ടാഷ്
ചീര4351100330
വെണ്ട400240200
പയർ174240200
കത്തിരി
വഴുതന
തക്കാളി
മുളക്
652850165
വെള്ളരി
പടവലം
600625167

ചീരയ്ക്കു മുകളിൽ പറഞ്ഞിരിക്കുന്നതു കൂടാതെ, ഓരോ വിളവെടുപ്പിനുശേഷവും 1% യൂറിയ തളിച്ചുനൽകാം. എല്ലാ വിളകൾക്കും ഫോസ്ഫറസ് അടിവളമായും യൂറിയ, പൊട്ടാഷ് എന്നിവ രണ്ടോ മൂന്നോ തവണകളായും നൽകണം.

കീടനിയന്ത്രണം പ്രധാനം

പുഴു, ഈച്ച, വണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ എന്നിവയുടെയെല്ലാം ആക്രമണം പച്ചക്കറികളിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൽ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുന്നതു വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (Cuelure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ ഉപയോഗിക്കുന്നത് വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇടയാക്കും. ജെവകീടനാശിനികളായ ബ്യുവേറിയബാസിയായ, ലെക്കാനിസീലിയം എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് പച്ചക്കറിയിലെ പുഴുക്കൾ, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മിലിബഗ് എന്നീ കീടങ്ങളെ നിയന്ത്രിക്കാം. ഇവ കീടാക്രമണത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രയോഗിക്കണം.

കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് 480 SC ഒരു മില്ലി മിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച തളിച്ചു നിയന്ത്രിക്കാം. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഒബറോൺ(Oberon) 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ തളിച്ചുകൊടുക്കാം.

ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിക്കാം(20 ഗ്രാം X ഒരു ലിറ്റർ വെള്ളം). കൂടാതെ, 4 ഗ്രാം മഞ്ഞൾപ്പൊടി ഒരു ഗ്രാം അലക്കുകാരം, അൽപ്പം കായം എന്നിവ കൂടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ചു തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.

എല്ലാത്തരം പച്ചക്കറികൾക്കും മത്തി-ശർക്കര മിശ്രിതം തളിച്ചുകൊടുക്കുന്നത് ഏറെ ഉത്തമമാണ്. ഇതു കീടങ്ങളെ അകറ്റിനിർത്തുന്നതിനൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. കൂടാതെ, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 2 മില്ലി ലിറ്റർ മത്തി-ശർക്കര മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളുടെ ഇലകളിലും തണ്ടുകളിലും 15 ദിവസത്തെ ഇടവേളകളിൽ തളിക്കാം.

ജാതി, ഗ്രാമ്പൂ- വേനൽ സംരക്ഷണം

മാർച്ച് മാസം പൊതുവേ കേരളത്തിൽ ചൂടു കൂടിയതും വരണ്ടതുമായ കാലാവസ്ഥയാണ്. ഈ സമയത്ത് ജാതിക്കും ഗ്രാമ്പൂവിനും ശരിയായ പരിചരണം ആവശ്യമാണ്. പരിചരണം നൽകാത്തപക്ഷം പുഷ്പിക്കൽ, കായ്പിടുത്തം, വിളവ് എന്നിവയെ പ്രതികൂലമായി ബാധിക്കും. ജലനിയന്ത്രണം, വളപ്രയോഗം, പുതയിടീൽ എന്നിവ ഇപ്പോൾ പ്രധാനം തന്നെ.

ജാതിക്ക് 5-7 ദിവസത്തിലൊരിക്കൽ മിതമായ ജലസേചനം ഉചിതം. എന്നാൽ, ഗ്രാമ്പൂവിനാകട്ടെ, 3-5 ദിവസത്തിലൊരിക്കൽ നന നൽകണം. ജാതിക്ക് ചാണകം/കമ്പോസ്റ്റ് 5-10 കിലോ ഗ്രാം കൂടാതെ, യൂറിയ 220 ഗ്രാം, സൂപ്പർ ഫോസ്‌ഫേറ്റ് 250 ഗ്രാം, പൊട്ടാഷ് 230 ഗ്രാം എന്ന അളവിൽ നൽകാം. ഗ്രാമ്പൂവിന് യൂറിയ, സൂപ്പർ ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നിവ യഥാക്രമം 260 ഗ്രാം, 375 ഗ്രാം, 230 ഗ്രാം വീതം നൽകാം. ഇത് 8 വർഷത്തിനു മുകളിൽ പ്രായമുള്ള ചെടികൾക്കു നൽകുന്ന അളവാണ്. 8 വർഷത്തിൽ താഴെ മാത്രം പ്രായമുള്ള ചെടികൾക്ക് മതിയായ അളവിൽ രാസവളപ്രയോഗം നടത്തണം.

ഏലത്തിന് പുതയിടാം

ഏലത്തോട്ടത്തിൽ മണ്ണ് പൂർണമായും ഉണങ്ങാൻ അനുവദിക്കരുത്. ലഘുനന നൽകുന്നത് ഉത്തമം. കൂടാതെ, ചുവട്ടിൽ പുതയിട്ടു നൽകാം. മിതമായ അളവിൽ രാസവളങ്ങൾ(NPK) നൽകുന്നതിലൂടെ ചെടിയുടെ ശരിയായ വളർച്ചയുടെ പൂവിടലും ഉറപ്പാക്കാം. ഇലപ്പേൻ, മുഞ്ഞ, ശൽക്കകീടങ്ങൽ തുടങ്ങിയ സാധാരണ കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പെണ്ണ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചുകൊടുക്കാം. ഇതു വളരെ സുരക്ഷിതവും ഫലപ്രദവുമാണ്. ഏലച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം. ഉണങ്ങിയ ഇലകൾ നീക്കം ചെയ്യുന്നതു മറ്റ് ഇലകളുടെ പുഷ്ടി വർധിപ്പിക്കും.

വാഴയ്ക്ക് മൾച്ചിങ് ഫലപ്രദം

വാഴക്കന്ന്/തൈ നട്ടതിനു ശേഷമുള്ള ആദ്യമാസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. വാഴത്തോട്ടങ്ങളിൽ തുള്ളിനന രീതി വളരെ ഫലപ്രദമാണ്. ഒപ്പം പ്ലാസ്റ്റിക് പുതയിടീൽ കൂടി നടപ്പാക്കിയാൽ പൂർണമായും കളനിയന്ത്രണത്തോടൊപ്പം മണ്ണിലെ താപനില നിയന്ത്രിക്കുന്നതിനും ജലസംരക്ഷണത്തിനും സഹായകമാവും.

കൃത്യമായ വളപ്രയോഗത്തോടൊപ്പം ആവശ്യാനുസരണം സൂക്ഷ്മമൂലകങ്ങളും നൽകണം. കുമിൾ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. ഇലപ്പുള്ളി രോഗം, സിഗാടോക്ക രോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മാങ്കോസെബ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലകളുടെ മുകളിലും അടിയിലും തളിച്ചു നൽകുക. ചുവട്ടിൽ അധികം ഈർപ്പം ഒഴിവാക്കാനും ശ്രദ്ധ വേണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് കടചീയൽ രോഗത്തെ പ്രതിരോധിക്കും.

ഒരു വാഴയ്ക്ക് ആവശ്യമായ രാസവള പ്രയോഗം(ഗ്രാമിൽ)

മാസംയൂറിയരാജ്‌ഫോസ്മ്യൂറേറ്റ് ഓഫ് പൊട്ടാഷ്
ഒന്നാം മാസം8736196
രണ്ടാംമാസം65278100
മൂന്നാം മാസം65 100
നാലാം മാസം65 60
അഞ്ചാംമാസം65 60
കുലച്ചതിന്ശേഷം65  

കീടനിയന്ത്രണത്തിനായി ബ്യുവേറിയ ബാസിയാന 5 ഗ്രാം/ലിറ്റർ എന്ന അളവിൽ 10-15 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. 10 ഗ്രാം/ലിറ്റർ എന്ന അളവിൽ വെള്ളത്തിൽ കലർത്തി തടത്തിൽ ഒഴിച്ചുകൊടുത്ത് മാണപ്പുഴുവിനെ നിയന്ത്രിക്കാം.

കിഴങ്ങുവർഗങ്ങൾ; നടീൽക്കാലം- ട്രൈക്കോഡർമ്മയിൽ മുക്കിനടാം

മാർച്ച് മാസം കിഴങ്ങുവർഗങ്ങളുടെ നടീൽ ആരംഭിക്കാം. നല്ല നീർവാർച്ചയുള്ള, വളക്കൂറുള്ള സ്ഥലം തിരഞ്ഞെടുക്കണം. നടീൽവസ്തുക്കൾ ട്രൈക്കോഡർമ്മ ലായനിയിൽ മുക്കി ഉണക്കി നട്ടാൽ (20 ഗ്രാം/ലിറ്റർ) കുമിൾ രോഗങ്ങൾ കുറയും. വേപ്പിൻക്കുരു മിശ്രിതം പുരട്ടി നട്ടാൽ മണ്ണിലെ കീടാക്രമണവും കുറയ്ക്കാം. ഒരു തടത്തിൽ ചാണകപ്പൊടി- 1-2 കിലോ ഗ്രാം, കമ്പോസ്റ്റ്- ഒരു കിലോ ഗ്രാം, വേപ്പിൻപ്പിണ്ണാക്ക്- 100-200 ഗ്രാം, ജീവാണുവളങ്ങൾ എന്നിവ ചേർത്തതിനുശേഷം നടീൽ ആരംഭിക്കാം. വിത്ത് നട്ടതിനുശേഷം പുതയിടീൽ നിർബന്ധം. നടീൽ കഴിഞ്ഞയുടൻ ലഘുജലസേചനം നൽകണം. തുടർന്ന് 5-7 ദിവസത്തെ ഇടവേളകളിൽ ഈർപ്പം നിലനിർത്തുകയും വേണം. നട്ട് 30-45 ദിവസത്തിനകം ചുവട്ടിൽ മണ്ണടിപ്പിച്ചു കൊടുക്കണം. ജൈവവളത്തോടൊപ്പം പൊട്ടാഷ് കൂടി ചേർത്തു നൽകുക. ഇത് കിഴങ്ങിന്റെ വലുപ്പവും ഗുണവും മെച്ചപ്പെടുത്തും.

തെങ്ങിൻത്തോപ്പിൽ മൾട്ടി-ടയർ കൃഷി

തെങ്ങിൻത്തോപ്പിൽ മൾട്ടി-ടയർ കൃഷി നടപ്പാക്കുമ്പോൾ തെങ്ങ് ഏറ്റവും ഉയരം കൂടിയ വൃക്ഷം, ഇടത്തരം ഉയരത്തിലുള്ള വിളയായി വാഴ അല്ലെങ്കിൽ കുരുമുളക് പരിഗണിക്കാം. താഴ്ന്ന നിലയിൽ കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ എന്നിവയും. ഏറ്റവും താഴ്ന്ന ലെവലിൽ പയർ വർഗങ്ങളും പരിഗണിക്കാം. ഇങ്ങനെ വിവിധ ഉയരങ്ങളിൽ വ്യത്യസ്തമായ ഇടങ്ങളിൽ വളരുന്ന വിളകൾ ചേർന്നാൽ സ്ഥലത്തിന്റെ പരമാവധി ഉപയോഗം സാധ്യമാവും. ജലസേചനം ഏകോപിപ്പിച്ച് നൽകുകയും മൾച്ചിങ് നടത്തുകയും ജൈവവളങ്ങൾക്കു മുൻഗണനയും നൽകണം. ഓരോ വിളയ്ക്കും ആവശ്യമായ അളവിൽ സൂര്യപ്രകാശവും പോഷകവും ലഭിക്കുന്ന തരത്തിൽ അകലം പാലിക്കാൻ ശ്രദ്ധിക്കണം.

കണിവെള്ളരിക്ക് വളപ്രയോഗം പ്രധാനം

രാസവളം നൽകുമ്പോൾ വളം ചെടിയുടെ തണ്ടിൽ തൊടാതെ വേരുവട്ടത്തിനു ചുറ്റും വിതറി മണ്ണിട്ടു മൂടുക. വളം നൽകിയ ഉടൻ ലഘുജലസേചനം നൽകുക. മണ്ണിലെ ഈർപ്പം ലഘുജലസേചനത്തിലൂടെ സ്ഥിരമായി നിലനിർത്തണം. പ്ലാസ്റ്റ്ക്/ജൈവ മൾച്ചിങ് നിർബന്ധമായി നൽകി മണ്ണിന്റെ ചൂടു കുറയ്ക്കുക.

രോഗ-കീട നിയന്ത്രണം

മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം സാധാരണമാണ്. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം. കൂടാതെ, മഞ്ഞനിറത്തിലുള്ള സ്റ്റിക്കി ട്രാപ്പുകളും ഗുണം ചെയ്യും. കായീച്ച, ഇലതീനി പുഴുക്കൾ എന്നിവയുടെ ആക്രമണം രൂക്ഷമായാൽ വിളവിനെ നന്നായി ബാധിക്കും. ഇതു തടയുന്നതിനായി കായീച്ചക്കെണികൾ ഫലപ്രദമായി ഉപയോഗിക്കാം.

പൗഡറി മിൽഡ്യൂ, ഡൗണി മിൽഡ്യൂ എന്നിവ പ്രധാനമായി കണ്ടുവരുന്ന രോഗങ്ങളാണ്. ഇലകളിൽ വെളുത്ത പൊടി പോലെ കാണപ്പെടുന്നത് പൗഡറി മിൽഡ്യൂ രോഗലക്ഷണമാണ്. വെറ്റബിൾ സൾഫർ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കുന്നത് നല്ല നിയന്ത്രണം നൽകും. ഡൗണി മിൽഡ്യൂ രോഗത്തിന്റെ ലക്ഷണങ്ങൾ ഇലകളിൽ മഞ്ഞപ്പുള്ളികൾ കാണപ്പെടുകയും പിന്നീട് ഇലകൾ ഉണങ്ങുകയും ചെയ്യും. രോഗനിയന്ത്രണത്തിനായി മാങ്കോസെബ് 2 ഗ്രാം/ലിറ്റർ വെള്ളം എന്ന അളവിൽ കലർത്തി ഇലകളിൽ തളിക്കാം. വെള്ളക്കെട്ട് ഒഴിവാക്കുക. രോഗം ബാധിച്ച ഇലകൾ നീക്കം ചെയ്യുന്നതു രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നതും കൃഷിയിടത്തിൽ ശുചിത്വം പാലിക്കുന്നതും രോഗനിയന്ത്രണത്തിൽ പ്രധാനമാണ്.

വളപ്രയോഗം- ഒരു ചെടിക്ക് നൽകേണ്ട രാസവളം(ഗ്രാമിൽ)

സമയംയൂറിയസൂപ്പർ ഫോസ്‌ഫേറ്റ്മ്യൂറേറ്റ് ഒഫ് പൊട്ടാഷ്
നടീൽസമയം102512
20-25 ദിവസത്തിനുശേഷം10 10
പൂവിടുമ്പോൾ5 15

കമലം പഴങ്ങൾക്കും വേനൽ പരിചരണം

വേനൽക്കാലമായതിനാൽ മാർച്ച് മാസം ഡ്രാഗൺഫ്രൂട്ട് തോട്ടങ്ങൾക്ക് സമഗ്രപരിചരണം ശാസ്ത്രീയമായി ഉറപ്പാക്കണം. ഈ സസ്യം ക്യാക്റ്റസ് വർഗ്ഗമാണെങ്കിലും വ്യാപാര കൃഷിയിൽ സ്ഥിരമായ മിതമായ ഈർപ്പം ആവശ്യമാണ്. ഡ്രിപ്പ് ഇറിഗേഷൻ വഴി 5-7 ദിവസത്തെ ഇടവേളകളിൽ (മണ്ണിലെ ഈർപ്പം അനുസരിച്ച്) നിയന്ത്രിത ജലസേചനം നൽകാം. വെള്ളക്കെട്ട് ഒഴിവാക്കണം, ഇല്ലെങ്കിൽ വേര് ചീയലിന് കാരണമാകും. 8-10 കിലോഗ്രാം വരെ മണ്ണിര കമ്പോസ്‌റ്റോ മറ്റെതെങ്കിലും ജൈവവളമോ ചെടിയൊന്നിന് നൽകാം. പൂക്കാലത്തിന് മുന്നോടിയായി സൂക്ഷ്മമൂലക വളങ്ങൾ (സിങ്ക്, ബോറോൺ) ഇലകളിൽ തളിച്ചുക്കൊടുക്കുന്നത് പൂക്കളുടെയും കായകളുടെയും ഗുണമേന്മ മെച്ചപ്പെടുത്തും. കീടനിയന്ത്രണത്തിനായി വേപ്പെണ്ണ 3-5 മില്ലിലിറ്റർ തളിച്ചുക്കൊടുക്കാം. തോട്ടം ശുചിത്വം പാലിക്കൽ, ആവശ്യമായ അളവിൽ ശുപാർശ പ്രകാരം കുമിൾനാശിനി തളിക്കൽ എന്നിവ സ്വീകരിക്കണം. പ്രൂണിങ് വഴി അധികശാഖകൾ നീക്കം ചെയ്ത് വായുസഞ്ചാരവും സൂര്യപ്രകാശത്തിന്റെ ലഭ്യതയും ഉറപ്പാക്കാം.