കൃഷി ചെയ്ത് വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ കഴിക്കണം എന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം നമ്മുടെ ഇടയിലുണ്ട്. പലരും തങ്ങളെക്കൊണ്ടാകുന്നവിധത്തില്‍ നട്ടും നനച്ചും പോരുന്നു. എന്നാല്‍ ഇത് എപ്പോഴും പ്രായോഗിമാകണമെന്നില്ല. ഫ്‌ളാറ്റിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുകളുണ്ട്.  ബാല്‍ക്കണിയിലെ ഇത്തിരി സ്ഥലത്ത് കൃഷി ഒതുക്കേണ്ടിവരും. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും പ്രായോഗികമായി വളര്‍ത്തി എടുക്കാവുന്ന ഒന്നാണ് മൈക്രോഗ്രീനുകള്‍. കൃഷിസ്ഥലമോ വലിയ പരിചരണമോ, വളമോ, കീടനാശിനികളോ ഒന്നുമില്ലാതെ തന്നെ നമുക്കാവശ്യമായ ഇലക്കറികള്‍ അടുക്കളയിലോ, ബാല്‍ക്കണിയിലോ നമുക്ക് വളര്‍ത്തിയെടുക്കാം. 

To advertise here,

എന്താണ് മൈക്രോഗ്രീന്‍ 

വിത്ത് മുളച്ച് വരുന്ന വളരെ ചെറിയ തൈകളാണ് മൈക്രോഗീന്‍. മുളച്ച് 15 ദിവസത്തിനുള്ളില്‍ വിളവെടുക്കണം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. പയര്‍ അടക്കമുള്ളവ രണ്ടില്‍ അധികം ഇലകള്‍ വളര്‍ത്തിയും ഉപയോഗിക്കാവുന്നതാണ്. 

ചീരയക്കം നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഏത് ഇലക്കറിയേക്കാള്‍ പോഷകഗുണം മൈക്രോഗ്രീനുകള്‍ക്കുണ്ട്. നേരത്തെ തന്നെ പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്ന പതിവും പലര്‍ക്കുമുണ്ട്. എന്നാലിത് കുറച്ചുകൂടി വളര്‍ത്തണം എന്ന് മാത്രം.

എതെല്ലാം വിത്തുകള്‍ ഉപയോഗിക്കാം 

നമുക്ക് ലഭ്യമാകുന്ന എല്ലാ വിത്തുകളും മൈക്രോഗ്രീന്‍ തയ്യാറാക്കാനായി ഉപയോഗിക്കാം. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി എല്ലാ വിത്തും മൈക്രോഗ്രീന്‍ ആയി വളര്‍ത്തി എടുക്കാം. ഇതിന് പുറമേ ഉലുവ, കടുക് എന്നിവയും ഉപയോഗിക്കാവുന്നതാണ്. 

എങ്ങനെ വളര്‍ത്താം 

പ്ലാസ്റ്റിക് ട്രേ, ഗ്രോബാഗ്, ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിങ്ങനെ എന്തിലും ഇവ വളര്‍ത്താം. വളര്‍ത്തി എടുക്കാന്‍ മണ്ണോ, ചകരിച്ചോറോ നിര്‍ബന്ധമില്ല. പഴയ പത്രക്കടലാസ്, വൃത്തിയുള്ള തുണി എന്നിവയിലും മൈക്രോ ഗ്രീന്‍ വളര്‍ത്താം. മണ്ണിലും വളര്‍ത്താവുന്നതാണ്. 

തിരഞ്ഞെടുക്കുന്ന വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. മുളച്ച വിത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മാധ്യമത്തിലേയ്ക്ക് പാകാവുന്നതാണ്. മണ്ണോ, ചകിരിച്ചോറോ ആണ് നിറയ്ക്കുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. കൃത്യമായ നന ഇവയ്ക്ക് അത്യാവശ്യമാണ്. സ്‌പേ ഇതിനായി ഉപയോഗിക്കുന്നതാണ് ഉത്തമം. തുടക്കക്കാര്‍ ചെറിയ അളവില്‍ മാത്രം മുളപ്പിക്കുക. 

എങ്ങനെ ഉപയോഗിക്കാം 

സാധാരണയായി 10 മുതല്‍ 15 ദിവസം വരെയാണ് മൈക്രോഗ്രീനിന്റെ വളര്‍ച്ചാ കാലഘട്ടം. രണ്ടിലപ്രായത്തില്‍ വിളവെടുക്കുന്നതാണ് നല്ലത്. രണ്ടിലയില്‍ കുടുതല്‍ വളര്‍ന്നാല്‍ വേര് ഒഴിവാക്കി വേണം വിളവെടുക്കാന്‍. വേരിന് കൈയ്പ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മണ്ണിലോ, ചകിരിച്ചോറിലോ ആണ് വളര്‍ത്തിയെടുക്കുന്നതെങ്കിലും വേര് ഒഴിവാക്കുന്നതാണ് നല്ലത്. നമ്മള്‍ സാധാരണയായി ഇലക്കറികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ മൈക്രോഗ്രീനായി ഉപയോഗിക്കാം. ഇതിന് പുറമേ സാലഡില്‍ വേവിക്കാതെയും ഉപയോഗിക്കാവുന്നതാണ്.

Content Highlights: How to Grow Microgreens