
സ്വന്തം വീട്ടിൽ ഉത്പാദിപ്പിച്ച മൈക്രോഗ്രീനുമായാണ് അജയ് ഗോപിനാഥ് ഒരു ആഡംബര ഹോട്ടലിലെ ഷെഫിനെ കാണാൻ എത്തുന്നത്. കഴിച്ചു നോക്കിയ ഷെഫ് അതു അജയ് ഉത്പാദിപ്പിച്ചതാണെന്ന് ആദ്യം വിശ്വസിച്ചില്ല. ബെംഗളുരുവിൽ നിന്നോ മറ്റോ കൊണ്ടുവന്നതാണോ എന്നായിരുന്നു ചോദ്യം. ഗുണനിലവാരമുള്ള ഒരു യഥാർത്ഥ മൈക്രോഗ്രീനാണിതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഒപ്പം തന്റെ ഹോട്ടലിലേക്ക് ലഭ്യമാക്കുമോ എന്നും ചോദിച്ചു. അത് ആ കർഷകന് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മൈക്രോഗ്രീൻ കൃഷിയിലെ വഴിത്തിരിവ്. ഇന്ന് മൈക്രോഗ്രീൻ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വരുമാനം കണ്ടെത്തുകയാണ് അജയ്. എറണാകുളം സൗത്ത് ചിറ്റൂരിലെ തന്റെ വീട്ടിലെ 120 സ്ക്വയർ ഫീറ്റിൽ പ്രത്യേകം സജ്ജീകരിച്ച മുറികളിലാണ് മൈക്രോഗ്രീൻ കൃഷി. കൊച്ചി നഗരത്തിലെ ഹോട്ടലുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം മൈക്രോഗ്രീൻ എത്തിക്കുന്നു. 'ഗ്രോ ഗ്രീൻസ്' എന്ന ഈ സംരംഭത്തിന്റെ കഥ പങ്കുവെയ്ക്കുകയാണ് അജയ്....
ഹോട്ടലിൽനിന്ന് നാവിൽ കയറിയ സ്വാദ്
ബാങ്കിൽ ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലായിരുന്ന കാലത്താണ് ആദ്യമായി അജയ് മൈക്രോഗ്രീൻ പരിചയപ്പെടുന്നത്. "ജോലി ഉണ്ടായിരുന്ന സമയത്ത് ഒരു ഉച്ചഭക്ഷണ ഇടവേളയിൽ കഴിക്കാൻ പോയ ഹോട്ടലിൽനിന്നാണ് ആദ്യമായി മൈക്രോഗ്രീൻ കഴിക്കുന്നത്. കടുകിന്റെ ഇലയാണ് കിട്ടിയത്. കഴിച്ചപ്പോൾ കൊള്ളാമെന്ന് തോന്നി. അന്ന് കഴിച്ച മൈക്രോഗ്രീന്റെ സ്വാദ് ഏറെക്കാലം നാവിലുണ്ടായിരുന്നു. പിന്നീട് ജോലി രാജിവെച്ച് നാട്ടിലെത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് മൈക്രോഗ്രീൻ കിട്ടുമോ എന്നായിരുന്നു. എന്തുകൊണ്ടോ അന്നത് കേരളത്തിൽ അത് ലഭ്യമായിരുന്നില്ല. എങ്കിൽ ഉത്പാദിപ്പിച്ചാലോ എന്നായി ചിന്ത. ഇന്റർനെറ്റിലും യൂട്യൂബിലൊക്കെ തിരഞ്ഞു. യൂട്യൂബിലും മറ്റും വെള്ളത്തിലും ടിഷ്യു പേപ്പറിലും ന്യൂസ് പേപ്പറിലുമൊക്കെ വളർത്തുന്ന കുറേ വീഡിയോ കണ്ടു. ചെറുപയറും മറ്റുമെല്ലാമാണ് മുളപ്പിക്കുന്നത്. അതിനെ അനുകരിച്ച് വീട്ടിൽ തന്നെയുള്ള ചെറുപയർ മുളപ്പിക്കാൻ ശ്രമം നടത്തി. പക്ഷേ അത് വളർന്നില്ല. അതോടെ ഇതിങ്ങനെ ആയിരിക്കില്ലെന്ന് വിചാരിച്ചു.'- മൈക്രോഗ്രീൻ വളർത്താൻ തുടങ്ങിയതിനേക്കുറിച്ച് അജയ് ഓർത്തെടുത്തു.
വിദേശത്തുള്ള ഒരു സുഹൃത്തിനോട് മൈക്രോഗ്രീൻ കൃഷിയെക്കുറിച്ച് സംസാരിച്ചതാണ് കൃഷിയിൽ വഴിത്തിരിവായത്. ഇക്കാര്യത്തിൽ കാര്യമായ ധാരണയില്ലാതിരുന്ന തനിക്ക് കൃത്യമായ വഴികാണിച്ചു തന്നത് അദ്ദേഹമാണന്ന് പറയുന്നു അജയ്. 'യു.കെയിൽ മൈക്രോഗ്രീൻ വളർത്തുന്ന ഒരാളെ സുഹൃത്തുവഴി ബന്ധപ്പെട്ടു. എങ്ങനെ മൈക്രോഗ്രീൻ വളർത്തുന്നു എന്ന് മനസിലാക്കുകയായിരുന്നു ഉദ്ദേശം. എല്ലാവരും ഇട്ടത് മുളയ്ക്കുന്നു, പക്ഷേ ഞാൻ ഇട്ടത് മുളയ്ക്കുന്നില്ല. എന്താണ് പ്രശ്‌നമെന്ന് അറിയണമെന്ന് തോന്നി. അന്ന് പുള്ളി പങ്കുവെച്ച അറിവ് വിലപ്പെട്ടതായിരുന്നു. ചെറുപയർ എങ്ങനെ മൈക്രോഗ്രീൻ ആകും എന്നാണ് പുള്ളി ചോദിച്ചത്. വീട്ടിൽ ഇരിക്കുന്ന കഴിക്കാനായുള്ള ധാന്യങ്ങൾ മാത്രമാണ് ചെറുപയർ, അത് ഒരിക്കലും മൈക്രോഗ്രീൻ വിത്താകില്ലെന്ന് പുള്ളി പറഞ്ഞു. അപ്പോഴാണ് ഞാനും അതിനേക്കുറിച്ച് ചിന്തിച്ചത്. അതോടെ കൂടുതൽ പഠിച്ചപ്പോഴാണ് ഇതൊരു വലിയ ലോകമാണെന്ന് തിരിച്ചറിഞ്ഞത്. മൈക്രോഗ്രീൻ വളർത്തുന്നതിനേക്കുറിച്ച് അതുവരെ കേട്ടിട്ടുപോലുമില്ലാത്ത വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. അത് വലിയ വഴിത്തിരിവായി.'- അദ്ദേഹം വിശദീകരിച്ചു.

ഒറ്റമുറിയിൽ ആരംഭിച്ച വിപ്ലവം
മൈക്രോഗ്രീൻ വളർത്താൻ തുടങ്ങിയ കാലത്ത് നല്ല വിത്ത് കിട്ടാനുണ്ടായിരുന്നില്ലെന്ന് പറയുന്നു അജയ്. മൈക്രോഗ്രീൻ വളർത്താൻ അതിന്റെ വിത്തുകൾ തന്നെ വേണം. ആ വിഭാഗത്തിൽ വിത്തുകൾ കേരളത്തിൽ ലഭ്യമായിരുന്നില്ല. ഇവ വളർത്താൻ പ്രത്യേക ട്രേകൾ വേണമായിരുന്നു. ഒപ്പം പ്രകാശം ക്രമീകരിക്കണം, കൃത്യമായ ഈർപ്പം വേണം, വളർത്താനുള്ള മീഡിയമായ കൊക്കോപ്പീറ്റ് ഒരുക്കണം, അതിന്റെ പി.എച്ച്. ക്രമീകരിക്കണം എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മനസിലാക്കി. അതോടെ ഒരിക്കലും ഇത് പുറത്തെ കാലാവസ്ഥയിൽ വളർത്തിയെടുക്കാൻ സാധിക്കില്ലെന്ന് മനസിലായി. എന്നാൽ വീട്ടിനുള്ളിലാണെങ്കിൽ എല്ലാകാര്യങ്ങളും ക്രമീകരിക്കാൻ സാധിക്കും. അതേപോലെ പ്രാണികളുടെ ആക്രമണം പൂർണമായും ഒഴിവാക്കാം. ഇതോടെ അതിന് വേണ്ടി ഒരുപാട് കാര്യങ്ങൾ സജ്ജീകരിക്കേണ്ടിവന്നു. ഒടുവിൽ മൂന്ന് വർഷംകൊണ്ടാണ് ശരിക്കുമൊരു മൈക്രോഗ്രീൻ വളർത്തിയെടുക്കാൻ സാധിച്ചത്.
വീട്ടിനുള്ളിൽ ഒരു മുറിയിലാണ് ആദ്യം മൈക്രോഗ്രീൻ വളർത്തി തുടങ്ങിയത്. പ്ലാസ്റ്റിക് ട്രേയിൽ ചകിരിച്ചോർ നിറച്ച ശേഷം വിത്ത് പാകുന്നതായിരുന്നു രീതി. മൈക്രോഗ്രീന് വളരാൻ ആവശ്യമായ താപനിലയും ഈർപ്പവുമെല്ലാം ക്രമീകരിച്ചു. ഇതിനായി എ.സി, എൽ.ഇ.ഡി ബൾബുകൾ, ഡീ ഹുമിഡിഫയർ എന്നിയെല്ലാം സജ്ജീകരിച്ചു. വിത്ത് പാകി ഏഴ് മുതൽ 14 ദിവസത്തിനുള്ളിൽ മൈക്രോഗ്രീൻ വിളവെടുക്കാം. 'ഒരു ട്രേയിൽനിന്ന് 400-500 ഗ്രാം വിളവ് ലഭിച്ചിരുന്നു. എല്ലാ ദിവസം അത്യാവശ്യം വിളവ് ലഭിച്ചിരുന്നു. ഞാനും കുടുംബവും ഉപയോഗിച്ച ശേഷമുള്ളത് പാഴായി പോകുന്ന സാഹചര്യമായിരുന്നു. ഇത് ഒഴിവാക്കാൻ വീട്ടിൽ ഉത്പാദിപ്പിക്കുന്ന മൈക്രോഗ്രീൻ അയൽക്കാർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. തുടക്കത്തിൽ അവർ വാങ്ങി ഉപയോഗിച്ചു. പക്ഷേ പിന്നീട് സൗജന്യമായി വേണ്ട, പണം നൽകി വാങ്ങാം എന്നായി അവർ. എന്തുകൊണ്ട് വിൽക്കുന്നില്ല എന്നായിരുന്നു ചോദ്യം. പക്ഷേ, ആ ഘട്ടത്തിൽ ഞാൻ വാണിജ്യാടിസ്ഥാനത്തിൽ വളർത്തി തുടങ്ങിയിരുന്നില്ല. നല്ലൊരു ഉത്പന്നം കഴിക്കാനുള്ള ആഗ്രഹംകൊണ്ട് ഒരു വാശിപ്പുറത്ത് തുടങ്ങിയതായിരുന്നു ഇത്. അവർ അങ്ങനെ പറഞ്ഞപ്പോൾ ഉത്പാദനം വർധിപ്പിച്ചു.'-ചെറിയ തോതിൽ വിൽപ്പന ആരംഭിച്ചതിനേക്കുറിച്ച് അജയ് ഓർത്തെടുത്തു.
വീട്ടിൽ വെൽഡിങ് പണികൾക്കായി വന്നയാളാണ് അജയ്ക്ക് മറ്റൊരു വഴി തുറന്നു കൊടുത്തത്. വെൽഡിങ് നടത്തിയ ആൾ ഇത് എന്തിന് വേണ്ടിയാണെന്ന് ചോദിച്ചു. മൈക്രോഗ്രീൻ വളർത്താൻ ആണ് എന്ന് പറഞ്ഞപ്പോൾ അതിനേക്കുറിച്ച് അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതോടെ ഇതിനെപ്പറ്റി വിശദീകരിച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കാറുണ്ടോ എന്നായിരുന്നു അയാളുടെ മറ്റൊരു ചോദ്യം. ഉപയോഗിക്കുമെന്ന് പറഞ്ഞതോടെ അയാൾക്ക് പരിചയമുള്ള ഒരു ഷെഫിനെ പരിചയപ്പെടുത്തി. അയാൾ പറഞ്ഞ പ്രകാരം മൈക്രോഗ്രീനുമായി ഹോട്ടലിൽ പോയി ഷെഫിനെ കണ്ടു. കൊണ്ടുപോയ സാമ്പിൾ കഴിച്ചിട്ട് ഇത് എവിടെ നിന്നാണെന്ന് ഷെഫ് ചോദിച്ചു. വീട്ടിലുണ്ടാക്കിയതാണെന്ന് പറഞ്ഞിട്ട് ആദ്യം അദ്ദേഹം വിശ്വസിച്ചില്ല. നല്ല ഗുണമേന്മയുണ്ടെന്നും ഇതൊരു റിയൽ മൈക്രോഗ്രീനാണും അദ്ദേഹം പറഞ്ഞു. അന്നാണ് ഞാനും തിരിച്ചറിഞ്ഞത്, ഞാൻ ഉണ്ടാക്കുന്നത് ഒരു റിയൽ മൈക്രോഗ്രീനാണെന്ന്.-അജയ് അക്കാര്യം വിശദീകരിച്ചു.
ഷെഫ് അത് പറഞ്ഞപ്പോൾ ആത്മവിശ്വാസം വർധിച്ചുവെന്ന് പറയുന്നു അജയ്. നിലവിൽ ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന മൈക്രോഗ്രീനാണ് ഹോട്ടലിൽ ഉപയോഗിക്കുന്നതെന്നും ഇത് ലഭ്യമാക്കുമോ എന്ന ഷെഫിന്റെ ചോദ്യം പുതിയ തുടക്കമായി. ഹോട്ടലിൽ മൈക്രോഗ്രീൻ നൽകി തുടങ്ങി. തുടക്കത്തിൽ ഇവർ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് മൈക്രോഗ്രീൻ ഹോട്ടലിൽ എത്തിച്ചത്. ഷഫ് ഇക്കാര്യം പല സ്ഥലത്തും പങ്കുവെച്ചു, അവരുടെ ഗ്രൂപ്പുകളിലടക്കം. അവിടെനിന്നാണ് ഇത് വാണിജ്യാടിസ്ഥനത്തിൽ വളരുന്നത്. തുടർന്ന് ഫാമായി തന്നെ തുടങ്ങുകയും ലൈസൻസ് ഉൾപ്പെടെ എടുക്കുകയും ചെയ്തു.

പ്രതിദിനം പത്ത് കിലോ വരെ വിളവ്
64 സ്ക്വയർ ഫീറ്റിലാണ് മൈക്രോഗ്രീൻ കൃഷി ആരംഭിച്ചത്. പിന്നീട് ഇത് വികസിപ്പിച്ചു. ഇപ്പോൾ 120 സ്ക്വയർ ഫീറ്റിലാണ് മൈക്രോഗ്രീൻ വളർത്തുന്നത്. മൈക്രോഗ്രീൻ വളർത്താൻ ആവശ്യമുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ അത്യാവശ്യം പണം ചെലവായി എന്ന് പറയുന്നു അജയ്. വിത്ത് ശേഖരിക്കാനടക്കം ഒരുപാട് യാത്രകൾ നടത്തി. എന്നാൽ കൃഷി വികസിപ്പിക്കുന്ന ഘട്ടത്തിൽ വലിയ ചെലവ് വന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുകൂലമായ വിത്തുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. റാഡിഷ്, സൂര്യകാന്തി, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ബ്രോക്കോളി എന്നിവയെല്ലാം ചെയ്തു. കുറച്ചുകൂടി നിറങ്ങളുള്ള ഇനങ്ങളാണ് ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുക. അതിന് ചീരയുടെ ചില ഇനങ്ങൾ, മുള്ളങ്കിയുടെ വിവിധ ഇനങ്ങൾ കടുക്, പാക്ചോയി, കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോൺ, ബ്രോക്കോളി, കോളിഫ്‌ളർ എന്നിങ്ങനെ വിവിധ വിത്തുകൾ ഉപയോഗിക്കുന്നു.
വിത്തുകൾ പല വിലയിലുള്ളവയാണ്. കിലോയ്ക്ക് 600 രൂപ മുതൽ 1.25 ലക്ഷം വരെ വിലയുള്ളവയുണ്ട്. എന്നാൽ ഏതാണ്ട് 5000 രൂപയ്ക്കുള്ളിൽ വരെയുള്ള വിത്തുകളാണ് ഉപയോഗിക്കുന്നത്. വെർട്ടിക്കൽ ഫാമിങ് രീതിയിലാണ് മൈക്രോഗ്രീൻ വളർത്തുന്നത്. എൽഇഡി ലൈറ്റുകൾ പ്രകാശത്തിനായി ക്രമീകരിച്ചിട്ടുണ്ട്. എസി ഹ്യുമിഡി ഫയറുണ്ട്. മൈക്രോഗ്രീൻ ആവശ്യപ്പെട്ട് ഒരുപാട് പേര് അന്വേഷിച്ചുവരുന്നുണ്ട്. ഇതിന് പുറമേ, ഹോട്ടലുകൾ, സ്‌കൂളുകൾ ആശുപത്രികൾ, സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ എന്നിവടങ്ങളിലെല്ലാം മൈക്രോഗ്രീൻ കൊടുക്കുന്നു. ഇപ്പോൾ പ്രതിദിനം 8 മുതൽ പത്ത് കിലോ വരെയാണ് ഉത്പാദനം. മാസത്തിൽ 25 ദിവസം വിളവെടുക്കാം. ഒരു കിലോയ്ക്ക് 1500 രൂപ മുതലാണ് വില. ഇതിന് പുറമേ മൈക്രോഗ്രീൻ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് പരിശീലനും അജയ് നൽകുന്നുണ്ട്. ഒപ്പം ഇവ വളർത്താനുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ച് നൽകുകയും ചെയ്യും. വിത്തടക്കം ഫാമിലേക്ക് ആവശ്യമായതെല്ലാം അജയ് തന്നെ ക്രമീകരിക്കും. കേരളത്തിലെ വിവിധ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ഇത്തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്.

വെല്ലുവിളികൾ ചെറുതല്ല
വിത്തു വിതയ്ക്കുമ്പോൾ മുതൽ വിളവെടുക്കുമ്പോൾ വരെ കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ വേണം മൈക്രോഗ്രീൻ പരിചരിക്കാനെന്നാണ് അജയ് പറയുന്നത്. 'മൈക്രോഗ്രീൻ വളർത്താൻ വളരെ എളുപ്പമാണെന്നാണ് പൊതുവേയുള്ള ധാരണ. വിത്തിട്ട് മുളപ്പിച്ച് ഏഴാം ദിവസം കട്ട് ചെയ്ത് കഴിക്കാമെന്നാണ് പലരും കരുതുന്നത്. പക്ഷേ അത് അത്രയ്ക്ക് എളപ്പമല്ല. പ്രത്യേകിച്ച് നമ്മൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. വളർത്തുന്നതിലും അതുപോലെ തന്നെ വില്പനയുടെ കാര്യത്തിലും വെല്ലുവിളികളുണ്ട്. ചെടികൾ വളഞ്ഞുപോകാൻ പാടില്ല, ചെടിയുടെ തണ്ടിന് കൃത്യമായ വണ്ണം വേണം, ഇലകൾ എത്ര വലുതായിരിക്കണം, ഉയരം കൃത്യമായിരിക്കണം എന്നിങ്ങനെ ഒരുപാട് കണ്ടീഷൻസുണ്ട്. വളർത്തുന്ന രീതി എപ്പോഴും ഒരുപോലെ ആയാൽ മാത്രമേ നമുക്ക് ഓരോ വട്ടവും ഗുണമേന്മയുള്ള മൈക്രോഗ്രീൻ ലഭിക്കുകയുള്ളൂ. ഗുണമേന്മ ഉറപ്പാക്കിയേ മതിയാകൂ. കാരണം ഓരോ തവണയും ഒരേ രുചി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ മൈക്രോഗ്രീൻ വളർത്താനുള്ള രീതി ഓരോന്നിനും ഓരോ ടൈപ്പാണ്. എല്ലാം ഒരേപോലെയല്ല.'- അദ്ദേഹം വിശദീകരിച്ചു.
'മൈക്രോഗ്രീൻ വളർത്താൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ശ്രദ്ധിക്കണം. വളർത്തുന്ന മീഡിയവും പ്രധാനമാണ്. നല്ല നിലവാരമുള്ള കോക്കോപിറ്റ് ഇതിനായി വേണം. ഇതെല്ലാം വെച്ച് വളർത്തിയാലും ഡംപിങ് ഓഫ് എന്ന പ്രശ്‌നം മൈക്രോഗ്രീന് ഉണ്ടാകാറുണ്ട്. വെറുതേ നിൽക്കുമ്പോഴും ചെടി ചെരിഞ്ഞു വീഴാം. ഇതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. വെള്ളം ഒഴിക്കുമ്പോൾ കൂടിയാലും കുറഞ്ഞാലും അത് സംഭവിക്കാം. താപനില കൂടിയാലും കുറഞ്ഞാലും ഉണ്ടാകാം. ഈർപ്പത്തിന്റെ പ്രശ്‌നം കൊണ്ട് സംഭവിക്കാം. വിതയ്ക്കുമ്പോൾ വിത്തിന്റെ സാന്ദ്രത കൂടിപ്പോയാലും ഉണ്ടാകാം. മൈക്രോഗ്രീൻ കൃഷി ചെയ്യുന്നതിന് ഒരു കണക്കുണ്ട്. ആ കണക്ക് വെച്ച് മാത്രമേ ഇത് ചെയ്യാനാകൂ. ആ കണക്ക് ഓരോ വിത്തിനും ഓരോന്നാണ്. ശാസ്ത്രീയമായി വിദഗ്ധർ പറയുന്ന രീതി പാലിച്ചാൽ മാത്രമേ നമുക്ക് നല്ല ഗുണം ലഭിക്കുകയുള്ളു. ഇല്ലെങ്കിൽ നമ്മൾ ഏത് ചെടിയും കഴിക്കുന്നത് പോലെയുള്ളൂ.'- അജയ് പറഞ്ഞു നിർത്തി.
വിവരങ്ങൾക്ക് : അജയ് ഗോപിനാഥ് - 73062 99044
Content Highlights: Microgreen Revolution: How a Former Banker Earns ₹15,000 Daily in Kochi
Published: 17 Aug 2025, 10:40 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented