ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന സസ്യജന്യ ഉത്പന്നങ്ങളുടെ വിപണി വലിയ തോതിൽ വളരുകയാണ്. മുരിങ്ങയില ഉത്പന്നങ്ങൾക്കുപുറകേ പേരയില ഉത്പന്നങ്ങളും ഈ മേഖലയിൽ ചുവടുറപ്പിക്കുകയാണ്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഘടകങ്ങൾ പേരയിലയിലുണ്ടെന്ന കണ്ടെത്തലാണ് ഇതിനു കാരണം.
മലയാളിയുടെ വീട്ടുവളപ്പിൽ സാധാരണയായി കാണുന്ന ഫലവൃക്ഷമാണിത്. പേരയില ശേഖരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി പ്രാദേശികമായും രാജ്യാന്തരതലത്തിലും വിപണി കണ്ടെത്താവുന്നതാണ്.
ജീവിതശൈലി രോഗങ്ങൾക്ക്
പാരമ്പര്യചികിത്സയുടെ ഭാഗമായി പേരയില പല രാജ്യത്തും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ പ്രിയമേറാൻ കാര്യം അതിന്റെ ആരോഗ്യപരമായ ഗുണങ്ങളെ സംബന്ധിച്ച് കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായിട്ടുള്ള പഠനഫലങ്ങളും അതിന് ആഗോളതലത്തിൽ ലഭിച്ച പ്രചാരവുമാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐസിഎആർ) കീഴിലുള്ള സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ ഗവേഷണമനുസരിച്ച് പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, സൾഫർ, സോഡിയം, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, വിറ്റാമിൻ സി, ബി, ഇ തുടങ്ങിയ പോഷകങ്ങളടങ്ങിയിട്ടുണ്ട്.
ഉണങ്ങിയ പേരയിലയിൽ 9.73 ശതമാനം പ്രോട്ടീനും കാണപ്പെടുന്നു. പഠനങ്ങളനുസരിച്ച് പേരയിലയിലുള്ള ക്വേഴ്‌സെറ്റിൻ ഉൾപ്പെടെയുള്ള ജൈവസംയുക്തങ്ങൾക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ബ്ലഡ് ഷുഗർ കുറയ്ക്കാനും ഇതിനാവും. ഇതിലെ ജൈവസംയുക്തങ്ങൾ നിരോക്‌സീകാരികളായും പ്രവർത്തിക്കുന്നു.
ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ദഹനശേഷി മെച്ചപ്പെടുത്താനും ഈ ഘടകങ്ങൾക്കാവുമെന്ന് പഠനത്തിലുണ്ട്. ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് ഔറോ പ്രെടോയുടെ പഠനമനുസരിച്ച് പേരയിലയിലെ ഘടകങ്ങൾ രക്തസമ്മർദം കുറയ്ക്കും.
കോസ്മെറ്റിക് വ്യവസായത്തിലും
സ്‌കിൻ ക്രീമുകളും മുഖക്കുരു ക്രീമുകളുമുണ്ടാക്കാൻ പേരയില സത്തും പൊടിയും ഉപയോഗിക്കുന്നുണ്ട്. ഇൻഡൊനീഷ്യയിലെ വിവിധ സർവകലാശാലകളിൽ നടത്തിയ പഠനമനുസരിച്ച് ഫിനോളിക് ആസിഡുകൾ, ഫ്‌ളേവനോയിഡുകൾ, ആൽക്കലോയിഡുകൾ, സാപ്പോണിനുകൾ, ടാനിനുകൾ എന്നിവ ത്വക് സൗന്ദര്യം കൂട്ടാൻ ശേഷിയുള്ളവയാണ്.
ശരീരവീക്കം കുറയ്ക്കാനും ഇവയ്ക്കാവും. താരൻ മാറാനും മുടിക്ക് ഉറപ്പേകാനും പേരയിലയിലെ ഘടകങ്ങൾ സഹായിക്കും. പേരയില സത്ത് 'മൗത്ത് റിൻസ്' ആയി ഉപയോഗിച്ചാൽ അണുബാധകൊണ്ടുണ്ടാകുന്ന ദന്തരോഗങ്ങളെ അകറ്റാനാവുമെന്ന് മണിപ്പാൽ കോളേജ് ഓഫ് ഡെന്റൽ സയൻസസ് നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ടൂത്ത്പേസ്റ്റിൽ ചേർക്കാനും ഇത് ഉത്തമമാണ്.
മത്സ്യക്കൃഷിയിൽ ചില ബാക്ടീരിയബാധകൾ ഇല്ലാതാക്കാൻ പേരയില സത്ത് സഹായിക്കുമെന്നാണ് ബംഗ്ലാദേശിലെ ജഷോർ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ കണ്ടെത്തൽ.
വിപണിയിൽ മുന്നേറ്റം
പേരയില തണലത്തോ ഡ്രയറിലോ വെയിലത്തോ ഉണക്കി പൊടിച്ചുണ്ടാക്കുന്ന ഗുവാ ലീഫ് പൗഡർ ഉപയോഗിച്ച് ഉണ്ടാക്കുന്ന കാപ്സ്യൂളും ടാബ്ലറ്റും പേരയിലയുടെ സത്ത്, പേരയില പൗഡർ നിറച്ച ഡിപ്പ് ടീ എന്നിവയാണ് മാർക്കറ്റിൽ പ്രിയമേറുന്ന ഉത്പന്നങ്ങൾ. ഉണക്കയിലയായും വിൽക്കുന്നുണ്ട്.
ഗുവാ ലീഫ് പൗഡറിനാണ് ഏറ്റവും ആവശ്യക്കാർ. ഉത്പാദകരിൽനിന്നും കിലോയ്ക്ക് 300 മുതൽ 500 രൂപയ്ക്ക് ഗുവാ പൗഡർ വാങ്ങുന്നു. ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപവരെ ഇതിനു വിലയുള്ളപ്പോൾ വിദേശവിപണിയിൽ കിലോയ്ക്ക് 3000 രൂപയിലേറെ വില ലഭിക്കും.
ഇന്ത്യയിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഗുവാ ലീഫ് പൗഡർ ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്. കയറ്റുമതിയിൽ ചൈന, ഇന്ത്യ, ഈജിപ്ത്, യുഎസ്എ, സ്‌പെയിൻ, ജർമ്മനി എന്നിവയാണ് മുന്നിൽ. ഇറക്കുമതിയിലാവട്ടെ യുഎസ്എ, ജർമനി, ജപ്പാൻ, ഫ്രാൻസ് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.
ആവശ്യക്കാർ ലീഫ് പൗഡറിന്
വെരിഫൈഡ് മാർക്കറ്റ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് 2024-ൽ പേരയില ഉത്പന്നങ്ങളുടെ ആഗോളവിപണി 411 ദശലക്ഷം അമേരിക്കൻ ഡോളറിന്റേതായിരുന്നു. 2030-ഓടെ ഇത് 665 ദശലക്ഷം അമേരിക്കൻ ഡോളർ പിന്നിടും. മാലിന്യങ്ങളും കീടനാശിനിയുടെ അവശിഷ്ടങ്ങളും ഈർപ്പവും ഒട്ടുമില്ലാത്തവിധം പായ്ക്ക്‌ചെയ്ത ലീഫ് പൗഡറിനുമാത്രമേ വിദേശ വിപണിയിൽ സ്വീകാര്യതയുള്ളൂ.
പാരമ്പര്യ രീതിയിൽ ഉത്പാദിപ്പിച്ചതിനെക്കാൾ വിപണിമൂല്യം ജൈവരീതിയിൽ വിളയിച്ചതിനാണ്. അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്‌സ്‌പോർട്ട് ഡിവലപ്മെന്റ് അതോറിറ്റി ഗുവാ ലീഫ് പൗഡർ കയറ്റുമതിക്കു വേണ്ട പിന്തുണ നൽകുന്നുണ്ട്. പേരയില ഉത്പന്നങ്ങളുടെ ഇന്ത്യൻ വിപണിയുടെ വ്യാപ്തി സംബന്ധിച്ച രേഖകൾ ലഭ്യമല്ലെങ്കിലും ഗുവാ ലീഫ് പൗഡർ, കാപ്സ്യൂൾ, ടാബ്ലെറ്റ് എന്നിവയ്ക്ക് ഓൺലൈൻ വിപണികളിൽ പ്രിയമേറിവരുന്നുണ്ട്.
കേരളത്തിൽ പേരയുടെ വാണിജ്യകൃഷി ചെയ്യുന്നവരേറെയില്ല. എന്നാൽ, വീട്ടുവളപ്പുകളിൽ സർവസാധാരണയായി കാണുന്ന ഫലവൃക്ഷമാണിത്. അതുകൊണ്ടുതന്നെ പേരയില ശേഖരിച്ച് ഉത്പന്നങ്ങളാക്കി അതിന് പ്രാദേശികമായും രാജ്യാന്തരതലത്തിലും വിപണി കണ്ടെത്താവുന്നതാണ്.
Content Highlights: Discover the growing global market for guava leaf products.
Published: 16 Jun 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented