നാടൻ പഴവർഗങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയങ്കരമാണ് പേരയ്ക്ക. ഇതിന്റെ യഥാർഥ ഗുണം മനസ്സിലാക്കിയാൽ വീട്ടുമുറ്റത്തെ പേരയ്ക്കക്ക് നൽകുന്ന പരിപാലനവും കൂടും. വിറ്റാമിൻ എ, സി, മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടം. പേരയ്ക്ക മാത്രമല്ല ഇതിന്റെ ഇലകളും ഏറെ ഗുണമുള്ളതാണ്. ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഏറെ ഫലപ്രദം. പേരയില ഇട്ട് തിളപ്പിച്ച വെളളം ആരോഗ്യസംരക്ഷണത്തിന്ന നല്ലതാണ്.

To advertise here,

കൃഷിരീതി : മണ്ണ് നന്നായി കിളച്ചൊരുക്കി രണ്ടരയടി നീളവും വീതിയും താഴ്ചയുമുളള കുഴിയെടുക്കണം. കാൽ കിലോഗ്രാം കുമ്മായം ചേർത്ത് മണ്ണ് ഇളക്കിച്ചേർക്കുക. രണ്ടാഴ്ചയ്ക്കുശേഷം 15 കിലോഗ്രാം പൊടിഞ്ഞ കാലിവളവും കാൽ കിലോഗ്രാം രാജ്‌ഫോസ് അല്ലെങ്കിൽ എല്ലുപൊടിയും മേൽമണ്ണും ചേർത്ത് കുഴിമുക്കാൽ ഭാഗം നിറയ്ക്കണം. രണ്ടാഴ്ച നേർത്ത നന നൽകാം.

ഇനങ്ങൾ : അലഹാബാദ് സഫേദ്, അർക്ക കിരൺ, തായ്‌വാൻ പിങ്ക്, തായ്‌വാൻ റെഡ്, വി.എൻ.ആർ., മലേഷ്യൻ റെഡ് തുടങ്ങിയവ രുചി കൂടിയ ഇനങ്ങൾ എയർ ലെയറിങ് ചെയ്ത തൈകൾ നടാൻ തിരഞ്ഞെടുക്കണം. നനയ്ക്കാൻ സാധിക്കുമെങ്കിൽ ഏത് സമയത്തും നടാം.

വളം : നട്ട് ആറ് മാസത്തിനുളളിൽ 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 250 ഗ്രാം രാജ്‌ഫോസും നൽകണം. രണ്ടാം വർഷം ഇതേ വളം രണ്ട് പ്രാവശ്യമായി നൽകണം. മൂന്നാം വർഷം മുതൽ 400 ഗ്രാം വീതം യൂറിയയും പൊട്ടാഷും രാജ്‌ഫോസും മൂന്ന് തവണകളായി നൽകാം. ഒപ്പം 50 ഗ്രാം സൂക്ഷ്മവളങ്ങൾ ഒരോ വർഷവും നൽകണം. വളർച്ചയെത്തിയ മരത്തിനു വർഷം തോറും 80 കിലോഗ്രാം പൊടിഞ്ഞ ജൈവവളം നിർബന്ധം. ശീമക്കൊന്നയില പുതയിടാനായി ഉപയോഗിക്കണം. വളം നൽകുന്നതോടൊപ്പം പ്രധാനമാണ് കൊമ്പുകോതൽ. വെയിൽ എല്ലായിടത്തും കിട്ടത്തക്കവിധം കൊമ്പ് കോതണം. മരത്തിന് ഒരു മീറ്റർ ഉയരമെത്തുമ്പോൾ ശിഖരങ്ങൾ മുറിച്ച് വളർച്ച നിയന്ത്രിച്ചു തുടങ്ങണം. വിളവെടുത്തശേഷം കൊമ്പുകോതൽ നിർബന്ധമാണ്.

കീടരോഗ നിയന്ത്രണം : കാൽസ്യത്തിന്റെ അപര്യാപ്തത ഒഴിവാക്കുന്നതിനായി കാൽസ്യം നൈട്രേറ്റ് അഞ്ച് ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി സ്‌പ്രേ ചെയ്യാം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത ലായനി തളിക്കുന്നതു ഉണക്കം ഒഴിവാക്കുന്നതിന് സഹായിക്കും. അഞ്ചുലിറ്റർ വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കീടാക്രമണം തടയും.