ഴുതയെ വളര്‍ത്തി പരിപാലിച്ചും പണമുണ്ടാക്കാമെന്ന് കാണിച്ചുതരികയാണ് രാമമംഗലത്തെ യുവ ഐ.ടി. പ്രൊഫഷണല്‍ എബി ബേബി. രാമമംഗലം വലിയമറവത്ത് എബിയുടെ ഫാമില്‍ ഇപ്പോള്‍ 21 കഴുതകളുണ്ട്. അതില്‍ ആണ് (ജാക്ക്) ഒന്ന് മാത്രം, ബാക്കിയെല്ലാം പെണ്‍ (ജെന്നി) വര്‍ഗത്തില്‍പ്പെട്ടതാണ്. അതില്‍ ഏഴെണ്ണം രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് കൊണ്ടുവന്ന 'പോയിറ്റു' എന്ന ഫ്രഞ്ച് ഇനമാണ്. കാഴ്ചയില്‍, വലിപ്പത്തില്‍ കുതിരയെപ്പോലിരിക്കും.

To advertise here,

കഴുതപ്പാലിനെന്നപോലെ കഴുതമൂത്രത്തിനും നല്ല ഡിമാന്‍ഡാണെന്ന് എബി പറയുന്നു. പാലിന് ലിറ്ററിന് 4,500 മുതല്‍ 5,000 രൂപ വരെ വിലയുള്ളപ്പോള്‍ മൂത്രത്തിന് ലിറ്ററിന് 500 രൂപ കിട്ടും. 'സിദ്ധ' വൈദ്യത്തിലാണ് മൂത്രത്തിന് പ്രിയം.

അതേസമയം, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായാണ് എബി പാല്‍ ഉപയോഗിക്കുന്നത്. അപൂര്‍വമായി ചിലര്‍ക്ക് പാലും നല്‍കാറുണ്ട്. വില 30 എം.എല്ലിന് 350 രൂപ. പശുവിന്‍പാലിലും ആട്ടിന്‍പാലിലും പ്രോട്ടീനുകളാണ് പ്രധാനമെങ്കില്‍, കഴുതപ്പാലില്‍ അടങ്ങിയിട്ടുളള അപൂര്‍വ മൂലകങ്ങള്‍ (ട്രേസ് എലിമെന്റ്സ്), വിറ്റാമിനുകള്‍, മിനറല്‍സ് തുടങ്ങിയവ സൗന്ദര്യ വര്‍ദ്ധകങ്ങള്‍ക്ക് അനിവാര്യമാണെന്ന് എബി പറയുന്നു.

ബെംഗളൂരുവില്‍ വന്‍കിട ഐ.ടി. കമ്പനിയില്‍ മാനേജരായിരുന്ന എബി, ജീവിതയാത്രയിലുണ്ടായ വലിയ പതനത്തില്‍ നിന്ന് കരകയറാനുള്ള വഴി തേടിയാണ് 'കഴുതവളര്‍ത്തല്‍' എന്ന തൊഴിലിലേക്കെത്തിയത്.

വിശുദ്ധ വേദപുസ്തകത്തില്‍ വായിച്ച 'ഇയോബിന് ആയിരം പെണ്‍കഴുതകളുണ്ടായിരുന്നു' എന്നും 'ഇയോബിന്റെ പെണ്‍മക്കള്‍ സുന്ദരികളായിരുന്നു' എന്നുമുള്ള പരാമര്‍ശങ്ങളാണ് കഴുതയും സൗന്ദര്യവും തമ്മിലുള്ള ബന്ധത്തിലേക്ക് വഴികാട്ടിയതെന്ന് എബി പറയുന്നു.

അങ്ങനെയിരിക്കെയാണ് ഇന്ത്യന്‍ ആര്‍മിയില്‍ മേജറായി വിരമിച്ച മണ്ണുത്തി ഗവ. വെറ്ററിനറി കോളേജിലെ അസി. സര്‍ജന്‍ ഡോ. സുധീഷ് നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് എബി കാണാനിടയായത്. തന്നെ ഈ രംഗത്തേക്ക് എത്തിച്ചത് ഈ പോസ്റ്റാണെന്ന് എബി പറയുന്നു. അത് വായിച്ച് 'കഴുത ഫാം' എന്ന ആശയുമായി മണ്ണുത്തിയിലെത്തിയ എബിയോട് ഡോക്ടര്‍ പറഞ്ഞത്: 'കഴുത ആനയെപ്പോലെയാണ്, അതിനാല്‍ ഒന്നോ രണ്ടോ എണ്ണത്തിനെ മാത്രം വാങ്ങി വളര്‍ത്തി നോക്കൂ' എന്നാണ്. ആനയെപ്പോലെ കഴുതയേയും ഇണക്കാം. എന്നാല്‍, മെരുക്കി എന്നന്നേക്കുമായി ചൊല്‍പ്പടിക്ക് നിര്‍ത്താനാവില്ല. തരംകിട്ടിയാല്‍ അവ അവയുടെ യഥാര്‍ത്ഥസ്വഭാവം പുറത്തെടുക്കും എന്നര്‍ത്ഥം.

അങ്ങനെയാണ് മൂന്നുകൊല്ലം മുമ്പ് എബി നാട്ടില്‍ തിരിച്ചെത്തി 'കഴുത ഫാം' ആരംഭിക്കുന്നത്. കേട്ടുകേള്‍വി പോലുമില്ലാത്ത ഏര്‍പ്പാടുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ മൂക്കത്ത് വിരല്‍വച്ച് ചോദിച്ചു, 'ഇവനിതെന്തു പറ്റി...?'

എന്നാല്‍ കാലം എബിയുടെ ജീവിതം മാറ്റിമറിക്കുകയാണ്. വീടിനോട് ചേര്‍ന്ന് ലാബോറട്ടറിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണവും ആരംഭിച്ച എബിയെ ഇന്ന് തേടിവരുന്നത് വന്‍കിട കമ്പനിക്കാരാണ്.

ത്വക്കിന്റെ സൗന്ദര്യത്തിലാണ് എബി എന്ന യുവസംരംഭകന്റെ ശ്രദ്ധ മുഴുവനും. 'ഡോള്‍ഫിന്‍ ഐ.ബി.എ.' എന്ന എബിയുടെ സ്ഥാപനത്തില്‍ നിന്ന് പലതരം ഫെയര്‍നസ് ക്രീമുകളാണ് പുറത്തിറങ്ങുന്നത്. ഫേഷ്യല്‍ കിറ്റ്, സ്‌കിന്‍ ക്രീം, ലിപ്പ് ബാമുകള്‍, സോപ്പുകള്‍, ബോഡി ബട്ടര്‍ തുടങ്ങി ത്വക്ക് പരിപാലത്തിനുള്ള പലതരം ഉത്പന്നങ്ങളാണ് ഇന്ന് ഈ നാട്ടിന്‍പുറത്തുനിന്ന് ലോക വിപണിയിലെത്തുന്നത്. ശരീരത്തിന്റെ കറുപ്പുനിറം മാറ്റി, വെളുപ്പിക്കാനുള്ള ക്രീമുകള്‍ പോലുമുണ്ടെന്ന് എബി ഉറപ്പുതരുന്നു. എല്ലാത്തിനും അടിസ്ഥാനം കഴുതപ്പാല്‍ തന്നെ.

പാല്‍ പൗഡറാക്കി വേണം ഉപയോഗിക്കാന്‍. ഒരു ടണ്‍ പാല്‍ തണുപ്പിച്ച് ഡ്രൈ (ഫ്രീസ് ഡ്രൈ) ചെയ്താല്‍ 70 കിലോ പൗഡര്‍ ലഭിക്കും. പക്ഷേ ഇങ്ങനെ ചെയ്യാനുള്ള യന്ത്രസാമഗ്രിക്ക് വില ഒന്നരക്കോടിയിലധികമാണ്.

അതുകൊണ്ട്, വളരെ ചെറിയതോതില്‍ മാത്രമേ എബിക്ക് ഇപ്പോള്‍ തന്റെ സൗന്ദര്യ വര്‍ദ്ധകങ്ങള്‍ ഉത്പാദിപ്പിക്കാനാകുന്നുള്ളു. 2,500 മുതല്‍ 7,500 രൂപ വരെ വിലയുള്ള ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രിയം വിദേശരാജ്യങ്ങളിലാണെന്നും എബി പറയുന്നു.

Content Highlights: Donkey Farm In Ramamangalam