
മനുഷ്യരിൽ ആഗോളമാരികൾ പടർന്നു പിടിക്കുന്ന കാലത്ത് നാം ഏറ്റവുമധികം നിയന്ത്രിക്കുന്നത് യാത്രകളാണ്. മനുഷ്യരുടെ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണവും കര്‍ശനമായ പരിശോധനയും രോഗനിയന്ത്രണത്തില്‍ ഏറെ പ്രധാനമാണ്. എന്നാല്‍ സസ്യങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുക. '’സസ്യകീടങ്ങളും രോഗങ്ങളുമൊന്നും പാസ്പോര്ട്ടുകള് വഹിക്കുകയില്ല. ഇമിഗ്രേഷന്‍ നിബന്ധനകള്‍ പാലിക്കുകയോ ചെയ്യില്ല. ആയതിനാല്‍ സസ്യരോഗങ്ങളുടെ വ്യാപനം തടയുന്നതിന് രാജ്യാന്തര സഹകരണം ആവശ്യമാണെന്ന് മാത്രമല്ല ,അതൊരു അന്താരാഷ്ട്ര പ്രശ്നം കൂടിയാണ്”. മേല്പറഞ്ഞ വാചകം 2020 ലെ അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷാചരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാര്‍ഷിക സംഘടന (FAO) പാസാക്കിയ പ്രമേയത്തിലുള്ളതാണ്. പല രാജ്യങ്ങളിൽ നിന്ന് പല തരത്തിലുള്ള ചെടികൾ മറ്റുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ നമ്മൾ ശാസ്ത്രീയമായും നിയമപരമായും പാലിക്കേണ്ട കാര്യങ്ങളുണ്ട്.
ഒരു രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിയില്‍ സസ്യാരോഗ്യത്തിന് നിർണായക പങ്കുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SDG-Sustainable Development Goals) കൈവരിക്കുന്നതില്‍ സസ്യങ്ങളുടെ സംരക്ഷണവും ആരോഗ്യവും പ്രധാനമാണെന്ന അവബോധം പൊതുജനങ്ങളിലും ആസൂത്രകരിലും സൃഷ്ടിക്കുക ഏറെ പ്രധാനമാണ്. എല്ലാ തലതതിലും സസ്യാരോഗ്യം സംരക്ഷിക്കുന്ന നയങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ പ്രധാന്യം നൽകുന്നുമുണ്ട്. സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യമുള്ള സസ്യങ്ങള്‍ വേണം. രോഗങ്ങള്‍ ബാധിച്ച വിളകള്‍ ഭക്ഷണത്തിന്റെ ലഭ്യതയെ ബാധിക്കുന്നു. ഭക്ഷ്യവിളകളുടെ വിളവ് കുറഞ്ഞാല്‍ അത് ഭക്ഷ്യലഭ്യതയെ ബാധിക്കുകയും ഭക്ഷണസാധനങ്ങളുടെ വിലകൂടാന്‍ കാരണമാവുകയും ചെയ്യും. വനം, പരിസ്ഥിതി, ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണവും സസ്യാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകം നേരിടുന്ന മുഖ്യ ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കപ്പെടാനും ആരോഗ്യമുള്ള സസ്യജാലം സഹായിക്കും. ദാരിദ്ര്യത്തിനും പോഷകാഹാര കമ്മിയ്ക്കുമെതിരായ പോരാട്ടത്തിനും കര്‍ഷകരുടെ അതിജീവനത്തിനും കരുത്തുറ്റ സസ്യസമ്പത്ത് നമ്മെ സഹായിക്കും.
ഓരോ വര്‍ഷവും ആഗോളതലത്തില്‍ ഭക്ഷ്യവിളകളുടെ 40 ശതമാനത്തോളം കീടബാധമൂലം നശിച്ചുപോകുന്നു. ഇതുമൂലം 220 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണത്രേ സമ്പദ്വ്യവസ്ഥയിലുണ്ടാവുന്നത്. ആഗോളതാപനവും, കാലാവസ്ഥാമാറ്റവും വരുംവര്‍ഷങ്ങളില്‍ ഈ ചെലവില്‍ വര്‍ധനവുണ്ടാക്കുമെന്നും കരുതപ്പെടുന്നു. ഇതിനൊപ്പം പുതിയ മേഖലകളിലേക്ക് കടന്നെത്തുന്ന കീടങ്ങള്‍ (Invasive pests) ജൈവവൈവിധ്യത്തെ ബാധിക്കുന്നു. ഭൂലോകത്തുള്ള സസ്യങ്ങളെ കീടങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനായി രൂപം കൊടുത്ത കരാറാണ് അന്താരാഷ്ട്ര സസ്യംസംരക്ഷണ കരാര്‍ (IPCC-International Plant Protection Convention). 1952 ഏപ്രില്‍ 2-ന് നിലവില്‍ വന്ന ഈ കരാറില്‍ 183 രാജ്യങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യ 1952 ഏപ്രില്‍ 30-ന് ഇതില്‍ അംഗമായി. ഭക്ഷ്യവിളകളെ ബാധിക്കുന്ന കീടങ്ങള്‍ ഭക്ഷ്യപ്രതിസന്ധിക്ക് വഴിതെളിയിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ നിന്ന് കണ്ടെടുക്കാം. 1845-ല്‍ അയര്‍ലണ്ടില്‍ ഉരുളക്കിഴങ്ങുകളെ ഉപയോഗശൂന്യമാക്കുന്ന ഫൈറ്റോപ്തോറ ഇന്ഫസ്റ്റന്സ് എന്ന ഫംഗസ് രോഗാണു മൂലം ഭക്ഷ്യക്ഷാമമുണ്ടായി. 1942-43 കാലത്ത് ഇന്ത്യയിലുണ്ടായ ബംഗാള്‍ക്ഷാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നെല്ലിനെ ബാധിക്കുന്ന ബ്രൗണ്‍ സ്പോട്ട് രോഗത്തെ കണ്ടെത്താം . കോക്ലിയോബോളസ് മിയാബീനസ് എന്ന കുമിളാണ് ഇവയുടെ കാരണമായത്. ഇങ്ങനെ ഒരു രാജ്യത്തിൻ്റെ പ്രധാന ഭക്ഷ്യവിളയെ ബാധിക്കുന്ന രോഗം, ജനങ്ങളെ പട്ടിണിയിലാഴ്ത്തി കൊല്ലാൻ ശേഷിയുള്ളവയാണെന്ന ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആയതിനാൽ ക്വാറൻ്റീൻ ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാവണം സസ്യങ്ങളുടെ ആഗോളയാത്രകൾ.
Content Highlights: diseases which affects plant species becomes growing threat
Published: 28 Jan 2024, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented