
വീട്ടിലേക്ക് വെയിലും പൊടിയും അടിക്കാന്‍ തുടങ്ങിയപ്പോഴാണ് കൊച്ചി വൈറ്റില ഹബ്ബിനടുത്ത് താമസിക്കുന്ന മായയും ഭര്‍ത്താവ് സലിംകുമാറും മുറ്റത്ത് മുളവെച്ചത്. അത് ആര്‍ത്തുപിടിച്ചതോടെ മുളത്തണലിലായി വീട്. പൊടിശല്യവും കുറഞ്ഞു. അപ്പോഴാണ് പുതിയൊരാശയം മായയുടെ മനസ്സില്‍ മുളപൊട്ടിയത്. എറണാകുളം-കോട്ടയം പാതയ്ക്കരികെ പൂത്തോട്ടയില്‍ സ്വന്തമായുള്ള അന്‍പത് സെന്റില്‍ മുളവയ്ക്കാം. വീട്ടില്‍ മുള നടാന്‍ പറഞ്ഞ പാലക്കാട്ടെ കല്ലടിക്കോടുള്ള 'വേള്‍ഡ് ഓഫ് ബാംബു'വിന് നേതൃത്വം നല്‍കുന്ന കെ.സി. ജോണിന്റെ സഹായത്തോടെ ലാത്തിമുള അഥവാ തോട്ടിമുള നട്ടു. രണ്ടുവര്‍ഷംകൊണ്ട് അവിടം മുളങ്കാടായി.
രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ വെട്ടി വില്‍ക്കാം. ഒരു മുളയ്ക്ക് ചുരുങ്ങിയത് 100-150 രൂപ ലഭിക്കും. അരയേക്കറില്‍ 10-12 അടി അകലത്തില്‍ 125 മുളകള്‍ വരെ നടാം. ഒന്നില്‍നിന്ന് പൊട്ടിമുളച്ച് 12-18 മുളകള്‍ ലഭിക്കുമെന്നതിനാല്‍ ഒരെണ്ണത്തിന് നൂറുരൂപ കണക്കാക്കിയാല്‍ തന്നെ ഒന്നരലക്ഷം രൂപ ലഭിക്കും. ആദ്യവര്‍ഷത്തെ പരിചരണം കഴിഞ്ഞാല്‍ തിരിഞ്ഞു നോക്കേണ്ടാത്ത മുളയില്‍നിന്നാണീ വരുമാനം. മലയാളി ഇനിയും തിരിച്ചറിയാത്ത 'മണി'പ്ലാന്റ് ആണ് മുള!
പരിസ്ഥിതിയുടെ കാവലാള്‍
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഏറ്റവും അധികം വലിച്ചെടുക്കുകയും ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന പരിസ്ഥിതിയുടെ കാവലാളുകള്‍ കൂടിയാണ് മുളകള്‍. മുളങ്കാടുള്ളയിടങ്ങള്‍ ശുദ്ധവായു മേഖലയായി മാറുമെന്ന് ചുരുക്കം. മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിടാനുള്ള കഴിവ് മുളയ്ക്കുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കുറയ്ക്കാനും നദീതീരം ഇടിയുന്നതിനെ തടയാനും മുളകള്‍ക്ക് കഴിയും. നദിയിലേക്കിറങ്ങുന്ന മുളയുടെ വേരുകള്‍ ജലജീവികളുടെ ആവാസകേന്ദ്രമായി മാറും.
നിര്‍മാണം മുതല്‍ പാതയോരം വരെ
എക്‌സിബിഷനുകളില്‍ കാണുന്ന പുട്ടുകുറ്റിയിലും പെന്‍സ്റ്റാന്‍ഡിലും കസേരകളിലും മാത്രം ഒതുങ്ങുന്നതല്ല മുള. കര്‍ണാടകയും തമിഴ്നാടുമെല്ലാം നിര്‍മാണ പ്രവൃത്തികള്‍ക്ക് ആശ്രയിക്കുന്നത് മുളയാണ്. വീടു നിര്‍മാണത്തിന് മുട്ടുകൊടുക്കുന്നതു മുതല്‍ തട്ട് വാര്‍ക്കാന്‍ കമ്പിക്കു പകരം മുള ഉപയോഗിക്കുന്നവര്‍ വരെയുണ്ട്. കേരളത്തില്‍ നിന്നുവരെ മുള കയറ്റിപ്പോകുന്നു. ദേശീയപാതയോരങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ച് മറിയുന്നത് തടയാന്‍ മുളവേലികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ദേശീയ ബാംബൂ കോര്‍പ്പറേഷനുമായി സഹകരിച്ച് ഉയരങ്ങളിലുള്ള ദേശീയപാതയോരങ്ങളില്‍ സുരക്ഷയ്ക്കായി മുള നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്.
മുളലോകവും ഇന്ത്യയും
ഏറ്റവും വേഗത്തില്‍ വളരുന്ന പുല്ലുവര്‍ഗമാണ് മുള. ഒരു ദിവസം രണ്ട് സെന്റിമീറ്റര്‍ മുതല്‍ നാലടി വരെ നീളം വയ്ക്കുന്ന മുളകളുണ്ട്. ലോകത്ത് 1,800-ല്‍ ഏറെ മുളയിനങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അലങ്കാര മുളകള്‍ മുതല്‍ 30 സെന്റിമീറ്റര്‍ വ്യാസവും 120 അടി വരെ ഉയരവുമുള്ള ഭീമന്‍ ആനമുളകള്‍ വരെയുണ്ട്. ഇന്ത്യയില്‍ 29 ജനുസ്സുകളിലായി 168 ഇനം മുളകളുണ്ട്.
മുളക്കൃഷി
കേരളത്തില്‍ സ്വാഭാവികമായുള്ളത് മുള്ള് മുളകളാണ്. ഇത് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുമാണ്. പന്ത്രണ്ടോളം മുളകളാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. ലാത്തിമുള (ഒലിവേരി), ആസ്പര്‍, ബിലാത്തിമുള, സ്റ്റോക്സി, ടൂള്‍ഡ, ആനമുള തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്നു. മഴക്കാലമാണ് മുളകൃഷി തുടങ്ങാന്‍ നല്ലത്. ആദ്യത്തെ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ദ്രുതഗതിയിലാണ് മുളയുടെ വളര്‍ച്ച. മാതൃവൃക്ഷത്തിന് കേടുവരാതെ 50 വര്‍ഷം വരെ വിളവ് തരും. വെട്ടുംതോറും പൊട്ടിമുളച്ചുകൊണ്ടിരിക്കും.
മുളബോധം
മുളയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നവര്‍ കുറവാണ്. ദക്ഷിണേന്ത്യയില്‍ മുളയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് വേള്‍ഡ് ഓഫ് ബാംബൂവും വയനാട് ആസ്ഥാനമായി ബാബുരാജ് മുല്ലതൊടിയുടെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ ബാംബൂ ഇന്‍സ്റ്റിറ്റ്യൂട്ടും.
Content Highlights: Discover the potential of bamboo a high-yield, sustainable, and environmentally friendly crop
Published: 18 Sept 2024, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented