
മുളത്തോട്ടം, കുട്ടികളുമായി ചേർന്ന് ബാബുരാജ് മുളത്തൈ നടുന്നു
കൽപറ്റ: വ്യാവസായിക അടിസ്ഥാനത്തിൽ മുപ്പതിലധികം ഏക്കറോളം മുളത്തോട്ടം നട്ട് ജീവിതം പച്ചപിടിപ്പിച്ച മുള കർഷകനാണ് വയനാട് തൃക്കൈപ്പറ്റ സ്വദേശിയായ എം. ബാബുരാജ്. കഴിഞ്ഞ 30 വർഷമായി അദ്ദേഹം ഈ മേഖലയിൽ സജീവമാണ്. കാപ്പി, കുരുമുളക്, റബ്ബർ തുടങ്ങിയ വിളകൾ പോലെ മുളയും കൃഷി ചെയ്ത് കർഷകന് നല്ല ആദായം ലഭിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് ബാബുരാജിന്റെ പ്രധാന ലക്ഷ്യം. മുളത്തോട്ടം ഉണ്ടാക്കുന്നതിനൊപ്പം അദ്ദേഹം ആവശ്യക്കാർക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
വ്യാവസായിക കൃഷിയുടെ പ്രാധാന്യം
പരമ്പരാഗതമായി, വനങ്ങളിൽ നിന്നും വീട്ടുവളപ്പുകളിൽ നിന്നും ചെറിയ തോതിലാണ് മുള വിളവെടുത്തിരുന്നത്. എന്നാൽ ഇതിന് ഉചിതമായ മാനേജ്മെന്റോ പരിപാലനമോ ഉണ്ടായിരുന്നില്ല. വ്യാവസായികാവശ്യത്തിന് ഈ രീതി പര്യാപ്തമായിരുന്നില്ല.
വനങ്ങളിൽനിന്ന് മുള ശേഖരിക്കുന്നത് ഇനി സുസ്ഥിരമല്ല. ഇത് ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കും ജനിതക വസ്തുക്കളുടെ കുറവിനും കാരണമാകും. വ്യാവസായിക ആവശ്യങ്ങൾക്കായി മുളയുടെ സുസ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് തോട്ടങ്ങൾ, കാർഷിക വനവത്കരണ സംവിധാനം എന്നിവ പ്രയോജനപ്പെടുത്തമെന്ന ആശയമാണ് ബാബുരാജിനെ ഈ മേഖലയിലെത്തിച്ചത്. മനുഷ്യ നിർമിതമായ മുളത്തോട്ടത്തിൽ നിന്ന് അസംസ്കൃത വസ്തുവായ മുള ഉപയോഗിക്കുന്നതിലൂടെ കാടിനെ ഇല്ലാതാക്കാതിരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ 'ഒരു ലോഡ്' മുള ലഭിക്കുന്ന ഒരു തോട്ടം പോലുമില്ലെന്നും കാടിനെ ആശ്രയിച്ച് മുള ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.
നിലമ്പൂർ കോവിലകത്തിന്റെ നാല് ഏക്കർ ഭൂമിയിലും, കോഴിക്കോട് 12 ഏക്കറിലും, മഞ്ചേരിയിൽ 13 ഏക്കറിലും, വയനാട് കാവുംമന്ദത്ത് ഏഴ് ഏക്കറിലുമായി ബാബുരാജ് മുളത്തോട്ടങ്ങൾ പരിപാലിക്കുന്നു. കർഷകർക്ക് മുള എങ്ങനെ ഒരു വരുമാന മാർഗമാക്കാം എന്നതിനെക്കുറിച്ചുള്ള പ്രചാരണപ്രവർത്തനങ്ങളാണ് അദ്ദേഹം പ്രധാനമായും നടത്തുന്നത്.
മുളയുടെ വ്യാവസായിക സാധ്യതകൾ
മുളയുടെ മൂല്യം ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, ഇത് ഒരു ‘വാണിജ്യ വിള’ എന്ന നിലയിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. മുള ഒരു വ്യാവസായിക അസംസ്കൃത വസ്തുവാണ്. നൂറ്റാണ്ടുകളായി പലവിധ നിർമാണത്തിനും വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, വേലി, ജൈവഇന്ധനം, ഭക്ഷ്യസ്രോതസ്സ് എന്നിവയ്ക്കുള്ള അസംസ്കൃത വസ്തുവായി ഇത് ഉപയോഗിക്കുന്നു. പേപ്പർ, ചന്ദനത്തിരി എന്നിവയ്ക്ക് പുറമേ, ലംബറിങ്, ഫൈബർ, എത്തനോൾ, കൺസ്ട്രഷൻ ഇൻഡസ്ട്രി എന്നിവയിലും മുള അസംസ്കൃത വസ്തുവായി ഉപയോഗിക്കാറുണ്ട്. കൂടാതെ, പേപ്പർ പൾപ്പ് അല്ലെങ്കിൽ വിസ്കോസ് (റേയോൺ) ഉത്പാദനത്തിനുള്ള ഫീഡ്സ്റ്റോക്കായും മുള ഉപയോഗിക്കുന്നു. പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ സ്വഭാവം കാരണം, തടി, ഉരുക്ക്, പ്ലാസ്റ്റിക് തുടങ്ങിയവക്ക് പകരമായി മുള ഉപയോഗിക്കുന്നതിൽ താല്പ്പര്യം വർധിച്ചുവരുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ഇത് നിർണായക പങ്ക് വഹിക്കുന്നുണ്ട്.
പാരിസ്ഥിതിക നേട്ടങ്ങൾ
മുളത്തോട്ടങ്ങൾക്ക് പാരിസ്ഥിതികമായി നല്ല സ്വാധീനമുണ്ട്. ഭൂമിക്കു മുകളിലുള്ള ജൈവവസ്തുക്കളിലും (കാണ്ഡങ്ങൾ, ശാഖകൾ) ഭൂമിക്കു താഴെയും (റൈസോമുകൾ, വേരുകൾ) ഇത് കാർബൺ വേർതിരിച്ചെടുക്കുന്നു. മുളയെ ദീർഘകാലം നിലനിൽക്കുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ, ഇതിന് ഒരു കാർബൺ സിങ്കായി പ്രവർത്തിക്കാൻ കഴിയും. വനഭൂപ്രകൃതി പുനഃസ്ഥാപിക്കുന്നതിനും മുളയ്ക്ക് കഴിവുണ്ട്. കൂടാതെ, മണ്ണിന്റെ ഗുണം മെച്ചപ്പെടുത്തുന്നതിനും, ചരിവുകൾ, നദീതീരങ്ങൾ, മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ സ്ഥിരപ്പെടുത്തുന്നതിനും ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുളയുടെ വിപുലമായ വേരുകളാണ് ഈ സ്വാധീനത്തിന് കാരണം.
കേരളത്തിലെ കൃഷി സാധ്യതകളും വരുമാനവും
കേരളത്തിന്റെ മണ്ണ്, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ മുളക്കൃഷിക്ക് അനുയോജ്യമാണ്. ഇത് മറ്റേത് കൃഷിപോലെയും വരുമാനം ലഭിക്കുന്നതാണ്. മുള ഉൽപ്പന്നങ്ങൾ ഹരിത വ്യവസായത്തിൽ മുൻപന്തിയിലാണ്.
• നടീൽ സമയം: ജൂൺ മാസമാണ് നടീൽ കാലം.
• ചെലവ്: മുള്ളില്ലാത്ത മുളകൾക്ക് 100 രൂപയാണ് വില. ഒരു ഏക്കറിൽ കൃഷി ചെയ്യാൻ 250 മുളത്തെകൾ ആവശ്യമാണ്. ഇതിന് 25,000 രൂപ തൈകൾക്കു ചെലവ് വരും. നടുന്നതിന് ഏകദേശം 5000 രൂപ ചെലവ് വരും. മുളപ്പിച്ചെടുത്ത തൈകളാണ് നടേണ്ടത്.
• കൃഷി രീതി: അഞ്ച് മീറ്റർ അകലത്തിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് അടിവളമായി ചാണകം നൽകി തൈകൾ നടാം. ഒരു ഏക്കറിൽ നൂറിലധികം തൈകൾ നടാൻ സാധിക്കും.
• വിളവെടുപ്പ്: അഞ്ച് വർഷത്തിൽ വെട്ടിയെടുക്കാൻ തുടങ്ങാം. അതിനുശേഷം 40 മുതൽ 50 അടി ഉയരമുള്ള മുള ഓരോ വർഷവും വിളവെടുക്കാൻ സാധിക്കും. ചില ഇനങ്ങൾക്ക് നൂറ് വർഷംവരെ ആയുസ്സുണ്ട്.
• വരുമാനം: ചുരുങ്ങിയ മുതൽമുടക്കും പരിചരണക്കുറവും നല്ല വരുമാനവും മുളക്കൃഷിക്ക് സാധ്യത നൽകുന്നു. ഒരു മുളക്ക് (ഈറ്റക്ക്) ഏകദേശം ആയിരം രൂപ വില ലഭിക്കും. എന്നാൽ ഇതേ മുള മൂല്യവർധിത ഉത്പന്നമാക്കിയാൽ 60,000 രൂപ വരെ കിട്ടാൻ സാധ്യതയുണ്ട്.
കൃഷിക്ക് ഏറ്റവും അനുയോജ്യമായ മുളകൾ
- ഡെന്റഡ്രോകലാമസ് ആസ്പർ
- ഡെന്റഡ്രോകലാമസ് ബ്രാൻഡിസി
- ബാംബുസ ബാൽകോവ
- ബാംബുസ ബാംബോസ്
- ബാംബുസ സ്പിനോസ
- ബാംബുസ ടെക്സ്റ്റെലിസ്
- ബാംബുസ ഓൾഡാമി
- ബാംബുസ ന്യൂട്ടൻസ്
- ബാംബുസ തുൾഡ
- ഗിഗാന്റൊക്ളോവ അപസ്
Content Highlights: Discover how M. Baburaj transformed 30 acres into a thriving bamboo plantation, highlighting its commercial viability, environmental benefits, and cultivation in Kerala.
Published: 14 Oct 2025, 01:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented