വീടിന്റെ ഇന്റീരിയര്‍ മോടിപിടിപ്പിക്കാന്‍ മിനിമലിസ്റ്റികും പരിസ്ഥിതിസൗഹൃദവുമായ മാര്‍ഗങ്ങളിലേക്കാണ് ഇപ്പോള്‍ കൂടുതലാളുകളും തിരിയുന്നത്. പരുത്തി, ചണം മുതലായ നാച്ചുറല്‍ മെറ്റീരിയലുകള്‍ക്ക് ഡിമാന്‍ഡ് ഏറി വരുന്നു. പ്രകൃതിദത്തമായ തടി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ തടി ഉപയോഗിച്ച് അകത്തളങ്ങള്‍ നിര്‍മിക്കുന്നത് ചെലവേറിയ സംഗതിയാണ്. മാത്രവുമല്ല കാട് വെട്ടിത്തെളിച്ച് തടികള്‍ ഇറക്കുമതി ചെയ്യുന്നത് പരിസ്ഥിതിയ്ക്ക് ദോഷവുമാണ്. ഇവിടെയാണ് മുളയുടെ പ്രസക്തി. 

To advertise here,

തികച്ചും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ ഓപ്ഷനാണ് മുള. പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ട ഏറ്റവും വലിയ സസ്യയിനമായ മുള കരകൗശലവസ്തുക്കളായും പ്രകൃതിസൗഹൃദ ഉപകരണങ്ങളായും പതുക്കെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കയാണ്. പ്രാദേശിക, രാജ്യാന്തര വിപണികളില്‍ മുളയ്ക്കും മുളയുത്പന്നങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ്. മുളകളുടെ ശാസ്ത്രീയമായ സംസ്‌കരണവും ഉത്പന്ന വൈവിധ്യവത്കരണവും കര്‍ഷകര്‍ക്ക് നല്ല ആദായം നേടിക്കൊടുക്കുന്നുണ്ട്. നടീല്‍ കഴിഞ്ഞാല്‍ നാലാം വര്‍ഷം മുതല്‍ തുടര്‍ച്ചയായി ഇത് ആദായം നേടിത്തരും. വൃക്ഷങ്ങള്‍ കൃഷി ചെയ്യുമ്പോഴുള്ളതുപോലെ ഇതിന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ ആവശ്യമില്ല. മാത്രമല്ല, കാര്യമായ പരിപാലനങ്ങളൊന്നുമില്ലെങ്കിലും ഏതുതരം കാലാവസ്ഥയിലും നന്നായി വളരുകയും ചെയ്യും.

മുളകള്‍ക്ക്‌ ഭാരം കുറവായതിനാല്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാനും ബുദ്ധിമുട്ടില്ല. ചുരുങ്ങിയ ചെലവില്‍ കാര്യം നടക്കും. ഒപ്പം ഭംഗിയുടെ കാര്യത്തില്‍ ഹാഡ്‌വുഡിനേക്കാള്‍ മെച്ചവും! വീട്ടിനുള്ളിലെ ഫ്‌ളോറിങ്, ഫര്‍ണിച്ചര്‍, മേല്‍ക്കൂര, അലങ്കാരവസ്തുക്കള്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കും മുള ഉപയോഗിക്കാവുന്നതാണ്. വ്യത്യസ്ത നിറത്തിലും രൂപത്തിലും ഫിനിഷിലുമെല്ലാം മുളകള്‍ നമുക്ക് ലഭ്യമാണ്.

  • വീട്ടിലെ ഫര്‍ണിച്ചര്‍ പണിയാന്‍ മുള മികച്ചതാണ്. ഭാരം വളരെ കുറവായതുകൊണ്ടും ഈര്‍പ്പത്തേയും താപത്തെയും പ്രതിരോധിക്കാന്‍ കഴിയുന്നതുകൊണ്ടുമാണിത്. മാത്രമല്ല കീടങ്ങളില്‍നിന്ന് സ്വയം പ്രതിരോധിക്കാനുള്ള കഴിവും മുളകള്‍ക്കുണ്ട്. മുള ഉപയോഗിച്ച് ഏറ്റവും ആധുനികമായ ശൈലിയിലുള്ള ഫര്‍ണിച്ചറുകളോ അല്ലെങ്കില്‍ തികച്ചും പരമ്പരാഗതമായ ശൈലിയിലുള്ള ഫര്‍ണിച്ചറുകളോ ഉണ്ടാക്കാവുന്നതാണ്. ബാംബൂ ചെയര്‍, ബാംബൂ സോഫാ സെറ്റ്, ബാംബൂ ബെഡ്, ബാംബൂ ബുക്ക്‌ഷെല്‍ഫുകള്‍, ഡൈനിങ് ടേബിളുകള്‍ എന്നിവയെല്ലാം നമുക്കുണ്ടാക്കാവുന്നതാണ്.
     
  • ഉയര്‍ന്ന അളവില്‍ സിലിക്കേറ്റുകള്‍ ഉള്ളതിനാല്‍ മുളകള്‍ക്ക് ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കും. അതിനാലിത് അടുക്കളയിലും ഡൈനിങ് ഏരിയകളിലും സുരക്ഷിതമായി ഉപയോഗിക്കാം. മുളക്കഷ്ണങ്ങളായും നെയ്ത പായകളായുമെല്ലാം വ്യത്യസ്ത രൂപങ്ങളില്‍ ഇത് ലഭ്യമാണ്.
     
  • മുള കൊണ്ടുള്ള സ്‌ക്രീനുകളും പാര്‍ട്ടീഷനുകളുമാണ് അടുത്തത്. വലിയ ഒരു ഹാളിനെ വിഭജിക്കാന്‍ ഈ പാര്‍ട്ടീഷനുകള്‍ ഉപയോഗിക്കുന്നതുവഴി കാഴ്ചയ്ക്കും കൂടുതല്‍ ആകര്‍ഷണീയത കൈവരും. അതുപോലെ സ്‌റ്റെയര്‍കേസിലെ റെയിലിങുകള്‍ക്കും ബാല്‍ക്കണിയിലെ റെയിലിങുകള്‍ക്കും സാധാരണ ഉപയോദിക്കുന്ന ബാനിസ്റ്ററുകള്‍ക്കു പകരമായി മുളക്കഷ്ണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
  • വീടിന്റെ ജനാലകള്‍ മോടി പിടിപ്പിക്കാനും മുള ഉപയോഗിക്കാം. ജനലുകളില്‍ കര്‍ട്ടനുപകരം ബാംബൂ ബ്ലൈന്റുകള്‍ പിടിപ്പിക്കാവുന്നതാണ്. അത് പ്രകാശം അകത്തേയ്ക്ക കടക്കുന്നത് തടയുന്നതിനൊപ്പം നമുക്ക് കൂടുതല്‍ സ്വകാര്യത നല്‍കുകയും ചെയ്യും.
     
  • അടുത്തത് മുളകളാല്‍ നിര്‍മിക്കുന്ന സീലിങുകളാണ്. നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ള ആര്‍ക്കെങ്കിലുമോ ട്രീ ഹൗസുകള്‍ ഇഷ്ടമാണെങ്കില്‍ അവരുടെ റൂമില്‍ ഇത്തരം സീലിങുകള്‍ പരീക്ഷിക്കാവുന്നതാണ്. ലിവിങ് റൂമിലും കുട്ടികളുടെ റൂമിലുമെല്ലാം മുള കൊണ്ടുള്ള സീലിങുകള്‍ പണിയുന്നത് മുറിയുടെ ഭംഗി കൂട്ടും.
     
  • അടുത്തത് ഫ്‌ളോറിങാണ്. തടികൊണ്ട് തറ നിര്‍മിക്കുന്നതിന്റെ  ചെലവ് താങ്ങാന്‍ കഴിയാത്തവര്‍ക്ക് അതേഭംഗിയിലും എന്നാല്‍ ചെലവുകുറച്ചും മുളയുപയോഗിച്ച് ഫ്‌ളോറിങ് ചെയ്യാന്‍ സാധിക്കും. ഇത് പരമ്പരാഗത ഡിസൈനുകളായും അല്ലെങ്കില്‍ മോഡേണ്‍ ബാംബൂ ഡിസൈനുകളായും പണിയാം. 
     
  • ലാമ്പ്‌ഷേഡുകള്‍, ഫ്‌ളവര്‍വേസുകള്‍, പ്ലേറ്റുകള്‍, ട്രേകള്‍ മുതലായ വസ്തുക്കളും നമുക്ക് മുളയുപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികളും കലാകാരന്മാരും ഡിഐവൈ പ്രോജക്ടുകള്‍ക്കായി കൂടുതല്‍ തെരഞ്ഞെടുക്കുന്നത് മുളയാണ്. എന്ത് രൂപത്തിലേക്കുമാക്കിമാറ്റാന്‍ കഴിയുന്ന വഴക്കം മുളകള്‍ക്ക് ഉള്ളതിനാലാണിത്.