കൃഷി ലാഭകരമാകണമെങ്കിൽ മുഖ്യ വാണിജ്യ ഉത്പാദന വസ്തുക്കൾക്കപ്പുറം മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയാവാറുണ്ട്. കാർഷിക ഉത്പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി വില്പനയ്ക്കെത്തിക്കുമ്പോൾ അത് കർഷകർക്ക് അധിക വരുമാനം നൽകുന്നു. വാഴകൃഷിയിൽ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാഴക്കുലകളെ ആണെങ്കിലും വാഴയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന വാഴപ്പിണ്ടി ജ്യൂസ്, ചിപ്സ്, ഉപ്പേരി, വറ്റൽ, പിണ്ടി അച്ചാർ, വൈൻ, കുക്കീസ് എന്നിവയിലൂടെ അധിക വരുമാനം കണ്ടെത്തുന്നതിലേക്ക് കർഷകർ മാറി ചിന്തിച്ചുതുടങ്ങി. പഴത്തിനായല്ലാതെ, ഉയർന്ന നിലവാരമുള്ള ഇലക്കായി വാഴ കൃഷി ചെയ്ത് വിജയം കണ്ടെത്തുന്ന ഒട്ടനവധി കർഷകരുമുണ്ട്. ഇലകൾ സ്ഥിരമായി വിളവെടുക്കാനും വിപണി കണ്ടെത്താനും സാധിക്കുന്ന പക്ഷം കർഷകർക്ക് അധികവരുമാനം കണ്ടെത്താൻ കഴിയുന്ന മികച്ച മാർഗമാണ് ഇലവാഴ കൃഷി.
ഇലവാഴ കൃഷിയിലെ വലപ്പാടൻ മാതൃക!
ഇലവാഴ കൃഷിയിൽ മാതൃകപരമായ വിജയം നേടി മുന്നോട്ട് നീങ്ങുന്ന വ്യക്തിയാണ് ചാവക്കാട് വലപ്പാട് സ്വദേശിയായ ബഷീർ അലി. 24 വർഷത്തെ ഗൾഫിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ബഷീർ അലി ആദ്യം ലൗ ബേർഡ്സിനെയും അലങ്കാര മത്സ്യങ്ങളെയും വളർത്തുകയും വില്പന നടത്തുകയുമായിരുന്നു ചെയ്തുവന്നിരുന്നത്. എന്നാൽ, വരുമാനം കുറച്ചുകൂടി ഉയർത്തുന്നതിന് മറ്റു മാർഗങ്ങൾ കൂടി അന്വേഷിച്ചു നടക്കുമ്പോഴാണ് സുഹൃത്തായ സിറാജ് വാഴയില വില്പന എന്ന ആശയം പങ്കുവെച്ചത്. ഇതൊരു അധിക വരുമാന സ്രോതസ്സ് ആണെന്ന് മനസിലാക്കിയ ബഷീർ അലി നാല് വർഷത്തോളം റോബസ്റ്റ-ഞാലിപ്പൂവൻ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ചാവക്കാട് തീരദേശ മേഖലയോട് അടുത്തു കിടക്കുന്ന വലപ്പാട് പഞ്ചായത്തിലാണ് ബഷീർ അലിയുടെ കൃഷിയിടം. മണൽ ചേർന്ന മണ്ണാണ് ഇവിടെ. വാഴക്കുലകൾക്ക് താരതമ്യേന വലിപ്പം കുറയുന്നത് ശ്രദ്ധിച്ച ബഷീർ അലിക്ക് ഇവിടെ ഇലവാഴ കൃഷിയാണ് അനുയോജ്യമെന്ന് മനസിലായി. ചാമക്കാല മഹല്ല് ഖതീബ് ആയ ഷുഹൈബ് ഹുദവി വല്ലപ്പുഴയും ആറാട്ടുപുഴ പ്രദേശത്തെ മറ്റൊരു ഇലവാഴ കർഷകനായ ഷാജുവും വേണ്ട സഹായങ്ങൾ നൽകി ഒപ്പം നിന്നു. മറ്റു ഇലവാഴ കർഷകരുടെ അനുഭവങ്ങൾ ഉൾക്കൊണ്ടായിരുന്നു ബഷീർ അലിയുടെ കൃഷി. ഇലവാഴ കൃഷിക്ക് ഏറ്റവും അനുയോജ്യമായ നാടൻ ഇനമായ ഞാലിപ്പൂവനാണ് ആദ്യം തിരഞ്ഞെടുത്തത്. പിന്നീട് വിദേശ ഇനമായ യാംങാമ്പിയെയും ഉൾപ്പെടുത്തി കൃഷി വിപുലപ്പെടുത്തി. മൂന്നുനാല് പ്രദേശങ്ങളിലായി സുമാർ 75 സെന്റിൽ ഏകദേശം 800-ഓളം ഞാലിപ്പൂവൻ വാഴകൾ നട്ട് ഇലകൾ ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് എത്തിക്കുന്ന വിധത്തിലേക്ക് അദ്ദേഹം ഇലവാഴ കൃഷി വ്യാപിപ്പിച്ചു.

ഇലവാഴ കർഷകരുടെ വാട്സ്ആപ്പ് കൂട്ടായ്മ ആയ ”ഓൾ കേരള വാഴയില ഗ്രൂപ്പിലെ” അംഗവും കൂടിയാണ് ബഷീർ അലി. ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദ്ദേശങ്ങളും സഹായങ്ങളും കൃഷിയിലും വിപണനത്തിലും കൂടുതൽ കരുത്ത് നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. മധ്യകേരളത്തിലെ വിവിധ ഹോട്ടലുകളിലും അമ്പലങ്ങളിലും വാഴയിലകൾ ബഷീർ അലി ആവശ്യാനുസരണം വിതരണം ചെയ്യുന്നു.
ഇലവാഴ കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: ബഷീർ അലിയുടെ അനുഭവ പാഠങ്ങൾ
- നല്ല വാഴയിലകൾ സ്ഥിരമായി ലഭിക്കുന്നതിനുവേണ്ടി ഞാലിപ്പൂവൻ എന്ന ഇനമോ അല്ലെങ്കിൽ വിദേശ ഇനമായ യാംങാമ്പിയെയോ ആണ് ആശ്രയിക്കേണ്ടത്. യാംങാമ്പി കെ.എം-5 വാഴയുടെ ടിഷ്യൂ കൾചർ തൈകൾ ലഭ്യമാകുന്നതിന് വേണ്ടി കണ്ണാറ വാഴ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: 0487-2699087).
- മോശമായ തരിശ് നിലങ്ങളും വിജയകരമായി ഇലവാഴ വളർത്തുന്നതിന് നന്നായി ഉപയോഗിക്കാൻ സാധിക്കും. അതിനുവേണ്ടി രോഗബാധക്കെതിരെയും വളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഒരു മുൻകരുതലായി കുമ്മായം മൂന്നു കിലോ വീതം ഓരോ സെന്റിലും ചേർക്കേണ്ടതാണ്.
- രാസവളമോ ജൈവവളമോ കൊടുക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും കുമ്മായം വാഴയുടെ ചുവട്ടിൽ ചേർത്തു കൊടുക്കുന്നത് വളങ്ങൾ പൂർണമായി വാഴയ്ക്ക് വലിച്ചെടുക്കാൻ സഹായിക്കും.
- വാഴയിലകൾ മൂന്ന് രീതിയിലാണ് ആവശ്യാനുസരണം മുറിച്ച് നൽകുന്നത് അതിൽ ആദ്യത്തേ രീതിയിൽ ഹോട്ടലുകളിൽ പ്ലേറ്റിലും മറ്റും വെക്കുന്നതിന് വേണ്ടി രണ്ട് ചാൺ നീളമുള്ള വാഴ ഇലകൾ മുറിക്കുന്നു. രണ്ടാമത്തെ രീതിയിൽ മൂന്ന് ചാൺ നീളമുള്ള വാഴയില മുറിക്കലാണ്. ഇതിനെ സദ്യയില എന്ന് വിളിക്കുന്നു. പേര് പറയും പോലെ സദ്യയ്ക്ക് ആവശ്യമുള്ള നീളത്തിന് വീതിയുമുള്ള വാഴ ഇലകൾ ഒരേ വലിപ്പത്തിലുള്ളവ ആയിരിക്കണം. പിന്നീട് നമ്മൾ അമ്പലങ്ങളിലും മറ്റും പ്രസാദം നൽകുന്നതിനുവേണ്ടി ഉപയോഗിക്കുന്ന നീണ്ട വലിയ വാഴയിലകൾ തന്നെയാണ്. അതിനായി മുഴുവൻ വാഴയിലയും തന്നെ അമ്പലങ്ങളിലേക്ക് കൈമാറുകയും ആവശ്യാനുസരണം പ്രസാദം നൽകുന്നതിന് വേണ്ടി അവയെ ചെറു കഷണങ്ങളാക്കി മുറിച്ചെടുത്ത് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. അതുപോലെ ഇല വാഴകളുടെ ചെറിയ കഷണങ്ങൾ ഇലയപ്പം, വട്ടയപ്പം എന്നിവ ഉണ്ടാക്കുന്ന വ്യക്തികൾക്ക് കൈമാറി അതിൽനിന്നു വരുമാനം നേടാവുന്നതാണ്.
- വിപണിയിലെ ആവശ്യകത അനുസരിച്ച് വാഴയില ഇടതടവില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ടി സമാനമനസ്കരായിട്ടുള്ള കർഷകരിൽ നിന്നും മുൻകൂട്ടി വാഴയുടെ ലഭ്യത ഉറപ്പാക്കുക.
- ഏഴു ദിവസത്തിൽ ഒരിക്കൽ ഇല വെട്ടുന്ന രീതിയാണ് വാഴയിലകളുടെയും വാഴയുടെയും ആരോഗ്യത്തിന് അനുയോജ്യമായ രീതിയായി കണ്ടെത്തിയിരിക്കുന്നത്. അതിനായി ഒരു തോട്ടത്തിൽനിന്നു നിരന്തരമായി വാഴയില എടുക്കുന്നത് ഒഴിവാക്കി തോട്ടങ്ങളെയോ അല്ലെങ്കിൽ തോട്ടത്തെ നാലോ അഞ്ചോ ഭാഗങ്ങളായി തിരിച്ച് ഓരോ ഘട്ടത്തിൽ ഏഴ് ദിവസത്തിന്റെ വാഴയിലകൾ മുറിച്ചെടുത്ത് വിപണിയിൽ എത്തിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതുവഴി സ്ഥിരമായി വാഴയിലകൾ ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ സാധിക്കുകയും അതിലുപരി വാഴകളുടെ ആരോഗ്യം നിലനിർത്താൻ സാധിക്കുകയും ചെയ്യും.
- വാഴകളിൽ ഇലകൾ കൃത്യമായി മുറിച്ചു മാറ്റുന്നതിനാൽ ചെടിക്ക് ഉണ്ടാകുന്ന ക്ഷീണം ഒഴിവാക്കുന്നതിന് വേണ്ടി രാസവളങ്ങളോ അല്ലെങ്കിൽ ജൈവവളങ്ങളുടെ കൂട്ട് കൃത്യമായി ഉപയോഗിക്കേണ്ടതാണ്. അതിന് താഴെ പറയുന്ന രീതിയിൽ അവലംബിക്കാവുന്നതാണ്. കൃത്യമായ നിരീക്ഷണത്തിലൂടെ ഇലകൾ ശോഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട് കഴിഞ്ഞാൽ, ഫാക്റ്റംഫോസ്- പൊട്ടാഷ് രാസവളങ്ങളുടെ മിശ്രിതം കാൽ കിലോ വീതം ഓരോ വാഴയുടെ ചുവട്ടിലും ചേർത്ത് കൊടുത്ത് മണ്ണിട്ട് മൂടി നനയ്ക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ജൈവരീതിയിൽ ശീമക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, ധൃതരാഷ്ട്ര പച്ച, സവാളയുടെ തൊലി, മുട്ടത്തോട് എന്നിവ സമ്മിശ്രം ചേർത്ത് വലിയ ടാങ്കിൽ പുളിപ്പിക്കാൻ വെച്ച ശേഷം രണ്ടാഴ്ച കൂടുമ്പോൾ ഈ സ്ലറി വാഴയുടെ ചുവട്ടിൽ ചേർത്തു കൊടുക്കുന്നത് വഴി വാഴയുടെ ആരോഗ്യം പൂർണമായി സംരക്ഷിക്കാനും അതോടൊപ്പം തന്നെ നല്ല വാണിജ്യപരമായ ഇലകൾ ഉത്പാദിപ്പിക്കുന്നതിനും സാധിക്കുന്നതാണ്. മേൽസൂചിപ്പിച്ച വളപ്രയോഗം നടത്തുന്നതിനോടൊപ്പം വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടതാണ്.
- തോട്ടങ്ങളിൽ ഇല മുറിക്കാൻ ചെല്ലുമ്പോൾ ക്ഷുദ്രജീവികളുടെയും കൊതുകിന്റെയും ശല്യം ഒഴിവാക്കുന്നതിന് വേണ്ടി ശുദ്ധമായ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നതും അല്ലെങ്കിൽ ശീമക്കൊന്നയുടെ ഇലകൾ ഞെരടി ധരിക്കുന്ന പാന്റിന്റെയോ ഷർട്ടിന്റെയോ പോക്കറ്റിൽ വയ്ക്കുന്നതും ഏറ്റവും ഉത്തമമാണ്. ഇതുവഴി തോട്ടത്തിൽ മണിക്കൂറുകളോളം നിൽക്കുന്ന സമയത്ത് അസ്വസ്ഥതയും മറ്റും ഉണ്ടാകുന്നത് ഒഴിവാക്കാൻ വലിയ സഹായം ആയിരിക്കും.
യാംങാമ്പി കെ.എം-5
വാഴയിലയുടെ വില്പനയ്ക്ക് ഏറ്റവും നല്ല ഇനമായി കരുതപ്പെടുന്നത് ഞാലിപ്പൂവൻ വാഴകളാണ്. എന്നാൽ, തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഗവേഷണത്തിൽ ആഫ്രിക്കൻ ഇനമായ “യാംങാമ്പി കെ.എം-5” വാഴ ഇലകളുടെ ഉത്പാദനത്തിനും വിതരണത്തിനും ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ സയറിൽ(ഇപ്പോൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഉത്ഭവിച്ച മൂസ AAA (ഇബോട്ട ഉപഗ്രൂപ്പ്) ന്റെ ഒരു ഇനമാണ് യാംങാമ്പി കെ.എം-5. നല്ല വീതിയുള്ള പച്ചയിലകളും ഇലകളിലെ ചെറിയ മെഴുക് ആവരണവും മറ്റ് ഇനങ്ങളിൽനിന്ന് ഇവയെ വ്യത്യസ്തമാക്കുന്നു. കേരളത്തിലെ വാഴ കൃഷിയെ സാരമായി നശിപ്പിക്കുന്ന ഇലപ്പുള്ളി രോഗങ്ങളും പിണ്ടിപുഴുവും അതിലുപരി വേര് നശിപ്പിക്കുന്ന ശത്രുനിമാവിരകളും പ്രതിരോധശേഷിയുള്ള യാംങാമ്പിയെ ബാധിക്കാറില്ല. അതുപോലെ ഇല വാഴകൾക്ക് ഏറ്റവും അവശ്യമായ നല്ല ആരോഗ്യമുള്ള കന്നുകളുടെ ഇടതടവില്ലാത്ത ഉൽപ്പാദനവും ഇതിന്റെ പ്രത്യേകതയാണ്.

യാംങാമ്പി കെ.എം-5 എന്ന ആഫ്രിക്കൻ ഇനത്തിന്റെ മറ്റു പ്രത്യേകതകൾ
- പ്രതിരോധ മാർഗങ്ങളില്ലാതെ കൃഷി ചെയ്യാവുന്ന യാംങാമ്പി കെ.എം-5 ഉദ്ദേശം 13 കിലോ തൂക്കം വരുന്ന കുലകൾ നൽകുന്നു.
- അല്പം പുളിയും മധുരവും ചേർന്ന സ്വാദാണ് ഇവയുടെ പഴങ്ങൾക്കുള്ളത്.
- തണലിനെ അതിജീവിക്കാനുള്ള കരുത്തുള്ളതിനാൽ തെങ്ങിൻതോപ്പിൽ ഇടവിളയായി കൃഷി ചെയ്യാനും യോജിച്ചതാണ്
ഇലവാഴ കൃഷി ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും മറ്റും അറിയുന്നതിന് ബഷീർ അലിയെ 9633135543-എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Learn how to cultivate banana leaves for high profits
Published: 27 May 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented