മഴക്കാലത്ത് വാഴ കർഷകരുടെ പേടി സ്വപ്‍നമാണ് കുമിൾ രോഗങ്ങൾ. അനുകൂല ഘടകങ്ങളുടെ സാന്നിധ്യത്തിൽ വാഴയുടെ വിവിധ സസ്യ ഭാഗങ്ങളിൽ രോഗം ഉണ്ടാക്കി വിളനാശം രൂക്ഷമാക്കാൻ സാധിക്കുന്ന സൂക്ഷ്മജീവികൾ ആണ് കുമിളുകൾ. പലപ്പോഴും കർഷകരുടെ ശ്രദ്ധയിൽ പെടാതെ രോഗത്തിന് തുടക്കമിടുന്ന ഇവ പിന്നീട് അനുകൂല സാഹചര്യങ്ങളിൽ തോട്ടങ്ങളിൽ വളരെ വേഗം പടരുകയും, ദിവസങ്ങൾ കൊണ്ട് വാഴയുടെ വിവിധ ഭാഗങ്ങൾ പ്രേത്യേകിച്ച് ഇലകൾ, മാണം, കുലകൾ എന്നിവയെ നശിപ്പിച്ചു അതി ഭീകരമായ വിള നാശം ഉണ്ടാക്കുകയും ചെയ്യുന്നു. പൊതുവെ അമ്ലത കൂടിയ അല്ലെങ്കിൽ പിഎച്ച് കുറഞ്ഞ മണ്ണിൽ കുമിൾ രോഗങ്ങൾ വർധിച്ചു കാണുന്നതിനാൽ, കേരളത്തിലെ മണ്ണിലും അന്തരീക്ഷത്തിലും കുമിൾ രോഗാണുക്കളുടെ സാന്നിധ്യം സദാ ഉണ്ടായിരിക്കും. കാലാവസ്ഥ വ്യതിയാനവും 2018ലെ മഹാപ്രളയത്തിൽ കേരളത്തിലെ മണ്ണിൽ നിന്നും അവശ്യ വളങ്ങൾ നഷ്ടപെട്ടതും വാഴയിൽ കുമിൾ രോഗങ്ങൾ വർധിക്കുന്നതിന് ഒരു കാരണമായി. കാലവർഷത്തിലെ ഇടതടവില്ലാത്ത അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള ശക്തമായ മഴയും നീണ്ടുനിൽക്കുന്ന നനവും ചൂടുള്ളതും ഈർപ്പമുള്ളതുമായ മൂടിക്കെട്ടിയ അന്തരീക്ഷവും, പ്രത്യേകിച്ച് 80 ശതമാനത്തിന് മുകളിലുള്ള ഈർപ്പവും കുമിളുകളുടെ ആക്രമണം വാഴ കൃഷിയിൽ വർധിപ്പിച്ചു. അതിനാൽ നീർവാർച്ച കുറവുള്ള ഈർപ്പമുള്ള സ്ഥലങ്ങൾ വാഴ രോഗങ്ങളുടെ വിളനിലമാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഇലപ്പുള്ളി രോഗങ്ങൾ, പനാമവാട്ടം, കുഴിപുള്ളി രോഗം, കരിങ്കുല രോഗം എന്നിവയാണ് ഈ പ്രധാന രോഗങ്ങൾ.
വാഴയിലെ ഇലപ്പുള്ളി രോഗം
വാഴയുടെ ഇലകൾ ഏകദേശം രണ്ട് മീറ്റർ നീളവും അര മീറ്റർ വീതിയുമുള്ള 'അന്നജത്തിന്റെ ഫാക്ടറി' ആണെന്നുള്ള കാര്യം എല്ലാവർക്കും അറിയാം. ആരോഗ്യമുള്ള ഒരു വാഴ ഏഴ് മുതൽ ഒമ്പത് ദിവസത്തിനുള്ളിൽ ഒരു ഇല ഉത്പാദിപ്പിക്കുന്നു. അതുവഴി 2834 വാഴയിലകളാണ് ഒരു വാഴ അതിന്റെ ജീവിതഘട്ടത്തിൽ ഉണ്ടാക്കുന്നത്. പ്രകാശസംശ്ലേഷണത്തിലൂടെ വാഴയുടെ വളർച്ചയ്ക്കും നല്ല മുന്തിയ കുല ഉണ്ടാകുന്നതിനു വേണ്ടിയുള്ള ആഹാരവസ്തുക്കളുടെ നിർമാണമാണവുമാണ് ഇലകളിൽ നടക്കുന്നത്. അതിനാൽ വാഴയിലകളെ ബാധിക്കുന്ന എന്തു പ്രശ്നവും വാഴയുടെ വിളവിനെ സാരമായി ബാധിക്കുമെന്ന് പ്രേത്യേകം പറയേണ്ടതില്ലല്ലോ."ഒരു ഇല പോയാൽ ഒരു പടല പോയി" എന്ന് പഴമക്കാർ പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇതിൽനിന്ന് തന്നെ വാഴയിലകളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. വാഴയെ ബാധിക്കുന്ന പ്രധാന ഇലപ്പുള്ളി രോഗങ്ങൾ സിഗട്ടോക്ക, കോർഡാന, ഡെയ്റ്റോണീയെല്ല, ഫ്രെക്കിൾ എന്നിവയാണ്.
സിഗട്ടോക്ക ഇലപ്പുള്ളി രോഗം
ഇലകളിൽ മഞ്ഞകലർന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് പിന്നിൽ സിഗട്ടോക്ക ഇലപ്പുള്ളി രോഗമാണ്. രോഗ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് ഇത് ഒടുവിൽ ചാരനിറത്തിലുള്ള മധ്യഭാഗവും മഞ്ഞ വലയവുമുള്ള വലിയ കതിർ ആകൃതിയിലുള്ള ഇല പുള്ളികളായി മാറുന്നു. ഈ കറുത്ത പാടുകൾ കൂടിച്ചേർന്ന് ഇലകളിൽ കാര്യമായ കേടുപാടുകൾക്കും വിളവ് നഷ്ടത്തിനും കാരണമാകും. ആരോഗ്യമുള്ള വാഴകളിൽ കുലകൾ മൂക്കുന്ന സമയത്ത് കുറഞ്ഞത് 78 ഇലകൾ ഉണ്ടായിരിക്കേണ്ടതിന് പകരം ഇലപ്പുള്ളി രോഗം രൂക്ഷമായി ബാധിച്ച വാഴകളിൽ ഇലകളുടെ എണ്ണം ക്രമാതീതമായി കുറയുകയും മൂപ്പെത്തുന്നതിനു മുൻമ്പ് കായ്കൾ പഴുത്തു തുടങ്ങുകയും (premature ripening) തന്മൂലം മോശമായ കുലകൾ ലഭിക്കുകയും ചെയ്യും.

ഡെയ്റ്റോണീയെല്ല ഇലപ്പുള്ളി രോഗം
ഈ കുമിൾ ബാധയുടെ ഫലമായി ഇലകളുടെ അരികുകളിൽ നിന്നും മുകളിലേക്ക് തിരമാല പോലെ കരിച്ചിൽ ഉണ്ടാകുന്നു. ഈ കരച്ചിലിന് ചുറ്റും മഞ്ഞനിറത്തിലുള്ള പ്രഭാവലയം വ്യക്തമായി കാണാവുന്നതാണ്. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന് രണ്ടാമത്തെ പ്രധാനപ്പെട്ട ഇലപ്പുള്ളി രോഗമായിട്ടാണ് ഇത് അറിയപ്പെടുന്നത്. തോട്ടത്തിൽ തണൽ കൂടുതൽ ഉണ്ടെങ്കിൽ ഈ രോഗം അധികരിക്കും.

കോർഡാന ഇലപ്പുള്ളി രോഗം
ഇത് കോർഡാന മുസേ (ഇപ്പോൾ നിയോകോർഡാന മുസേ എന്നറിയപ്പെടുന്നു) മൂലമുണ്ടാകുന്ന ഒരു കുമിൾ രോഗമാണ്. ഇലകളുടെ പുറത്ത് കണ്ണിന്റെ ആകൃതിയിലും കാപ്പിപ്പൊടി/ചാര നിറത്തിലും ഉണ്ടാകുന്ന പാടുകളാണ് ആദ്യലക്ഷണം. ഈ പുള്ളികളുടെ പുറത്ത് വട്ടത്തിലുള്ള വരകൾ കാണാം, അതോടൊപ്പം ഒരു മഞ്ഞ പ്രഭാവലയവും .
ഫ്രെക്കിൾ ഇലപ്പുള്ളി രോഗം
ഫില്ലോസ്റ്റിക്ടാ മുസേ എന്ന ഫംഗസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഇലകളുടെ മുകൾഭാഗത്ത് മുഖക്കുരുവിന് സമാനമായ തരുതരായുള്ള പുള്ളികൾ കാണുന്നതാണ് പ്രധാന ലക്ഷണം. കായയെയും ഈ രോഗം ബാധിക്കാറുണ്ട്. ഇലപ്പുള്ളി രോഗത്തിന് അനുകൂലമായ സാഹചര്യങ്ങളിൽ ഇടയ്ക്കിടെയുള്ള മഴയും നീണ്ടുനിൽക്കുന്ന ഇല നനവും ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷവും ഉൾപ്പെടുന്നു. പ്രത്യേകിച്ച്, അന്തരീക്ഷ ഊഷ്മാവ് 25-30°C (77-86°F) നും 80% ത്തിനു മുകളിലുള്ള ഈർപ്പവും കുമിളിന്റെ ബീജ വ്യാപനത്തിനും അണുബാധയ്ക്കും അനുയോജ്യമാണ്. കൂടാതെ, നീർവാർച്ച കുറവുള്ള പ്രദേശങ്ങളിലും പ്രതിരോധശക്തി കുറഞ്ഞ വാഴ ഇനങ്ങളിലും ഈ രോഗം അധികരിക്കുന്നു. സിഗട്ടോക്ക ഇലപ്പുള്ളി രോഗം കാരണം 30% വരെ വിളവ് നാശം സംഭവിക്കാറുണ്ട് എന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രോഗ നിയന്ത്രണ മാർഗ്ഗങ്ങൾ:
- ശുപാർശ പ്രകാരമുള്ള അകലത്തിലാണ് വാഴകൾ നടേണ്ടത് (ഉദാഹരണത്തിന് നേന്ത്രവാഴയിൽ രണ്ട് മീറ്റർ അകലം). ഇതുവഴി വാഴ തോട്ടത്തിൽ ആവശ്യമായ വായു സഞ്ചാരവും സൂര്യപ്രകാശത്തിന്റെ ലഭ്യതയും ഉറപ്പാക്കാൻ സാധിക്കുകയും കുമിൾ രോഗങ്ങൾക്ക് അനുകൂലമായ ഉയർന്ന ഈർപ്പവും ഊഷ്മാവും ഒഴിവാക്കുകയും ചെയ്യാം.
- വാഴ നടുമ്പോൾ കുറഞ്ഞത് 2 വരി വാഴ കഴിഞ്ഞു അധിക വെള്ളം സുഗമമായി വാർന്നു പോകുന്നതിനു വേണ്ടിയുള്ള ഇടച്ചാലുകൾ നിർബന്ധമായും നൽകേണ്ടതാണ്. ഇതുവഴി നീർവാർച്ച സൗകര്യം വർദ്ധിക്കുകയും വെള്ളം തോട്ടത്തിൽ കെട്ടിനിന്ന് നീരാവിയുടെ അംശം കൂടുന്നത് തടയാനും സാധിക്കും.
- വാഴയുടെ വേര് തുരന്ന് നശിപ്പിക്കുന്ന സസ്യ പരാദ നിമാവിരകൾ വേരിൽ നിന്നും വളരെയധികം പോഷകങ്ങൾ വലിച്ചെടുക്കുന്നതിനാൽ പൊട്ടാസ്യത്തിന്റെ ലഭ്യത കുറവ് രോഗ പ്രതിരോധശക്തി കുറയ്ക്കുന്നതും തന്മൂലം ഇലപ്പുള്ളി രോഗം വർദ്ധിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ്എന്ന തരിരൂപത്തിലുള്ള നിമാ വിരനാശിനി ഒരു വാഴയ്ക്ക് 20 ഗ്രാം വീതം വാഴ നടുന്ന സമയത്തും വാഴനട്ട് രണ്ടാം മാസവും അഞ്ചാമത്തെ മാസവും വാഴ തടത്തിൽ നിക്ഷേപിക്കുന്നത് നിമാവിര ആക്രമണം ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
- ശുപാർശ പ്രകാരമുള്ള അനുപാതത്തിൽ (1:1½) മാത്രമേ നൈട്രജൻ പൊട്ടാഷ് വളങ്ങൾ നൽകാവൂ. അമിതമായി നൈട്രജൻ വളങ്ങൾ നൽകിയാൽ വാഴയ്ക്ക് കായിക വളർച്ച ഉണ്ടാവുമെങ്കിലും രോഗപ്രതിരോധശക്തി കുറവായിരിക്കും അതിനാൽ രോഗബാധ എളുപ്പമുണ്ടാകും.
- പൊട്ടാഷ് വളങ്ങൾ കൃത്യ അളവിൽ മാസ ഇടവേളകളിൽ നൽകുന്നതുവഴി വാഴയുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാം.
- ഇലപ്പുള്ളി രോഗം വന്ന് കരിഞ്ഞ ഇലകൾ യഥാസമയം മുറിച്ച് തോട്ടത്തിന് പുറത്തു കൊണ്ടുപോയി കത്തിച്ചു കളയുന്നതു വഴിയോ അല്ലെങ്കിൽ കുഴിയിൽ നിക്ഷേപിച്ച് കുമ്മായമിട്ട് മണ്ണിട്ട് മൂടുന്നത് വഴിയോ രോഗ തീവ്രത കുറയ്ക്കാം.
- രോഗ പ്രതിരോധ ശേഷിയുള്ള വാഴയിനങ്ങൾ തിരഞ്ഞെടുക്കുക നേന്ത്രൻ ഇനങ്ങളിൽ മഞ്ചേരി നേന്ത്രൻ2 ന് താരതമ്യേനെ പ്രതിരോധശക്തിയുണ്ട്. ഞാലിപ്പൂവൻ, യാംങാമ്പികെ.എം5 എന്നീ ചെറുപഴ ഇനങ്ങൾക്കും പ്രതിരോധശക്തി ഉണ്ട്.
- ജൈവ രീതിയിൽ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് വേണ്ടി മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളം, ഗോമൂത്രം പത്തിരട്ടി നേർപ്പിച്ചത്, പെട്രോളിയം അധിഷ്ഠിത ധാതു എണ്ണ 10 മില്ലി ഒരു ലിറ്റർ വെള്ളം എന്നിവയിലേതെങ്കിലും ഇലകളിൽ തളിച്ചു കൊടുക്കുക. 10-15 ദിവസം ഇടവിട്ട് തളി ആവർത്തിക്കുക.
ഇലപ്പുള്ളി രോഗം പൂർണമായും നിയന്ത്രിക്കുന്നതിന് താഴെപ്പറയുന്ന ഏതെങ്കിലും ഒരു കുമിൾ നാശിനി ഇലകളിൽ തളിച്ചു കൊടുക്കുക.
- പ്രൊപ്പികൊണസോൾ ഒരു മില്ലി/ഒരു ലിറ്റർ വെള്ളത്തിൽ
- ഹെക്സകൊണസോൾ ഒരു മില്ലി/ഒരു ലിറ്റർ വെള്ളത്തിൽ
- ഡൈഫെൻകൊണസോൾ ഒരു മില്ലി/ഒരു ലിറ്റർ വെള്ളത്തിൽ
- കാർബെൻഡാസിം ഒരു ഗ്രാം /ഒരു ലിറ്റർ വെള്ളത്തിൽ
പലതവണ മരുന്ന് തളിക്കേണ്ടി വരുമ്പോൾ കുമിൾനാശിനി മാറി മാറി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പനാമവാട്ടം
വാഴയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പനാമാവാട്ടം അഥവാ ഫ്യൂസേറിയം വാട്ടം. കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന വാഴയിനങ്ങളായ പൂവൻ, ഞാലിപ്പൂവൻ, കദളി എന്നിവയെ മാത്രം ബാധിക്കുന്ന ഒരു രോഗമാണ് പനാമാവാട്ടം. ഈ രോഗത്തിന് കാരണമായ കുമിളുകൾ ഫ്യൂസേറിയം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നവയാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നാളുകളോളം സുഷുപ്താവസ്ഥയിൽ ഈ രോഗാണുവിന് മണ്ണിൽ നിലനിൽക്കാൻ സാധിക്കുന്നു. വേരുകളിൽ കാണുന്ന മുറിപ്പാടുകൾ പ്രത്യേകിച്ച് ശത്രു നിമാവിരകൾ വാഴയുടെ വേരുകൾ തുരന്ന് കയറുന്ന ദ്വാരങ്ങൾ ഈ രോഗകാരിയായ കുമിളുകൾ വാഴയിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. വാഴയിൽ വെള്ളവും വളവും കൊണ്ടുപോകുന്ന സംവേദകലകളെയാണ് ഈ കുമിൾ രോഗം സാരമായി ബാധിച്ചു നശിപ്പിക്കുന്നത്.
വാഴയുടെ പനാമാവാട്ടം എന്ന രോഗം ആദ്യമായി 1874ൽ ഓസ്‌ട്രേലിയയിൽ ബാൻക്രോഫ്റ്റ് എന്ന ശാസ്ത്രജ്ഞനാണ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഉഷ്ണമേഖലാ അമേരിക്കയിലും (1890ൽ കോസ്റ്റാറിക്ക, പനാമ) രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. പനാമയിൽ ഇത് ആദ്യമായി കണ്ടെത്തിയതിനാലും, രാജ്യത്തെ തോട്ടങ്ങൾക്ക് ഇത് ഉണ്ടാക്കിയ നാശനഷ്ടങ്ങളാലും, അതിന്റെ കാരണത്തിന്റെ അജ്ഞാത സ്വഭാവത്താലും, ഈ രോഗം പനാമ രോഗം എന്നറിയപ്പെട്ടു. ക്യൂബയിൽ നിന്നുള്ള സാമ്പിൾ 1910ൽ പരിശോധിച്ചതിന് ശേഷം ഡോ: എർവിൻ സ്മിത്ത് എന്ന ശാസ്ത്രജ്ഞനാണ് രോഗകാരിയായ ഫംഗസിന് ഫ്യൂസേറിയം ക്യൂബൻസ് എന്ന ശാസ്ത്ര നാമം നൽകിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോള വാഴപ്പഴത്തിന്റെ കയറ്റുമതിയിലെ സിംഹഭാഗവും മധ്യ അമേരിക്കയിലും മറ്റ് പ്രദേശങ്ങളിലും വ്യാപകമായി കൃഷി ചെയ്തിരുന്ന 'ഗ്രോ മിഷേൽ' (Gros Michel) എന്ന ഇനത്തിന്റെ കൈപ്പിടിയിൽ ആയിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആഗോളതലത്തിൽ കയറ്റുമതിക്കായി വളരെ വിലപ്പെട്ട 'ഗ്രോ മിഷേൽ' എന്ന വാഴയിനത്തിന്റെ വിശാലമായ ഏകവിള തോട്ടങ്ങൾ ഗുരുതരമായ പനാമ രോഗം പൊട്ടിപ്പുറപ്പെട്ട് നാമാവശേഷമായി. ഈ രോഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും 'ഗ്രോ മിഷേൽ' ന്റെ സംവേദനക്ഷമതയും ഇതിനു പ്രധാന കാരണമായി. അങ്ങനെ 1960കളിൽ പനാമാവാട്ട പ്രതിരോധശേഷിയുള്ള “കാവൻഡിഷ്”ഇനങ്ങൾ 'ഗ്രോ മിഷേൽ'ന് പകരക്കാരനായി ആഗോളതലത്തിൽ കൃഷി ചെയ്യാൻ ആരംഭിക്കുകയും ആഗോള കയറ്റുമതി വിപണി ഉത്തേജിക്കപ്പെടുകയും ചെയ്തു.

ലക്ഷണം
വാഴത്തട വിണ്ടുകീറുന്നതാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. അതിനോടൊപ്പം അടിപട്ടകൾ/ ഏറ്റവും പുറമേയുള്ള ഇലകൾ മഞ്ഞളിച്ചു ഒടിഞ്ഞു തൂങ്ങുകയും ചെയ്യുന്നു. അടിപ്പട്ടകൾ മഞ്ഞളിച്ചു ഒടിഞ്ഞു തൂങ്ങിയ വാഴ ദൂരെ നിന്ന് നോക്കിയാൽ മഞ്ഞപ്പാവാട ധരിച്ചത് പോലെ കാണുന്നതിനാൽ ഇതിനെ കർഷകർ ‘പാവാട രോഗം’ എന്നും വിളിക്കാറുണ്ട്. പുറത്തെ ഇലകളിൽ ഉണ്ടാകുന്ന മഞ്ഞളിപ്പ് പുറം ഇലകളുടെ അരികുകളിൽ തുടങ്ങി ഇരുഭാഗത്തുനിന്നും നടുവിലേക്ക് വ്യാപിച്ച് ഇല മുഴുവൻ മഞ്ഞനിറത്തിൽ ആവുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഈ മഞ്ഞളിപ്പ് മുകളിലുള്ള മറ്റു ഇലകളിലേക്ക് വ്യാപിച്ച് ഇലകൾ വാടി തുടങ്ങി നിൽക്കുന്നത് കാണാം. ഇതോടൊപ്പം പിന്നീടുണ്ടാകുന്ന ഇലകളുടെ വലിപ്പം കുറയുകയും തുടർന്ന് ഇലകളുടെ ഉത്പാദനം നിലയ്ക്കുന്നതും കാണാൻ സാധിക്കും. ഈ രോഗത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി വാഴത്തട/ മാണം വട്ടത്തിൽ മുറിച്ച് നോക്കിയാൽ കറുത്ത വലയങ്ങളോ അല്ലെങ്കിൽ തവിട്ട് കലർന്ന ചുവപ്പ് നിറത്തിലുള്ള അർത്ഥവത്താകൃതിയിൽ ഉള്ള പാടുകളോ കാണാൻ സാധിക്കും. കുമളിന്റെ ആക്രമണം രൂക്ഷമാകുമ്പോൾ വേരുകളും മറ്റും അഴുകി നിറവ്യത്യാസം കാണിക്കുകയും രോഗം മൂർച്ഛിക്കുന്നതിനോടൊപ്പം വാഴ കടപുഴകി മറിയുകയും ചെയ്യുന്നു. രോഗകാരിയായ കുമിളിന് മൂന്നുവർഷം വരെ അനുയോജ്യമായ ആഹാര സസ്യത്തെ അല്ലെങ്കിൽ വാഴ ലഭ്യമാകുന്നത് വരെ മണ്ണിൽ സുഷുപ്ത അവസ്ഥയിൽ ഇരിക്കാൻ സാധിക്കുമെന്നുള്ളത് കൊണ്ട് തന്നെ ഇതിന്റെ നിയന്ത്രണം വളരെ ക്ലേശകരമാണ്. നീർവാർച്ച സൗകര്യം കുറഞ്ഞ വാഴത്തോട്ടങ്ങൾ, കുമ്മായത്തിന്റെ ഉപയോഗം ഒട്ടുമില്ലാത്ത അമ്ലത കൂടിയ മണ്ണുള്ള തോട്ടങ്ങൾ, തുടർച്ചയായി വാഴ കൃഷി ചെയ്യുന്ന തോട്ടങ്ങൾ, രോഗ ബാധയുള്ള കന്നുകൾ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്, രോഗപ്രതിരോധശേഷി കുറഞ്ഞ ഇനങ്ങൾ കൃഷി ചെയ്യുന്നതെല്ലാം രോഗബാധയ്ക്ക് അനുകൂലമായ ഘടകങ്ങൾ ആയതിനാൽ കൃത്യമായ നിരീക്ഷണ-നിയന്ത്രണ മാർഗങ്ങളിലൂടെ മാത്രമേ ഇവയെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.
രോഗരഹിതമായ ഒരു തോട്ടത്തിലേക്ക് മലിനമായ വെള്ളത്തിലൂടെയും ഉപകരണങ്ങൾ, ഷൂസ്, വാഹനങ്ങൾ എന്നിവയിൽ പറ്റിപ്പിച്ചിരിക്കുന്ന മണ്ണിലൂടെയും ഇത് പടരും. കനത്ത മഴ, ചെടിയിൽ നിന്ന് ചെടിയിലേക്കും ഉപരിതലത്തിൽ നിന്ന് വേരുകളിലേക്കും രോഗകാരിയുടെ വ്യാപനം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഒഴുകിപ്പോകുന്ന വെള്ളം ജലസംഭരണികളെ മലിനമാക്കുകയും തോട്ടത്തിലൂടെ ഫംഗസിന്റെ വ്യാപനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷണങ്ങളിൽ തെളിഞ്ഞു.
നിയന്ത്രണ മാർഗങ്ങൾ
- വാഴ കൃഷിക്കായി നല്ല നീർവാർച്ചയുള്ള കൃഷിയിടങ്ങൾ തിരഞ്ഞെടുക്കുക വഴി ഈ രോഗത്തിന്റെ സാധ്യത ഒഴിവാക്കാം.
- അസിഡിറ്റി/ അമ്ലത ഉള്ള മണ്ണ് പ്രത്യേകിച്ച് ഫ്യൂസേറിയം വാട്ടത്തിനു (പനാമ രോഗം) അനുകൂലമാകും. അതിനാൽ കുഴികളിൽ അമ്ലത കുറയ്ക്കുന്നതിന് വേണ്ടി അരക്കിലോ മുതൽ ഒരു കിലോ വരെ കുമ്മായം നിർബന്ധമായും ചേർത്തു കൊടുക്കേണ്ടതാണ്.
- ആരോഗ്യമുള്ളതും രോഗകീടബാധ ഇല്ലാത്തതുമായ വാഴ കന്നുകളോ ടിഷ്യു തൈകളോ കൃഷിക്ക് ഉപയോഗിക്കുന്നത് ഈ രോഗത്തെ തടയാൻ അനുയോജ്യമാണ്.
- കന്നുപചാരത്തിന്റെ ഭാഗമായി നടുന്നതിന് മുമ്പായി വാഴക്കന്ന് ചെത്തിവൃത്തിയാക്കി, മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസ് ഫ്ലൂറസൻസ് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കി നടുന്നതോ അല്ലെങ്കിൽ ചാണകസ്ലറിയിൽ മുക്കി നടന്നതോ ഏറ്റവും ഉത്തമമാണ്.
- മിത്ര കുമിളായ ട്രൈക്കോഡർമ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച ഉണക്ക ചാണകവേപ്പിൻ പിണ്ണാക്ക് മിശ്രിതം വാഴ ഒന്നിന് ഒരു കിലോഗ്രാം എങ്കിലും ചുവട്ടിൽ ചേർത്തു കൊടുക്കുന്നത് ഈ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.
- കുമിൾനാശിനിയായ കാർബെൻണ്ടാസിം (ബാവിസ്റ്റിൻ) 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കി നടുന്നത് പൂവൻ, ഞാലിപ്പൂവൻ, കദളി ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ അനുവർത്തിക്കുക.
- പനാമ വാട്ട രോഗത്തിന്റെ സാന്നിധ്യം ഉറപ്പാക്കി കഴിഞ്ഞ വാഴകളിലും തോട്ടങ്ങളിലും കുമിൾനാശിനികളായ കോപ്പർ ഓക്സി ക്ലോറൈഡ് (ഫ്യറ്റോലാൻ/ഫ്യട്രാൻ) 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കിയ ലായനിയോ അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് (കോസൈഡ്) 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കിയ ലായനിയോ മണ്ണ് കുതിർന്നു കിട്ടത്തക്ക രീതിയിൽ മൂന്ന് മുതൽ അഞ്ച് ലിറ്റർ വീതം കടയോട് ചേർത്ത് ഒഴിച്ച് കൊടുക്കേണ്ടതാണ്.
- പനാമവട്ടം തുടർച്ചയായി ഒരു തോട്ടത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ അവിടെ പൂവൻ, ഞാലിപ്പൂവൻ, കദളി വാഴകളുടെ കൃഷി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
- രോഗത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന ശത്രുനിമാരകളെ നിയന്ത്രിക്കുന്നതിനായി തരിരൂപത്തിലുള്ള നിമാവിരനാശിനിയായ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 20 മുതൽ 30 ഗ്രാം വാഴ ഒന്നിനെന്നതോതിൽ വാഴയുടെ പ്രായമനുസരിച്ച് ചുവട്ടിൽ ചേർത്തു കൊടുക്കുന്നത് ഏറ്റവും നല്ലതാണ്.
വാഴക്കുലയെ ബാധിക്കുന്ന കുമിൾ രോഗങ്ങൾ:
വാഴയിലെ കുഴിപുള്ളിരോഗം (Blast & Pitting Disease of Banana)
നെൽച്ചെടിയെ ബാധിക്കുന്ന ബ്ലാസ്റ്റ്രോഗത്തിന് ഹേതുവായ പൈറിക്കുലേറിയ (Pyricularia) എന്ന കുമിളിന്റെ കുടുംബത്തിലും ഗണത്തിലും പെട്ട മറ്റൊരു കുമിളായ പൈറിക്കുലേറിയ അംഗുലേറ്റയാണ് വാഴയിലെ കുഴിപുള്ളി രോഗത്തിന് കാരണക്കാരൻ.
1931 – ൽ വിവിധ രാജ്യങ്ങളിൽ വാഴയെ ബാധിക്കുന്ന ബ്ലാസ്റ്റ്രോഗത്തിന് സമാനമായ രോഗങ്ങൾ കണ്ടിരുന്നെങ്കിലും, 2014 – ൽ ഒഡീഷ (ഒറീസ്സ) സംസ്ഥാനത്ത് ഗ്രാന്റ് നെയ്ൻ ഇനത്തിൽ ഈ രോഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് 2015 ൽ നടത്തിയ നിരീക്ഷണ സർവ്വേകളിൽ വാഴയുടെ ബ്ലാസ്റ്റ്രോഗം വ്യത്യസ്ത തീവ്രതകളിൽ ഒഡീഷ (ഒറീസ്സ) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിച്ചു. കാരണ ഹേതുവായ കുമിൾ പൈറിക്കുലേറിയ അംഗുലേറ്റയാണ് എന്ന് കണ്ടുപിടിക്കുകയും, അതിന്റെ നിയന്ത്രണമാർഗ്ഗങ്ങൾക്കുള്ള ഗവേഷണങ്ങൾ ശക്തമാക്കുകയും ചെയ്തു. കേരളത്തിന്റെ വാണിജ്യ ഇനമായ നേന്ത്രവാഴയിൽ കുഴിപ്പുള്ളി രോഗം. കണ്ടെത്തിയത് 2018ൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ആയിരുന്നു. കായ കൂടാതെ ടിഷ്യുകൾച്ചർ വാഴത്തൈകളിലും പിണ്ടി, കന്ന്, കുലത്തണ്ട്, കുറുനാവില എന്നിവിടങ്ങളിലും രോഗബാധ ഉണ്ടാകും

രോഗലക്ഷണങ്ങൾ
ടിഷ്യൂകൾച്ചർ നഴ്സറികളിൽ: നഴ്സറികളിലുള്ള ടിഷ്യൂകൾച്ചർ വാഴതൈകളുടെ ഇലകളിലും ഇളംതണ്ടുകളിലും ദീർഘവൃത്താകൃതിയിലുള്ള തവിട്ട് നിറത്തിലും ചുറ്റും മഞ്ഞ നിറവുമുള്ള പുള്ളികൾ കാണപ്പെടുന്നു. നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരുന്നാൽ രോഗം മൂർച്ഛിച്ച് തൈകൾ ഉണങ്ങിക്കരിയുന്നു.
തോട്ടങ്ങളിൽ: തോട്ടങ്ങളിലെ വാഴകളുടേയും കന്നുകളുടേയും പുതിയ ഇലകളിലും തണ്ടുകളിലും കുലയുടെ നാവിലയിലും തവിട്ടു നിറത്തിലുള്ള പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നത് ആദ്യലക്ഷണമാണ്. തുടർന്ന് കുലയുടെ തണ്ടിലും അവസാന ഘട്ടങ്ങളിൽ കായകളുടെ തൊലിയെയും സാരമായി ബാധിക്കുന്നു.
കുലകളിൽ: കുലകളിലെ പാകമായ കായ്കളിൽ സൂചി കുത്തിയ പാടുകൾ കാണുകയും പിന്നീട് അവ ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള പുള്ളികളായി രൂപാന്തരപ്പെടുകയും മദ്ധ്യഭാഗത്ത് അധികം താഴ്ച്ചയില്ലാത്ത കുഴികൾ രൂപപ്പെടുകയും ചെയ്യും. രോഗം മൂർച്ഛിക്കുന്നതനുസരിച്ച് പുള്ളികൾ കൂടിച്ചേർന്ന കായ്കൾ വിണ്ടുകീറി ആകാര ഭംഗി നഷ്ടപ്പെടുന്നു. വിണ്ടുകീറിയ ഈ കായ്കളിൽ കായീച്ചയും പഴയീച്ചയും മുട്ടയിട്ട് അവയുടെ പുഴുക്കൾ ആഹരിക്കുന്നത് വഴി കായപൂർണ്ണമായി നശിച്ചുപോകുന്നു.
പഴത്തിന്റെ തൊലിയെ സാരമായി ബാധിക്കുന്ന ഈ രോഗം ഉൾക്കാമ്പിനെ ബാധിക്കില്ലെങ്കിലും കാഴ്ച്ചയ്ക്ക് ഭംഗി നഷ്ടപ്പെട്ട് കുലകൾ ആരും വാങ്ങാറില്ല. ഇതുമൂലം കർഷകർക്ക് വൻ നഷ്ടം അപ്രതീക്ഷിതമായി ഉണ്ടാകുന്നു.
ഗ്രാന്റ് നെയ്ൻ, പൂവൻ (രസ്താളി), ഞാലിപ്പൂവൻ (നെയ്പ്പൂവൻ), നേന്ത്രൻ ഇനങ്ങളെയാണ് ഈ രോഗം ബാധിക്കുന്നത്.
നിയന്ത്രണ മാർഗ്ഗങ്ങൾ
- രോഗ മുക്തമാണെന്ന് ഉറപ്പുള്ള ടിഷ്യൂ കൾച്ചർ വാഴ തൈകൾ മാത്രം ഉപയോഗിക്കുക.
- മുൻകരുതൽ എന്ന നിലയ്ക്ക് കുമിൾ നാശിനികളായ അസോക്സിസ്ട്രോബിൻ 23EC (Azoxystrobin 23EC) @ 0.05 % (0.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ) അല്ലെങ്കിൽ കാർബൻഡാസിം ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കുലതണ്ടുകളിലും കുലയുടെ നാവിലയിലും ഇലകളിലും തളിക്കുക.
- പോളിഎഥിലീൻ കവറുകൾക്കൊണ്ട് കുലകൾ പൊതിയുന്നത് വഴി കൂമ്പിലയിലേയും വാഴകുലത്തണ്ടിലേയും കുമിൾ രേണുക്കൾ കുലകളിലേക്ക് പടരുന്നത് പൂർണ്ണമായും തടയാൻ സാധിക്കും.
- രോഗം ബാധിച്ച് ഉണങ്ങിയ ഇലകൾ സമയബന്ധിതമായി മുറിച്ച് തോട്ടത്തിൽ നിന്നും നീക്കി തീയിട്ട് നശിപ്പിക്കുക
കരിങ്കുലരോഗം /ആന്ത്രാക്നോസ്
തോട്ടത്തിൽവെച്ചും വിളവെടുപ്പിന് ശേഷവും വാഴക്കുലയെ സാരമായി നശിപ്പിക്കുന്ന ഒരു പ്രധാന രോഗമാണ്, കോളെറ്റോട്രിക്കം മുസേ എന്ന ഫംഗസ് മൂലമുണ്ടാകുന്ന കരിങ്കുലരോഗം. കായ്കളിലാണ് രോഗലക്ഷണം പ്രധാനമായും പ്രകടമാകുന്നത്. കായയുടെ തൊലിപ്പുറത്ത് കറുത്ത വട്ടത്തിലുള്ള കുത്തുകൾ ആയിട്ടാണ് രോഗം ആരംഭിക്കുന്നത്. ക്രമേണ ഈ കുത്തുകൾ കൂടിച്ചേർന്ന് വലുതായി തീരുകയും, പിന്നീട് കറുത്ത നിറത്തിലുള്ള വലിയ ദ്രവിച്ച പാടുകൾ തൊലിപ്പുറത്ത് ഉണ്ടാവുകയും ചെയ്യുന്നു. ഇളംകായ്കളെയാണ് രോഗം ബാധിക്കുന്നതെങ്കിൽ അവ വളർച്ച മുരടിച്ച് കറുത്ത് ഉണങ്ങി പോകുന്നു. . കരിങ്കുല രോഗം ബാധിച്ച കായകളുടെ ഉൾഭാഗം അഴുകുകയും ചില സമയങ്ങളിൽ പിങ്ക് നിറത്തിലുള്ള പൂപ്പലുകൾ കായകളുടെ പുറത്ത് ഉണ്ടാകുന്നതും കാണാം.
നിയന്ത്രണ മാർഗങ്ങൾ
- കായ്കളിൽ മുറിവുണ്ടാകാതെ ശ്രദ്ധിക്കണം. ഇതുവഴി കരിങ്കുല രോഗത്തിന്റെ രോഗാണുക്കൾ കായ്കളെ ബാധിക്കുന്നത് ഒഴിവാക്കാം.
- ജൈവ രീതിയിൽ രോഗം നിയന്ത്രിക്കുന്നതിന് വേണ്ടി മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിനെന്ന തോതിൽ കുലകളിൽ തളിച്ചു കൊടുക്കുകയും രണ്ടാഴ്ച കഴിഞ്ഞ് ഒന്നുകൂടെ ആവർത്തിക്കുകയും ചെയ്യുക.
- കരിങ്കുലരോഗം ബാധിച്ച കായകളും കായകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉണങ്ങിയ പൂക്കളോ ഇലയുടെ ഭാഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ എടുത്തുമാറ്റിയ ശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം ഒരു വെള്ളത്തിൽ അല്ലെങ്കിൽ കാർബെൻണ്ടാസിം (ബാവിസ്റ്റിൻ) 1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കിയ ലായനി കുലകളിൽ തളിച്ചു കൊടുക്കണം.
- കുമിളിൻ്റെ അണുക്കൾ വായു, വെള്ളം എന്നിവയിലൂടെ തോട്ടത്തിൽ പരക്കുന്നത് കൊണ്ട് തോട്ടത്തിലെ എല്ലാ കുലകളിലും മരുന്നു തളിക്കുന്നത് നല്ലതാണ്.
Content Highlights: Heavy rains increase banana fungal diseases. Learn about control methods
Published: 01 Jul 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented