അലങ്കാര ആവശ്യങ്ങൾക്ക് പൂന്തോട്ടങ്ങളിൽ വ്യാപകമായി വളർത്തുന്ന യെല്ലോ അലമാന്ദ (Yellow Allamanda) എന്ന പൂച്ചെടി കഴിച്ചതിനെ തുടർന്ന് നാല് പശുക്കൾക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജീവൻ നഷ്ടപ്പെട്ടത്. നമ്മുടെ മതിലുകളിലും ഗേറ്റുകളിലും മനോഹരമായ മഞ്ഞപ്പൂക്കളാൽ വിസ്മയം തീർക്കുന്ന പൂച്ചെടിയാണ് അലമാന്ദയെങ്കിലും വിഷഘടകങ്ങൾ അടങ്ങിയതിനാൽ കന്നുകാലികളെ ഗുരുതരമായി ബാധിക്കുന്ന സസ്യമാണിത്. ഇത് പോലെ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടകാരികളായ വിഷസസ്യങ്ങൾ നമ്മുടെ പറമ്പുകളിലും പൂന്തോട്ടങ്ങളിലും കാണപ്പെടുന്നുണ്ട്. സാധാരണ സാഹചര്യങ്ങളിൽ കന്നുകാലികൾ ഇത്തരം സസ്യങ്ങളെ കഴിക്കാതെ ഒഴിവാക്കാറുണ്ട്. എന്നാൽ തീറ്റപ്പുല്ലിന് ക്ഷാമമുണ്ടാകുന്ന വേനൽക്കാലങ്ങളിലും ദുഷ്കര സാഹചര്യങ്ങളിലും വയറുനിറയ്ക്കാൻ അവ ഇത്തരം വിഷച്ചെടികളും കഴിക്കും. പറമ്പിൽ മേയുന്നതിനിടെയാണ് അധികവും ഇത്തരം വിഷബാധകൾ സംഭവിക്കുന്നത്. പലപ്പോഴും ഉടമയുടെ ശ്രദ്ധയിൽപ്പെടുമ്പോഴേക്കും വിഷബാധ ഗുരുതരാവസ്ഥയിലെത്തിയിട്ടുണ്ടാകും. നേരത്തെ കണ്ടെത്തിയാലും, പല സസ്യവിഷബാധകൾക്കും കൃത്യമായ മറുമരുന്നുകൾ ലഭ്യമല്ല എന്നതാണ് വാസ്തവം. മറുമരുന്നുകൾ ഉള്ള ചില സാഹചര്യങ്ങളിലും ചികിത്സയ്ക്ക് ആവശ്യമായ സമയം ലഭിക്കുന്നതിന് മുൻപേ തന്നെ കന്നുകാലികളുടെ ജീവൻ നഷ്ടപ്പെടുന്നത് പതിവാണ്. തീറ്റപ്പുല്ലിന്റെ ക്ഷാമകാലത്ത്, അറിവില്ലാതെ വിഷച്ചെടികൾ വെട്ടി തീറ്റയായി നൽകുന്നതും കൂട്ടമായി വിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

To advertise here,

യെല്ലോ അലമാന്ദ-ജീവനെടുക്കും മഞ്ഞപ്പൂച്ചെടി

ശാസ്ത്രീയമായി 'അലമാന്ദ കതാർട്ടിക്ക' (Allamanda cathartica) എന്നറിയപ്പെടുന്ന യെല്ലോ അലമാന്ദയുടെ ഉറവിടം അമേരിക്കയിലെ ബ്രസീൽ, ഗയാന തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. ഈ പൂച്ചെടിയുടെ എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് ഇതിന്റെ തണ്ടിൽ നിന്നും ഇലയിൽ നിന്നും വരുന്ന പാൽ പോലെയുള്ള ദ്രാവകത്തിൽ 'അലമാന്ദിൻ' (Allamandin) എന്ന വിഷാംശം അടങ്ങിയിരിക്കുന്നു. ഇതേ ചെടിയിൽ അടങ്ങിയ പ്ലൂമെറിസിൻ (Plumericin), ഐസോപ്ലൂമെറിസിൻ (Isoplumericin), സപ്പോണിൻ തുടങ്ങിയ രാസഘടകങ്ങളും കാർഡിയാക് ഗ്ലൈക്കോസൈഡുകളുടെ സാന്നിധ്യവും സസ്യത്തെ കൂടുതൽ വിഷമയമാക്കുന്നു. പശുക്കളോ ആടുകളോ ഈ ചെടിയുടെ ഇലകളോ പൂക്കളോ കഴിക്കാൻ ഇടയായാൽ വിഷാശം അവയുടെ ദഹനവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. അമിതമായ ഉമിനീർ ഒഴുക്ക്, രൂക്ഷമായ വയറിളക്കം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ചെടിയിലെ പാൽ മൃഗങ്ങളുടെ വായയ്ക്കുള്ളിലോ ചർമ്മത്തിലോ തട്ടിയാൽ ശക്തമായ നീർവീക്കവും അസ്വസ്ഥതയും ഉണ്ടാകാം. വിഷബാധയുടെ തീവ്രതയനുസരിച്ച് മൃഗങ്ങളിൽ നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ എന്നിവ പ്രകടമാകാറുണ്ട്. സസ്യജന്യമായ ഇത്തരം ടോക്സിനുകൾ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ അനിവാര്യമാണ്. കന്നുകാലികൾ മേയുന്ന ഇടങ്ങളിൽ ഇത്തരം ചെടികൾ നട്ടുപിടിപ്പിക്കാതിരിക്കാനും, പൂന്തോട്ടം വെട്ടിത്തെളിക്കുമ്പോൾ ലഭിക്കുന്ന അവശിഷ്ടങ്ങൾ കാലിത്തീറ്റയിൽ കലരുന്നില്ലെന്ന് ഉറപ്പുവരുത്താനും കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.

പൂന്തേനിൽ പോലും വിഷമുള്ള അരളി

വീട്ടുമുറ്റങ്ങളിലും പാതയോരങ്ങളിലും പ്രത്യേക പരിചരണം ഒന്നുമില്ലാതെ തന്നെ തഴച്ചു വളരുന്ന അരളി (Oleander) സാധാരണ അലങ്കാരചെടിയാണെന്ന ധാരണ വ്യാപകമാണ്. ചുവപ്പ്, പിങ്ക്, മഞ്ഞ, വെള്ള തുടങ്ങി വൈവിധ്യമാർന്ന നിറങ്ങളിൽ പൂക്കുന്ന ഈ സസ്യം, യാഥാർഥത്തിൽ അടിമുടിയൊരു വിഷസസ്യമാണ്. സംസ്കൃതത്തിൽ അരളിയെ “കാജമാരക” എന്നാണ് വിളിക്കുന്നത്; അതായത് “കുതിരയെ പോലും കൊല്ലാൻ കഴിവുള്ളത്” എന്നർത്ഥം. അതിനാൽ തന്നെ “അശ്വമാരക”, “ഹയമാരക” എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. അരളിയുടെ വേരുകൾ, ഇലകൾ, തണ്ട്, പാൽസാരമുള്ള ലാറ്റക്സ്, പൂക്കൾ, പൂന്തേൻ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഒലിയാൻഡ്രിൻ, ഒലിയാൻഡ്രോസൈഡ്, നീരിൻ, ഡിജിറ്റോക്സിജെനിൻ എന്നീ ഗ്ലൈക്കോസൈഡ് വിഭാഗത്തിൽപ്പെടുന്ന രാസസംയുക്തങ്ങളാണ് പ്രധാന വിഷങ്ങൾ. പ്രത്യേകിച്ച് മഞ്ഞയരളിയിൽ കാണപ്പെടുന്ന തെവറ്റിൻ (Thevetin) പോലുള്ള ഗ്ലൈക്കോസൈഡുകളും അതീവ വിഷമാണ്. ഈ രാസവസ്തുക്കൾ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ഹൃദയത്തിന്റെ പ്രവർത്തനം നേരിട്ട് ബാധിച്ച് മന്ദഗതിയിലാക്കാനും തകരാറിലാക്കാനും കഴിവുള്ളവയാണ്. കന്നുകാലികളിൽ അരളി വിഷബാധ പണ്ടാശയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നതാണ്. അരളിയുടെ ഇലകളോ തണ്ടോ അകത്തെത്തിയാൽ സാധാരണയായി 12 മുതൽ 24 മണിക്കൂറിനകം രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. തളർച്ച, പണ്ടാശയസ്തംഭനം, രക്തം കലർന്ന വയറിളക്കം, ഹൃദയമിടിപ്പിലെ അസാധാരണതകൾ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. അകത്തെത്തിയ വിഷത്തിന്റെ അളവനുസരിച്ച് ലക്ഷണങ്ങളുടെ തീവ്രതയിലും പ്രകടന സമയത്തും വ്യത്യാസം ഉണ്ടാകും. അരളി കുടുംബത്തിൽ പെടുന്ന ഒതളങ്ങയും (Cerbera odollam) എരുക്കും (Calotropis) സമാനമായി ഹൃദയത്തെ ബാധിക്കുന്ന വിഷമുള്ള സസ്യങ്ങളാണ്. ഒതളങ്ങയിൽ കായിലാണ് കൂടുതൽ വിഷം അടങ്ങിയിരിക്കുന്നത്, എരുക്കിൽ കറ (latex) ആണ് കൂടുതൽ അപകടകാരി. ഈ സസ്യങ്ങളിൽ ഉള്ള വിഷങ്ങൾക്ക് മൃഗവൈദ്യത്തിൽ കൃത്യമായ മറുമരുന്നുകൾ നിലവിലില്ല.

ഡിഫൻബാക്കിയ വിഷബാധ

വീടുകളിലും ഓഫീസുകളിലും വ്യാപകമായി വളർത്തപ്പെടുന്ന ജനപ്രിയ അലങ്കാരസസ്യമായ ഡിഫൻബാക്കിയ (Dieffenbachia), കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വിഷബാധ ഉണ്ടാക്കാൻ കഴിവുള്ളതാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കാൽസ്യം ഓക്സലേറ്റ് സൂചികണങ്ങൾ (raphides) അടങ്ങിയിരിക്കുന്നു. മൃഗങ്ങൾ ചെടി കടിക്കുമ്പോൾ ഈ സൂചികണങ്ങൾ വായിലും നാവിലും തൊണ്ടയിലും കുത്തിപ്പരിക്കേൽപ്പിക്കുകയും ശക്തമായ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ പോലുള്ള മറ്റ് ഘടകങ്ങളും ചേർന്ന് വിഷബാധയുടെ തീവ്രത വർധിപ്പിക്കുന്നു. ഈ ചെടി കഴിച്ചതിന് പിന്നാലെ തന്നെ അമിതമായ ഉമിനീർ ഒഴുക്ക്, വായിൽ കഠിനമായ വേദന, നാവിലും ചുണ്ടിലും നീർവീക്കം, വിഴുങ്ങാൻ ബുദ്ധിമുട്ട്, തീറ്റമടുപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു. വിഷബാധയേറ്റ മൃഗങ്ങളുടെ ശബ്ദം നിലയ്ക്കുകയോ മാറുകയോ ചെയ്യുന്നതിനാലാണ് ഈ സസ്യത്തിന് “ഡംബ് കേയിൻ” (Dumb Cane) എന്ന പേരും ലഭിച്ചത്. ഗുരുതരമായ കേസുകളിൽ തൊണ്ടയിലെ വീക്കം മൂലം ശ്വാസതടസ്സം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ചെടിയിലെ പാൽ കണ്ണിലോ ചർമ്മത്തിലോ തട്ടിയാൽ ശക്തമായ എരിച്ചിലും അസ്വസ്ഥതയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ വെറ്ററിനറി ചികിത്സ തേടേണ്ടതാണ്.

ക്രോട്ടൺ വിഷബാധ

വർണശബള ഇലകളാൽ ശ്രദ്ധേയമായ ക്രോട്ടൺ ചെടികൾ വീടിനകത്തും പുറത്തും ഒരുപോലെ വളർത്തപ്പെടുന്ന ഒരു ജനപ്രിയ അലങ്കാരസസ്യമാണ്. എന്നാൽ ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ വിഷാംശമുള്ളവയാണ്. ഈ ചെടിയുടെ തണ്ടിലോ ഇലയിലോ മുറിവുണ്ടാകുമ്പോൾ പുറത്തുവരുന്ന വെള്ളനിറത്തിലുള്ള കറയിലാണ് 'ഡിറ്റർപീൻ എസ്റ്ററുകൾ' (Diterpene esters) എന്ന വിഷാംശം പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഈ കറ മനുഷ്യരുടെ ചർമ്മത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണിലോ വായിലോ തട്ടിയാൽ കൂടുതൽ ഗുരുതരമായ അസ്വസ്ഥതകൾക്കും ഇടയാക്കും. എന്നാൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിലാണ്. അറിവില്ലാതെ ഈ ചെടിയുടെ ഇലകളോ തണ്ടുകളോ കഴിച്ചാൽ, വായയിലും തൊണ്ടയിലും കടുത്ത നീറ്റലും കുരുവും വീക്കവും അമിതമായ ഉമിനീർ സ്രാവവും ഉണ്ടാകാം. ചിലപ്പോൾ വിഴുങ്ങുന്നതിൽ ബുദ്ധിമുട്ട് പോലും അനുഭവപ്പെടാം. വളർത്തുമൃഗങ്ങളിൽ, പ്രത്യേകിച്ച് നായ്ക്കളിലും പൂച്ചകളിലും ക്രോട്ടൺ വിഷബാധ വയറിളക്കം, ഛർദ്ദി, വയറുവേദന, ഭക്ഷണവിരോധം, ദേഹദൗർബല്യം എന്നിവയ്ക്ക് കാരണമാകാറുണ്ട്. കന്നുകാലികളിൽ ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച് ശക്തമായ അസ്വസ്ഥതകൾ ഉണ്ടാക്കും.

കാലാട്യം വിഷബാധ

വീട്ടുമുറ്റങ്ങളിലും ഇൻഡോർ തോട്ടങ്ങളിലും നിറപ്പകിട്ടുള്ള ഇലകളാൽ ശ്രദ്ധേയമായ അലങ്കാരസസ്യമാണ് കാലാട്യം (Caladium). ചുവപ്പ്, പച്ച, വെളുപ്പ് എന്നിവയുടെ മനോഹരമായ സംയോജനത്തിൽ കാണുന്ന ഈ ഇലകൾ വീടുകളുടെ സൗന്ദര്യം വർധിപ്പിക്കുന്നുവെങ്കിലും ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ വിഷാംശമുള്ളവയാണ് എന്നത് പലർക്കും അറിയാത്തതാണ്. കാലാട്യം ചെടിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ (Calcium oxalate crystals) ആണ്. ഈ സൂക്ഷ്മമായ സൂചിപോലുള്ള ക്രിസ്റ്റലുകൾ (raphides) വായിലും തൊണ്ടയിലും സ്പർശിക്കുമ്പോൾ കഠിനമായ വേദനയുണ്ടാക്കും. ചിലപ്പോൾ വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ശ്വാസതടസ്സം വരെ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കുട്ടികളിലും വളർത്തുമൃഗങ്ങളിലുമാണ് ഇത്തരം വിഷബാധകൾ കൂടുതലായി കണ്ടുവരുന്നത്. നായ്ക്കളിലും പൂച്ചകളിലും, ഈ ചെടിയുടെ ഭാഗങ്ങൾ അകത്തെത്തിയാൽ വയറിളക്കം, ഛർദ്ദി, ഭക്ഷണവിരോധം, അസ്വസ്ഥത എന്നിവ ഉണ്ടാകും. കന്നുകാലികളിൽ ഇത് വായിലെ ശക്തമായ വേദന കാരണം തീറ്റ കഴിക്കാൻ മടിക്കുകയും ദേഹദൗർബല്യം പ്രകടമാകുകയും ചെയ്യും. കാലാട്യം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധ ആവശ്യമാണ്. ചെടിയുടെ കറ ചർമ്മത്തിൽ സ്പർശിച്ചാൽ ചിലർക്കു ചൊറിച്ചിലും ചുവപ്പും ഉണ്ടാകാം. കാലാട്യം വിഷബാധയ്ക്ക് പ്രത്യേകമായ പ്രതിവിധി ഇല്ലാത്തതിനാൽ, ചികിത്സ പ്രധാനമായും ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനാണ് ചികിത്സ.

ഹൈഡ്രേഞ്ചിയ വിഷബാധ

വീടുകളിലും തോട്ടങ്ങളിലും വ്യാപകമായി വളർത്തപ്പെടുന്ന ഹൈഡ്രേഞ്ചിയ (Hydrangea) മനോഹരമായ വലിയ പൂക്കളാൽ പേരുകേട്ട അലങ്കാരസസ്യമാണ്. എന്നാൽ ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും വിഷബാധ ഉണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് സയനോജനിക് ഗ്ലൈക്കോസൈഡുകൾ (cyanogenic glycosides) എന്ന രാസസംയുക്തങ്ങൾ സസ്യത്തിൽ അടങ്ങിയിട്ടുള്ളതിനാൽ, മൃഗങ്ങൾ ഇത് കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ ഹൈഡ്രജൻ സയനൈഡ് രൂപപ്പെടുകയും വിഷബാധയുണ്ടാക്കുകയും ചെയ്യുന്നു. ഹൈഡ്രേഞ്ചിയയുടെ ഇലകൾ, പൂക്കൾ, തണ്ടുകൾ എന്നിവ മൃഗങ്ങൾ ചവച്ച് കഴിക്കുമ്പോഴാണ് വിഷബാധ ഉണ്ടാകുന്നത്. വിഷബാധയുടെ ആരംഭത്തിൽ ഛർദ്ദി, വയറിളക്കം, ക്ഷീണം, അസ്വസ്ഥത എന്നിവ കാണാം. ചില കേസുകളിൽ ശ്വാസതടസം, നാഡീവ്യവസ്ഥയിലുള്ള അസാധാരണ ലക്ഷണങ്ങൾ എന്നിവയും ഉണ്ടാകാം. കൂടുതലായ അളവിൽ കഴിച്ചാൽ സയനൈഡ് വിഷബാധ മൂലം ഗുരുതരമായ ശ്വാസതടസം, ഹൃദയമിടിപ്പിലെ വ്യതിയാനം, ചിലപ്പോൾ മരണവും സംഭവിക്കാം.

മഞ്ഞപ്പിത്തം മുതൽ തൊലിപ്പുറത്ത് പൊള്ളൽ വരെ; അരിപ്പൂച്ചെടിയും അപകടകാരി

വിവിധ വർണങ്ങളിലുള്ള പൂക്കളുമായി തഴച്ചു വളരുന്ന അരിപ്പൂച്ചെടി (ലാന്റാന / Lantana camara) ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു സസ്യമാണ്. പ്രധാനമായും പറമ്പുകളിലും പാതയോരങ്ങളിലും കണ്ടിരുന്ന ഈ ചെടി ഇന്ന് വീട്ടിലെ പൂന്തോട്ടങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. സാധാരണയായി കന്നുകാലികൾ ഈ ചെടി ഒഴിവാക്കാറുണ്ടെങ്കിലും, തീറ്റക്കുറവോ മറ്റ് സാഹചര്യങ്ങളാലോ ആകസ്മികമായി കഴിക്കുന്നതിലൂടെ വിഷബാധ സംഭവിക്കുന്നത് അപൂർവമല്ല. അരിപ്പൂച്ചെടിയിലെ പ്രധാന വിഷഘടകം ലന്താഡീൻ (Lantadene) ആണ്, ഇത് പ്രധാനമായും കരളിനെയാണ് ബാധിക്കുന്നത്. വിഷബാധയേറ്റ കന്നുകാലികളിൽ മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, ക്ഷീണം, വയറിൽ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ചുവന്ന പൂക്കളുള്ള ഇനങ്ങൾ കൂടുതൽ അപകടകാരികളാണെന്ന് കരുതപ്പെടുന്നുവെങ്കിലും, പിങ്ക്, മഞ്ഞ, വെളുപ്പ് നിറങ്ങളിലുള്ള ഇനങ്ങളും വിഷപരമായ സ്വഭാവമുള്ളവ തന്നെയാണ്. അരിപ്പൂച്ചെടിയുടെ ഏറ്റവും പ്രത്യേകതയുള്ള അപകടകാരിയായ ഘടകം അതിന്റെ പ്രകാശസംവേദനശേഷിയാണ് (Photosensitization). ഈ ചെടി കഴിച്ച കന്നുകാലികൾ സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ തൊലിപ്പുറത്ത് പൊള്ളലേറ്റതുപോലെ തിണർത്ത് പൊട്ടുകയും വേദനയും അസ്വസ്ഥതയും പ്രകടമാകുകയും ചെയ്യും. ഇത് കരൾ ബാധയോടൊപ്പം ഉണ്ടാകുന്ന ഗുരുതര പ്രതികരണമാണ്. കന്നുകാലികൾക്ക് മാത്രമല്ല, മുയലുകൾ ഉൾപ്പെടെയുള്ള മറ്റു വളർത്തുമൃഗങ്ങൾക്കും അരിപ്പൂച്ചെടി വിഷമാണ്. അതിനാൽ ഫാം പരിസരങ്ങളിൽ ഈ ചെടി വളരുന്നത് ഒഴിവാക്കുകയോ, മൃഗങ്ങൾ എത്താൻ കഴിയാത്തവിധം നിയന്ത്രിക്കുകയോ ചെയ്യണം. അരിപ്പൂ വിഷബാധ സംശയിക്കുന്ന സാഹചര്യങ്ങളിൽ, കന്നുകാലികളെ ഉടൻ തന്നെ തണലിലേക്ക് മാറ്റുകയും, സൂര്യപ്രകാശം ഒഴിവാക്കുകയും വൈകാതെ വെറ്ററിനറി ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.

വിഷബാധയേറ്റാൽ പ്രഥമ ശുശ്രൂഷ

മിക്ക സസ്യവിഷബാധകൾക്കും കൃത്യമായ മറുമരുന്നുകൾ ലഭ്യമല്ല എന്നതാണ് വസ്തുത. എങ്കിലും വിഷബാധയുടെ തീവ്രത കുറയ്ക്കാനും വിഷം ആഗിരണം ചെയ്യുന്നത് തടയാനും ചില പ്രഥമ ശുശ്രൂഷകൾ കർഷകർക്ക് ചെയ്യാം. രക്തത്തിലേക്കുള്ള വിഷത്തിന്റെ ആഗിരണം കുറയ്ക്കാൻ പൊതുവായി ആക്ടിവേറ്റഡ് ചാർക്കോൾ കന്നുകാലിയുടെ ഒരു കിലോഗ്രാം ശരീരതൂക്കത്തിന് ഒരു ഗ്രാം എന്ന അളവിൽ നൽകാം. 400 കിലോ തൂക്കമുള്ള വലിയ സങ്കരയിനം പശുവിന് 400 ഗ്രാം വരെ ചാർക്കോൾ വേണ്ടിവരും. ആക്ടിവേറ്റഡ് ചാർക്കോൾ അടങ്ങിയ ഗുളികകളും ലായനികളും വിപണിയിലുണ്ട്. ഇവ ലഭ്യമല്ലെങ്കിൽ നേരത്തെ പറഞ്ഞ അതേ അളവിൽ ചിരട്ടക്കരിയും നൽകാം. ഒപ്പം 15 മുതൽ 20 വരെ കോഴിമുട്ടയുടെ വെള്ള കൂടി നൽകുന്നത് വിഷത്തിൻ്റെ ആഗിരണം തടയാൻ ഗുണം ചെയ്യും. പൊട്ടാസ്യം പെർമാൻഗനേറ്റ് നേർപ്പിച്ച ലായനി നൽകാം. മഗ്നീഷ്യം സൾഫേറ്റ് (ഭേദിഉപ്പ്) അരക്കിലോഗ്രാം വരെ ശർക്കരയിൽ കുഴച്ചുനൽകുന്നത് വയറിളക്കുന്നതിന് സഹായിക്കും. മരച്ചീനിയിലയോ തൊണ്ടോ കഴിച്ചാൽ ഉടൻ സോഡിയം തയോസൾഫേറ്റ് പൗഡർ (ഹൈപ്പോ പൗഡർ) 30-100 ഗ്രാം വരെ കഴിക്കാൻ നൽകുന്നത് ഫലപ്രദമാണ്. തഴുതാമ, വയൽച്ചുള്ളി, ഞെരിഞ്ഞിൽ എന്നീ മൂന്ന് ചെടികൾ 100 ഗ്രാം വീതം മൂന്ന് ലിറ്റർ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായപരുവത്തിൽ ഒന്നരലിറ്ററിലേക്ക് വാറ്റിയെടുത്ത ശേഷം പകുതി വീതം ദിവസം രണ്ടു തവണകളായി മൂന്ന് ദിവസം നൽകുന്നത് ആനത്തൊട്ടാവാടി കഴിച്ചത് കാരണം ഉണ്ടാവുന്ന നീര് അകറ്റാനുള്ള നാടൻ പ്രയോഗമാണ്. ഇത്തരം പ്രഥമ ശുശ്രൂഷ ചെയ്യുന്നതിനൊപ്പം കൂടുതൽ കാലികൾ വിഷച്ചെടി കഴിക്കുന്നത് തടയാനും ഉടൻ വെറ്ററിനറി സേവനം തേടാനും ശ്രദ്ധിക്കണം.