തിരുവനന്തപുരം: മിൽമ കാലിത്തീറ്റ വിലവർധന ക്ഷീരകർഷകർക്ക് ഇരുട്ടടി. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് 200രൂപ കൂട്ടി. നേരത്തേ 1550 രൂപയായിരുന്നു വില. ഇതിൽ 200 രൂപ സബ്‌സിഡി കുറച്ച് 1350 രൂപയ്ക്ക് കാലിത്തീറ്റ ലഭിച്ചിരുന്നു. മാസങ്ങളായി ഈ സബ്‌സിഡി നൽകുന്നില്ല. സബ്സിഡിയായി 100 രൂപ മിൽമ ഫെഡറേഷനും 100 രൂപ അതാത് മേഖലാ യൂണിയനുകളുമാണ് നൽകിയിരുന്നത്. ഫെഡറേഷന്റെ സബ്‌സിഡി നേരത്തേ തന്നെ നിലച്ചു. കഴിഞ്ഞ ജൂണിൽ പാൽവില കൂട്ടിയതോടെ മേഖലാ യൂണിയനുകളും സബ്‌സിഡി നൽകാതെയായി. ഇതോടെ 1350 രൂപയ്ക്ക് ലഭിച്ചിരുന്ന കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1750 രൂപനൽകണം. സ്വകാര്യ തീറ്റക്കമ്പനികളും സർക്കാർ സ്ഥാപനമായ കേരളാ ഫീഡ്‌സും അടുത്തയിടെ കാലിത്തീറ്റ വില ഉയർത്തിയിരുന്നു.

To advertise here,

പിണ്ണാക്ക് 50 കിലോയുടെ ഒരു ചാക്കിന്റെ വില 1800-ൽ നിന്ന് 2750 രൂപയായി. ചോളപ്പൊടി 1300 രൂപയായിരുന്നത് മൂന്നുമാസത്തിനിടെ 1950 ആയി. 30 കിലോയുടെ ഒരു കെട്ട് വൈക്കോലിന് തിരുവനന്തപുരത്ത് 400 രൂപയാണ്. നേരത്തേയിത് 250-300 ആയിരുന്നു.

അസംസ്കൃതവസ്തുക്കളുടെ വിലവർധന കാരണമാണ് വിലകൂട്ടിയതെന്നാണ് മിൽമ ഫെഡറേഷൻ പറയുന്നത്. പെട്രോളിൽ എഥനോൾ ചേർക്കാൻ തുടങ്ങിയതോടെ കാലിത്തീറ്റ നിർമാണത്തിനുള്ള ചോളം ലഭ്യമല്ലാതായെന്നും മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യം മറ്റ് അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടുന്നു.