പുതിയ തീറ്റപുല്ലിനം വികസിപ്പിച്ചെടുത്ത് കേരള കാർഷിക സർവകലാശാല. കെഎയു സുവർണ എന്ന് പേര് നൽകിയിരിക്കുന്ന തീറ്റപുല്ലിനം, സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത നാലാമത്തെ ഗിനി പുല്ലിനമാണ്. ഗിനി പുല്ല് അഥവാ കുതിരപ്പുല്ല് (ശാസ്ത്രീയ നാമം: മെഗാതൈറസ് മാക്സിമസ്) ചോയേസീ കുടുംബത്തിൽപ്പെട്ട ദീർഘകാല കാലിത്തീറ്റവിളയാണ്. ഉയർന്ന ഇല-തണ്ട് അനുപാതവും ഉത്പാദനക്ഷമതയുമുള്ള ഗിനി പുല്ല് തണലിൽ നന്നായി വളരുമെന്നതിനാൽ, തെങ്ങിൻതോപ്പിൽ ഇടവിളയായി കൃഷിചെയ്യാൻ അനുയോജ്യമായ കാലിത്തീറ്റവിളയാണ്.
നേരത്തേ പുറത്തിറക്കിയ ഹരിത, മരതകം, ഹരിതശ്രീ എന്നീ ഇനങ്ങളെക്കാളും ഇരട്ടിയിലേറെ വിളവുതരുന്ന ഇനമാണ് കെഎയു സുവർണ. വർഷം ഒരു ഹെക്ടറിൽനിന്ന് 250-290 ടൺ പച്ചപ്പുല്ല് ലഭിക്കും. ഇതിൽ 13.5 ശതമാനം മാംസ്യവും 22 ശതമാനം നാരും അടങ്ങിയിരിക്കുന്നു. ഓക്സലേറ്റിന്റെ അളവ് സുരക്ഷിതമായ തോതിനുള്ളിലേയുള്ളൂ. മറ്റിനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവിൽമാത്രം ഗിബ്ബറിലിക് ആസിഡ് ഉള്ളതിനാൽ സുവർണയിൽ പൂവിടൽ വളരെ കുറവാണ്.
ദീർഘകാല വിളയായതിനാൽ നാലര വർഷംവരെ തോട്ടത്തിൽ നിലനിർത്താം. വേരുള്ള ചെറുതൈകളാണ് നടീൽവസ്തു. നട്ടുകഴിഞ്ഞ് 65- 70 ദിവസമാകുമ്പോൾ ആദ്യവിളവെടുക്കാം. അതിനുശേഷം 45 ദിവസം ഇടവിട്ട് മുറിച്ചെടുക്കാം. കീടബാധ വളരെ കുറവാണ്. വളപ്രയോഗത്തോടും നന്നായി പ്രതികരിക്കും.
വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിച്ചുവരുന്ന അഖിലേന്ത്യാ തീറ്റപ്പുല്ല് ഗവേഷണപദ്ധതിയിൽ 2007 മുതൽ 2022 വരെ നടന്ന ഗവേഷണത്തിലാണ് സുവർണ വികസിപ്പിച്ചെടുത്തത്. ഈ പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരായ റിട്ട. പ്രൊഫസർ ഡോ. മെറിൻ അബ്രഹാമും ഇപ്പോൾ വെള്ളയാണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാം മേധാവിയായ ഡോ. ഉഷ സി. തോമസുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്.
സുവർണയുടെയും സങ്കര നേപ്പിയർ ഇനങ്ങളായ സുഗുണ, സുസ്ഥിര എന്നിവയുടെയും നടീൽവസ്തുക്കൾ വെള്ളായണി കാർഷിക കോളേജ്, അഖിലേന്ത്യാ തീറ്റപ്പുല്ല് ഗവേഷണ പദ്ധതിയുടെ ഫാമിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 8547125233.
Content Highlights: Kerala Agricultural University developed KU Suvarna, a high-yield guinea grass variety
Published: 26 Apr 2025, 05:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented