എലികളെ നിയന്ത്രിക്കുക എന്നത് തന്നെയാണ് ഈ രോഗത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.

നമ്മുടെ ചരിത്രപുസ്തകങ്ങളിൽ അത്രയധികം രേഖപ്പെടുത്താത്ത പല യുദ്ധങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിൽ നടക്കാറുണ്ട്. അത്തരമൊരു പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത് 1951 മുതൽ 1953 വരെ നീണ്ട കൊറിയൻ യുദ്ധകാലത്താണ്. യുദ്ധഭൂമിയിൽ ഐക്യരാഷ്ട്ര സഭയുടെ മൂവായിരത്തിലധികം സൈനികർ അന്ന് ഒരു നിഗൂഢ രോഗത്തിന്റെ പിടിയിലായി. അക്കാലത്ത് ‘കൊറിയൻ ഹെമറാജിക് ഫീവർ’ എന്നറിയപ്പെട്ട ഈ രോഗം ബാധിച്ചവർ കഠിനമായ പനിയും ആന്തരിക രക്തസ്രാവവും മൂലം തളർന്നു. എന്നാൽ, ഇതിന് കാരണമായ വില്ലൻ ആരാണെന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിന് വർഷങ്ങൾ നീണ്ട പരിശ്രമം വേണ്ടിവന്നു.
1978-ലാണ് ആ നിർണ്ണായക കണ്ടെത്തൽ നടന്നത്. ദക്ഷിണ കൊറിയയിലെ ഹാൻ്റാൻ നദിക്കരയിൽ കണ്ടുവരുന്ന ‘അപ്പോഡെമസ് അഗ്രേറിയസ്’ (Apodemus agrarius) എന്ന ഇനം വയൽ എലികളിൽനിന്ന് ഈ രോഗകാരിയായ വൈറസിനെ ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്തു. വൈറസിന് ആ നദിയുടെ പേരിനോട് സാമ്യമുള്ള ‘ഹാൻ്റാൻ വൈറസ്’ എന്ന പേര് നൽകി.
എന്നാൽ, ലോകത്ത് ആദ്യമായി ഒരു ഹാൻ്റ വൈറസിനെ കണ്ടെത്തുന്നത് 1964-ൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽനിന്നുമാണ്. ജപ്പാൻ ജ്വരത്തെക്കുറിച്ചുള്ള പഠനത്തിനിടെ ഒരു നച്ചെലിയിൽനിന്നു കണ്ടെത്തിയ ‘തോട്ടപ്പാളയം വൈറസ്’ (Thottapalayam virus) ആണ് ശാസ്ത്രീയമായി ഈ ഗണത്തിൽ ആദ്യം തിരിച്ചറിയപ്പെട്ട വൈറസ് എങ്കിലും കൊറിയൻ കണ്ടെത്തലിലൂടെയാണ് ഈ വൈറസ് കുടുംബത്തിന് ആഗോളതലത്തിൽ ‘ഹാൻ്റ വൈറസ്’ എന്ന പേര് ലഭിച്ചത്.
1981-ൽ ഈ വൈറസിന്റെ ഘടനയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു. ലബോറട്ടറിയിൽ വളർത്തിയെടുത്ത വൈറസിനെ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചപ്പോൾ, അത് ‘ബുനിയാവൈറിഡേ’ (Bunyaviridae) എന്ന വൈറസ് കുടുംബത്തിലെ പുതിയൊരു അംഗമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, ഈ വൈറസ് കുടുംബത്തിലെ മറ്റ് വൈറസുകളെപ്പോലെ കൊതുകോ കടിയീച്ച പോലുള്ള ജീവികൾ വഴിയല്ല ഇത് പടരുന്നത് എന്നതായിരുന്നു ഏറ്റവും പ്രത്യേകത. പകരം, എലികളെപ്പോലെയുള്ള ജീവികളിൽ ഈ വൈറസ് സ്ഥിരമായി വസിക്കുകയും അവയിലൂടെ നേരിട്ട് മനുഷ്യരിലേക്ക് പടരുകയും ചെയ്യുകയായിരുന്നു. ഈ കണ്ടെത്തലോടെ 1981-ൽ ‘ഹാൻ്റ വൈറസ്’ എന്ന പേരിൽ ഒരു പുതിയ വൈറസ് വിഭാഗം തന്നെ ശാസ്ത്രത്തിൻ്റെ ഭാഗമായി.
അമേരിക്കയിലെ അപ്രതീക്ഷിത രോഗബാധ
ഹാൻ്റാ വൈറസുകൾ ഏഷ്യയിലും യൂറോപ്പിലും മാത്രമേ രോഗമുണ്ടാക്കുന്നുള്ളൂ എന്നായിരുന്നു 1993 വരെ ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ, ആ വർഷം അമേരിക്കയിലെ ‘ഫോർ കോർണർ’ (Four Corners) മേഖലയിലുണ്ടായ അപ്രതീക്ഷിത രോഗബാധ ഈ ധാരണകളെ പാടെ തിരുത്തി. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ട രോഗികളിൽ പലരും പെട്ടെന്നുതന്നെ മരണത്തിന് കീഴടങ്ങി. ഇത് ‘ഹാൻ്റ വൈറസ് കാർഡിയോപൾമണറി സിൻഡ്രോം’ (HPS) എന്ന പുതിയ രോഗാവസ്ഥയുടെ കണ്ടെത്തലിലേക്ക് നയിച്ചു. എന്നാൽ, ഈ രോഗം ഒരു പുതിയ വില്ലനായിരുന്നില്ല എന്നതായിരുന്നു വാസ്‌തവം. മുൻകാലങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ മരിച്ചവരുടെ സൂക്ഷിച്ചുവെച്ച കോശങ്ങൾ (Frozen samples) പരിശോധിച്ചപ്പോൾ, 1959-ൽ തന്നെ ഈ വൈറസ് മനുഷ്യരിൽ മരണം വിതച്ചിരുന്നുവെന്ന് തെളിഞ്ഞു.
അമേരിക്കയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന 'ഡിയർ മൗസ്' (Dear Mouse) എന്നറിയപ്പെടുന്ന എലികളിൽനിന്നാണ് വൈറസ് മനുഷ്യരിലെത്തിയത്. ഇതിനെ 'സിൻ നോംബ്രെ' (Sin Nombre) വൈറസ് എന്ന് വിളിച്ചു. വൈകാതെ തന്നെ 'ആൻഡീസ് വൈറസ്' (Andes virus) ഉൾപ്പെടെയുള്ള സമാനമായ മറ്റ് വകഭേദങ്ങൾ അമേരിക്കയിലുടനീളം പടർന്നിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. വെറും ഒരുതരം വൈറസിൽ തുടങ്ങി ഇന്ന് മനുഷ്യരെ ബാധിക്കാൻ സാധ്യതയുള്ള ഇരുപത്തൊന്നിലധികം സ്പീഷീസുകളും മുപ്പതിലധികം ജനിതക വിഭാഗങ്ങളുമുള്ള ഒരു വലിയ വൈറസ് കുടുംബമായി ഹാൻ്റാ വൈറസ് മാറിയിരിക്കുന്നു.
വർഷങ്ങൾക്കിപ്പുറം, പുതിയ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിക്കൊണ്ട് ഹാൻ്റാ വൈറസ് പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ അർജന്റീനയിൽനിന്ന് കേപ് വെർഡെയിലേക്ക് യാത്ര പോയ 'എം.വി. ഹോണ്ടിയസ്' (MV Hondius) എന്ന പോളാർ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹാൻ്റാ വൈറസ് ബാധ ഇപ്പോൾ ആഗോളതലത്തിൽ വലിയ ആരോഗ്യ ആശങ്കയായി മാറിയിരിക്കുന്നു. നൂറ്റിയൻപതോളം ആളുകളുമായി യാത്ര തിരിച്ച കപ്പലിലെ യാത്രക്കാരിൽ ചിലരിൽ ഈ മാസത്തിന്റെ തുടക്കത്തിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് മാരകമായ ഹാൻ്റാ വൈറസ് പൾമണറി സിൻഡ്രോം (HPS) ആണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ കപ്പലിൽ ഏഴ് കേസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. നിർഭാഗ്യവശാൽ മൂന്ന് മരണങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
വൈറസ് വാഹകരും വ്യാപനവും
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഹാൻ്റാ വൈറസ്. വൈറസിന്റെ പ്രധാന വാഹകർ എലിവർഗത്തിൽപ്പെട്ട (Rodents) ചെറിയ സസ്തനികളാണ്. ഏഷ്യ, യൂറോപ്പ്, അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ വിവിധ ഭാഗങ്ങളിൽനിന്നും മനുഷ്യരിൽ രോഗമുണ്ടാക്കുന്ന ഹാൻ്റ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഭൂപ്രദേശങ്ങൾക്കനുസരിച്ച് വൈറസ് വാഹകരായ എലികളിലും വ്യത്യാസമുണ്ട്; ഏഷ്യയിൽ സ്ട്രൈപ്പ്ഡ് ഫീൽഡ് റാറ്റ് (Apodemus agrarius), സാധാരണ എലികൾ (Rattus norvegicus), പെരുച്ചാഴി (Bandicoota indica) എന്നിവ വൈറസ് വഹിക്കുമ്പോൾ, അമേരിക്കൻ രാജ്യങ്ങളിൽ ഡിയർ മൈസ് (Peromyscus maniculatus), പിഗ്മി റൈസ് റാറ്റ് (Oligoryzomys sp) എന്നിവയാണ് പ്രധാന ഉറവിടങ്ങൾ. രോഗവാഹകരാണെങ്കിലും എലികളിലോ, മറ്റു ചെറിയ സസ്തനികളിലോ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാറില്ല.
എലികളുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഇവ വായുവിൽ കലർന്നുണ്ടാകുന്ന കണികകൾ ശ്വസിക്കുന്നതിലൂടെയോ ആണ് മനുഷ്യരിലേക്ക് രോഗബാധയുണ്ടാകുന്നത്.
എലിശല്യമുള്ള, എന്നാൽ വായുസഞ്ചാരം കുറഞ്ഞതോ അടച്ചിട്ടതോ ആയ മുറികൾ വൃത്തിയാക്കുക, കൃഷിപ്പണികൾ, വനവുമായി ബന്ധപ്പെട്ട ജോലികൾ, എലി ശല്യമുള്ള ഇടങ്ങളിൽ താമസിക്കുന്നതും ഇത്തരം സാഹചര്യങ്ങളിൽ മതിയായ മുൻകരുതലുകളെടുക്കാതിരിക്കുന്നതും രോഗം പിടിപെടാൻ സാധ്യത കൂട്ടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
സാധാരണയായി ഹാൻ്റ വൈറസ് വകഭേദങ്ങൾ കോവിഡ് പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാറില്ലെങ്കിലും, ലാറ്റിൻ അമേരിക്കയിൽ കാണപ്പെടുന്ന 'ആൻഡീസ് വൈറസ്' (Andean virus) എന്ന ഹാൻ്റ വൈറസ് വകഭേദം മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതായി മുമ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എം.വി. ഹോണ്ടിയസ് കപ്പലിലെ രോഗബാധ ആൻഡീസ് ഹാൻ്റ വൈറസ് വകഭേദമാണന്ന് കണ്ടെത്തിയ സാഹചര്യത്തിൽ രോഗബാധയെ ലോകാരോഗ്യ സംഘടന അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
രോഗലക്ഷണങ്ങളും തീവ്രതയും
ഹാന്റാ വൈറസ് ബാധ മനുഷ്യരിൽ രണ്ട് പ്രധാന രോഗാവസ്ഥകളാണ് ഉണ്ടാക്കുന്നത്: ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോമും (HPS/HCPS), വൃക്കകളെ ബാധിക്കുന്ന ഹെമറേജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോമും (HFRS). തുടക്കത്തിൽ പനി, കടുത്ത പേശിവേദന, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കാണാറുള്ളതെങ്കിലും രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസതടസ്സവും ആന്തരികാവയവങ്ങളുടെ പ്രവർത്തനരഹിത്യവും സംഭവിക്കാം. ഈ രോഗത്തിന്റെ മരണനിരക്ക് ഭൂപ്രദേശങ്ങൾക്കും വൈറസ് വകഭേദങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
ഏഷ്യയിലും യൂറോപ്പിലും കണ്ടുവരുന്ന എച്ച്.എഫ്.ആർ.എസ് (HFRS) വകഭേദങ്ങളിൽ മരണനിരക്ക് സാധാരണയായി 1% മുതൽ 15% വരെയാണെങ്കിൽ, അമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന എച്ച്.സി.പി.എസ് (HCPS) വകഭേദം അതിതീവ്രമാണ്; മരണനിരക്ക് 30% മുതൽ 60% വരെ ഉയരാം. എന്നാൽ, ഇതുവരെ ലോകാരോഗ്യ ചരിത്രത്തിൽ വളരെ കുറഞ്ഞ തോതിൽ മാത്രമേ ഹാൻ്റാ വൈറസ് പൊടിപ്പുറപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുള്ളൂ. മാത്രമല്ല, രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ വ്യാപനം കൂടാതെ പ്രാദേശികമായി ഒതുങ്ങി നിൽക്കുകയും ക്രമേണ കെട്ടടങ്ങുകയും ചെയ്തിട്ടുണ്ട്.
ഹാൻ്റാ വൈറസും ഇന്ത്യയും
ഹാൻ്റ വൈറസ് ഇന്ത്യയിൽ ഇതുവരെ വലിയ ഭീഷണിയായി മാറിയിട്ടില്ല. ഇത്രയും കാലത്തിനിടയിൽ ഒറ്റപ്പെട്ട കേസുകളായാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ആദ്യത്തെ ഹാൻ്റ വൈറസ് സ്ട്രെയിൻ ആയ തോട്ടപ്പാളയം വൈറസ് (Thottapalayam virus) 1964-ൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഒരു നച്ചെലിയിൽ നിന്നാണ് വേർതിരിച്ചെടുത്തത്. മനുഷ്യരിലെ അണുബാധ വളരെ അപൂർവമായിട്ടാണ് കാണപ്പെടാറുള്ളതെങ്കിലും എലികളിലും സമാന ജീവികളിലും വൈറസ് നിലനിൽക്കുന്നുണ്ടെന്ന് സെറോളജിക്കൽ പഠനങ്ങൾ തെളിയിക്കുന്നു; പ്രത്യേകിച്ച് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഇതിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1999-ൽ കൊച്ചിയിൽ ഹാൻ്റ വൈറസുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തരത്തിൽ രണ്ട് മനുഷ്യരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. തുടർന്ന് 2006-2008 കാലയളവിൽ എലിപിടുത്തക്കാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയ ഉയർന്ന ആരോഗ്യസാധ്യതയുള്ള വിഭാഗങ്ങളിൽ നടത്തിയ പഠനങ്ങൾ ഇന്ത്യയിൽ ഹാൻ്റ വൈറസ് ചംക്രമണം നടക്കുന്നുണ്ടെന്ന് വീണ്ടും ഉറപ്പിച്ചിരുന്നു. ഇന്ത്യയിൽ ഹാൻ്റ വൈറസ് ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത് 2016 ഒക്ടോബറിൽ മുംബൈയിലാണ്; കൊളാബയിൽ നിന്നുള്ള 12 വയസ്സുകാരൻ ഹാൻ്റ വൈറസ് പൾമണറി സിൻഡ്രോം (HPS) ബാധിച്ചാണ് മരണപ്പെട്ടത്. നിലവിൽ ഇന്ത്യയിൽ കേസുകൾ കുറവാണെങ്കിലും, മുൻകരുതൽ എന്ന നിലയിൽ കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) ഈ വർഷം മുതൽ വൈറസിനെ നിരീക്ഷിക്കുന്നതിനായി പി.സി.ആർ (PCR) പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
എങ്ങനെ പ്രതിരോധിക്കാം
നമ്മുടെ നാട്ടിലെ എലികളിലും ഹാന്റ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിൽ എലികളിൽ നടത്തിയ സീറോ സർവൈലൻസ് (Serosurveillance) രക്തപരിശോധനാപഠനങ്ങൾ ഇക്കാര്യം ശരിവെക്കുന്നുണ്ട്. 2016-ൽ മുംബൈയിൽ ഒൻപത് വയസ്സുള്ള ഒരു കുട്ടിക്ക് ഹാന്റ വൈറസ് രോഗബാധയുണ്ടായ സംഭവം, ഈ വൈറസ് ഭീഷണി നമുക്ക് അന്യമല്ലെന്നതിന്റെ സൂചനയാണ്.
എലികളെ നിയന്ത്രിക്കുക എന്നത് തന്നെയാണ് ഈ രോഗത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ എലികൾക്ക് സുലഭമായ ഭക്ഷണസ്രോതസ്സാവുകയും അവയുടെ പ്രജനനശേഷി വർധിപ്പിക്കുകയും ചെയ്യും. ശരിയായ മാലിന്യസംസ്കരണം വഴി എലികളുടെ വർധനവ് തടയാനാകും. കൂടാതെ, കാർഷിക വിളകളും ധാന്യങ്ങളും സൂക്ഷിക്കുന്ന ഇടങ്ങളിൽ എലികൾ പെരുകാനുള്ള സാധ്യത കൂടുതലായതിനാൽ ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അവിടെ നിയന്ത്രണം ഉറപ്പാക്കണം. എലിശല്യമുള്ള സ്ഥലങ്ങൾ ശുചീകരിക്കുമ്പോൾ വൈറസ് അടങ്ങിയ കണികകൾ ശ്വസിക്കാനിടയുള്ളതിനാൽ മാസ്ക് അല്ലെങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കുകയും കയ്യുറകൾ ധരിക്കുകയും പോലുള്ള മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.
Content Highlights: The recent fatal outbreak of the rodent-borne Hanta virus on the MV Hondius cruise ship has sparked global health concerns, drawing attention to its historical origins, severe respiratory symptoms, and recorded presence in Indian states like Kerala.
Published: 16 May 2026, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented