ഹാന്റാ വൈറസ് വ്യാപനമുണ്ടായ എം.വി ഹോൺഡിയസ് എന്ന കപ്പലിൽ യാത്ര ചെയ്ത സ്പാനിഷ് പൗരന് രോഗം സ്ഥിരീകരിച്ചു.

To advertise here,

കപ്പൽയാത്രയ്ക്കു പിന്നാലെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പൗരന് ഹാന്റാ വൈറസ് പോസിറ്റീവായ വിവരം സ്പാനിഷ് മന്ത്രാലയമാണ് പുറത്തുവിട്ടത്.

ഗോമസ് ഉല്ല ആശുപത്രിയിലെ ഐസൊലേഷൻ യൂണിറ്റിലേക്ക് രോഗിയെ മാറ്റിയതായും അധികൃതർ അറിയിച്ചു. സ്പെയിനിലെ രണ്ടാമത്തെ സ്ഥിരീകരിച്ച ഹാന്റാവൈറസ് കേസാണ് ഇത്.

മൂന്ന് മരണങ്ങൾ ഉൾപ്പെടെ 12 ഹാന്റാ വൈറസ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. മെയ് 2 ന് ശേഷം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്.

എം.വി. ഹോൺഡിയസ്

ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. ഏപ്രിൽ ആറിന് ഒരു ഡച്ച് പൗരനാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇയാൾ ഏപ്രിൽ 11-ന് മരിച്ചു. ഏപ്രിൽ 24-ന് സൗത്ത് അറ്റ്‌ലാൻറയിലെ ദ്വീപായ സെയ്‌ന്റ് ഹെലേനയിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കരയിലെത്തിച്ചു. ഒപ്പം ഭാര്യയും നാട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ, വൈറസ് ബാധിച്ച ഇവർ ജോഹന്നസ്ബെർഗിൽവെച്ച് മരിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ മേയ് 2-ന് മൂന്നാമത്തെ യാത്രക്കാരനും മരണപ്പെട്ടു. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്.

എന്താണ് ഹാന്റാ വൈറസ്?

എലികളാണ് ഹാന്റാ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.

1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.

ചികിത്സ

ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.