തൃശ്ശൂരിലെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 മുതൽ വിവിധ സമയങ്ങളിലായി ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലും അതീവ ജൈവ സുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ഇതുവരെയും രോഗസാന്നിധ്യം ഉണ്ടായിരുന്നില്ല. എല്ലാ ജൈവസുരക്ഷാ നടപടികളും അതിജീവിച്ചാണ് ഇപ്പോൾ സർവകലാശാലയുടെ ഫാമിലും രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഫാമിലെ ഏകദേശം 30 പന്നികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ  എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.

To advertise here,

രോഗവ്യാപനം തടയുന്നതിനായി രോഗബാധിത ഫാമിലെയും ഫാമിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിലെ എല്ലാ പന്നികളെയും നശിപ്പിക്കേണ്ടി വരും. ശേഷം അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിക്കും. കൂടാതെ, പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

പന്നികളിലെ എബോള

പന്നികളിലെ എബോള എന്ന് വിളിക്കപ്പെടുന്ന പകർച്ചവ്യധിയാണ് ആഫ്രിക്കൻ പന്നിപ്പനി. പടർന്നുപിടിച്ചാൽ പന്നിവളർത്തൽ മേഖലയെ തന്നെ തുടച്ചുനീക്കാൻ തക്ക പ്രഹരശേഷി ആഫ്രിക്കൻ പന്നിപ്പനിക്കുണ്ട്. 2022 ജൂലായ്  മാസത്തിൽ വയനാട്ടിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഒറ്റപ്പെട്ട സംഭവമായാണ് തുടക്കത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് മറ്റ് ജില്ലകളിലേക്കും രോഗവ്യാപനമുണ്ടായി. പന്നികൃഷി ഏറെയുള്ള കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലാണ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത്. രോഗബാധ കാരണം ഇതുവരെ ചത്തൊടുങ്ങിയതും രോഗനിയന്ത്രണത്തിനായി ശാസ്ത്രീയമായി കൊന്നൊടുക്കിയതുമായ പന്നികൾ ആയിരക്കണക്കിനാണ്. ചിലയിടങ്ങളിൽ ഒരിടവേളക്കുശേഷം വീണ്ടും വളർത്തുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടുവരുന്നതായി വാർത്തകളുണ്ട്.

രോഗവ്യാപനവും പകർച്ചയും

രോഗവാഹകരും രോഗബാധിതവുമായ പന്നികൾ ശരീരസ്രവങ്ങളിലൂടെയും വിസർജ്യത്തിലൂടെയും വൈറസുകളെ ധാരാളമായി പുറന്തള്ളും. രോഗം ബാധിച്ച പന്നികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസർജ്യവും കലർന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങൾ, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവയെല്ലാം വഴിയും ആഫ്രിക്കൻ പന്നിപ്പനി അതിവേഗത്തിൽ പടർന്നുപിടിക്കും. വൈറസ് ബാധയേറ്റ് മൂന്ന് മുതൽ മൂന്നാഴ്ചക്കകം പന്നികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, തീറ്റമടുപ്പ്, ശരീരതളർച്ച, രക്തസ്രാവം മൂലം ചർമ്മത്തിന് ചുവന്ന നിറവ്യത്യാസം, വായിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം, രക്തം കലർന്ന വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് തന്നെ പന്നികൾ വൈറസുകളെ പുറന്തള്ളും. രോഗം ബാധിച്ചാൽ പന്നികൾ ലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണപ്പെടാനുള്ള സാധ്യത നൂറുശതമാനമാണ്. പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ല ആഫ്രിക്കൻ പന്നിപ്പനി. അതിനാൽ പന്നിമാംസം കൈകാര്യം ചെയ്യുന്നതിലോ കഴിക്കുന്നതിലോ ആശങ്ക വേണ്ട. മനുഷ്യരിൽ രോഗമുണ്ടാക്കുന്നില്ലെങ്കിലും രോഗബാധയുണ്ടായ പന്നികളുമായി ഇടപഴകുന്നവർ വഴി വൈറസ് മറ്റ് പന്നിഫാമുകളിലേക്ക് വ്യാപിക്കാം. പന്നികളെ മാത്രം ബാധിക്കുന്ന ഈ വൈറസ് മറ്റ് വളർത്തുമൃഗങ്ങളിലും പക്ഷികളിലും രോഗമുണ്ടാക്കുന്നില്ല.

രോഗം കണ്ടെത്തിയാൽ

ഒരു നൂറ്റാണ്ടിൽ അധികമായി ലോകമെമ്പാടും പന്നിവളർത്തൽ മേഖലയിൽ വലിയ സാമ്പത്തികനഷ്ടമുണ്ടാക്കുന്ന രോഗമാണെങ്കിലും ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ഇതുവരെ പ്രചാരത്തിലില്ല. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചാൽ രോഗം കണ്ടെത്തിയ ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മറ്റ് പന്നിഫാമുകളിലെയും പന്നികളെയെല്ലാം ശാസ്ത്രീയ രീതിയിൽ കൊന്ന് ജഡങ്ങൾ സുരക്ഷിതമായി മറവുചെയ്യുകയാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി. തുടർന്ന് അണുനശീകരണം നടത്തി മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയിൽ മൂന്ന് മാസത്തേയ്ക്ക് പന്നിമാംസ വിതരണം, പന്നിമാംസ വില്പന നടത്തുന്ന കടകളുടെ പ്രവർത്തനം എന്നിവ പാടില്ല. ഇവിടെനിന്നും പന്നികളെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും വിലക്കുണ്ട്.

പുതിയ സ്റ്റോക്ക് ഇപ്പോൾ വേണ്ട

പ്രാദേശികമായി രോഗങ്ങൾ പടരുന്ന സാഹചര്യമുണ്ടായാൽ ഫാമുകളിലേയ്ക്ക് പുതിയ പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കണം. ഫാമിലേയ്ക്ക് പുതുതായി പന്നികളെ കൊണ്ടുവരുമ്പോൾ മുഖ്യഷെഡ്ഡിലെ പന്നികൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ചയെങ്കിലും മുഖ്യ ഫാം ഷെഡ്ഡിൽ നിന്ന് മാറി പ്രത്യേകം മാറ്റിപാർപ്പിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ബ്രീഡിങ്ങിന് വേണ്ടി ഫാമിലേയ്ക്ക് പുതിയ ആൺപന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോവുന്നതും തത്കാലത്തേക്ക് നിർത്തിവെക്കണം. വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തിൽ മൂന്നാഴ്ച പ്രത്യേകം മാറ്റിപാർപ്പിച്ച് ക്വാറന്റീൻ നൽകുന്നത് രോഗപകർച്ച തടയും. പന്നിയിറച്ചിയും പന്നിയുല്പന്നങ്ങളും ഫാമിനുള്ളിലേയ്ക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം. പുറത്തുനിന്നെത്തിച്ച പ്രതിരോധകുത്തിവെപ്പ് നൽകിയതായി ഉറപ്പില്ലാത്ത പന്നികൾ ആണെങ്കിൽ അവയ്ക്ക് ക്വാറന്റീൻ കാലയളവിൽ പ്രതിരോധകുത്തിവെയ്പ് നൽകണം.

വൃത്തിയിൽ വിട്ടുവീഴ്ച വേണ്ട

പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാർഗങ്ങൾ പൂർണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നൽകണം. ഫാമിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉറപ്പുവരുത്തണം. ഫാമിൽ അനാവശ്യസന്ദർശകരുടെയും വാഹനങ്ങളുടെയും പോക്കുവരവ് കർശനമായി നിയന്ത്രിക്കണം. മറ്റ് പന്നിഫാമുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക് ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ മൂന്ന് ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്ന എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. ഒരു ലിറ്റർ വെള്ളത്തിൽ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി ഇരുപത് മിനിറ്റിനുശേഷം തെളിവെള്ളം അണുനാശിനിയായി കൂടും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാൻ ഉപയോഗിക്കാം. ഫാമിലും പരിസരങ്ങളിലും ബ്ലീച്ചിങ് പൗഡർ, കുമ്മായം എന്നിവ വിതറുന്നതും അണുനശീകരണമാർഗമാണ്.

ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികൾക്ക് ഉറപ്പാക്കണം. രോഗബാധിതമോ മരണപ്പെട്ടതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോൾ ഏപ്രണുകൾ, കയ്യുറകൾ, ഗംബൂട്ടുകൾ തുടങ്ങിയവ ഉപയോഗിക്കാൻ ചട്ടം കെട്ടണം. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിലാളികൾ ഫാമിൽ പാലിക്കുന്നുണ്ടെന്നത് ഉടമകൾ ഉറപ്പാക്കണം. തൊഴിലാളികളുടെ മറ്റു ഫാമുകളിലേക്കുള്ള സന്ദർശനങ്ങൾ വിലക്കുന്നതാണ് അഭികാമ്യം.

സ്വിൽ ഫീഡിങിൽ സൂക്ഷിക്കേണ്ടത്

പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടി പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ-മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇരുപത് മിനിറ്റെങ്കിലും വേവിച്ചുമാത്രം പന്നികൾക്ക് നല്കാൻ ശ്രദ്ധിക്കണം.

രോഗബാധയുടെ സാഹചര്യത്തിൽ മാംസം അടങ്ങിയ അറവുമാലിന്യങ്ങൾ പന്നികൾക്ക് തീറ്റയായി നൽകുന്ന പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നി കശാപ്പ്ശാലകളിൽ നിന്നും, അതുപോലെ പന്നികൾക്കൊപ്പം കോഴികളെയും പോത്തുകളെയും കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്നുമുള്ള അറവുമാലിന്യം പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിനുശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്.

കാട്ടുപ്പന്നികൾ കടക്കുപുറത്ത്

കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്ടങ്ങൾ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പന്നികൾ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം. കാട്ടുപന്നികളിൽ ഉയർന്നനിരക്കിൽ അസ്വാഭാവിക മരണം ശ്രദ്ധയിൽ പെട്ടാൽ മൃഗസംരക്ഷണ വകുപ്പിൽ വിവരം അറിയിക്കണം.

രോഗത്തിന്റെ വിതരണക്കാർ ആവാതിരിക്കുക

ഫാമിലെ പന്നികളിൽ അസ്വാഭാവിക രോഗലക്ഷണങ്ങളോ പന്നികൾക്കിടയിൽ പെട്ടന്നുള്ള മരണമോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരം അറിയിക്കണം. രോഗം മറച്ചുവെക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് വഴിയൊരുക്കും.