20 വർഷം മുമ്പെടുത്ത വീട് പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയപ്പോഴാണ് അതേ വീടിന്റെ അടുക്കള മുറിയിലേക്ക് താമസം മാറി റഷീദയും ഭർത്താവും വീട് പുതുക്കിപ്പണിയുന്നത്. വാർപ്പ് നടക്കാനൊരുങ്ങുന്നതിനിടയിലായിരുന്നു പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലിന്റെ വരവ്. പണ്ടാര ഭൂമിയെന്ന് ചൂണ്ടിക്കാട്ടി ദ്വീപിലെ പല നിർമ്മാണ പ്രവൃത്തികളും നിർത്തിവെപ്പിച്ചതിന്റെ കൂട്ടത്തിൽ ഇവർക്കും വീട് പണി നിർത്തേണ്ടി വന്നു. ഈ ഒരൊറ്റക്കാരണത്താൽ കഴിഞ്ഞ മൂന്ന് വർഷമായി നിലം പൊളിഞ്ഞ പാതി മുറിച്ച ഒറ്റമുറി വീട്ടിലാണ് റഷീദയുടെയും ഭർത്താവിന്റെയും താമസം. അടുക്കളയും ഭക്ഷണമുറിയും സ്വീകരണമുറിയുമെല്ലാം ഒന്നു തന്നെ. വീട് പണി ഒരടി മുന്നോട്ടു കൊണ്ടുപോകാൻ ഭയമാണിവർക്ക്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പണ്ടാരഭൂമിയിൽപെട്ട് സ്വസ്ഥത നശിച്ച ആയിരക്കണക്കിന് പേരുണ്ട് ഇന്ന് ലക്ഷദ്വീപിൽ

പൂർവ്വികരായി വർഷങ്ങളായി കൈവശം വെച്ച ഭൂമിയിലാണ് ഇപ്പോൾ അവകാശം പറഞ്ഞ് ഭരണകൂടം മുന്നോട്ടു വന്നിരിക്കുന്നത്. പണ്ടാരഭൂമിയുടെ പേരിലുള്ള പൊളിക്കലുകളും തകൃതിയായി മുന്നേറുകയാണ്. തൊഴിൽ നഷ്ടത്തിനും പട്ടിണിക്കും ഇടയിൽ കിടപ്പാടം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇന്ന് മിക്ക ലക്ഷദ്വീപുകാരുടെയും ജീവിതം. വെറും 32.62 ചതുരശ്ര കിലോമീറ്റർ മാത്രം വ്യാപ്തിയുള്ള ദ്വീപിലെ പണ്ടാരഭൂമി മാത്രം 60 ശതമാനത്തോളം വരും. ആ പണ്ടാര ഭൂമിയിൽ കൈവശക്കാർക്ക് അവകാശമില്ലെന്നാണ് പുതിയ അഡ്മിനിസട്രേറ്ററുടെ നിലപാട്. 2019 വരെ കൈവശാവകാശം ഉള്ളവരുടെ പണ്ടാര ഭൂമിയിൽ അവർക്ക് സമ്പൂർണ്ണ അവകാശം എന്ന നിയമ ഭേദഗതി കൊണ്ടുവന്നിട്ടും ആ നിയമത്തെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾ.

placeholder
പണ്ടാരഭൂമിയുടെ പേരിൽ നിർമ്മാണം പാതിവഴിയിൽ
നിർത്തേണ്ടി വന്ന​​​ റഷീദയുടെ വീട്

എന്താണ് പണ്ടാരം ഭൂമി

ചിറക്കൽ രാജവംശം മുതൽ സർക്കാർ ജനങ്ങൾക്ക് പാട്ടത്തിന് കൊടുത്ത ആൾപ്പാർപ്പില്ലാത്ത ഭൂമിയാണ് പണ്ടാരം ഭൂമി. പതിറ്റാണ്ടുകളായി അതിലെ വലിയ പ്രദേശം ദ്വീപ് ജനത കൈവശം വെച്ചിരിക്കുകയാണ്. 2019 വരെ കൈവശാവകാശം ഉള്ളവരുടെ പണ്ടാര ഭൂമിയിൽ അവർക്ക് സമ്പൂർണ്ണ അവകാശം എന്ന നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റർ അത് നടപ്പാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ദ്വീപിലെ 26 ജനവാസമില്ലാത്ത ദ്വീപുകളും പണ്ടാരത്തിൽപ്പെടും. വലിയ ദ്വീപുകളായ അഗത്തി, കവരത്തി,കൽപേനി,ആന്ത്രോത്ത് മിനിക്കോയി എന്നീ ദ്വീപുകളിലും പണ്ടാരഭൂമിയുണ്ട്. പണ്ടാര ഭൂമിയില്ലാത്തത് അമിനിയിൽ മാത്രമാണ്. നിലവിൽ പണ്ടാരഭൂമിയുടെ പേരിൽ 5.2 ചതുരശ്ര കിലോ മീറ്റർ ഭൂമി ഏറ്റെടുക്കാൻ ദ്വീപ് ഭരണകൂടം ഉത്തരവിറക്കി കഴിഞ്ഞു.

  • ആകെ പണ്ടാരഭൂമി- 60%
  • ആന്ത്രോത്ത് -30%
  • കവരത്തി-50%
  • അഗത്തി-20%
  • മിനിക്കോയി-70%
  • കൽപേനി-50%

(ഭൂമിയുമായി ബന്ധപ്പെട്ട് നിയമയുദ്ധം നടത്തുന്നവർ നൽകിയ ഏകദേശ കണക്ക്)

placeholder
മിക്ക റോഡുകളിലും വളരെ കുറവാണ് വാഹനങ്ങൾ. സമീപം കെട്ടിടങ്ങളുള്ള ആളൊഴിഞ്ഞ ഇത്തരം റോഡുകളാണ് വികസനത്തിന്റെ പേരിൽ വീതി കൂട്ടാൻ അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നത്

വാഹനങ്ങൾ കുറവ്, പക്ഷെ റോഡ് വീതികൂട്ടണമെന്ന് ശാഠ്യം

2011 സെൻസസ് പ്രകാരം ദേശീയ തലത്തിൽ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 382 ആയിരിക്കെ ലക്ഷദ്വീപിലത് 2149 ആണ്. ഇത്രയുമധികം ആളുകൾക്ക് അത്രകുറഞ്ഞ ഭൂമിയുള്ള ലക്ഷദ്വീപിലാണ് വികസനത്തിനെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് വലിയൊരു ഭാഗം ഭൂമി ഏറ്റെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. റോഡ് വികസനത്തിനായി നിലവിലുള്ള റോഡിന്റെ മധ്യത്ത് നിന്ന് 5 മീറ്റർ വീതം ഒഴിവാക്കണമെന്നാണ് ഉത്തരവ്. കുറഞ്ഞ ഭൂമിയും ജനസാന്ദ്രതയുമുള്ള ലക്ഷ്വദ്വീപിൽ പ്രായോഗികമല്ല ഈ നിയമങ്ങൾ. അഗത്തിയിൽ കടപ്പുറത്ത് ബീച്ച് റോഡുണ്ടാക്കാൻ സ്വകാര്യ വ്യക്തികളുടെ 400ഓളം തെങ്ങാണ് വെട്ടിയത്, മത്സ്യത്തൊഴിലാളികളുടെ 50 ഷെഡ് പൊളിച്ചു. പൊളിച്ച ഷെഡ്ഡിനോ പിഴുതുമാറ്റിയ തെങ്ങിനോ നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല. വെള്ളിയാഴ്ച നോട്ടീസ് നൽകി ശനിയും ഞായറും വന്ന് പൊളിക്കുകയായിരുന്നു.

'ശനിയാഴ്ച കോടതി അവധിയായതിനാൽ സ്‌റ്റേ വാങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ മത്സ്യതൊഴിലാളികളെ സംബന്ധിച്ച് ബീച്ചില്ലാതെ തൊഴിലെടുക്കാൻ പറ്റില്ല. മീനുണക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. സൂത മീൻ (ചൂരമീന്‍) ഉണക്കി മാസ്സാക്കി ജീവിതം പുലർത്തുന്നവരാണ് ഞങ്ങളിൽ ഭൂരിഭാഗവും ആ അന്നത്തിലാണ് മണ്ണ് വാരിയിട്ടിരിക്കുന്നത്; സ്വന്തം ഷെഡ്ഡുകൾ പൊളിക്കുന്നത് കണ്ടുനിൽക്കേണ്ടി വന്ന കവരത്തിയിലെ മത്സ്യതൊഴിലാളി അൻവർ ഹുസ്സൈൻ പറയുന്നു.

റോഡ് ട്രാൻസ്‌പോർട്ട് ഇയർ ബുക്ക് 2018-19 പ്രകാരം 18000 മാത്രം വാഹനങ്ങളുള്ള ലക്ഷദ്വീപിലാണ് റോഡ് വികസനത്തിനായി മൂന്ന് മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.ദേശീയ തലത്തിലെ ഏറ്റവും കുറഞ്ഞ വാഹന പങ്കാണ് ലക്ഷദ്വീപിന്(.01%).

ഭൂമിയധികമില്ലാത്ത ദ്വീപുകാരിൽ നിന്ന് ഇല്ലാത്ത കാറുകളോടിക്കാനുള്ള ഭൂമിയേറ്റെടുക്കലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിൽക്കുന്നത് കൊണ്ടാണ് ഈ ഭൂമി തന്നെ തികയുന്നത്. അതിൽ നിന്നാണ് ഭരണകൂടത്തിന്റെ തട്ടിപ്പറി. ഐഐഎംപി (ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജമെന്റ് പ്ലാൻ)പ്രകാരം പരമ്പരാഗതമായുള്ള ജീവിതോപാധികൾ ബാധിക്കാതെ വികസനപ്രവൃത്തികൾ ചെയ്യണമെന്നാണ്. എന്നാൽ ബീച്ച് മോടിക്കൂട്ടുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ അവരുമായി കൂടിയാലോചന പോലും നടത്താതെ പൊളിച്ചത്.

'ഒരു നാടിന്റെ വികസന കാര്യത്തിൽ മുൻഗണനകൾ പ്രധാനമാണ്. ചികിത്സ കിട്ടാതെ മനുഷ്യർ മരിച്ചു വീഴുന്ന ദുരിതമനുഭവിക്കുന്ന ദ്വീപിൽ നിങ്ങൾ വാഹനമോടാത്ത റോഡിന്റെ വികസനത്തിന് വേണ്ടി കാശു ചിലവഴിക്കണോ അവരുടെ തൊഴിലില്ലായ്മയും ആരോഗ്യസംവിധാനത്തിലെ പോരായമകളും പരിഹരിക്കാൻ പ്രവർത്തിക്കണോ എന്ന ദീർഘവീക്ഷണമാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്. ആ ജനത തിരഞ്ഞെടുക്കുന്ന ഒരു ജനാധിപത്യ സർക്കാരിനേ ആ ആത്മാർഥത ഉണ്ടാവൂ', ലക്ഷദ്വീപ് മുൻ എംപി ഡോ. പിപി കോയ പറയുന്നു

നാല് സ്‌കൂളുകളിലേക്കായി ഉച്ചയൂൺ ഉണ്ടാക്കി നൽകുന്ന സംഘാംഗമായിരുന്നു സയ്ഫുള്ള. അതിൽ നിന്ന് പിരിച്ചുവിടപ്പെട്ട ശേഷമാണ് സ്വന്തം ഭൂമിയിൽ കട തുടങ്ങിയത്. ഉള്ള വരുമാനം നുള്ളിപ്പെറുക്കിയാണ് കച്ചവടാവശ്യത്തിനായി ചെറിയ കെട്ടിടം പണിതത്. പക്ഷെ പണ്ടാര ഭൂമിയാണെന്ന് പറഞ്ഞ് പണി നിർത്തിവെക്കാനാവശ്യപ്പെട്ടു.

placeholder
പൊളിച്ച സയ്ഫുള്ളയുടെ കെട്ടിടം

"ലക്ഷദ്വീപിലാദ്യമായി അഡ്മിനിസ്‌ട്രേഷൻ ജെസിബി കൊണ്ടു വന്ന് പൊളിക്കുന്ന ഒരു പൗരന്റെ ആദ്യകെട്ടിടമാണ് എന്റേത്. ലക്ഷങ്ങൾ ചിലവാക്കിയാണ് കെട്ടിടം പണിതത്. അതോടെ ഉമ്മയ്ക്ക് തളർച്ച വന്ന് കൊച്ചിയിലേക്ക് എയർആംബുലൻസിൽ കൊണ്ടു പോകേണ്ടി വന്നു. ഉപ്പയ്ക്കാണേൽ ഉത്കണ്ഠയും മാനസിക പ്രശ്‌നങ്ങളും വന്നു", സയ്ഫുള്ള പറയുന്നു.

ലക്ഷ്വദ്വീപിനാകെയുളള സന്ദേശമായിരുന്നു ആ കെട്ടിടം പൊളിക്കൽ. പണ്ടാരഭൂമിയിലാണ് നിങ്ങളുടെ വീടെങ്കിൽ ഇനി വേണ്ടെെന്ന താക്കീതായിരുന്നു അത്. നിലവിൽ കടനടത്താനുള്ള ചിലവിനായി തന്നെ കൊച്ചിയിലും കോഴിക്കോടുമായി ലക്ഷങ്ങളുടെ കടമുള്ള സയഫുള്ളയ്ക്ക് കൂനിൻമേൽ കുരുവായാണ് കേസുനടത്താനുള്ള ചിലവ് കൂടി വന്നു പെട്ടത്. 2013 പുനരധിവാസ ചട്ട പ്രകാരം പൊതുവികസന പ്രവൃത്തികൾ നടത്തുമ്പോൾ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ കൂടണം എന്നുള്ളത് പാലിക്കപ്പെടുന്നില്ല. സോഷ്യൽ ഇംപാക്ട് അസെസ്‌മെന്റ് ശരിയായ രീതിയിൽ നടത്തുന്നില്ല. ഗ്രാമസഭക്ക് അധികാരം നൽകാത്തതും പ്രശ്‌നങ്ങൾ വഷളാക്കുന്നു. കവരത്തി പഞ്ചായത്ത് വാഹന വർക്ക് ഷോപ്പ് തുടങ്ങാൻ വേണ്ടി ഉദ്ഘാടനം നിശ്ചയിച്ച കെട്ടിടം അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിൽ ജെസിബി ഉപയോഗിച്ച് പൊളിച്ച സംഭവം വരെ ദ്വീപിലുണ്ടായിട്ടുണ്ട്.

placeholder
കൽപേനിക്കാരനും മാധ്യമപ്രവർത്തകനുമായ മുജീബ്

'ആളുകൾക്ക് വിദ്യാഭ്യാസവും രാഷ്ട്രീയബോധം ഉള്ളതിനാലും കേരളത്തിൽ നിന്നുള്ള പലരുടെയും പിന്തുണയോടെ കേസ് നടത്താൻ കഴിയുന്നതിനാലുമാണ് കുടിയിറക്കലും പൊളിക്കലുമൊന്നും പട്ടേലിന് ദാദർ നഗർ ഹവേലിയിൽ നടന്നതു പോലെ വേഗത്തിൽ ചെയ്യാൻ കഴിയാത്തത്. അതിന്റെ ഭാഗം കൂടിയാണ് കേരളവുമായുള്ള ബന്ധം കുറക്കാനുള്ള ശ്രമമെന്നും സംശയിക്കുന്നു', കൽപേനി സ്വദേശിയും മാധ്യമപ്രവർത്തകനുമായ മുജീബ് പറയുന്നു

സ്‌റ്റേ വാങ്ങാതിരിക്കാനുള്ള വെള്ളിയാഴ്ച പൊളിക്കലുകൾ

താത്്ക്കാലിക ഷെഡ്ഡു നടത്തി കൂൾബാർ നടത്തിയ കവരത്തിക്കാരൻ സാജിത് ഖാനും കിട്ടി പണ്ടാരഭൂമിയുടെ പേരിലുള്ള സ്റ്റോപ് മെമ്മോ. സ്ഥിരം നിർമ്മിതിക്കു മാത്രമേ ഡൈവേർഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യമുള്ളൂ എന്നിരിക്കെയായിരുന്നു സാജിദിന്റെ താത്ക്കാലിക നിർമ്മിതിക്കും സ്‌റ്റോപ് മെമ്മോ നൽകിയത്. കേരളഹൈക്കോടതിയിൽ വന്ന് കട നടത്താനുള്ള അനുമതി വാങ്ങിയെങ്കിലും വീണ്ടും അഡ്മിനിസ്‌ട്രേഷൻ സ്‌റ്റോപ് മെമ്മോ അയച്ചു. വീണ്ടും കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി. ഇത്തരത്തിലുള്ള നൂറോളം കേസുകളാണ് ദ്വീപിലുള്ളത്.

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന്റെ പേരും പറഞ്ഞ് സ്വന്തമായി തെങ്ങിൻതോപ്പുള്ള ബംഗാരത്തിലെ തദ്ദേശീയരുടെ 80ഓളം ഷെഡ്ഡുകളാണ് പൊളിക്കാൻതുനിഞ്ഞത്. അതും വെള്ളിയാഴ്ച കോടതി അവധി നോക്കിയാണ് നോട്ടീസ് നൽകിയത്. ഒടുവിൽ ശനിയാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് സ്റ്റേചെയ്തത്.

placeholder
അനുകൂലമായ കോടതി ഉത്തരവ് വന്നിട്ടും വൈദ്യുതി വിഛേദിക്കപ്പെട്ട ബംഗാരത്തിലെ വീട്. ഇതിനടുത്തുള്ള വീട് അധികാരികൾ പൊളിച്ചിരുന്നു | ചിത്രം : നിലീന അത്തോളി

'ഇതിനു പ്രതികാരമായി കോടതിയുടെ ഉത്തരവ് നിലനിൽക്കെ ഷെഡ്ഡിലേക്കുള്ള വൈദ്യുതി വിഛേദിച്ചാണ് ഞങ്ങളോട് പ്രതികാരം വീട്ടിയത്'. തദ്ദേശീയരെ ഉൾപ്പെടുത്താതെ എങ്ങനെയാണ് ഇവർ ടൂറിസം വികസിപ്പിക്കാൻ പോകുന്നതെന്ന് ചോദിക്കുന്നു ബംഗാരയിൽ തെങ്ങിൻതോപ്പും തേങ്ങ സൂക്ഷിക്കാൻ ഷെഡ്ഡുമുള്ള അബ്ദുൾ ഷുക്കൂർ. സ്വന്തം ഭൂമിയിൽ അവകാശമുന്നയിച്ച് ഭരണകൂടത്തിനെതിരേ കേസ് നടത്താനായി ലക്ഷങ്ങൾ ചിലവഴിക്കുന്നു ദ്വീപുകാരിൽ പലരും. ചികിത്സയ്ക്കും യാത്രക്കുമുള്ള അധികച്ചിലവിന് പുറമെ ഇപ്പോൾ കേസ് നടത്താനുള്ള ചിലവ് കൂടി കണ്ടെത്തേണ്ടി വരികയാണ് പലർക്കും.

ഇതിനോടകം ഏകദേശം 200 ഓളം പേർക്ക് വേണ്ടി കേസ് കൊടുത്ത് കോടതിയിൽ നിന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ സറ്റേ വാങ്ങിയിട്ടുെണ്ടന്ന് പറയുന്നു ദ്വീപ് നിവാസികൾക്കായി കേസ് വാദിക്കുന്ന ബാർ അസോസിയേഷൻ സെക്രട്ടറി പി.കെ സലീം.

തല്ലിച്ചതച്ച് പകവീട്ടൽ

placeholder
പ്രതികരിച്ചതിനെത്തുടർന്ന്
പോലീസ് മർദ്ദനത്താൽ
ആശുപത്രിയിൽ
കിടക്കേണ്ടി വന്ന നസീർ

ദ്വീപ് ജനത കോടതിയിൽ നിന്ന് അനുകൂല വിധികൾ വാങ്ങിത്തുടങ്ങിയതോടെ കോടതി അവധി നോക്കിയുള്ള വെള്ളിയാഴ്ചത്തെ പൊളിക്കൽ ദ്വീപിൽ തകൃതിയായി നടന്നു. അത്തരത്തിലൊരു അനീതി ചോദ്യംചെയ്യാൻ പോയ ചെറുപ്പക്കാരനെ തല്ലിച്ചതച്ചാണ് അധികാരികൾ പക വീട്ടിയത്. 'ബിത്രയിൽ 281 പേരെ ഒഴിപ്പിക്കുന്നത് ചോദ്യം ചെയ്യാനാണ് ഞാനും സുഹൃത്തുക്കളും അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസറെ കാണാൻ പോകുന്നത്. ജനപ്രതിനിധികളുമായി ചർച്ച ചെയ്താണോ ഈ തീരുമാനങ്ങൾ എന്ന എന്റെ ചോദ്യം അവരെ ചൊടിപ്പിച്ചു. കൃതൃ നിർവ്വഹണത്തിൽ തടസ്സം വരുത്തി എന്ന് പറഞ്ഞ് ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് ചെയ്തു. 26 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ആ ദിവസങ്ങളത്രയും തീവ്രവാദികളോടെന്ന പോലെയാണ് പെരുമാറിയത്. ഭക്ഷണമില്ലാതെ, മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ നരകയാതന അനുഭവിച്ചു. ഗുളിക പോലും ചോദിച്ചിട്ട് തന്നില്ല. നാഭിക്ക് ചവിട്ടേറ്റ് മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാതെ 24 മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ ഹാജരാക്കിയത്. ഇവിടെ ഉദ്യോഗസ്ഥ ഭരണമാണ്. ജനാധിപത്യത്തിന് പുല്ലുവിലയാണ്. ആത്മാഭിമാനം തകർത്ത് കീടങ്ങളെ പോലെ ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് ഭരണകൂടം', കവരത്തി സ്വദേശിയായ നസീർ പറയുന്നു.

സ്വന്തം ഭൂമിയിൽ വിലക്കേർപ്പെടുത്തി ദ്വീപ് ഭരണകൂടം

റോഡ് വികസനത്തിനും പണ്ടാരഭൂമിയിലുള്ള അവകാശത്തിനും പുറമെയാണ് ലക്ഷദ്വീപ് സമൂഹത്തിലെ 17 ദ്വീപുകളിൽ നാട്ടുകാർക്ക് നിരോധനാജ്ഞ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതി വേണം. ആൾപാർപ്പില്ലാത്ത ചെറുദ്വീപുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും താവളമാക്കാൻ സാധ്യതയുണ്ട് എന്നു പറഞ്ഞാണ് നിരോധനാജ്ഞ . ഇന്ത്യയിൽ തന്നെ കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവുള്ള ഇടമാണ് ദ്വീപ്. ചെറുദ്വീപുകളിലെ തങ്ങളുടെ ഭൂമിയിലെ തെങ്ങിൽ നിന്ന് മീര (നീര) യുണ്ടാക്കിയും തേങ്ങയെടുത്തും കൊപ്രസംഭരിച്ചുമൊക്കെ ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. അതിനാൽ വലിയൊരു വിഭാഗത്തിന്റെ ജീവനോപാധിയാണ് ഇതോടെ തടസ്സപ്പെടാൻ പോകുന്നത്.

placeholder
1
അബ്ദുൾ ജലീൽ

അഗത്തി മുൻ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ അബ്ദുൾ ജലീൽ പറയാനുള്ളത്

1884ലെയും അതിനുശേഷമുള്ള വിവിധ സർക്കാറുകളുമായുള്ള ഉടമ്പടി പ്രകാരം പണ്ടാരഭൂമിയിൽ താമസിക്കുന്നവനും അവകാശികൾക്കും കിണറുകളും കെട്ടിടങ്ങളും ഉണ്ടാക്കാമെന്നാണ്. 1884ൽ അന്നത്തെ കളക്ടർ വഴി ദ്വീപുകാർക്ക് കൈമാറി കിട്ടിയ ഭൂമിക്ക് ഉടമാവകാശം തന്നില്ലെങ്കിലും സ്വന്തം ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഞങ്ങളെ സങ്കടപ്പെടുത്തുന്നത്. 2019 ഡിസംബർ 31 വരെ ഏത് ലക്ഷ്വദ്വീപുകാരന്റെ കയ്യിലാണോ ഭൂമിയുള്ളത് അയാളുടെ പേരിലാവുമെന്ന് റഗുലേഷൻ സെക്ഷൻ 83,84 പ്രകാരം വ്യക്തമാണ്. എന്നാൽ നടപ്പാക്കണമെങ്കിൽ റൂൾസ് ഉണ്ടാക്കേണ്ടതുണ്ട്. അതുണ്ടാക്കാനുള്ള അധികാരം അഡ്മിനിസ്‌ട്രേറ്റർക്കാണ്. അവരത് ചെയ്യുന്നില്ല. അതുകൊണ്ട് ആർക്കും പണ്ടാരഭൂമിയിലെ തങ്ങളുടെ ഉടമസ്ഥാവകാശം നിയമപരമാക്കാൻ പറ്റിയില്ല. ഇത് വിശ്വാസ വഞ്ചനയാണ്

placeholder
Mohammed Faizal | Photo: Mathrubhumi
മുഹമ്മദ് ഫൈസൽ

അയോഗ്യനാക്കപ്പെടുകയും അനുകൂല വിധി നേടുകയും ചെയ്ത എംപി മുഹമ്മദ് ഫൈസലിന് പറയാനുള്ളത്

സ്വന്തമായ ഒരു അസംബ്ലിയുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാവുമായിരുന്നു. ജനാധിപത്യ ഭരണമല്ലാത്തതാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്നം. മുഖ്യമന്ത്രിയുടെയും ഗവർണ്ണറുടെയും ചീഫ് സെക്രട്ടറിയുടെയും അധികാരം ഒരാളിൽ കേന്ദ്രീകരിക്കപ്പെടുകയും തദ്ദേശീയ ജനതയെയോ അവരുടെ ആവശ്യങ്ങളെയോ പരിഗണിക്കാതെ ഉത്തരവുകൾ നടപ്പാക്കപ്പെടുകയുമാണ് ചെയ്യുന്നത്. പല നിയമങ്ങളും ഉത്തരവുകളും സാധാരണ ജനങ്ങൾ അറിയുമ്പോഴാണ് ഞാനറിഞ്ഞത്. എഫക്ടീവ് ഡെമോക്രസിയിലൂടെയല്ലാതെ ഇനിനൊന്നും ശാശ്വത പരിഹാരമില്ല.

placeholder
ഐഷ സുൽത്താന, സംവിധായക

ഐഷ സുൽത്താന, സംവിധായക

നോർവേ പോലുള്ള രാജ്യങ്ങൾ മത്സ്യബന്ധന തൊഴലാളികൾക്ക് പുതിയ ടെക്കനോളജിയും ബോട്ടുമെല്ലാം കൊടുത്ത് അവരെ ശക്തിപ്പെടുത്തുകയാണ്. അവരുടെ ഉത്പന്നങ്ങളെ മാർക്കറ്റ് ചെയ്യുന്നു. എന്നാൽ ഇവിടെ മത്സ്യതൊഴലാളികളുടെ ജീവിതം കൂടുതൽ ദുരിതമാവുകയാണ് ചെയ്തത്. മീരയും ഇവിടുത്തെ നാടൻ ശർക്കരയും മാർക്കറ്റ് ചെയ്ത് ഇവിടുത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടാതെ റോഡും ജയിലും വികസിപ്പിച്ചിട്ടെന്താണ് കാര്യം. പ്രശ്‌നങ്ങൾ പുറം ലോകത്തെ അറിയിക്കാനും അവകാശ ലംഘനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും മാധ്യമങ്ങളില്ലാത്തത് ഇവിടത്തെ വലിയ കുറവാണ്.

കേരളത്തിലേക്കുള്ള ദ്വീപ് കുടിയേറ്റങ്ങൾ

ആന്ത്രോത്ത് ദ്വീപിലെ 37കാരനായ സൈനുലാബിദ്ദ് തൊഴിൽ തേടി കോഴിക്കോട്ടേക്ക് വന്നിട്ട് രണ്ട് വർഷത്തോളമായി. കൽപണി, മത്സ്യബന്ധനം, ഡ്രൈവിങ് എന്നിവ ചെയ്താണ് സൈനുലാബിദ്ദ് തന്റെ കുടുംബം പോറ്റിയത്. പുതിയ അഡ്മിനിസ്‌ട്രേറ്റർ വന്നയുടൻ നിലവിലെ പിഡബ്ല്യുഡി നിർമ്മാണ പ്രവൃത്തികളെല്ലാം നിർത്തി വെച്ചു. ഇതോടെ സൈനുലാബിദടക്കം നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിലില്ലാതായി. അങ്ങനെയാണ് കേരളത്തിലേക്ക് കപ്പൽ കയറുന്നത്. 15000 രൂപ ശമ്പളമായിരുന്നു വാഗ്ദാനമെങ്കിലും വെറും 10,000 രൂപക്കാണ് കോഴിക്കോട്ടെ ഒരാളുടെ വീട്ടിൽ 24 മണിക്കൂർ ആവശ്യമുള്ള ഡ്രൈവർ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളമായി വെറും 7000 രൂപയെ ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ. ഇപ്പഴും വല്ല ജോലിയും കിട്ടുമോ എന്നന്വേഷിച്ച് നിത്യേന ചുരുങ്ങിയത് 5 പേരെങ്കിലും ദ്വീപിൽ നിന്ന് വിളിക്കാറുണ്ടെന്ന് പറയുന്നു സൈനുലാബിദ്. കേരളത്തിലേക്ക് ലക്ഷ്വദ്വീപിൽ നിന്ന് പുതിയൊരു കുടിയേറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അവിടുത്ത ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ നിരക്ക് വളരെ കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

  • തൊഴിൽ നഷ്ടം ഏറ്റവും ബാധിച്ചത് ഏറ്റവും ജനസംഖ്യയുള്ള ആന്ത്രോത്തിനെകഴിഞ്ഞ വർഷം ചുരുങ്ങിയത് 380 പേരാണ് കേരളത്തിലേക്ക് തൊഴിലന്വേഷിച്ച് ആന്ത്രോത്തിൽ നിന്ന് മാത്രം കേരളത്തിൽ എത്തിയത് (മാതൃഭൂമി അന്വേഷണം)
  • നീതി ആയോഗ് കണക്ക് പ്രകാരം 2021-22 ബജറ്റ് വിഹിതത്തിൽ 1467.31 കോടി ദ്വീപിനായി നീക്കിവെച്ചിരുന്നെങ്കിലും ചിലവഴിച്ചത് 1026.3 കോടി. 440 കോടിയുടെ ഫണ്ട് ഉപയോഗശൂന്യമായി.
  • ആളുകളെ തൊഴിലിൽ നിന്ന് പിരിച്ചുവിട്ട ശേഷവും ചിലവഴിക്കാതെ പോയത് 34 ശതമാനം കേന്ദ്രഫണ്ട്
  • ആശുപത്രി നിർമ്മാണത്തിന് കാശില്ലഎന്നാൽ വിരലിലെണ്ണാവുന്ന വിചാരണ തടവുകാരുള്ള ദ്വീപിൽ ജയിൽ നിർമ്മാണം 27 കോടിക്ക്

'ഇതുവരെയുണ്ടായിരുന്ന അഡ്മിനിസ്‌ട്രേറ്റർമാർ ദ്വീപിൽ മുഴുവൻ സമയവുമുണ്ടായിരുന്നു. പട്ടേൽ വന്ന ശേഷം മൂന്ന് മാസം കൂടുമ്പോഴാണ് വരുന്നത്. മുൻ അഡ്മിനിസ്‌ട്രേറ്റർമാർ ഫ്‌ലൈറ്റിൽവന്നുകൊണ്ടിരുന്ന സ്ഥാനത്ത് 40 ലക്ഷം ചിലവിൽ സ്‌പെഷ്യൽ ഫ്‌ലൈറ്റിലാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവും പോക്കും. ഈ പണം പോരെ പിരിച്ചുവിട്ടവർക്ക് ശമ്പളം കൊടുക്കാൻ എന്നു ചോദിക്കുന്നു നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി അഡ്വ കോയ അറഫ.

placeholder
എയർപ്പോർട്ടുള്ള, വലിയ ടൂറിസം സാധ്യതയുള്ള ദ്വീപാണ് അഗത്തി. തദ്ദേശീയരെ ഉൾക്കൊള്ളിച്ചുള്ള ടൂറിസം
വലിയ മെച്ചം ദ്വീപിനാകെ കൊണ്ടുവരും. അഗത്തി ദ്വീപിലെ ബീച്ച്

തദ്ദേശീയർക്ക് പങ്കില്ലാത്ത ടൂറിസം

ലക്ഷദ്വീപിന്റെ സമുദ്രം ടൂറിസം പാക്കേജ് വഴി വന്നിരുന്ന ടൂറിസ്റ്റുകൾക്ക് വലിയ ആകർഷകമായ ഇടമായിരുന്നു 2012ൽ നവീകരിച്ച ഷാർക്ക് പൂളും മ്യൂസിയവും. അവിടെ 14 പേരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് രണ്ട് ജീവനക്കാർ മാത്രമാണുള്ളത്. പൂളിലെ ആർഷണമായിരുന്നു സ്രാവ്. എന്നാൽ നിത്യേന സ്രാവിന് ചെറുമീനുകളെ ശേഖരിച്ചു കൊടുത്തിരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടതോടെ മേൽനോട്ടത്തിന് ആളില്ലാതെ മീനുകളെല്ലാം ചത്തു. അവശേഷിക്കുന്ന മൂന്ന് മീനുകൾക്കുള്ള തീറ്റയ്ക്ക് സ്വന്തം പോക്കറ്റിൽ നിന്നാണ് ജീവനക്കാർ പണം കണ്ടെത്തുന്നത്. സമുദ്രം ടൂറിസം പാക്കേജിന്റെ ഭാഗമായി തദ്ദേശീയ ഉത്പന്നങ്ങൾ വിൽക്കാനുള്ള സ്റ്റാളുകളും പാക്കേജുകളുടെ ഭാഗമായി കവരത്തിയിലും അഗത്തിയിലുമെല്ലാം ഒരുക്കാറുണ്ടായിരുന്നു. ആ വരുമാനവും ദ്വീപുകാർക്കിന്നില്ല. വാട്ടർ സ്‌പോർട്‌സും സ്‌കൂബാ ഡൈവിങ്ങുമാണ് ലക്ഷ്വദ്വീപിന്റെ ടൂറിസം വരുമാനമെന്നത്. ആളില്ലാത്തതിനാൽ വാട്ടർ സ്‌പോർട്‌സ് സെന്റർ ഔട്ട് സോഴ്‌സിങ്ങാണ് നടക്കുന്നത്. സമുദ്രം പാക്കേജ് നിർത്തലാക്കുന്നതു വരെ അതിൽ നിന്ന് മാത്രമുള്ള ഒരുമാസത്തെ വരുമാനം 63 ലക്ഷമായിരുന്നു. നിലവിൽ പ്രതിവർഷം 7.56 കോടിരൂപ 'സമുദ്രം' ഇല്ലാത്തതിനാൽ മുടങ്ങി. കട്മത്ത്, മിനിക്കോയി, കവരത്തി ബംഗാരം എന്നിവിടങ്ങളിലുണ്ടായ ടൂറിസം ഓപ്പറേഷൻ ബംഗാരം മത്രമായി ചുരുക്കിയ നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായി.

*സമുദ്രം പാക്കേജ് നിർത്തലാക്കിയതോടെ പ്രതിവർഷം മുടങ്ങിയത് 7.5 കോടിയുടെ വരുമാനം

placeholder
വജാഹത്ത് ഹബീബുള്ള

'ലക്ഷ്വദ്വീപിനെ അന്താരാഷ്ട്ര ടൂറിസത്തിനായി തുറന്നു കൊടുക്കുന്നത് കരയിൽ നിന്നുള്ള നിക്ഷേപകർക്ക് സമ്പത്തുണ്ടാക്കാനല്ല, പകരം ദ്വീപ് ജനങ്ങളിലേക്ക് സമൃദ്ധി എത്തിക്കാനാണ്. യുവാക്കൾക്ക് തൊഴിൽ നൽകി തദ്ദേശീയരെ ഉപയോഗിച്ച് ടൂറിസം പ്രവർത്തനങ്ങളിൽ ദ്വീപ് വളരുകയായിരുന്നു. എന്നാൽ നിലവിൽ ദ്വീപിൽ സാമ്പത്തിക അസമത്വം കൂടുകയാണ് ചെയ്തത്. തൊഴിലവസരം, മത്സ്യബന്ധന പരിപാലനം, മാലിന്യ നിർമാർജനം, കുടിവെള്ളം എന്നിവ വർധിപ്പിക്കാനുള്ള ഒരു നയവും ദീർഘവീക്ഷണവും പട്ടേൽ നിലവിൽ പ്രഖ്യാപിച്ച ഒരു പദ്ധതികളിലും കാണാനാവില്ല.', മുൻ അഡ്മിനിസ്‌ട്രേറ്ററും ഐഎഎസ് ഓഫീസറുമായ വജാഹത്ത് ഹബീബുള്ള പറയുന്നു.