ദ്വീപ് ജനതയ്ക്ക് ഭരണ നിര്‍വഹണത്തില്‍ അഭിപ്രായമറിയിക്കാനുള്ള വേദികളൊന്നും ഇപ്പോഴില്ല എന്നതാണ് അവസ്ഥ. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കപ്പെടുന്ന ഇടമല്ലാതായി മാറിയിരിക്കുന്നു ദ്വീപ്.
ലക്ഷദ്വീപിലെ പെട്രോൾ പമ്പിലേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര. പെട്രോൾ ലഭ്യതയുടെ താളപ്പിഴകളാണ് ഇത്രയും നീണ്ട നിരയുണ്ടാക്കുന്നത്.
ജീവനക്കാരെ പിരിച്ചുവിടല്‍, പണ്ടാര ഭൂമിയെന്ന പേരില്‍ നിര്‍മ്മാണങ്ങളനുവദിക്കാതിരിക്കല്‍, ആരോഗ്യരംഗത്തെ ക്ഷയം എന്നിവക്കു പുറമെ മത്സ്യതൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ, റേഷന്‍ പഞ്ചസാര, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ കൂടി നിര്‍ത്തലാക്കിയതോടെ സമസ്ത മേഖലയിലും ദ്വീപിലെ ജനം കഷ്ടതയനുഭവിക്കുകയാണ്. തൊഴില്‍ നഷ്ടം ഭൂമി നഷ്ടം, ദാരിദ്ര്യ ആരോഗ്യരംഗത്തെ പതനം എന്നിവ മൂലം ദ്വീപിലെ മനുഷ്യര്‍ക്കിടയില്‍ വിഷാദം ഉത്കണ്ഠ പോലുള്ള മാനസിക ബുദ്ധിമുട്ടുകൾ കൂടിവരുന്നുണ്ടെന്ന് പറയുന്നു ദ്വീപിലെ മാനസികാരോഗ്യ വിദഗ്ധര്‍ .
ഖാദി ബോര്‍ഡ്, സൊസൈറ്റി, ഫെഡറേഷന്‍ , വഖഫ് ബോര്‍ഡ്, അഡ്മിനിസ്ട്രേറ്റര്‍ അഡ്വൈസറി ബോര്‍ഡ് എന്നിവയിലെല്ലാം ലക്ഷദ്വീപ് ജനതയ്ക്ക് മുന്‍പ് പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇപ്പോഴതെല്ലാം നഷ്ടപ്പെട്ടു. അനിമല്‍ ഹസ്ബെന്‍ഡറി വകുപ്പിന് ഒരു വെറ്ററിനറി ഡോക്ടര്‍മാത്രമാണ് മുഴുവന്‍ ദ്വീപുകള്‍ക്കുമായി നിലവിലുള്ളത്. ഓരോ ദ്വീപിനും വെവ്വേറെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് ഡോക്ടര്‍മാരെ മുഴുവന്‍ പിരിച്ചു വിട്ടു. ഡയറി ഫാമും കോഴിവളര്‍ത്തല്‍ ഫാമും ഉണ്ടായിരുന്നതും പൂട്ടി. സബ്സിഡി നിരക്കിൽ കൊടുത്തു കൊണ്ടിരുന്ന കാലിത്തീറ്റയും കോഴിത്തീറ്റയും നിര്‍ത്തി. ഇതുകാരണം കിലോ 150 രൂപക്ക് കൊടുത്ത കോഴിയുടെ വില 250 രൂപയായി. 17 രൂപക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 70 ആയി.
ട്രാന്‍സ്പോര്‍ട്ടേഷന്‍ സബ്സിഡി, എണ്ണ ,അച്ചാര്‍, ശര്‍ക്കര പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്കുള്ള 25 ശതമാനം സബ്സിഡിയും നിര്‍ത്തിയവയില്‍പ്പെടുന്നു. ഇതുകാരണം ചൂര ഫാക്ടറി, കൊപ്ര ഫാക്ടറി എന്നിവയടക്കം അഞ്ചിലധികം ചെറുകിട ഫാക്ടറികളും ദ്വീപില്‍ പൂട്ടി. കപ്പല്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന സാധനങ്ങളുടെ ഭാരവും പരിമിതപ്പെടുത്തിയതോടെ പുറത്ത് മാര്‍ക്കറ്റ് കണ്ടെത്തൽ ദ്വീപുകാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായി. കപ്പലുകളിലെ കാര്‍ഗോ കാലിയായി തിരച്ചു പോയാല്‍ പോലും ദ്വീപുകാര്‍ക്ക് ചരക്ക് തുകയില്‍ ഇളവ് നല്‍കുന്നില്ല.
കൈകാലുകളരിയപ്പെട്ട സൊസൈറ്റി
ആദ്യകാലത്ത് സര്‍ക്കാരിനടക്കം പെട്രോളും ഡീസലും നല്‍കിയിരുന്നത് സൊസൈറ്റിയായിരുന്നു. പണ്ട് കടലിലൂടെ നീന്തിയാണ് പെട്രോള്‍ ഡീസല്‍ ബാരലുകള്‍ കപ്പലില്‍ എത്തിച്ചിരുന്നത്. ഇത്തരത്തിലുള്ള കയറ്റിറക്ക് കൂലികാരണമാണ് ലക്ഷദ്വീപില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്ന് നിന്നതെങ്കിലും സാധനങ്ങളുടെ വില നിയന്ത്രണത്തില്‍ സൊസൈറ്റി വലിയ പങ്കാണ് വഹിച്ചത്. നിലവില്‍ ഐഒസി പെട്രോള്‍ പമ്പ് വഴി കുറഞ്ഞ നിരക്കില്‍ കവരത്തിയിലും മിനിക്കോയിലും ഇന്ധനം എത്തിക്കാന്‍ തുടങ്ങിയതോടെ പെട്രോള്‍ ഡീസല്‍ വില മറ്റ് കേന്ദ്രഭരണപ്രദേശങ്ങളുടേതിന് സമാനമായി.മുമ്പ് പമ്പില്ലാതെ സൊസൈറ്റി വഴിയായിരുന്നു ഇന്ധന വിതരണം.
വിതരണത്തില്‍ നിന്നും മറ്റെല്ലാ സേവനങ്ങളില്‍ നിന്നും സൊസൈറ്റിയെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നു എന്ന ആരോപണം അപ്പോഴും നിലനിൽക്കുന്നു
കവരത്തി സഹകരണ സൊസൈറ്റി സെക്രട്ടറി ചെറിയ കോയ
"മുന്‍കാലങ്ങളില്‍ എല്ലാ ബുദ്ധിമുട്ടും സഹിച്ച് സര്‍ക്കാരിനടക്കം ഇന്ധനവും മറ്റും സപ്ലൈ ചെയ്തത് സൊസൈറ്റിയാണ്. ഐഒസി പമ്പ് നടത്താന്‍ കൊട്ടേഷന്‍ വിളിച്ചപ്പോള്‍ ടെന്‍ഡറില്‍ സൊസൈറ്റി പങ്കെടുത്തിരുന്നു. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തന ചരിത്രം പോലും പരിശോധിക്കാതെ കേരളത്തില്‍ നിന്നുള്ളവര്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എല്‍പിജി വിതരണത്തിന് കൊട്ടേഷന്‍ വിളിച്ചപ്പോഴും ഞങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കി. നിലനില്‍ക്കുന്ന വിതരണക്കാരെ ഒഴിവാക്കേണ്ട ആവശ്യമില്ല എന്ന കോടതി നിര്‍ദേശമുണ്ടായിരുന്നതിനാല്‍ സൊസൈറ്റിയെ ഒഴിവാക്കാന്‍ വേണ്ടി വ്യക്തികള്‍ക്ക് മാത്രം വിതരണത്തിനുള്ള കൊട്ടേഷന്‍ കൊടുക്കുന്നതായി ചട്ടം വരെ ഭേദഗതി ചെയ്തു'', കവരത്തി സഹകരണ സൊസൈറ്റി സെക്രട്ടറി ചെറിയ കോയ പറയുന്നു.സൊസൈറ്റിയുടെ സെക്രട്ടറിമാര്‍ മുമ്പ് സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. റജിസ്ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു അധികാരം. പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതോടെ ഇവരെയൊക്കെ തിരിച്ചു വിളിച്ചെന്നും ചെറിയ കോയ പറയുന്നു .
പെട്രോൾ പമ്പിനു മുന്നിലെ വാഹനങ്ങളുടെ നീണ്ട നിര. ഇത്തരം കാത്തിരിപ്പുകളോട് ദ്വീപ് ജനത എന്നേ പൊരുത്തപ്പെട്ട് കഴിഞ്ഞു| ചിത്രം: നിലീന അത്തോളി
ഐഒസി കൊണ്ട് പെട്രോൾ വില താഴ്ന്നെന്ന നേട്ടമുണ്ട്. എന്നാല്‍ നിലവില്‍ പെട്രോളിനു വേണ്ടി നീണ്ട ക്യൂവാണ് പെട്രോള്‍ പമ്പുകളില്‍. പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ സ്റ്റോറേജ് ടാങ്കിന് വലിപ്പം കൂടുതലാണ്. പെട്രോള്‍ തീര്‍ന്നാലും ഡീസല്‍ തീര്‍ന്ന് ഒരുമിച്ചെത്തിക്കാന്‍ കാത്തു നില്‍ക്കുന്നതാണ് പെട്രോള്‍ ക്ഷാമത്തിനു കാരണമാവുന്നതെന്ന് പറയുന്നു പമ്പിലെ ജീവനക്കാര്‍. മാത്രവുമല്ല ആകെ മൂന്ന് കാര്‍ഗോ ബാര്‍ജസേ ഉള്ളൂ. അതെല്ലായിടത്തും ഓടിയെത്തേണ്ട പരിമിതികളുമുണ്ട്.
ഐഒസി വഴിയാക്കിയപ്പോള്‍ ഡീസലിന്റെ വില കുറഞ്ഞെങ്കിലും മൂന്നാഴ്ച നീളുന്ന പവര്‍ക്കട്ടാണ് ആന്ത്രോത്തടക്കമുള്ള ദ്വീപുകാരെ കാത്തിരിക്കുന്നത്. ദ്വീപില്‍ ഡീസല്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ പ്രശ്നവും യന്ത്രത്തകരാറും കാരണം മൂന്നാഴ്ചയാണ് ആന്ത്രോത്തില്‍ കറണ്ടില്ലാതെയിരുന്നത്. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി പോലും ഇല്ലാതെ നെറ്റും കാള്‍ കണക്ടിവിറ്റിയുമെല്ലാം നഷ്ടപ്പെട്ട് ആഴ്ചകളോളമാണ് ആന്ത്രോത്ത് പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടത്. കാര്‍ഗോകപ്പലുകളുടെ കുറവും വേണ്ട സമയം ഡീസലെത്താത്തതും, അറ്റകുറ്റപ്പണി നടത്താന്‍ തൊഴിലാളികളില്ലാത്തതുമടക്കം ഇതിന് പലവിധ കാരണങ്ങളാണ്.
നാടിനു നിരക്കാത്ത നിയമങ്ങള്‍
ഇന്ത്യയില്‍ തന്നെ കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവാണ് ലക്ഷദ്വീപില്‍ എന്നിരിക്കെയാണ് Lakshadweep Prevention of Anti-Social Activities Regulation 2021 ന്റെ കരട് അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കുന്നത്. ഇതു പ്രകാരം ഏതൊരാളെയും വിചാരണ കൂടാതെ ജയിലിലാടം. പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശം ഇല്ലാതാവും.
Lakshadweep animal preservation regulation 2021 (മൃഗസംരക്ഷണ നിയമം) പ്രകാരം കശാപ്പിന് നിയന്ത്രണം വരും. ഇത് മാംസാഹാരം കഴിക്കാനുള്ള അവകാശത്തിലുള്ള കടന്നു കയറ്റമാവും.
ലക്ഷദ്വീപ് പഞ്ചായത്ത് റഗുലേഷന്‍ 2021 പ്രകാരം പഞ്ചായത്ത് ഏത് നിമിഷവും എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് പിരിച്ചുവിടാം. നികുതി ഈടാക്കുന്നതിനപ്പുറത്തേക്ക് പഞ്ചായത്തിന് അധികാരമില്ലാതാകും.
ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റഗുലേഷന്‍ പ്രകാരം അതോറിറ്റി നിലവില്‍ വരും. അതോറിറ്റി ഡെവലപ്മെന്റ് സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിലെ കെട്ടിടങ്ങളുടെ മോടി കൂട്ടല്‍ പൗരന്റെ ഉത്തരവാദിത്വവും ചിലവുമാകും.
ഇതില്‍ പറയുന്ന പഞ്ചായത്ത് റഗുലേഷന്‍ ആക്ട് നടപ്പിലാക്കി. ബാക്കി മൂന്നും ആഭ്യന്ത മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. നിയമങ്ങളുടെ ഡ്രാഫ്റ്റ് ഇംഗ്ലീഷിലായിരുന്നു പ്രസിദ്ധീകരിച്ചത്. ഇത് മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദ്വീപുകാര്‍ നല്‍കിയ ഹര്‍ജിയില്‍ ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ല മലയാളം എന്നായിരുന്നു അഡ്മിനിസ്ട്രേഷന്‍ വാദം.
ജനസംഖ്യാ വളര്‍ച്ച മുന്‍പതിറ്റാണ്ടിനേക്കാളും കുറഞ്ഞ ദ്വീപിലാണ് ജനപ്രതിനിധികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ മത്സരിക്കാന്‍ പാടില്ലെന്ന നിയമം നടപ്പാക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് ദ്വീപ് ജനത ഇതിനെ പ്രതിരോധിച്ചത്.
അധികാരം നഷ്ടപ്പെട്ട പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ചീഫ് കൗണ്‍സിലര്‍ എന്ന സ്ഥാനവും പ്രത്യേക അധികാരങ്ങളുമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി മാത്രമാക്കി പരിമിതപ്പെടുത്തി. അധികാര വികേന്ദ്രീകരണം എന്നൊരു സങ്കൽപമില്ല. വിദ്യാഭ്യാസം, ആരോഗ്യം , കൃഷി, പോള്‍ട്രി അനിമല്‍ ഹസ്ബെന്‍ഡറി, ഫിഷറീസ്, എന്നിവ മുമ്പ് പഞ്ചായത്തിന്റെ കീഴിലായിരുന്നത് എടുത്തു കളഞ്ഞു. കടകൾക്ക് ലൈസന്‍സ് കൊടുക്കാനുള്ള അവകാശം പോലും പ‍്ചായ്തതിനിന്നില്ല. സ്‌കീമുകള്‍ വെട്ടിച്ചുരുക്കിയതിനാല്‍ തൊഴില്‍ ദാതാവാവാനുള്ള ശേഷിയും പഞ്ചായത്തിനില്ലാതായി.
പ്രഫുൽ പട്ടേൽ
നിലവില്‍ കാലാവധി കഴിഞ്ഞതിനാല്‍ പഞ്ചായത്ത് നിലവിലില്ല. ഗ്രാമ പഞ്ചായത്തിന്റെ കാലാവധി ഡിസംബര്‍ 31നും ജില്ലാ പഞ്ചായത്തിന്റെ കാലാവധി ജനുവരി 22നും അവസാനിച്ചു. അയോഗ്യനാക്കപ്പെട്ട ശേഷം അനുകൂല വിധി കോടതിയിൽ നിന്ന് മുഹമ്മദ് ഫൈസൽ എംപി നേടിയെടുത്തെങ്കിലും പൂര്‍ണ്ണമായും ജനാധിപത്യം ഇല്ലാത്ത അവസ്ഥയില്‍ ഒരു സ്വേഛാധിപത്യ ഭരണത്തിനു കീഴിലേക്ക് ലക്ഷദ്വീപ് വീഴുകയാണ്.
ദ്വീപ് ജനതയ്ക്ക് ഭരണ നിര്‍വഹണത്തില്‍ അഭിപ്രായമറിയിക്കാനുള്ള വേദികളൊന്നും ഇപ്പോഴില്ല എന്നതാണ് അവസ്ഥ. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കപ്പെടുന്ന ഇടമല്ലാതായി മാറിയിരിക്കുന്നു ദ്വീപ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ഭരണകൂടത്തിന്റെ നടപടികളില്‍ ഇടപെടാനാകാത്ത സ്ഥിതിയാണ്.
ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നാണ് പ്രഫുല്‍ പട്ടേലും ഉദ്യോഗസ്ഥരും ദ്വീപുവാസികളോട് പറയുന്നത്. പക്ഷെ 2019 ഡിസംബറില്‍ നിന്നിങ്ങോട്ടുണ്ടായ നയപരമായ മാറ്റങ്ങളില്‍, അതിന്റെ ആസൂത്രണ പ്രക്രിയകളില്‍ ദ്വീപുവാസികളുടെ പ്രാതിനിധ്യമില്ല. ആരോഗ്യവകുപ്പ്, പിഡബ്ല്യുഡി, മേധാവികളൊഴിച്ചാല്‍ മറ്റൊരു മേധാവി തസ്തികകളിലും ദ്വീപുകാരില്ല. ആശുപത്രിയില്‍ ഹിന്ദിയിലാണ് എല്ലാ നെയിം പ്ലേറ്റുകളും. ഭാഷാ അധിനേശവും പ്രകടം
വജാഹത്ത് ഹബീബുള്ള, മുന്‍ അഡ്മിനിസ്ട്രേറ്റര്‍
വജാഹത്ത് ഹബീബുള്ള
'പുരോഗതി നേടിയിട്ടില്ലാത്ത, ദരിദ്രരായ മനുഷ്യര്‍ ജീവിക്കുന്ന ആകെ കുത്തഴിഞ്ഞ സംവിധാനങ്ങളുള്ള സ്ഥലത്തേ വലിയ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുള്ളൂ. ദാരിദ്ര്യമില്ലാത്ത, നല്ല രീതിയില്‍ ജീവിക്കുന്ന മനുഷ്യരുള്ള, കുറ്റകൃത്യ നിരക്ക് കുറഞ്ഞ പ്രദേശത്ത് എന്തിന് ഇത്രയേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. അവരെ അവരുടെ ഇഷ്ടത്തിന് ഇത്രകാലം ജീവിച്ച പോലെ ജീവിക്കാന്‍ വിടുകയാണ് ചെയ്യേണ്ടത്'
നാടിനു വേണ്ടാത്ത പരിഷ്‌കാരങ്ങള്‍
ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കി മെനു പരിഷ്‌കരിച്ചത് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമെന്നാണ് ഭരണകൂടം പറയുന്നത്. കൊടുക്കുന്ന ഭക്ഷണത്തില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടമാണ്. അത് ചെയ്യാതെയാണ് കുട്ടികളുടെ ഭക്ഷണത്തില്‍ വരെ ഭരണകൂട കൈകടത്തല്‍ നടത്തിയത്. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മാംസാഹാരം തുടരാമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
ഒറ്റ കൊവിഡ് കേസ് പോലുമില്ലാത്ത രാജ്യത്തെ ഏക സ്ഥലമായി ലക്ഷ്വദ്വീപ് നിന്നത് കര്‍ശനമായ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചതു കൊണ്ടാണ്. എന്നാല്‍ ഈ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററായി പട്ടേൽ ചാര്‍ജ് എടുത്തതും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും. ആറായിരത്തിലധികം പോസിറ്റീവ് കേസുകളും ഇരുപതിലധികം മരണങ്ങളും തുടര്‍ന്നുണ്ടായി. ഏറെ പരാധീനതകളുള്ള ആരോഗ്യ മേഖലയാണ് ദ്വീപില്‍. പല ദ്വീപുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. ഗുരുതരമായ ഏത് ആരോഗ്യ പ്രതിസന്ധിയിലും കേരളത്തിലേക്കുള്ള ഇവാക്വേഷന്‍ അല്ലാതെ മറ്റു വഴികളും ഇല്ല. അങ്ങനെയൊരു പ്രദേശത്തായിരുന്നു ഈ പരിഷ്‌കാരം
ലക്ഷദ്വീപ് ബില്‍ഡിങ് ഡെവലപ്മെന്റ് ബോര്‍ഡ് ബിപിഎല്‍ കാറ്റഗറിക്കാര്‍ക്ക് വീടെടുക്കാന്‍ അസംസ്കൃത വസ്തു നല്‍കുന്നത് നിര്‍ത്തലാക്കി. പ്രധാനമന്ത്രി ആവാസ യോജന ഉള്ളതുകൊണ്ട് ഇതിന്റെ ആവശ്യമില്ലെന്നായിരുന്നു വാദം. എന്നാല്‍ ആവാസ യോജന പ്രകാരം ഒരു വീട് പണി പോലും ഇക്കാലയളവില്‍ ദ്വീപില്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
നേരത്തെ മൂന്ന് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സിലാണ് ദ്വീപിലെ ജനങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരുമ്പോള്‍ പിടിച്ചു നിന്നത്. എന്നാല്‍ ഇപ്പോഴത് പിഎംജെഎവൈ വഴിയാക്കി. പണ്ട് സ്വകാര്യ ആശുപത്രികളിൽ ഇന്‍ഷുറന്‍സ് വഴി ചികിത്സിക്കാമായിരുന്നെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ പറ്റൂ. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രതേകതകള്‍ കൊണ്ട് ഈ ഇന്‍ഷുറന്‍സിന്റെ പ്രയോജനം ഇവിടുള്ളവര്‍ക്ക് ലഭിക്കുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ദ്വീപുകാര്‍ കിടത്തി ചികിത്സക്കെത്തുമ്പോള്‍ ബൈസ്റ്റാന്‍ഡേഴ്സിന് ആശുപത്രിയില്‍ തങ്ങാൻ പറ്റില്ല. അതിനാല്‍ വാടകക്ക് വേറെ മുറി എടുത്ത് താമസിക്കണം. ഇത് അധിക ചിലവാണ്. പണ്ട് സ്വകാര്യ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് കിട്ടിയിരുന്നപ്പോള്‍ ഈ അധിക ചിലവ് ഇവര്‍ക്ക് കുറയ്ക്കാമായിരുന്നു. ഇന്നതിനൊന്നും കഴിയുന്നില്ല
MV Shreyams Kumar
എം.വി ശ്രേയാംസ് കുമാര്‍
മുന്‍ എംപി എം.വി ശ്രേയാംസ് കുമാര്‍
ലക്ഷദ്വീപെന്നത് സമാധാന പ്രിയരുടെ നാടാണ്. കുറ്റകൃത്യനിരക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവുള്ള ഈ പ്രദേശത്ത് പല അനാവശ്യനിയമങ്ങളും പരിഷ്‌കാരങ്ങളും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. ഒരു ദേശത്തിന്റെ വികസനത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകം ആരോഗ്യമുള്ള ജനതയും കുട്ടികളുമാണ്. അതിന് ആരോഗ്യരംഗവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. എല്ലാം കൃത്യമായി നടക്കണമെങ്കില്‍ ഭരണത്തില്‍ ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ജനാധിപത്യം പുനസ്ഥാപിക്കപ്പെടണം. എംപിയായിരുന്ന കാലത്ത് ഞാനടക്കം കേരളത്തിലെ ചില എംപിമാര്‍ അവിടെ പോയി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ശ്രമം നടത്തിയിരുന്നു എന്നാല്‍ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അവിടെ പ്രവേശിക്കുന്നത് തടയുകയാണ് ദ്വീപ് ഭരണകൂടം ചെയ്തത്.
ജോസ് ചാത്തുകുളം
ലക്ഷദ്വീപിനെ ആഴത്തില്‍ പഠിച്ച സാമ്പത്തിക വിദഗ്ധന്‍ ജോസ് ചാത്തുകുളം
മലയാള ഭാഷ അറിയുന്ന, കേരളസംസ്‌കാരത്തേട് ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ പുരോഗതിയിലേക്കു നയിക്കുക, അവരുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുക എന്ന ദീര്‍ഘ വീക്ഷണത്തോടെയാണ് ജവഹര്‍ ലാല്‍ നെഹ്റു മൂര്‍ക്കോത്ത് രാമനുണ്ണിയെ ലക്ഷദ്വീപിലേക്ക് പണ്ട് അയച്ചത്. അതൊരു രാഷ്ട്രീയ ബോധമുള്ള നിയമനമായിരുന്നു. അദ്ദേഹം വന്നത് തങ്ങളുടെ പുരോഗതിക്കു വേണ്ടിയായിരുന്നെങ്കില്‍ പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവ് തങ്ങളെ തകര്‍ക്കുക എന്ന രാഷ്്ട്രീയ ഉദ്ദേശത്തോടുകൂടിയാണെന്ന് അവിടത്തെ ജനം ശക്തമായി വിശ്വസിക്കുന്നു. ഞങ്ങളുടെ സര്‍ക്കാരാണ് ഞങ്ങള്‍ക്കും കൂടി വേണ്ടിയാണ് എന്ന തോന്നല്‍ അവര്‍ക്ക് നഷ്ടപ്പെട്ടു
ശശി തരൂർ
ശശിതരൂര്‍ എംപി
ഭരണകൂടത്തിന്റെ അമിത അധികാര കേന്ദ്രീകരണത്തിന്റെയും ഏകാധിപത്യ പ്രവണതകളുടെയും ഇരകള്‍ ഇന്ത്യന്‍ ജനതയാണ്. അവരാണ് ജനാധിപത്യ സംവിധാനങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന കൊടും ഭീകരതകള്‍ അനുഭവിക്കുന്നവര്‍. സിനിമാ താരം പൃഥ്വിരാജ് പറഞ്ഞതുപോലെ 'ഏത് നിയമവും പരിഷ്‌കാരവും ഭേദഗതിയും അവിടത്തെ ഭൂമിക്ക് വേണ്ടിയാവരുത് പകരം ആ ഭൂമിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാവണം. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിരുകളല്ല ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണ്ണയിക്കുന്നത്, മറിച്ച് അവിടങ്ങളില്‍ വസിക്കുന്ന മനുഷ്യരാണ'. ലക്ഷദ്വീപ് നിവാസികള്‍ ഇതിനോടകം അവരുടെ ഉറച്ച സ്വരം വ്യക്തമാക്കി കഴിഞ്ഞു. ഇനി ഉണരേണ്ടത് സര്‍ക്കാരാണ് അല്ലെങ്കില്‍ ഇടപെടേണ്ടത് കോടതിയാണ്. ഇല്ലെങ്കില്‍ സൗഹാര്‍ദ്ദത്തിലും സമാധാനപരമായും നിലനിന്ന രാജ്യത്തിന്റെ ഒരുഭാഗം നശിപ്പിക്കപ്പെട്ടേക്കാം. ആ അഴുകല്‍ നാം തടഞ്ഞേ തീരൂ
Content Highlights: destructive orders and regulations,administration,rakshayillathe lakshadweep nileena atholi
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Most Commented