“നല്ല പെൺകുട്ടിയാ… പ്രശ്നമൊന്നും ഉണ്ടാക്കില്ല.”

To advertise here,

“അവൾ എല്ലാം സഹിക്കും.”

“വീട്ടുകാർ പറയുന്നത് പോലെ ചെയ്യും.”

ഇത്തരം വാക്കുകൾ പലർക്കും പ്രശംസയായിരിക്കും. പക്ഷേ, പല യുവതികൾക്കും ഇതൊരു അഭിനന്ദനമല്ല, മറിച്ച് അദൃശ്യമായ ഒരു നിയന്ത്രണവലയമാണ്. ആധുനിക കേരളത്തിലും ‘ഗുഡ് ഗേൾ സിൻഡ്രം’ എന്നറിയപ്പെടുന്ന സാമൂഹിക-മാനസിക അവസ്ഥ ശക്തമായി തുടരുകയാണ്. പുറമേ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടായിട്ടും, പല യുവതികളും ഇപ്പോഴും ‘നല്ല പെൺകുട്ടി’ എന്ന പ്രതീക്ഷയുടെ ഭാരത്തിൽ ജീവിക്കുന്നു.

‘നല്ലവളായിരിക്കണം’ എന്ന ചെറിയ വാക്കിന്റെ വലിയ സമ്മർദ്ദം വളരെ വലുതാണ്. കുട്ടിക്കാലം മുതൽതന്നെ പല പെൺകുട്ടികൾക്കും കേൾക്കേണ്ടി വരുന്നത് ഒരേ കാര്യങ്ങളാണ്:

“അധികം സംസാരിക്കണ്ട”

“മിണ്ടാതെ ഇരിക്ക്”

“അനുസരിക്കണം”

“വീട്ടുകാരെ വിഷമിപ്പിക്കരുത്”

ഇവ ആദ്യം ശാസനയായി തോന്നും. പിന്നീട് അതൊരു സ്വഭാവമായി ഉരുത്തിരിയുന്നു. പിന്നെ ഇത് ‘സ്വയം നിയന്ത്രണം’ എന്ന പേരിൽ ജീവിതത്തിനു കടിഞ്ഞാണിടുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു. ഇതിന്റെ ഫലമായി പല യുവതികളും സ്വന്തം അഭിപ്രായം പറയാൻ മടിക്കുന്നു. ‘ഇല്ല’ എന്ന് പറയാൻ കുറ്റബോധം അനുഭവിക്കേണ്ടി വരുന്നു. സ്വന്തം ഇഷ്ടങ്ങളെക്കാൾ മറ്റുള്ളവരുടെ പ്രതീക്ഷകൾ മുൻഗണന നൽകി കൊണ്ട് ഇവർ പ്രവർത്തിക്കുന്നു. തീരുമാനങ്ങൾ എടുക്കാൻ ഭയം വരുന്ന യുവതികൾ ഇന്നും വിരളമല്ല. ഗുഡ് ഗേൾ സിൻഡ്രം ഉള്ള പല യുവതികൾക്കും ഏറ്റവും വലിയ വെല്ലുവിളി തീരുമാനം എടുക്കലാണ്. കരിയർ തിരഞ്ഞെടുക്കുമ്പോഴും,

“വീട്ടുകാർക്ക് എന്ത് തോന്നും?”

“സമൂഹം എന്ത് പറയും?” എന്ന ചിന്തകൾ മുന്നിൽ വരും.

ജോലിയിൽനിന്ന് മാറണമെന്നുണ്ടെങ്കിലും, ബന്ധം അവസാനിപ്പിക്കണമെന്നുണ്ടെങ്കിലും, സ്വന്തം വഴി തിരഞ്ഞെടുക്കണമെന്നുണ്ടെങ്കിലും അദൃശ്യമായ ഒരു ചോദ്യം തടയുന്നു:

“ഞാൻ നല്ല പെൺകുട്ടിയാണോ?” അനുസരണമാണ് നല്ല സ്വഭാവം എന്ന തെറ്റിദ്ധാരണ കേരളത്തിൽ പലപ്പോഴും ‘നല്ല പെൺകുട്ടി’ എന്ന സങ്കൽപ്പത്തിന്‌ ആക്കം കൂട്ടുന്നു.

എതിർക്കാത്തവൾ, സഹിക്കുന്നവൾ, പ്രശ്നം ഉണ്ടാക്കാത്തവൾ എന്നി ടാഗുകൾ പക്ഷേ പലപ്പോഴും ഇത് വ്യക്തിത്വ വളർച്ചയ്ക്ക് തടസ്സമാകുന്നു. അതേസമയം യുവതികൾ സ്വന്തം അഭിപ്രായം പറയുമ്പോൾ അഹങ്കാരി, നീ ഒരുപാട് മാറി, പഴയ പോലെയല്ല എന്ന കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നു. ഇതിന്റെ ഫലമായി പലരും സ്വയം മൗനം തിരഞ്ഞെടുക്കുന്നു.

ജോലിസ്ഥലങ്ങളിലും ഈ തരത്തിൽ തുടരുന്ന ‘നല്ല പെൺകുട്ടി’ പ്രതീക്ഷ നിലനിൽക്കുന്നു. വീട്ടിൽ മാത്രമല്ല, ജോലിസ്ഥലങ്ങളിലും നിർഭാഗ്യവശാൽ ഈ മനോഭാവം തുടരുന്നു. പല യുവതികൾക്കും അധികം ചോദ്യങ്ങളില്ലാതെ കൂടുതൽ ജോലികൾ ഏറ്റെടുക്കണം, എതിർക്കാതെ സഹിക്കണം, പ്രശ്നങ്ങൾ ഒഴിവാക്കണം എന്നി കാര്യങ്ങൾ പ്രൊഫഷ്യണൽ ബിഹേവിയർ എന്ന പേരിൽ സാധാരണമാകുന്നു.

അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ഗുഡ് ഗേൾ സിൻഡ്രം ഉള്ളവർ പലപ്പോഴും സ്ട്രോങ് ഗേൾ എന്ന ലേബലിലും കുടുങ്ങുന്നു. എല്ലാം കൈകാര്യം ചെയ്യണം, പരാതി പറയരുത്, തളരരുത്. ഇതും മറ്റൊരു തരത്തിലുള്ള സമ്മർദ്ദമാണ്. അവസാനം വ്യക്തിക്ക് തന്റെ ദുർബലത പോലും പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥ.

മാറ്റം തുടങ്ങുന്നത് ‘No’ പറയുന്നിടത്താണ്. ഗുഡ് ഗേൾ സിൻഡ്രമിൽനിന്ന് പുറത്തുവരുന്നത് വലിയ വിപ്ലവമല്ല. പലപ്പോഴും അത് ‘ഇല്ല’ എന്ന ചെറിയൊരു വാക്കിൽ തുടങ്ങുന്നു. സെൽഫിഷ് എന്നതിനേക്കാൾ ഇതിന് സെൽഫ് റെസ്പെക്ട് എന്നാണ് പറയേണ്ടത്. കരിയറുമായി മുന്നോട്ട് പോകാനും ടോക്സിക് ബന്ധങ്ങളിൽനിന്ന് വിട്ടുനിൽക്കാനും മാനസിക ആരോഗ്യത്തിന് മുൻഗണന നൽകാനും സ്വന്തം അഭിപ്രായം തുറന്ന് പറയാനും ഇന്ന് പല പെൺകുട്ടികൾക്കും സാധിക്കുന്നുണ്ട്. വളരെ മന്ദഗതിയിലുള്ള പോസിറ്റീവായ മുന്നേറ്റത്തിന്റെ തുടക്കമാണ്.

‘നല്ല പെൺകുട്ടി’ എന്ന ആശയം സ്നേഹത്തിന്റെ പേരിലാണ് സമൂഹം പലപ്പോഴും മുന്നോട്ട് വെക്കുന്നത്. പക്ഷേ, അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറുമ്പോൾ അത് ചോദ്യം ചെയ്യപ്പെടണം. കാരണം, എപ്പോഴും മറ്റുള്ളവരുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുന്ന ഒരാൾക്ക് ഒടുവിൽ സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇന്ന് നിരവധി യുവതികൾ ഒരു പുതിയ കാര്യം പഠിച്ചുകൊണ്ടിരിക്കുന്നത്: “എല്ലാവർക്കും നല്ലവളാകുന്നതിനെക്കാൾ, സ്വന്തം ജീവിതത്തിൽ സത്യസന്ധമായി, സന്തോഷത്തോടെ ജീവിക്കുന്നതാണ് പ്രധാനം.”