This is Trivandrum. You will now hear the news read by Indira Poduval.....

71 വര്‍ഷം മുമ്പ് ഒരു വൈകുന്നേരം പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിലൂടെ പുറത്തുവന്ന ഈ പെണ്‍ശബ്ദം അനന്തപുരിക്കാര്‍ അത്ഭുതാദരങ്ങളോടെയാണ് കേട്ടുനിന്നത്.

കേരളത്തിലെ ആദ്യ റേഡിയോ നിലയത്തില്‍ നിന്നുള്ള ആദ്യ വാര്‍ത്താപ്രക്ഷേപണമായിരുന്നുവത്. അതിന് ശബ്ദമേകിയത് പഴയ എം.എല്‍.എ. ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിലെ സ്റ്റുഡിയോയിലിരുന്ന ഇന്ദിരാ പൊതുവാളെന്ന 23-കാരിയും. വഴുതക്കാട്ടെ ആകാശവാണി മന്ദിരം തിരുവിതാംകൂറിന്റെ ഉജ്ജ്വല ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം സൃഷ്ടിക്കാന്‍ മുന്നില്‍ നിന്നവരില്‍ ഇന്ദിരാ പൊതുവാള്‍ എന്ന ഇന്ദിരാ ജോസഫ് വെണ്ണിയൂരുമുണ്ടായിരുന്നു.

തിരുവിതാംകൂറില്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ മുന്‍കൈയെടുത്ത് കുറഞ്ഞ പ്രസരണശേഷിയില്‍ 'തിരുവിതാംകൂര്‍ റേഡിയോനിലയം' സ്ഥാപിക്കാന്‍ തീരുമാനിച്ച കാലമായിരുന്നു അത്. മദ്രാസിലെ ക്യൂന്‍ മേരി കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബി.എ. ഓണേഴ്സ് പാസായി തിരിച്ചെത്തിയ ഇന്ദിരാ പൊതുവാളിന്റെ ആഗ്രഹം റേഡിയോയിലെ വാര്‍ത്താ വായനക്കാരിയാകണമെന്നായിരുന്നു. അതിനുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി പറവൂര്‍ ടി.കെ.നാരായണ പിള്ളയുടെ മുന്നിലെത്തിച്ചു. അങ്ങനെ 1949-ല്‍ ഇന്ദിര തിരുവിതാംകൂര്‍ റേഡിയോ നിലയത്തില്‍ അനൗണ്‍സറും പിന്നീട് തന്റെ സ്വപ്നമായ ഇംഗ്ലീഷ് വാര്‍ത്ത വായനക്കാരിയുമായി.

ഓരോ ദിവസവും വൈകീട്ട് 7 മുതല്‍ 7-15 വരെയുള്ള വാര്‍ത്ത വായിച്ചുകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നിലയം ഡയറക്ടര്‍ രാമവര്‍മ അഭിനന്ദനവുമായി സ്റ്റുഡിയോയ്ക്കുപുറത്ത് കാത്തുനിന്നിരുന്നതായിരുന്നു അന്നത്തെ അഭിമാനനിമിഷമെന്ന് ഇന്ദിര പറഞ്ഞിരുന്നു. ആദ്യകാല പിന്നണിഗായിക ശാന്താ പി.നായരുടെ സഹോദരി കൂടിയായ ഇന്ദിരയും അവരുടെ ശബ്ദവും അപ്പോഴേക്കും മാറുന്ന കാലത്തിന്റെ മാതൃകയായിക്കഴിഞ്ഞിരുന്നു. ഇന്ദിര അനന്തപുരിക്കാരുടെ ഇഷ്ടശബ്ദങ്ങളിലൊന്നായി രൂപാന്തരപ്പെട്ടിരുന്നു.

1950 ഏപ്രില്‍ ഒന്നുമുതല്‍ തിരുവിതാംകൂര്‍ റേഡിയോ നിലയം ഓള്‍ ഇന്ത്യ റേഡിയോയുടെ ഭാഗമായി. രണ്ടുവര്‍ഷം കഴിഞ്ഞ് ആകാശവാണി, പഴയ എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇന്നത്തെ ഭക്തിവിലാസം കൊട്ടാരത്തിലേക്കുമാറ്റി. ഇന്ദിരയും സഹപ്രവര്‍ത്തകരും അങ്ങനെ കേരളത്തിലെ മറ്റൊരു ചരിത്രത്തിന്റെകൂടി ഭാഗമായി.

പ്രശസ്ത സാഹിത്യകാരനും കലാവിമര്‍ശകനും ആകാശവാണിയിലെ പ്രോഗ്രാം അസിസ്റ്റന്റുമായ ജോസഫ് വെണ്ണിയൂരും ഇന്ദിരയുമായുള്ള പ്രണയം വിവാഹത്തിലെത്തിയത് 1954 ജൂലായ് നാലിനായിരുന്നു. വീട്ടുകാരുടെ മൗനാനുവാദത്തോടെ കോട്ടണ്‍ഹില്‍ സ്‌കൂളിനടുത്തുള്ള വാടകവീട്ടില്‍വെച്ച് ജോസഫ്, ഇന്ദിരയ്ക്ക് താലികെട്ടിയപ്പോള്‍ മതവും ജാതിയുമില്ലാത്ത ആ ജീവിതം സമൂഹത്തിനും മാതൃകയായി.

38 വര്‍ഷം മുമ്പ് ജോസഫ് വെണ്ണിയൂര്‍ ബോംബെ നിലയത്തില്‍ ഡയറക്ടറായിരിക്കെ അവിചാരിതമായി മരിച്ചപ്പോള്‍ താങ്ങായിനിന്ന മക്കള്‍ തന്നെയായിരുന്നു ഇന്ദിരയുടെ കരുത്ത്.

മക്കള്‍ ജോലിയുമായി ബന്ധപ്പെട്ട് അകലെയായതിനാല്‍ പൂജപ്പുരയിലെ വെണ്ണിയൂര്‍ വീട്ടില്‍ ഇന്ദിരയ്ക്ക് കൂട്ടായുണ്ടായിരുന്നത് സഹായികളായ കുമാരിയും ജയന്തിയുമാണ്. ഇടയ്ക്ക് വീട്ടില്‍ മക്കളും കൊച്ചുമക്കളുമൊത്തുകൂടിയിരുന്നു.

34 വര്‍ഷത്തെ ആകാശവാണി ജീവിതത്തിനൊടുവില്‍ 1984-ല്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ഇന്ദിര വിരമിച്ചു. മലയാളത്തിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണത്തിന്റെ സാക്ഷിയും ഭാഗവുമായ ഇന്ദിരാ പൊതുവാള്‍ ഓര്‍മയാകുമ്പോഴും ചരിത്രത്തില്‍ അവരുടെ ശബ്ദം എന്നും അലയടിച്ചുകൊണ്ടേയിരിക്കും.

Content Highlights: Veteran broadcaster Indira Joseph Venniyoor passes away