''കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍
മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍
നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവി...''

നിന്റെ കണ്ണീര്‍ക്കണവും നിന്റെ വഴിപ്പൂവും ഞാന്‍ തന്നെയെന്നു പ്രിയപ്പെട്ടവളോടു പാടി നമ്മുടെ കാതോരത്തേക്കു സങ്കടത്തോടെ ഒഴുകിയെത്തിയ വേണുവിനെ ഓര്‍മയുണ്ടോ. 'കളിപ്പാട്ടം' എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വേണുഗോപാല്‍ എന്ന കഥാപാത്രത്തോടൊപ്പം സുന്ദരമായ ചിരിയും നോവുമായി വിടര്‍ന്ന ഒരു പൂവ് കൂടിയുണ്ടായിരുന്നു, അയാളുടെ മകള്‍. വേണുവിന്റെ മകളായി അഭിനയിച്ച ദീപ്തി പിള്ള 27 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ദീപ്തമായ പ്രതിഭയോടെ ഇവിടെയുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനര്‍, സംവിധായിക, ചാനല്‍ ബിസിനസ് ഹെഡ് തുടങ്ങി പല വേഷങ്ങളിലെ വിജയത്തിന്റെ അടയാളമാണ്. കഴിഞ്ഞ ദിവസം കാനഡയിലെ ടൊറന്റോയില്‍ നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ മികച്ച ബയോഗ്രഫിക്കല്‍ സിനിമയ്ക്കുള്ള പുരസ്‌കാരം ദീപ്തി സംവിധാനം ചെയ്ത 'ഡികോഡിങ് ശങ്കര്‍' എന്ന ചിത്രത്തിനായിരുന്നു.

എന്‍ജിനീയറുടെ സംഗീതം

ദീപ്തി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററിയാണ് 'ഡികോഡിങ് ശങ്കര്‍'. ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനു വലിയ അംഗീകാരം കിട്ടിയതിന്റെ സന്തോഷം കൊച്ചിയിലെ ഫ്‌ളാറ്റിലിരുന്നു ദീപ്തി പങ്കുവെച്ചു. ''രണ്ടര വര്‍ഷം കൊണ്ടാണ് ഞാന്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. സംവിധായകനും തിരക്കഥാകൃത്തുമായ ഭര്‍ത്താവ് സഞ്ജീവ് ശിവന്‍ ജീവിതത്തിലേക്കു കടന്നുവന്നതോടെയാണ് ഞാന്‍ സിനിമയുടെ അണിയറ ലോകത്തേക്കു സഞ്ചാരം തുടങ്ങുന്നത്. മറ്റൊരാളുടെ മേല്‍വിലാസത്തിന്റെ തണലില്ലാതെ സ്വയം ഒരു ഫിലിം മേക്കറാകാന്‍ ശ്രമിക്കുകയെന്നായിരുന്നു സഞ്ജീവേട്ടന്‍ പറഞ്ഞിരുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ സഞ്ജീവേട്ടനൊപ്പം പല സിനിമകളിലും പ്രവര്‍ത്തിച്ചു. ഒരു ഡോക്യുമെന്ററിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ശങ്കര്‍ മഹാദേവന്റെ മുഖമാണ് ആദ്യം മനസ്സിലേക്കു വന്നത്. എന്‍ജിനീയറായിരുന്ന അദ്ദേഹം തന്റെ ഉള്ളിലുണ്ടായിരുന്ന സംഗീതത്തെ സ്വയം വികസിപ്പിച്ചെടുത്തു വിജയിച്ച ആളാണ്. രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും നല്ല എന്‍ജിനീയര്‍മാരാണ്. എന്നാല്‍ ക്രിക്കറ്റ് എന്ന പ്രതിഭയുടെ മികച്ച നേട്ടങ്ങളിലൂടെയാണ് അവര്‍ ലോകത്തിനു മാതൃകയായത്. അതുപോലെ തന്നെയാണ് ശങ്കര്‍ മഹാദേവന്‍ എന്ന എന്‍ജിനീയറുടെ കഥയും'' - ദീപ്തി പറഞ്ഞു.

കളിപ്പാട്ടവും നാഗവള്ളിയും

കളിപ്പാട്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്നതാണ് ദീപ്തിയുടെ ജീവിതം പുതിയ വഴികളിലേക്കു തിരിച്ചുവിട്ടത്. ''വേണുവേട്ടന്റെ ആ സിനിമയില്‍ ലാലേട്ടന്റെ മകളായി അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ സൗഭാഗ്യങ്ങളിലൊന്നാണ്. വളരെ യാദൃച്ഛികമായാണ് ആ സിനിമയിലെത്തുന്നത്. കൂട്ടുകാരോടൊത്ത് വഴിനീളെ മാവില്‍ കല്ലെറിഞ്ഞും പൂക്കളും പേരക്കയുമൊക്കെ പറിച്ചും ബഹളമുണ്ടാക്കി നടക്കലായിരുന്നു എന്റെ പരിപാടി. ഒരു ദിവസം റോഡിലൂടെ കലപില കൂട്ടി നടക്കുമ്പോഴാണ് ഒരു വീടിന്റെ ടെറസിലിരുന്നു കഥയെഴുതുകയായിരുന്ന വേണുച്ചേട്ടന്‍ എന്നെ കാണുന്നത്. ഡ്രൈവറെ വിട്ട് എന്റെ വീടു കണ്ടുപിടിച്ചു. ആദ്യം നോ പറഞ്ഞെങ്കിലും വേണുച്ചേട്ടന്റേയും ലാലേട്ടന്റേയും സിനിമയായതിനാല്‍ അച്ഛന്‍ ഒടുവില്‍ സമ്മതിച്ചു'' - ദീപ്തി സിനിമയിലെത്തിയ കഥ പറഞ്ഞു.

ഫിറോസ്പൂരും ഇരട്ടക്കുട്ടികളും

കണ്ണൂര്‍ സ്വദേശിയായ ദീപ്തി ലഫ്റ്റനന്റ് കേണല്‍ എ.വി.ഡി. പിള്ളയുടേയും വസന്തയുടേയും നാലു മക്കളില്‍ ഇളയവളാണ്. അച്ഛന്‍ സൈനികനായതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പഞ്ചാബിലെ ഫിറോസ്പൂരിലാണു ജനിച്ചത്. പ്ലസ് വണ്‍ ആയപ്പോഴേക്കും കേരളത്തില്‍ തിരിച്ചെത്തി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു ബിരുദം നേടി. അതിനുശേഷം എം.ബി.എ. പഠനം. അമേരിക്കയിലെ സര്‍വകലാശാല അടക്കമുള്ള ഇടങ്ങളില്‍ മറ്റു കോഴ്സുകളും ചെയ്തു. ഇപ്പോഴും പഠനം തുടരുന്നു. മക്കളായ ശ്രേയസും സിദ്ധാന്‍ഷുവും ശ്രിത്വികും അടങ്ങുന്നതാണ് കുടുംബം. സംസാരം നിര്‍ത്തുമ്പോള്‍ ദീപ്തി ഒരു കാര്യം കൂടി പറഞ്ഞു, ''ഇപ്പോള്‍ അഞ്ചു വയസ്സുള്ള ഇളയ മകന്‍ ശ്രിത്വികിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഞാന്‍ 'ഡികോഡിങ് ശങ്കര്‍' തുടങ്ങുന്നത്. എന്റെ മകന്റെ ജനനത്തിനൊപ്പമാണ് ആ ചിത്രവും പിറക്കുന്നത്. അതുകൊണ്ടുതന്നെ 'ഡികോഡിങ് ശങ്കര്‍' എന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്''.

Content Highlights: Deepti Pillai Sivan woman director from Kerala, who won award at the Toronto Women’s Film Festival